
വൈദ്യുതി നിരക്ക് കൂട്ടി; നാലുമാസത്തേക്ക് യൂണിറ്റിന് ഒന്പതുപൈസ വര്‍ധന
തിരുവനന്തപുരം: ഫെബ്രുവരി ഒന്നുമുതൽ മേയ് 31 വരെ നാലുമാസത്തേക്ക് വൈദ്യുതിക്ക് യൂണിറ്റിന് ഒൻപതു പൈസ അധികം ഈടാക്കാൻ റെഗുലേറ്ററി കമ്മിഷൻ അനുമതിനൽകി. ഇന്ധന സർച്ചാർജായാണിത്.
വൈദ്യുതി ഉത്പാദനത്തിനാവശ്യമായ ഇന്ധനത്തിന്റെ വിലവർധനയിലൂടെയുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നതാണ് ഇന്ധന സർച്ചാർജ്. 2022 ഏപ്രിൽമുതൽ ജൂൺവരെ വൈദ്യുതി വാങ്ങാൻ അധികം ചെലവായ 87 കോടി രൂപ ഈടാക്കാൻ അനുവദിക്കണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടത്. കഴിഞ്ഞ രണ്ടുവർഷവും സർച്ചാർജ് അപേക്ഷകളിൽ കമ്മിഷൻ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവർഷം ജൂണിൽ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടി.
ഇതിനുമുൻപുള്ള കാലങ്ങളിലെ ഇന്ധന സർച്ചാർജ് ഈടാക്കാൻ ബോർഡ് നൽകിയ അപേക്ഷകൾ ഈ ഉത്തരവിനൊപ്പം കമ്മിഷൻ തള്ളി. 2021 ഒക്ടോബർമുതൽ ഡിസംബർവരെയുള്ള അധികച്ചെലവ് 18.10 കോടിയായിരുന്നു. 2022 ജനുവരിമുതൽ മാർച്ചുവരെ 16.05 കോടിയും.
ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി മക്കയില്‍ നിര്യാതനായി.
കാളമ്പാടി സ്വദേശി അബ്ബാസ് ഫൈസി (55) ആണ് മരിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ മകനാണ്. 30 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം മക്ക ശറാഇയയില്‍ പച്ചക്കറി കടയില്‍ ജീവനക്കാരനായിരുന്നു. ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ അവധിക്ക് പോയി തിരിച്ചെത്തിയത്. ഭാര്യ – ഹഫ്സത്ത്. നാലു മക്കളുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കും.
കെ പി സി സി ഭാരവാഹികളുടെ ചുമതലയില്‍ മാറ്റം.
മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ മകന് അനില്‍ ആന്റണി രാജിവച്ച ഒഴിവില്‍ പി.സരിനെ കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചു. വി ടി ബല്‍റാമിനാണ് കെ പി സി സി സോഷ്യല്‍ മീഡിയയുടെ ചുമതല. കെ പി സി സി ഓഫീസ് ചുമതലയില്‍ നിന്ന് ജനറല്‍ സെക്രട്ടറി ജി. എസ്. ബാബുവിനെ മാറ്റി. സംഘടനാ ജനറല്‍ സെക്രട്ടറി ടി. യു. രാധാകൃഷ്ണന് ഓഫീസ് ചുമതല കൂടി നല്കി. ഓഫീസ് നടത്തിപ്പില്‍ വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് ജി. എസ്. ബാബുവിനെ സേവാദളിന്റെ ചുമതലയിലേക്ക് മാറ്റിയത്.
അദാനിക്ക് ഓഹരിമൂല്യത്തിൽ 4.17 ലക്ഷം കോടിയുടെ ഇടിവ്
ഫോബ്സ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് വീണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഏഷ്യയുടെ ധനികരുടെ പട്ടികയിൽ മൂന്നിൽ നിന്നും ഏഴിലേക്കാണ് ഗൗതം അദാനി കൂപ്പുകുത്തിയത്. അദാനി ഗ്രൂപ്പ് ഓഹരി തട്ടിപ്പ് നടത്തിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ഓഹരിമൂല്യത്തിൽ 4.17 ലക്ഷം കോടിയുടെ ഇടിവാണ് അദാനിക്കുണ്ടായത്. അദാനി ‘ഇംപാക്ട്’ ഓഹരി വിപണിയെയും കാര്യമായി ബാധിച്ചു. സെന്‍സെക്സില്‍ മാത്രം 874 പോയന്റിന്റെ ഇടിവാണ് നേരിട്ടത്. 60,000 പോയന്റില്‍ താഴെയാണ് സെന്‍സെക്സില്‍ വ്യാപാരം നടന്നത്. 1.93 ശതമാനത്തിന്റെ ഇടിവാണ് സെന്‍സെക്സില്‍ ഉണ്ടായത്.
അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ആന്റണി സണ്ണി പിടിയിലായി.
കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ് പുറത്ത് വന്നതിന് പിന്നാലെ ഒളിവില്‍ പോയ ആന്റണിയെ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ പി എ ബിനുമോഹനും സ്ക്വാഡുമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. ആന്റണി സണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം, തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ പൊലീസ് പൊക്കിയത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇതുവരെ ലഭിച്ച 350 ഓളം പരാതികളിലായി 30 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസ് പറയുന്നത്.
അദാനിക്കെതിരായ റിപ്പോര്‍ട്ടില്‍ ഉറച്ച് ഹിന്‍ഡന്‍ബര്‍ഗ്
അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുകള്‍ വെളിപ്പെടുത്തി അമേരിക്ക ആസ്ഥാനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അതിനു മറുപടിയായി, ഹിന്ഡര്ബര്ഗിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. എന്നാല്‍ ആ റിപ്പോര്‍ട്ടില്‍ ഉറച്ചു മുന്നോട്ടു പോകുകയാണ് ഹിന്‍ഡന്‍ബര്‍ഗ്. ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണു വേണ്ടതെന്നു ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കി. റിപ്പോര്‍ട്ടിനൊടുവില്‍ 88 ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരെണ്ണത്തിനു പോലും മറുപടി നല്കാന് അദാനി ഗ്രൂപ്പ് തയാറായിട്ടില്ല.
സാനി ഫ്രാൻസിസിന്റെ സ്ഥാവരവസ്തുക്കൾ ലേലം ചെയ്യും
മരട് വില്ലേജിൽ പൊളിച്ചു നീക്കിയ ഹോളിഫെയ്ത്ത് എച്ച്ടുഒ പാർപ്പിട സമുച്ചയത്തിന്റെ നിർമാതാക്കളായ ഹോളി ഫെയ്ത്ത് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് ഉടമ സാനി ഫ്രാൻസിസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാവരവസ്തുക്കൾ ലേലം ചെയ്യുന്നു. സർക്കാരിനും ഫ്ലാറ്റ് ഉടമകൾക്കും നഷ്ടപരിഹാരത്തുക നൽകുന്നതിൽ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് ലേലം. കണയന്നൂർ താലൂക്കിലെ മരട് വില്ലേജിലെ ഏഴാം ബ്ലോക്ക് നമ്പറുകളിലുള്ളതും കാക്കനാട് വില്ലേജിലെ എട്ടാം ബ്ലോക്ക് നമ്പറിലുമുള്ള വസ്തുക്കളാണ് ഫെബ്രുവരി നാലിന് രാവിലെ 11 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ലേലം ചെയ്യുന്നത്. ടെൻഡറുകൾ ഫെബ്രുവരി മൂന്നിന് വൈകീട്ട് അഞ്ചിനു മുൻപായി കണയന്നൂർ സ്പെഷ്യൽ തഹസീൽദാർ(റവന്യൂ റിക്കവറി)ക്ക് സമർപ്പിക്കണം.
സംസ്ഥാനത്ത് ഇന്നലെയും. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയില്‍ പലയിടത്ത് നിന്നും പഴകിയ ഭക്ഷണം പിടികൂടി.
തൃശൂര്‍ നഗരത്തില്‍ ഏഴു ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. തൃശ്ശൂര്‍ നഗരത്തില്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തിയാണ് പഴകിയ ഭക്ഷണം പിടികൂടിയത്. നഗരത്തിലെ 45 ഹോട്ടലുകളിലായിരുന്നു പരിശോധന. ഇതില്‍ ഏഴിടത്താണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. ആമ്പക്കാടന്‍ ജംഗ്ഷനിലെ അറേബ്യന്‍ ഗ്രില്‍, മിഷന് കോട്ടേഴ്സിലെ ഹോട്ടല്‍ ഈറ്റില്ലം, വികാസ് ബാബു സ്വീറ്റ്സ്, നേതാജി ഹോട്ടല്‍ ചേറൂര്, പ്രിയ ഹോട്ടല്‍ കൊക്കാലെ, ചന്ദ്രമതി ആശുപത്രി കാന്റീന്, എംജി റോഡിലെ ചന്ദ്ര ഹോട്ടല്‍ എന്നീ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. അതിനിടെ കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയവും ഉണ്ടായിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എട്ട് പേര് ചാത്തന്നൂരിലെ കുടുംബ ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയതാണ് സംശയത്തിന് കാരണം.
വിവാഹിതന് എന്നത് മറച്ചു വെച്ച് വിവാഹ വാഗ്ദാനം നല്കി പ്രണയം നടിച്ച് പെണ്‍കുട്ടിയെ കടത്തികൊണ്ട് പോയി പീഡിപ്പിച്ച യുവാവ് പിടിയില്‍.
തിരുവനന്തപുരം കമലേശ്വരം ആര്യന് കുഴിയില്‍ സ്വദേശി അഖില്‍ (21) നെയാണ് വിതുര പൊലീസ് പിടികൂടിയത്. പ്രതി വിവാഹിതനും ആറ് മാസം പ്രായമുള്ള കുട്ടിയുടെ അച്ഛനുമാണ് എന്ന് വിതുര പൊലീസ് പറഞ്ഞു. വിതുര സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി ഇക്കഴിഞ്ഞ 24നാണ് മാതപിതാക്കള്‍ വിതുര പൊലീസില്‍ പരാതി നല്‍കുന്നത്.തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും എറുണാകുളത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പൊലീസിന്റെ കൗണ്‍സിലിംഗില്‍ അഖില്‍ നിര്‍ബന്ധിച്ച് ലൈംഗിക പീഡനം നടത്തിതായി പെണ്‍കുട്ടി മൊഴി നല്കി. അഖില്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവ് ആണെന്നുമുള്ള കാര്യം മറച്ച് വച്ച് ആണ് പെണ്കുട്ടിമായി ബന്ധം വെച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിതുര പൊലീസ് പീഡനത്തിന് കേസെടുത്തു.അഖില്‍ രണ്ട് വര്‍ഷം മുമ്പ് വട്ടിയൂര്‍ക്കവില്‍ ഒരു ഭക്ഷണ ഡെലിവറി സ്ഥാപനത്തില്‍ ജോലി നോക്കവെ മറ്റോരു പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആകുകയും തുടര്‍ന്ന് ഈ പെണ്‍കുട്ടിയുമായി ഒളിച്ചോടുകയും ചെയ്തിരുന്നു. പിന്നീട് വീട്ടുകാര്‍ ഇടപ്പെട്ട് ഇരുവരുടെയും വിവാഹം നടത്തി കൊടുത്തു. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരെ ബിജെപി
പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസുമായി ഗവർണർ അടുപ്പം കാണിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തി. നേതൃത്വം അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെ കേന്ദ്രം ഡല്‍ഹിക്ക് വിളിപ്പിച്ചു. മമതയുമായി ഗവര്‍ണര്‍ പ്രകടിപ്പിക്കുന്ന ചങ്ങാത്തത്തില്‍ ബിജെപി നേതാക്കള്‍ അസ്വസ്ഥരാണ്. ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ സെറോക്സ് മെഷീനായി എന്നായിരുന്നു രാജ്യസഭാ എംപി സ്വപന്‍ദാസ് ഗുപ്തയുടെ ആരോപണം. ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങളില്‍ നീരസം പ്രകടിപ്പിച്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഗവര്‍ണര്‍ ക്ഷണിച്ച പരിപാടിയില്‍ താന്‍ പങ്കെടുക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു.
വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് നീക്കി
ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍ എന്ന ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് തടയാനായി ഡല്‍ഹി സര്‍വകലാശാല പരിസരത്ത് 144 പ്രഖ്യാപിച്ച് സര്‍ക്കാര്‍. എന്എസ്യുഐ യൂണിറ്റിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല ആര്‍ട്സ് ബ്ലോക്കിന്റെ സമീപത്ത് ഡോക്യുമെന്ററി പ്രദര്‍ശനം നടത്താനിരിക്കെയാണ് അധികൃതര്‍ മേഖലയില്‍ 144 പ്രഖ്യാപിച്ചത്. നിയമവിരുദ്ധ കൂടിച്ചേരല്‍ ആരോപിച്ച് 24 വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയതോടെ പ്രദേശം സംഘര്‍ഷഭരിതമായി. പോലീസും വിദ്യാര്‍ഥികളും തമ്മില്‍ ചിലയിടങ്ങളില്‍ ഏറ്റുമുട്ടലുണ്ടായി.
മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ പോളണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പാലക്കാട് സ്വദേശി ഇബ്രാഹിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.പോളണ്ടിലെ ഐഎന്‍ജി ബാങ്കില്‍ ജീവനക്കാരനായിരുന്നു ഇബ്രാഹിം. യുവാവിനെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇബ്രാഹിം മരിച്ചതായി പോളണ്ടിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.പോളണ്ടില്‍ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്ന ഇബ്രാഹീം ഷെരീഫിനെ ജനുവരി 24 മുതല്‍ ഫോണില്‍ കിട്ടിയിരുന്നില്ല. ഇതോടെ കുടുംബം എംബസിയുമായി ബന്ധപ്പെട്ടു. അതിനു പിന്നാലെ എംബസി അധികൃതര്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഇബ്രാഹിം ഷെരീഫ് കൊല്ലപ്പെട്ടെന്ന അറിയിപ്പ് ലഭിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായയെന്നും എംബസി ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. എങ്ങനെയാണ് ഷെരീഫ് കൊല്ലപ്പെട്ടത് എന്ന കാര്യത്തിലടക്കം വ്യക്തത വന്നിട്ടില്ല. പോളണ്ടില്‍ ബാങ്കില്‍ ഐടി വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ഇബ്രാഹീം. 10 മാസം മുമ്ബാണ് ജോലിക്കായി വിദേശത്തേക്ക് പോയത്. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.
അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. ചീഫ് ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 30, 31 ദിവസങ്ങളിലായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്.
സർക്കാരിന് മതതാൽപര്യമുണ്ടെന്ന് ജസ്റ്റിസ് കെ ചന്ദ്രു
നമ്മുടെ രാജ്യത്തെ സർക്കാരിന് കടുത്ത മതതാൽപര്യമുണ്ടെന്ന് ജസ്റ്റിസ് കെ ചന്ദ്രു. ആ താൽപര്യം, ശാസ്ത്രബോധത്തെ തടയാനാണ് അവർ ഉപയോഗിക്കുന്നത്. അത്തരം നീക്കങ്ങൾ തടഞ്ഞേ പറ്റൂ. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരിപടികൾക്ക് അതിൽ പങ്കുവഹിക്കാൻ കഴിയണമെന്നും ചന്ദ്രു പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന പദയാത്ര കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെക്കന്‍ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത
ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു. മൂന്നു ദിവസത്തിനുള്ളില്‍ ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ആഴ്ചയും ഫെബ്രുവരി ആദ്യവും തെക്കന്‍ കേരളത്തില്‍ വീണ്ടും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് ഡിസൈന്‍ പോളിസി
കേരളത്തിന്റെ പൊതുമരാമത്ത്, വിനോദസഞ്ചാര മേഖലയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താനുതകുന്ന ഡിസൈന്‍ പോളിസി സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വെള്ളാറില്‍ നടക്കുന്ന ത്രിദിന ഡിസൈന്‍ പോളിസി ശില്‍പ്പശാലയോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന ഡിസൈന്‍ പോളിസി രാജ്യത്തെ ആദ്യത്തെ സംരംഭമാണ്. ഇത് പൊതുമരാമത്ത്, ടൂറിസം മേഖലകളിലെ കെട്ടിടങ്ങളുടെ ആസൂത്രണ, രൂപകല്‍പ്പന, നിര്‍മാണ സങ്കല്‍പ്പങ്ങളെ സമൂലമായി മാറ്റും.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന് അംഗീകാരം
സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥകളെ കുറിച്ച് 2021-22-ല്‍ നടത്തിയ വേള്‍ഡ് ബഞ്ച് മാര്‍ക്ക് സ്റ്റഡിയില്‍ ഏറ്റവും മികച്ച 5 പൊതു/സ്വകാര്യ ബിസിനസ് ഇന്‍കുബേറ്ററുകളില്‍ ഒന്നായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. വേള്‍ഡ് ബെഞ്ച്മാര്‍ക്ക് സ്റ്റഡി 2021-2022-ന്റെ ആറാം പതിപ്പിനായി 1895 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയത്. അതില്‍ നിന്നാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് തെരഞ്ഞെടുക്കപ്പെട്ടത്.
ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിയമവിഭാഗം
ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിയമവിഭാഗം തുടങ്ങുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടര്‍നടപടികള്‍ വേഗത്തിലാക്കാനാണിതെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡം പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ലൈസന്‍സ് റദ്ദാക്കിയാല്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതിയോടെയേ പുനഃസ്ഥാപിക്കൂ. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത സ്ഥാപനത്തെ മറ്റൊരിടത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മൃതദേഹവുമായി പൊലീസ് സ്റ്റേഷന് ഉപരോധം
കൊല്ലം ചാവറയിൽ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് ആത്മഹത്യ ചെയ്തു. മൃതദേഹവുമായി ബന്ധുക്കൾ പൊലീസ് സ്റ്റേഷന് ഉപരോധിച്ചു. ചവറ സ്വദേശി അശ്വന്തിന്റെ മൃതദേഹവുമായാണ് ഉപരോധം. കഴിഞ്ഞ ദിവസം അശ്വന്തിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. 2 മണിക്കൂറോളം ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അശ്വന്തിനെ വിട്ടയച്ചത്. ക്യാമ്പ് അസി. കാമാന്‍ഡ് ഓഫീസറുടെ പരാതിലായിരുന്നു ചോദ്യം ചെയ്യൽ. മകളെ ശല്യം ചെയ്യുന്നു എന്നായിരുന്നു ഉദ്യോഗസ്ഥന്റെ പരാതി.
അമരീന്ദർ സിംഗ് മഹാരാഷ്ട്ര ഗവർണറായേക്കും
ബി എസ് കോഷിയാരിക്ക് പകരം ക്യാപ്റ്റൻ അമരീന്ദർ സിംഗ് മഹാരാഷ്ട്ര ഗവർണറായേക്കുമെന്നു റിപ്പോർട്ട്. നിലവിലെ ഗവർണർ ബി എസ് കോഷിയാരി സംസ്ഥാന ഗവർണർ സ്ഥാനം ഒഴിയാൻ തീരുമാനിച്ചിരുന്നു.
സമ്മാനത്തുക വീതിച്ച് കൂടുതൽ ജേതാക്കളെ സൃഷ്ടിക്കുമെന്ന് മന്ത്രി
സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് വിജയികളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സമ്മാനത്തുക വീതിച്ച് കൂടുതൽ ജേതാക്കളെ സൃഷ്ടിക്കുന്ന രീതിയിലേക്ക് പരിഷ്കരിക്കണം എന്നാണ് ലോട്ടറി ഏജന്റുമാർ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. ഇക്കാര്യം പരിശോധിക്കും. കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ അംഗങ്ങൾക്ക് നൽകുന്ന ബീച്ച് അംബ്രല്ലയുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ലതാ ചന്ദ്രൻ തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി പറപ്പൂക്കര ഡിവിഷൻ മെമ്പറും, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ ലതാ ചന്ദ്രൻ ( സിപിഎം ) തെരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ധാരണപ്രകാരം ഷീന പറയങ്ങാട്ടിൽ (സിപിഐ) രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
പൊലീസിനെതിരെ ആത്മഹത്യാകുറിപ്പെഴുതി വിദ്യാർത്ഥി
പൊലീസിനെതിരെ ആത്മഹത്യാകുറിപ്പെഴുതി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം ക്ലാപ്പന സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിദ്യാര്‍ത്ഥിയെ ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓച്ചിറ എസ് ഐ ഭീഷണിപ്പെടുത്തിയെന്നാണ് വിദ്യാർത്ഥിയുടെ ആത്മഹത്യ കുറിപ്പ്. അടിപിടിക്കേസിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും വിസമ്മതിച്ചപ്പോള്‍ പൊലീസ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു
തൃശൂർ കാട്ടൂരിൽ ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജ്ജിന്റെ മകൾ എൽസ മരിയയാണ് മരിച്ചത്. ഒരേ പ്രായത്തിലുള്ള 3 മക്കളാണ് ജോർജിനുള്ളത്. ഇവരിൽ ഏക പെൺകുട്ടിയാണ് മരിച്ച എൽസ മരിയ. കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ബാത്ത് റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ കണ്ടെത്തിയത്.
ഭക്ഷ്യവിഷബാധ
കൊല്ലം ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 8 പേർ ചാത്തന്നൂരിലെ കുടുംബ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. കുടുംബശ്രീ വാർഷികാഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി
കോഴിക്കോട് കൊയിലാണ്ടിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പുത്തലത്ത് ദാമോദരന്‍ നമ്പ്യാരുടെ മകൾ ലേഖ (39) ആണ് കൊല്ലപ്പെട്ടത്. ഇയാൾ പൊലീസിൽ കീഴടങ്ങി. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭർത്താവ് രവീന്ദ്രന് മൊഴി നൽകി.
തപാൽ വോട്ടുകൾ കാണാതായ കേസ് ക്രൈം ബ്രാഞ്ചിന്
പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ തപാൽ വോട്ടുകൾ കാണാതായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. മലപ്പുറം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സി കെ ബാബു കേസ് അന്വേഷിക്കും. കലക്ടറുടെ പരാതിയിൽ കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഭാരത് ജോഡോ യാത്ര താല്കാലികമായി നിര്‍ത്തിവെച്ചു
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താല്കാലികമായി നിര്‍ത്തിവെച്ചു. കഴിഞ്ഞദിവസം ജമ്മുവിലെ പര്യടനത്തിനിടെ ബനിഹാലില്‍ വെച്ച് ജനക്കൂട്ടം യാത്രയില്‍ ഇരച്ചു കയറിയിരുന്നു. ഇത് വലിയ സുരക്ഷാപാളിച്ചയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. പൊലീസ് നിഷ്ക്രിയമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സുരക്ഷ ഉറപ്പാക്കിയ ശേഷം യാത്ര പുനരാരംഭിക്കുമെന്ന് ഭാരത് ജോഡോ സംഘാടകര്‍ അറിയിച്ചു.
സേഫ് ഫുഡ് ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റുമെന്ന് ആരോഗ്യ മന്ത്രി
കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സർക്കാരിനൊപ്പം ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്പന നടത്തുന്നതുമായ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളുടേയും സഹകരണം ഇതിനാവശ്യമാണ്. സേഫ് ഫുഡ് ഡെസ്റ്റിനേഷന്‍ എന്ന രീതിയില്‍ കേരളത്തെ മാറ്റാനായി പ്രവര്‍ത്തന പരിപാടിക്കും പരിശോധനകള്‍ക്കും തുടക്കം കുറിക്കുകയാണ്. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷനോ ലൈസന്‍സോ ഉണ്ടായിരിക്കുക, ജീവനക്കാര്‍ക്ക് ഹൈല്‍ത്ത് കാര്‍ഡ്, പരിശീലനം ഉറപ്പാക്കുക, ഹൈജീന്‍ റേറ്റിംഗ്, മൈബൈല്‍ ആപ്പ്, ശക്തമായ അവബോധം എന്നിവയിലൂടെ സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ഊർജ്ജസംരക്ഷണ പദ്ധതിക്ക് തുടക്കം
വള്ളിവട്ടം യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളേജ് എൻകോൺക്ലബ്, ഊർജ്ജസ്വലരാകാം ഊർജ്ജസംരക്ഷണത്തിലൂടെ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. തൃശൂർ ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഊർജ്ജസംരക്ഷണ അവബോധം വളർത്തുകയാണ് ലക്ഷ്യം. ഊർജ്ജസംരക്ഷണ സംബന്ധമായ പരിശീലന
പരിപാടികൾ, ഗവേഷണം, എനർജി ഓഡിറ്റിംഗ്, എൽ.ഇ.ഡി വൈദുത ഉപകരണങ്ങൾ തുടങ്ങിയ രംഗങ്ങളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകും. ബിപിസിഎൽ കൊച്ചി റിഫൈനറി റിട്ട. സീനിയർ മാനേജർ ഡോ.കൊച്ചുബേബി മാത്തൂരാൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി, ഊർജ്ജസംരക്ഷണ രംഗത്ത് കോളേജ് എൻകോൺ ക്ലബ് നൽകുന്ന സേവനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. കോളേജ് എൻകോൺ ക്ലബ് കോർഡിനേറ്റർ കെ. കെ. അബ്ദുൽ റസ്സാക്ക് ഊർജ്ജസംരക്ഷണ സെമിനാർ അവതരിപ്പിച്ചു. എൽ ഇ ഡി ബൾബ് നിർമ്മാണത്തിൽ പരിശീലനം നൽകി. പ്രിൻസിപ്പാൾ ഡോ. ജോസ് കെ.ജേക്കബ് അധ്യക്ഷത വഹിച്ചു. ഡോ. കെ നാരായണൻ, ഡോ. എം ജോളി, ഡോ. അരുൺ പ്രദീപ്, സ്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.എം ഷാഹിദ, ശ്രീത പി.എസ് എന്നിവർ പ്രസംഗിച്ചു.

No Comment.