മനസാക്ഷിയുള്ള ഏതൊരു മനുഷ്യനെയും കണ്ണീരിലാഴ്ത്തുന്ന വാർത്തയാണ് ഡെറാഡൂണിൽ നിന്നും വരുന്നത്. വംശീയമായ അധിക്ഷേപങ്ങളെ ചോദ്യം ചെയ്തതിന്റെ പേരിൽ ഉപദ്രവത്തിന് ഇരയായ ത്രിപുര സ്വദേശി അഞ്ജൽ ചക്മ, മരണത്തോട് പൊരുതി ഒടുവിൽ കീഴടങ്ങി. 14 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ മരണത്തെ മുഖാമുഖം കണ്ട ശേഷമാണ് ആ 24 കാരൻ ഈ ലോകത്തോട് വിടപറഞ്ഞത്..
പുറത്തുവന്ന മെഡിക്കൽ റിപ്പോർട്ടുകൾ അക്രമികളുടെ പൈശാചികത വെളിപ്പെടുത്തുന്നതാണ്. കേവലം വാക്കുകൾ കൊണ്ടുള്ള പരിഹാസമല്ല, മറിച്ച് വകവരുത്തതം എന്ന ഉറച്ച ലക്ഷ്യത്തോടെയായിരുന്നു ആക്രമണം..
തലച്ചോറിലുണ്ടായ കടുത്ത രക്തസ്രാവവും നട്ടെല്ലിനേറ്റ മാരകമായ പരിക്കുമാണ് അഞ്ജലിന്റെ നില വഷളാക്കിയത് ഉപദ്രവത്തിന്റെ ആഘാതത്തിൽ ശരീരത്തിന്റെ വലതുഭാഗം തളർന്നുപോയിരുന്നു. മാരകമായ ആയുധങ്ങളും ബ്രാസ് നക്കിൾസും ഉപയോഗിച്ചാണ് ആ യുവാവിന്റെ ശരീരത്തിൽ അക്രമികൾ മുറിവുകൾ തീർത്തത്.
ബിഎസ്എഫ് ഉദ്യോഗസ്ഥനായ തരുൺ പ്രസാദ് ചക്മയുടെ മകനായ അഞ്ജൽ, തന്റെ സഹോദരനോടൊപ്പം നിൽക്കുമ്പോഴാണ് ഈ ദുരന്തം. ഇന്ത്യയുടെ മണ്ണിൽ ജനിച്ച്, ഒരു സൈനികന്റെ മകനായി വളർന്നിട്ടും സ്വന്തം നാട്ടുകാർ തന്നെ അവനെ ‘ചൈനക്കാരൻ’ എന്ന് വിളിച്ചു പരിഹസിച്ചു. ആ അധിക്ഷേപത്തെ ചോദ്യം ചെയ്തു എന്നത് മാത്രമായിരുന്നു അവൻ ചെയ്ത കുറ്റം.
അഞ്ജലിന്റെ വിയോഗം രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഡൽഹിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ മെഴുകുതിരികൾ ഏന്തി അവന്റെ നീതിക്കായി തെരുവിലിറങ്ങി. ഭരണാധികാരികൾ നടപടികൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഒരു മനുഷ്യന്റെ നിറത്തിന്റെയും, രൂപത്തിന്റെയും പേരിൽ ഇത്രയും വലിയ വിദ്വേഷം പടരുന്നത് സമൂഹത്തിന് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്..
No Comment.