ഭർതൃവീടുകളിൽ മാനസികവും ശാരീരികവുമായ പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്ന പെൺകുട്ടികളുടെ വാർത്തകൾ നിത്യേന കേൾക്കുന്ന ഇക്കാലത്ത്, മനുഷ്യത്വത്തിന്റെ വേറിട്ടൊരു മാതൃകയാവുകയാണ് മധ്യപ്രദേശിൽ നിന്നുള്ള ഒരു വാർത്ത.
സ്വന്തം മകന്റെ വേർപാടിന്റെ ആഴത്തിലുള്ള വേദന ഉള്ളിലൊതുക്കി, മരുമകളെ സ്വന്തം മകളായി കണ്ട് അവളുടെ പുനർവിവാഹം നടത്തിക്കൊടുത്ത ദിനേഷ് വൈരാഗി എന്ന പിതാവാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് തരംഗമാകുന്നത്.
പ്രതീക്ഷകളോടെയാണ് കപിലും പ്രിയങ്കയും വിവാഹിതരായത്. എന്നാൽ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ കപിലിന് ക്യാൻസർ സ്ഥിരീകരിച്ചു. രോഗബാധിതനായ ഭർത്താവിനെ ഒരു കുഞ്ഞിനെയെന്നപോലെ പ്രിയങ്ക സ്നേഹത്തോടെ പരിചരിച്ചെങ്കിലും, 2023-ൽ രോഗം കപിലിന്റെ ജീവനെടുത്തു.
മകന്റെ മരണശേഷം വിധവയായി ജീവിക്കാൻ ബന്ധുക്കൾ നിർദ്ദേശിച്ചെങ്കിലും പ്രിയങ്കയുടെ അമ്മായിഅച്ഛൻ ദിനേഷ് അതിന് തയ്യാറായില്ല. “അവൾ എന്റെ മരുമകളല്ല, എന്റെ മകളാണ്. മകൻ പോയെന്ന് കരുതി ജീവിതം ബാക്കിയുള്ള ഈ ചെറിയ പ്രായത്തിൽ അവൾ വിധവയായി കഴിയേണ്ടതില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
തുടർന്ന്, ദിനേഷ് തന്നെ മുൻകൈയെടുത്ത് പ്രിയങ്കയുടെ പിതാവ് രാംബാബുവുമായി സംസാരിക്കുകയും, വിദിഷ സ്വദേശിയായ ഗോവിന്ദ് എന്ന യുവാവുമായി അവളുടെ പുനർവിവാഹം ഉറപ്പിക്കുകയും ചെയ്തു. ഭോപ്പാലിലെ റിസോർട്ടിൽ വച്ച് നടന്ന വിവാഹച്ചിലവുകളും സ്വർണവും പണവുമെല്ലാം നൽകിയത് കപിലിന്റെ മാതാപിതാക്ൾ തന്നെയായിരുന്നു. എന്തിന്, കന്യാദാനം നിർവഹിച്ചതും ദിനേഷ് തന്നെയായിരുന്നു!
”എന്റെ മോൾ സന്തോഷത്തോടെ ജീവിക്കണം, ഞങ്ങളെ കാണാൻ ഇടയ്ക്കിടെ വരണം” എന്ന് പറഞ്ഞാണ് അവർ പ്രിയങ്കയെ യാത്രയാക്കിയത്.
മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലെ ജൈതൽ ഗ്രാമത്തിലാണ് സ്നേഹത്തിന്റെയും കരുതലിന്റെയും ഈ സുന്ദരമായ സംഭവം നടന്നത്.
No Comment.