ചെന്നൈ: തമിഴ്‌നാട്ടിലെ വ്യവസായ പ്രമുഖൻ, ജെം ഗ്രാനൈറ്റ്സിന്റെ സ്ഥാപകൻ, സമ്പന്നൻ, പ്രശസ്തൻ- ആർ. വീരമണി ഇന്ന് ജയിലിലാണ്. വീരമണിയുടെ, മേൽപറഞ്ഞ മുഖംമൂടികൾ ഒന്നൊന്നായി അഴിച്ചെടുത്തുകൊണ്ടിരിക്കുകയാണ് തമിഴ്‌നാട് പോലീസ്. വീരമണി തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പത്തിലധികം പെൺകുട്ടികളാണ് രംഗത്തുവന്നിട്ടുള്ളത്. പണംകൊണ്ട് മൂടാൻ ശ്രമിച്ച കേസിന് പോക്‌സോ കോടതിയുടെ പ്രത്യേക ഇടപെടലാണ് പുനർജീവൻ നൽകിയത്. അതിനെ ദൈവത്തിന്റെ കരമായാണ് പലരും വിശേഷിപ്പിക്കുന്നത്.

12 മുതൽ 16 വയസിനിടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് വീരമണി തന്റെ ക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയത്. മധുരപലഹാരങ്ങളും ഭക്ഷണസാധനങ്ങളുമായെത്തി, കുട്ടികളെ പന്തുകളിക്കാനായി വിളിച്ചുവരുത്തിയായിരുന്നു ക്രൂരത. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ അയാൾ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കുന്ന വീഡിയോ പുറത്തുവരുന്നതോടെയാണ് എല്ലാം വെളിയിൽവരാൻ തുടങ്ങിയത്.
രാഷ്ട്രീയക്കാരെയും പോലീസ് ഉദ്യോഗസ്ഥരെയും പണംകൊണ്ട് വിലയ്ക്കുവാങ്ങി തന്റെ മുഖംമൂടി സംരക്ഷിക്കാനുള്ള അയാളുടെ ശ്രമം ഒരു പരിധിവരെ വിജയം കണ്ടു. എന്നാൽ, തെളിവുകളോ സാക്ഷികളോ ഇല്ലെന്ന വാദത്തോടെ തമിഴ്‌നാട് പോലീസ് ക്ലോസ് ചെയ്ത ‘വീരമണി പീഡനക്കേസ്’ ഫയൽ പ്രത്യേക പോക്‌സോ കോടതി തള്ളി. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ സമൂഹമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. തമിഴ്‌നാട്ടിലെ വ്യാവസായിക പ്രമുഖനായ ആർ. വീരമണി എന്ന 85-കാരന്റെ മുഖംമൂടികൾ ഒന്നൊന്നായി അഴിഞ്ഞുവീണു.
No Comment.