
അലീഷ മാഹിൻ
കാരണമില്ലാതെ ഒരു വരികളും മനസ്സിൽ ജനിക്കുന്നില്ല,,
ഒരു വരികളെയും തൂലിക ഏറ്റുവാങ്ങുന്നില്ല,,
താളുകളിൽ പടരുന്നുമില്ല!!
ഒരാളിൽ നിന്നൊരാൾ ഇറങ്ങി പോകുന്നതും
കയറി വരുന്നതും
ഓരോ പിന്തുടർച്ചകളായിരുന്നു..
കാറ്റ് വീശുന്നതും മഴ പെയ്യുന്നതുമെല്ലാം
അങ്ങകലെയായിരുന്നിട്ടും
ശബ്ദം കാതുകളിലേക്കെത്തുന്നുവെന്ന തോന്നലും
ഓരോ കാരണങ്ങളുടെ തുടക്കമായിരുന്നു ..
നിഗൂഢതകൾ മാത്രം കാത്തു സൂക്ഷിക്കുന്ന മനസ്സുകളിൽ
സ്നേഹമെന്നതെപ്പോഴും കെട്ടുകഥകളായിരുന്നു,,
വിശ്വാസം എവിടെയും ചൂഷണം ചെയ്യപ്പെട്ടിരുന്നു ..
ഇരുണ്ട വഴികളിലെത്തി നോക്കുന്ന
നിലാവെളിച്ചതിന്റെയത്ര പോലും
തെളിമയില്ലാത്ത മനുഷ്യ ജന്മങ്ങളുണ്ടത്രേ ..
എത്തിപ്പെടാൻ ഭയക്കുന്ന ശവക്കോട്ടകളുടെ മുന്നിലേക്ക്
ചതിയുടെ മൂടുപടം ചിരിയിലൊളിപ്പിച്ച്
വരവേൽക്കുന്നവരെപോലെ ..
വഴിമാറിപോയതിനെയൊക്കെയും ഗതിമാറ്റി
സഞ്ചരിപ്പിച്ചിട്ടൊടുവിലവരും
കാലത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ
മറുപടിയില്ലാതെ മൂകമായി പോയിട്ടുണ്ട് ..
മുൻപേയെഴുതിയിട്ട ഈ വരികളുമങ്ങനെയിവിടങ്ങളിൽ
ഇനിയും തിരിച്ചറിയപ്പെടാത്തൊരു കാരണം കൊണ്ട്
ഗതി മാറി വന്നത് മാത്രം..

No Comment.