ഭോപ്പാല്‍: മധ്യപ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികന് അറസ്റ്റിലായത്, വിവാദമായ മതപരിവര്‍ത്തന നിരോധനനിയമപ്രകാരം. ജാബുവയിലെ മോഹന്പുരയില് താമസിച്ചുവരികയായിരുന്ന തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി സി.എസ്.ഐ വൈദികന് ഫാ. ഗോഡ്വിന് ആണ് കഴിഞ്ഞമാസം 25ന് അറസ്റ്റിലായത്.
സംഭവം അന്വേഷിക്കാന്‍ രത്ലം എസ്.പി അമിത് കുമാര്‍ ആറംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചിട്ടുണ്ട്. പള്ളിയിലെ പാസ്റ്റര്‍ ഗോഡ്വിന് കേരളത്തില്‍ നിന്ന് സി.എസ്.ഐ ചര്‍ച്ചു് വഴി പ്രതിമാസം 60,000 രൂപ ശമ്പളം വാങ്ങുന്നുണ്ടെന്നും അതില്‍ 5,000 രൂപ വരെ കേസിലെ കൂട്ടുപ്രതിയായ രത്ലമിലെ വിക്രമിന്റെ അക്കൗണ്ടിലേക്ക് അയക്കാറുണ്ടെന്നും പൊലിസ് പറഞ്ഞു. ഗ്രാമത്തിലെ മറ്റ് ആവശ്യങ്ങള്‍ക്കായും സിഎസ്ഐ ഫണ്ട് നല്‍കുന്നുവെന്നും പൊലിസ് ആരോപിക്കുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ‘ലൗ ജിഹാദ്’ തടയുന്നതിന് വേണ്ടിയെന്ന് അവകാശപ്പെട്ട് കൊണ്ടുവന്ന നിയമമാണ് മതപരിവര്‍ത്തന നിരോധനനിയമം. ഈ നിയമത്തിന് കീഴില്‍ ആദ്യസമയങ്ങളില്‍ മിശ്രവിവാഹം ചെയ്ത മുസ്ലിം യുവാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും പിന്നീട് കൂടുതലും പിടിയിലായത് ക്രൈസ്തവ സമുദായത്തില്‍നിന്നുള്ളവരാണ്. ഞായറാഴ്ചകളില്‍ വീട്ടില്‍ കൂട്ടം ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തുന്നവര്‍ പോലും പ്രദേശത്തെ ഹിന്ദുത്വവാദികളുടെ പരാതികളില്‍ അറസ്റ്റിലാവുകയുണ്ടായി.
കഴിഞ്ഞ 25 വര്‍ഷമായി വൈദികനും കുടുംബവും മധ്യപ്രദേശില്‍ താമസിച്ച് ഗ്രാമത്തില്‍ ആതുരസേവനവും മിഷനറി പ്രവര്‍ത്തനങ്ങളും നടത്തിവരികയായിരുന്നു. ട്യൂഷന് സെന്ററും ടെയ്ലറിങ് കേന്ദ്രവും ഇദ്ദേഹം നടത്തിവരുന്നുണ്ട്. പുറത്തുനിന്നുള്ള ഹിന്ദുത്വവാദികളുടെ പരാതിയിലാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ രണ്ടുദിവസത്തെ പൊലിസ് കസ്റ്റഡിക്ക് ശേഷം വൈദികനെ ജയിലിലടച്ചു. സി.എസ്.ഐ ചര്‍ച്ചുമായി മതപരിവര്‍ത്തന സംഘത്തിനുള്ള ബന്ധം കണ്ടെത്താന്‍ അന്വേഷണ സംഘത്തെ കേരളത്തിലേക്ക് അയക്കുമെന്നും എസ്.ഐ.ടി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു.
രോഗം ഭേദമാകുമെന്ന വ്യാജേന ക്രിസ്തുമതം സ്വീകരിക്കാന്‍ ആദിവാസികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ആരോപിച്ച് രത്ലമിലെ ശിവ്നഗര്‍ പ്രദേശത്തുനിന്ന് കഴിഞ്ഞ ആഴ്ചകളില്‍ ആറുപേരെ അറസ്റ്റ്ചെയ്തിരുന്നു. ഈ സംഭവത്തില്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ നിരവധി സാമ്പത്തിക, മതപരിവര്‍ത്തന ആരോപണങ്ങളാണ് ഉന്നയിച്ചുവരുന്നത്. ഈ കേസുമായി ബന്ധപ്പെടുത്തിയാണ് ഗോഡ്വിനെയും പിടികൂടിയത്.
https://shorturl.fm/BuWr0
https://shorturl.fm/7VArp