മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി അന്തരിച്ച അജിത് പവാറിന്റെ ഭാര്യയും എം പിയുമായ സുനേത്ര പവാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഗവർണർ ആചാര്യ ദേവവ്രത് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
സത്യപ്രതിജ്ഞക്കായി സുനേത്രയെ ക്ഷണിച്ചപ്പോൾ ‘അജിത് ദാദാ അമർ രഹേ’ മുദ്രാവാക്യം മുഴക്കിയാണ് എൻ സി പി പ്രവർത്തകർ വരവേറ്റത്. നേരത്തെ അജിത് പവാറിന്റെ ഛായാ ചിത്രത്തിന് മുന്നിൽ പൂക്കൾ അർപ്പിച്ചാണ് സുനേത്ര വീട്ടിൽ നിന്ന് സത്യപ്രതിജ്ഞക്കായി തിരിച്ചത്. എൻ സി പിയുടെ മുതിർന്ന നേതാക്കൾ ഭാരാമതിയിൽ നടത്തിയ യോഗത്തിന് ശേഷമാണ് അജിത് പവാറിന്റെ പകരക്കാരിയായി സുനേത്രയെ തെരഞ്ഞെടുത്തത്. നിലവിൽ രാജ്യസഭാ എം പിയായി പ്രവർത്തിക്കുകയായിരുന്നു സുനേത്ര പവാർ. മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപ മുഖ്യമന്ത്രി എന്ന ഖ്യാതിയോടെയാണ് സുനേത്ര പവാർ അധികാരമേറ്റത്. സുനേത്രയ്ക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ രംഗത്തെത്തി. സുനേത്ര പവാറിന് എല്ലാ വിധ ആശംസകളും നേരുന്നു എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്. ജനങ്ങൾക്കായി അക്ഷീണം പ്രയത്നിക്കുമെന്നും, അജിത് പവാറിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്നും ഉറപ്പുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
Become our partner and turn referrals into revenue—join now!