മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് ഇഡി സമൻസ് അയച്ചെന്ന് വിവരം. 2023ലാണ് വിവേകിന് ഇഡി സമൻസ് അയച്ചത്. 2023 ഫെബ്രുവരി 14ന് രാവിലെ പത്തരയ്ക്ക് കൊച്ചി ഇഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു സമൻസ്. എന്നാൽ, വിവേക് കിരൺ ഹാജരായിരുന്നില്ല.
ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു സമൻസ് എന്നാണ് സൂചന. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ 50-ാം വകുപ്പിലെ രണ്ട്, മൂന്ന് ഉപവകുപ്പുകൾ പ്രകാരമാണ് സമൻസ് അയച്ചത്. രേഖകളും തെളിവുകളും ഹാജരാക്കുന്നതിന് വിളിച്ചുവരുത്താൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരം നൽകുന്നതാണ് ഈ വകുപ്പുകൾ. കൊച്ചിയിലെ അസി. ഡയറക്ടറായിരുന്ന പികെ ആനനന്ദാണ് നോട്ടീസ് അയച്ചത്.എന്നാൽ, വിവേക് ഹാജരാവാതിരുന്നിട്ടും ഇഡി തുടർനടപടികൾ സ്വീകരിച്ചില്ലെന്നാണ് വിവരം. അന്ന് രാത്രി ഇതേ ഓഫീസിലാണ് മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. ഇത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.അബുദാബിയിൽ ജോലി ചെയ്യുന്ന വിവേകിനെക്കുറിച്ച് യുഎഇ അധികൃതരിൽ നിന്ന് ഇഡി വിവരങ്ങൾ തേടുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ മേൽവിലാസത്തിലേക്കാണ് നോട്ടീസ് അയച്ചത്. ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ടുകൾ, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്വത്തുക്കളുടെ വിവരങ്ങൾ എന്നിവ ഹാജരാകുമ്പോൾ സമർപ്പിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിരുന്നു.
No Comment.