ഡ്രോയിങ്, പെയിന്റിംഗ്, ശില്പം മുതലായ എല്ലാത്തരം വർക്കുകളും ഓർഡർ ചെയ്യാവുന്നതാണ്
WORK
▼
.https://www.instagram.com/reel/Cj_ZevUM-UW/?igshid=NDk5N2NlZjQ=
മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റം ; സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഉടനെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്തെ ഞെട്ടിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേര് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. കാസര്‍ഗോഡ് പെണ്‍കുട്ടിയുടെ മരണത്തിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കുമ്പോള്‍ ശക്തമായ വകുപ്പുകള്‍ ചുമത്തണം. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്ന സ്ഥാപനങ്ങള്‍ അടച്ചിട്ടുകഴിഞ്ഞാല്‍ തുറക്കാന്‍ കഴിയില്ല. സംസ്ഥാനത്തുടനീളം പരിശോധനാ അധികാരങ്ങളുള്ള പ്രത്യേക ടാസ്ക് ഫോഴ്സ് ഉടന്‍ രൂപീകരിക്കും. പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ച് രണ്ടോ മൂന്നോ ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കും. ഉദ്യോഗസ്ഥര്‍ക്ക് ഭയമില്ലാതെ നടപടിയെടുക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും. ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു. കാസര്‍ഗോഡ് സ്വദേശിനിയായ അഞ്ജുശ്രീ പാര്‍വ്വതി കുഴിമന്തി കഴിച്ച് മരിച്ച പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. നേരത്തെ കോട്ടയത്ത് രമ്യ എന്ന സ്ത്രീ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കിയത്.
അഞ്ജുശ്രീയുടെ ജീവനെടുത്തത് പുതുവത്സരം ആഘോഷിക്കാന്‍ വാങ്ങിയ കുഴിമന്തി
കാസർഗോഡ് : കുഴിമന്തി കഴിച്ചതിന് പിന്നാലെ കാസര്‍ഗോഡ് ഒരു പെണ്‍കുട്ടി കൂടി മരിച്ച വിവരം വളരെ വേദനിപ്പിക്കുന്നതാണ്. കുഴിമന്തി കഴിച്ച കാസര്‍ഗോഡ് തലക്ലായില്‍ സ്വദേശിനിയായ അഞ്ജുശ്രീ പാര്‍വതി (19)യാണ് മരിച്ചത്. കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ യുവതിയാണ് മരിച്ചത്. യുവതി മരിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനില്‍ വാങ്ങിയ കുഴിമന്തിയാണ് അഞ്ജുശ്രീയും സുഹൃത്തുക്കളും കഴിച്ചത്. പുതുവത്സര തലേന്നാണ് അഞ്ജുശ്രീ കുഴിമന്തി ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് അഞ്ജുശ്രീക്കും കൂട്ടുകാര്‍ക്കും ശാരീരിക അസ്വസ്ഥത ഉണ്ടായിരുന്നു. നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അഞ്ജുശ്രീയുടെ നില പിന്നീട് ഗുരുതരാവസ്ഥയില്‍ ആവുകയുമായിരുന്നു. മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഉടന്‍ കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആരോഗ്യനില മോശമായതോടെ മംഗലൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കാസര്‍ഗോഡ് അല്കത്ത് ബെയിലില്‍ പ്രവര്‍ത്തിക്കുന്ന ‘അല്‍ റൊമന്‍സിയ’ എന്ന ഹോട്ടലില്‍ നിന്നാണ് ഭക്ഷണം വാങ്ങിയതെന്ന് അഞ്ജുശ്രീയുടെ ഒരു സുഹൃത്ത് അയച്ചുനല്‍കിയ ബില്ലില്‍ പറയുന്നുവെന്നും ഹോട്ടലില്‍ പരിശോധന തുടങ്ങിയെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ സുബി മോള് അറിയിച്ചു. മഞ്ചേശ്വരത്താണ് അഞ്ജുശ്രീ പഠിക്കുന്നത്. കുട്ടികള്‍ ഒരുമിച്ചാണ് കുഴിമന്തി വാങ്ങിക്കഴിച്ചത്, പിന്നീട് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് നാല് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരണപ്പെടുകയായിരുന്നുവെന്നും ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു അറിയിച്ചു.
സംഭവത്തില്‍ മേല്‍പ്പറമ്പ് പോലീസ് കേസെടുത്തു. എന്നാല്‍ മരണം ഭക്ഷ്യവിഷബാധയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. റിപ്പോര്‍ട്ട് ലഭിച്ച ശേഷം സ്ഥിരീകരിക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഭക്ഷ്യസുരക്ഷാ കമ്മീഷണറോട് അന്വേഷണത്തിന് ഉത്തരവിട്ടതായും ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഓഫീസ് അറിയിച്ചു. മൃതദേഹം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവരും. ഇവിടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റമോര്‍ട്ടത്തിനായി കൊണ്ടുപോകും. കുടുംബം മേല്‍പ്പറമ്പ് പോലീസിന് നല്കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.
അതേസമയം, ഭക്ഷ്യവിഷബാധ പരിശോധിക്കാന്‍ രണ്ട് സംഘങ്ങളെ ചുമതലപ്പെടുത്തി. കാസര്‍ഗോട്ടും കണ്ണൂരുമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തും. ഹോട്ടലിലെ വെള്ളവും ഭക്ഷണവും പരിശോധിക്കും. അഞ്ജുവിനെ പരിചരിച്ച ഡോക്ടറുടെ മൊഴിയെടുക്കും. സംസ്ഥാനത്ത് ആറ് ദിവസത്തിനുള്ളില്‍ ഭക്ഷ്യവിഷബാധയേറ്റ് മരിക്കുന്ന രണ്ടാമത്തെയാളാണ് അഞ്ജുശ്രീ. കഴിഞ്ഞ ദിവസമാണ് കോട്ടയം സംക്രാന്തിയില്‍ അല്‍ഫാം കഴിച്ച് നഴ്സ് മരണമടഞ്ഞിരുന്നു. മുന്‍പ് ചെറുവത്തൂരില്‍ ദേവനന്ദ എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞിരുന്നു. കോട്ടയത്തെ സംഭവത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടക്കുന്നതിനിടെയാണ് വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്യുന്നതും. കഴിഞ്ഞ മെയ് മാസത്തിലും കാസർഗോഡ് ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിച്ചിരുന്നു. അന്ന് ചെറുവത്തൂരില്‍ 16 വയസുകാരിയായ ദേവനന്ദയെന്ന പെണ്‍കുട്ടിയുടെ മരണം സംസ്ഥാനത്തെയാകെ ദുഃഖിപ്പിച്ചിരുന്നു.
ഫോട്ടോ എടുക്കുന്നതിനിടെ സ്ത്രീയുടെ മുടിയിൽ തീപിടിച്ചു; ഞെട്ടി നിത്യ
നടി നിത്യദാസിന്റെ കൂടെ ഫോട്ടോ എടുക്കുന്നതിനിടെ ഒരു യുവതിയുടെ മുടിയിൽ തീ പിടിക്കുകയായിരുന്നു.
കോഴിക്കോട്: നടി നിത്യ ദാസിന്റെ ഒരു ഉദ്ഘാടന ചടങ്ങിലെ വീഡിയോയാണ് വൈറലാകുന്നത്. നിത്യയ്ക്കൊപ്പം ഫോട്ടോ എടുക്കാന്‍ എത്തിയ ഒരു സ്ത്രീയുടെ മുടിക്ക് തീപിടിച്ചതിനെ തുടര്‍ന്നുള്ള നാടകീയ രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. കോഴിക്കോട് കൊടുവള്ളിയില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനത്തിനിടെ സംഭവിച്ച അപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
നടി നിത്യദാസിന്റെ കൂടെ ഫോട്ടോ എടുക്കുന്നതിനിടെ ഒരു യുവതിയുടെ മുടിയിൽ തീ പിടിക്കുകയായിരുന്നു. ആദ്യം സെല്‍ഫി എടുത്ത ശേഷം മാറി നിന്ന് ഫോട്ടോയെടുക്കുന്നതിനിടെയാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്. ഉടന്‍ തന്നെ നിത്യ ഭയപ്പെട്ട് മാറുന്നതും വീഡിയോയിലുണ്ട്.
യുവതി നിന്നതിന് പിന്നില്‍ കത്തിച്ചുവച്ച മെഴുകുതിരിയില്‍ നിന്നും തീ മുടിയില്‍ പിടിക്കുകയായിരുന്നു എന്നാണ് മനസിലാകുന്നത്. പെട്ടെന്ന് അണച്ചത് കാരണം വലിയ അപകടം ഉണ്ടായില്ല എന്നാണ് വീഡിയോയില്‍ വ്യക്തമാകുന്നത്. സാരിക്ക് തീപിടിക്കാത്തത് വലിയ ഭാഗ്യം എന്ന് നിത്യ പറയുന്നത് കാണാം.
അതേ സമയം തീപിടുത്തത്തിന് ശേഷം ഭയപ്പെട്ട് അവിടെ നിന്നും മാറി നിന്നവരോട് നിത്യ തിരിഞ്ഞു നോക്കി അവരോട് ഫോട്ടോ എടുത്തോ എന്ന് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. വേണ്ടെന്ന് പറയുമ്പോള്‍ അവരെ ഫോട്ടോ എടുക്കാന്‍ നിത്യ ക്ഷണിക്കുന്നുണ്ട്
ഈ പറക്കും തളിക’ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് നിത്യ ദാസ്. ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് നിത്യക്ക് ലഭിച്ചിരുന്നു. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2007ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് നിത്യ ഒടുവിൽ അഭിനയിച്ച സിനിമ.
2007ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈനയും നമനുമാണ് നിത്യയുടെ മക്കൾ. വിവാഹശേഷം മിനി സ്ക്രീനിൽ നിത്യ ദാസ് അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലും നിരവധി സീരിയലുകളില്‍ നടി അഭിനയിച്ചു. ശ്രീ അയ്യപ്പനും വാവരും, മനപ്പൊരുത്തം, അക്ക, ഒറ്റചിലമ്പു തുടങ്ങിയവയാണ് അഭിനയിച്ച സീരിയലുകള്‍.
അടുത്ത് തന്നെ നിത്യ ദാസ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നുണ്ട്. ‘പള്ളിമണി’ എന്ന സിനിമയിലൂടെയാണ് നിത്യയുടെ തിരിച്ചുവരവ്.
ബിരിയാണിയിൽ പഴുതാര; കൊച്ചിയിൽ 36 ഹോട്ടലുകൾക്കെതിരെ നടപടി, 6 ഹോട്ടലുകൾ അടച്ചുപൂട്ടി
മട്ടാഞ്ചേരി കായീസിൽ ബിരിയാണിയിൽ പഴുതാരയെ കണ്ടെത്തി. 19 സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് പിഴ ചുമത്തിയിട്ടുണ്ട്. 11 സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടീസും നല്കി.
കൊച്ചി: കൊച്ചിയിൽ 36 ഹോട്ടലുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി. ഗുരുതരമായ വീഴ്ച്ച കണ്ടെത്തിയ ആറ് ഹോട്ടലുകൾ അടച്ചുപൂട്ടി. ഫോര്‍ട്ടുകൊച്ചിയിലെ എ വണ്‍, മട്ടാഞ്ചേരിയിലെ കായീസ്, മട്ടാഞ്ചേരിയിലെ സിറ്റി സ്റ്റാര്‍, കാക്കനാട് ഉള്ള ഷേബ ബിരിയാണി, ഇരുമ്പനത്തെ ഗുലാന് തട്ടുകട, നോര്‍ത്ത് പറവൂരിലെ മജിലിസ് എന്നീ ഹോട്ടലുകളാണ് ക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചത്. മട്ടാഞ്ചേരി കായീസിൽ ബിരിയാണിയിൽ പഴുതാരയെ കണ്ടെത്തി. 19 സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് പിഴ ചുമത്തിയിട്ടുണ്ട്. 11 സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടീസും നല്കി.
വൈപ്പിന്‍, തൃപ്പൂണിത്തുറ പ്രദേശങ്ങളിലെ ഭക്ഷണശാലകളില്‍ ഭക്ഷ്യസുരക്ഷാ സ്ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പരിശോധനയില്‍ ലൈസന്‍സില്ലാത്തതും പ്രവര്‍ത്തനത്തില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തുകയും ചെയ്ത മൂന്ന് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി. തൃപ്പൂണിത്തുറ വൈക്കം റോഡിലെ എസ് ആര് ഫുഡ്സ് ഹോട്ടല്‍, തൃപ്പൂണിത്തുറയിലെ ലളിതം ഹോട്ടല്‍, മാധവ് ഹോട്ടല്‍ എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് ഭക്ഷ്യസുരക്ഷ സ്ക്വാഡിന്റെ നേതൃത്വത്തില്‍ നിര്‍ത്തലാക്കിയത്
പരമ്പര പിടിക്കാന്‍ ഇന്ത്യ, ചരിത്ര നേട്ടം സ്വന്തമാക്കാന്‍ ലങ്ക; രാജ്കോട്ടില്‍ ഇന്ന് തീ പാറും പോരാട്ടം
പവർ പ്ലേയിൽ ബാറ്റിംഗിലും ബൗളിംഗിലും പിഴക്കുന്നതാണ് ഹാർദ്ദിക്കിനും സംഘത്തിനും തലവേദനയാകുന്നത്. കഴിഞ്ഞ രണ്ട് മത്സരത്തിലും മുൻനിര ബാറ്റർമാർ പ്രതീക്ഷയ്ക്കൊത്തുയർന്നില്ല.
രാജ്കോട്ട്: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. രാജ്കോട്ടിൽ വൈകീട്ട് ഏഴ് മണിക്ക് തുടങ്ങുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട് സ്റ്റാറിലും മത്സരം തത്സമയം കാണാം. മുംബൈയിൽ ഇന്ത്യയും പുനെയിൽ ശ്രീലങ്കയും ജയിച്ചതോടെ രാജ്കോട്ടിലെ പോരാട്ടത്തിന് ഫൈനലിന്റെ ആവേശമാണ്. പുതിയ നായകൻ ഹാർദ്ദിക്കിന് കീഴിൽ യുവതാരങ്ങളുടെ കരുത്ത് തെളിയിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കിൽ ലങ്കയ്ക്ക് ഇന്ത്യൻ മണ്ണിലെ ആദ്യ ടി20 പരമ്പരയാണ് ശ്രീലങ്കയുടെ ഉന്നം.
കഴിഞ്ഞ അഞ്ച് തവണയും ഇന്ത്യയില്‍ ടി20 പരമ്പരക്ക് എത്തിയപ്പോള്‍ നിരാശയോടെ കളം വിടാനായിരുന്നു ലങ്കയുടെ വിധി. അതുകൊണ്ടുതന്നെ ഇന്ന് ജയിച്ച് ചരിത്രം തിരുത്താനാണ് ലങ്ക ഇറങ്ങുന്നത്. എന്നാല്‍ സ്വന്തം മണ്ണിൽ കുട്ടിക്രിക്കറ്റിൽ തുടർച്ചയായി 11 പരമ്പരകൾ ജയിച്ചാണ് ഇന്ത്യ രാജ്കോട്ടിലിറങ്ങുന്നത്. നാട്ടില്‍ 2019ൽ ഓസ്ട്രേലിയയാണ് അവസാനമായി ഇന്ത്യയെ തോൽപ്പിച്ചത്. ഇന്ത്യയുടെ വിജയ പരമ്പര രാജ്കോട്ടില്‍ അവസാനിക്കുമോ എന്ന് ഇന്നറിയാനാവും.
ഡെത്ത് ഓവറിൽ ആരെ പന്തേൽപ്പിക്കണമെന്നതും ഹാർദിക്കിനെ അലട്ടും. ഇന്ത്യക്കെതിരെ വെടിക്കെട്ട് ബാറ്റിംഗ് തുടരുന്ന നായകൻ ദാസുൻ ഷനകയും കുശാൽ മെൻഡിസും ലങ്കൻ ടീമിന്റെ കരുത്ത്. വാനിന്ദു ഹസരങ്കയുടെയും മഹീഷ് തീക്ഷണയുടെയും സ്പിൻ ആക്രമണത്തെയും ഇന്ത്യൻ യുവനിര കരുതിയിരിക്കണം. പരീക്ഷണങ്ങൾക്കില്ലെന്ന് കോച്ച് രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയതിനാൽ വലിയമാറ്റം ഇന്ത്യൻ നിരയിലുണ്ടാകില്ല.
പ്രാർത്ഥന ദൈവം കേട്ടില്ല; യുവാവ് ക്ഷേത്രങ്ങൾ നശിപ്പിച്ചു
പ്രാർത്ഥന ദൈവം കേട്ടില്ലെന്നാരോപിച്ചു മധ്യപ്രദേശിലെ ഇൻഡോറിൽ 24 കാരൻ രണ്ട് ക്ഷേത്രങ്ങൾ നശിപ്പിച്ചു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിക്കാലത്ത് ഒരു അപകടത്തിൽ കണ്ണിന് കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ സുഖം പ്രാപിക്കാൻ വേണ്ടി പല തരത്തിലുള്ള പൂജകളും പ്രാർത്ഥനകളും നടത്തിയിരുന്നു. എന്നാൽ ഇതുകൊണ്ടു ഫലമുണ്ടായില്ല. ഇതാണ് യുവാവിനെ അക്രമത്തിനു പ്രേരിപ്പിച്ചത് എന്നാണു പോലീസ് പറയുന്നത്.
“ചന്ദൻ നഗറിലെയും ഛത്രിപുരയിലെയും രണ്ട് ക്ഷേത്രങ്ങൾ അടുത്തിടെ നശിപ്പിക്കുകയും ഒരു വിഗ്രഹം അശുദ്ധമാക്കുകയും ചെയ്തു. പ്രതിക്ക് മാനസികാസ്വാസ്ഥ്യം തോന്നുന്നു. പിതാവ് ഒരു ചെറിയ ഹാർഡ്വെയർ സ്റ്റോർ നടത്തുന്നു. വിഷയം സെൻസിറ്റീവ് ആണ്, ആഴത്തിലുള്ള അന്വേഷണം നടക്കുകയാണ്,” അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രശാന്ത് ചൗബെ പറഞ്ഞു.
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 295 എ (ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ച് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ക്ഷുദ്രവുമായ പ്രവൃത്തികൾ) പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്), ചൗബെ കൂട്ടിച്ചേർത്തു.
വെറുപ്പിന്റെ ഭൂമിയിലാണ് രാമക്ഷേത്രം പണിയുന്നതെന്ന് ആർജെഡി നേതാവ് ജഗദാനന്ദ് സിംഗ്
അയോധ്യയിലെ രാമക്ഷേത്രം അടുത്ത വർഷം ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്യുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ ആർജെഡി നേതാവ് ജഗദാനന്ദ് സിംഗ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. വെറുപ്പിന്റെ ഭൂമിയിലാണ് രാമക്ഷേത്രം നിർമ്മിക്കുന്നത് എന്നായിരുന്നു ആർജെഡി നേതാവ് ജഗദാനന്ദ് സംഗിന്റെ പ്രസ്താവന.
വിദ്വേഷത്തിന്റെ മണ്ണിലാണ് രാമക്ഷേത്രം പണിയുകയാണ്. രാമനെ കൊട്ടാരത്തിൽ തടവിലാക്കാൻ കഴിയില്ല. ഞങ്ങൾ ‘ഹേ റാമിൽ’ വിശ്വസിക്കുന്ന ആളുകളാണ്, അല്ലാതെ ‘ജയ് ശ്രീറാം’ അല്ല വിശ്വസിക്കുന്നത്. രാമൻ ഇപ്പോൾ ക്ഷേത്രത്തിൽ മാത്രമായിരിക്കുമോ? രാമൻ രാജ്യത്തിന്റേതായിരിക്കില്ലേ? ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് രാമനെ തട്ടിയെടുത്ത് കല്ലുകൊണ്ട് നിർമ്മിച്ച ആഡംബര കെട്ടിടത്തിൽ മാത്രം ഇരുത്താൻ കഴിയുമോ? സിംഗ് ചോദിച്ചു
മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയിലെ സബ്റൂമിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഷാ രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസിനെയും രാഹുലിനെയും വിമർശിക്കുകയും രാമക്ഷേത്രത്തിന്റെ നിർമ്മാണം ത്വരിതപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്തിരുന്നു.
വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു
നവംബർ 26 ന് ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ വെച്ച് സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ശങ്കർ മിശ്രയെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. ഡൽഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നേരത്തെ ഇയാളുടെ ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസിന് ഇയാൾ ബെംഗളൂരുവിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. തുടർന്ന് ഡൽഹി പോലീസ് കർണാടകയിലെ ബെംഗളൂരുവിൽ ഒരു സംഘത്തെ വിന്യസിച്ചിരുന്നു.
നവംബർ 26 ന് ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ ശങ്കര്‍ മിശ്ര തന്റെ പാന്റ് സിപ്പ് അഴിക്കുകയും ബിസിനസ് ക്ലാസിലെ പ്രായമായ സ്ത്രീയുടെ മേൽ മൂത്രമൊഴിക്കുകയും ചെയ്തിരുന്നു. ഇത് തന്റെ ഭാര്യയെയും കുട്ടിയെയും ബാധിക്കുമെന്ന് പറഞ്ഞ് പോലീസിൽ പരാതിപ്പെടരുതെന്ന് അയാൾ പിന്നീട് സ്ത്രീയോട് അപേക്ഷിച്ചു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു. പരാതിക്ക് പിന്നാലെ എയർ ഇന്ത്യ ശങ്കര്‍ മിശ്രയെ 30 ദിവസത്തേക്ക് വിമാനയാത്രയിൽ നിന്ന് വിലക്കി. സംഭവം കൈകാര്യം ചെയ്ത ജീവനക്കാരോട് വിശദീകരണം തേടുകയും അന്വേഷണത്തിന് ആഭ്യന്തര സമിതിയെ നിയോഗിക്കുകയും ചെയ്തു.
കലാമാമാങ്കത്തിന് ഇന്ന് കൊടിയിറക്കം; കോഴിക്കോട് മുന്നിൽ, തൊട്ടുപിന്നിൽ കണ്ണൂർ; കിരീടം ആർക്ക്?
891 പോയിന്റാണ് കോഴിക്കോടിന്. കണ്ണൂർ ജില്ലക്ക് 883ഉം. പാലക്കാടിന് 872 പോയിന്റുമാണുള്ളത്.
കോഴിക്കോട്: 61ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങുമ്പോൾ ആരായിരിക്കും സ്വർണക്കപ്പിന്റെ ഉടമ? ആതിഥേയരായ കോഴിക്കോടായിരിക്കുമോ അതോ അതിഥികളായെത്തിയവർ കൊണ്ടുപോകുമോ? എല്ലാവരും ഉദ്വേഗത്തിലാണ്. അതുകൊണ്ട് തന്നെ അഞ്ച് ദിനം നീണ്ടുനിന്ന് കലോത്സവത്തിന്റെ അവസാന ദിനത്തിലെ ഫലമറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. കപ്പ് കോഴിക്കോട്ട്ന്ന് എങ്ങോട്ടും പോകില്ലെന്ന് പറയുന്നവരുണ്ട്. എന്നാൽ ഇത്തവണ കണ്ണുരിലേക്കാണ് എന്ന് പറയുന്നവരുമുണ്ട്. എന്തായാലും ഏറ്റവുമൊടുവിലെ പോയിന്റ് നിലയിൽ ഒന്നാമത് കോഴിക്കോടാണ്. രണ്ടാം സ്ഥാനത്ത് കണ്ണൂരും. 11ഇനങ്ങൾ കൂടി ബാക്കി നിൽക്കേ കിരീട പോരാട്ടം കനക്കുകയാണ്.
891 പോയിന്റാണ് കോഴിക്കോടിന്. കണ്ണൂർ ജില്ലക്ക് 883ഉം. പാലക്കാടിന് 872 പോയിന്റുമാണുള്ളത്. നാടോടി നൃത്തം, പരിചമുട്ട്, കേരള നടനം, വഞ്ചിപ്പാട്ട് എന്നിവയാണ് ഇന്ന് അരങ്ങിലെത്തുന്നത്. ഇന്നലെ വരെ കണ്ണൂരിനായിരുന്നു ആധിപത്യം. കഴിഞ്ഞ തവണ 2 പോയിന്റിന്റെ വ്യത്യാസത്തിലാണ് കോഴിക്കോടിന് കപ്പ് നഷ്ടപ്പെട്ടത്. മിക്ക ഇനങ്ങളിലും കോഴിക്കോട് പങ്കെടുത്തിട്ടുണ്ട്. അതിൽ 20 ഇനങ്ങളൊഴികെ എ ഗ്രേഡാണുള്ളത്.
തുടക്കം മുതലേ മുന്നേറ്റം തുടര്‍ന്ന കണ്ണൂരിന് നാലാം ദിനത്തില്‍ കാലിടറി. തൊട്ടുപിന്നിലുണ്ടായിരുന്ന കോഴിക്കോടിൻറ കുതിപ്പിന് ആക്കം കൂട്ടിയത് നാടകം, തിരുവാതിര, സംഘനതൃത്തം ഉള്‍പ്പെടെയുളള മത്സരഫലങ്ങളാണ്. കലോത്സവത്തിന്റെ ആദ്യദിനം മുതല്‍ ചാംപ്യന്‍സ് സ്കൂള്‍ പട്ടത്തിനായി കുതിപ്പ് തുടര്‍ന്ന തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് സ്കൂളിന് വെല്ലുവിളി ഉയര്‍ത്തി മുന്‍ ചാംപ്യന്മാരായ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്ററി സ്കൂള്‍ മുന്നിലെത്തി. തുടര്‍ച്ചയായ 10ാം കിരീടമെന്ന സ്വപ്നവുമായാണ് ഗുരുകുലത്തിന്റെ അവസാന ലാപ്പിലെ മുന്നേറ്റം. കിരീടത്തിനായി കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.
സ്കൂളുകൾ തമ്മിലുള്ള പോരാട്ടത്തിൽ തിരുവനന്തപുരം വഴുതക്കാട് കാർമൽ ഇ എം ഗേൾസ് ഹയർസെക്കൻഡറി സ്കൂളാണ് മുന്നിൽ (122 പോയിന്റ്). പാലക്കാട് ഗുരുകുലം 111 പോയിന്റുമായി രണ്ടാമതും കണ്ണൂർ സെന്റ് തെരാസ് സ്കൂൾ (98) മൂന്നാമതുമുണ്ട്.
No Comment.