Skip to content

chithrodayamflashnews.com

November 29, 2026 3:39 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ

🇪🇬 രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാൻ തയ്യാറാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ഭരണഘടനക്കും രാജ്യത്തിന് തന്നെയും എതിരായ നടപടിയാണ് ‘ഇന്ത്യ’ എന്ന പദം ഒഴിവാക്കുന്നതിനു പിന്നിലുള്ളത്. ഭരണഘടന അതിന്റെ ഒന്നാം അനുച്ഛേദത്തില്‍, നമ്മുടെ രാജ്യത്തെ ഇന്ത്യ, അതായത് ഭാരതം( ‘India, that is Bharat’ ) എന്നു വിശേഷിപ്പിക്കുന്നു. അതുപോലെ, ഭരണഘടനയുടെ ‘ആമുഖം’ തുടങ്ങുന്നത് ‘We, the people of India’ എന്നു പറഞ്ഞുകൊണ്ടാണ്. ഇതിലെ ഇന്ത്യ എന്ന പദം ഒഴിവാക്കുന്ന വിധത്തിലുള്ള ഭരണഘടനാ ഭേദഗതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതിന്റെ മുന്നോടിയാണ് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രനേതാക്കള്‍ക്കുള്ള ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഭരണഘടനയുടെ സത്തക്കുതന്നെ എതിരാണ്. ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? സ്കൂള്‍ തലം മുതല്‍ കുട്ടികള്‍ പഠിച്ചുവളരുന്ന “ഇന്ത്യ എന്റെ രാജ്യമാണ്; എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്” എന്ന രാജ്യചിന്തയെപോലും മനസ്സുകളില്‍ നിന്ന് മായ്ച്ചുകളയാനുള്ള ആസൂത്രിത നീക്കമായി വേണം ഇതിനെ കാണാൻ.ഒരു രാഷ്ട്രീയനീക്കവും രാഷ്ട്രത്തിനെതിരായ നീക്കമായിക്കൂട. അത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. അതിനാല്‍ രാജ്യത്തിൻറെ പേര് മാറ്റാനുള്ള നടപടികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

🇪🇬 ‘ഇന്ത്യ’ എന്നതു പോലെ ഇമ്പവും സ്നേഹവും അഭിമാനവും ഒഴുകിച്ചേരുന്നൊരു പേര് മറ്റൊന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.സിന്ധു തടങ്ങളില്‍ വസിക്കുന്നവര്‍ സൈന്ധവര്‍, അവര്‍ ഹിന്ദു ആയി അവര്‍ വസിച്ച ഇടം ഹിന്ദുസ്ഥാനും ഇന്ത്യയുമായി. ഗ്രീക്കുകാര്‍ മുതല്‍ ഈ മണ്ണിലേക്ക് ഒടുവിലെത്തിയ ബ്രിട്ടീഷുകാര്‍ വരെ നമ്മുടെ സംസ്കൃതിയെ രൂപപ്പെടുത്തി, ഭാഷയെ സമ്പുഷ്ടമാക്കിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സങ്കലനത്തിൻ്റെ, മഹാ സംസ്കൃതിയുടെ പേരാണ് ഇന്ത്യ. ഓരോ ഇന്ത്യൻ പൗരൻ്റെയും ഇന്ത്യയെ സ്നേഹിക്കുന്നവരുടെയും ആത്മാവില്‍ ആലേഖനം ചെയ്യപ്പെട്ട പേരാണ് ഇന്ത്യ. ആസേതു ഹിമാചലം വിശാലമായ സുജലയും സുന്ദരിയും ശോഭ നിറഞ്ഞവളുമായ മഹാമാതൃ രൂപമാണ് ഇന്ത്യ.ആധുനിക ഇന്ത്യ എന്തെല്ലാം ചരിത്ര സന്ധികളിലൂടെ കടന്നു പോയി… ആരെല്ലാം ഈ നാടിനായി പൊരുതി മരിച്ചു… എത്രയെത്ര കോടി ജനങ്ങള്‍ ഈ നാടിനായി അക്ഷീണം പ്രയത്നിച്ചു.ഇന്ത്യ എന്ന മഹാ സങ്കല്‍പ്പത്തെ നാം ഒരോരുത്തരും അഗാധമായും ആത്മാര്‍ഥമായും സ്നേഹിച്ചു. രാജ്യത്തിൻ്റെ പേരുമാറ്റത്തിലൂടെ വിലപ്പെട്ടതെല്ലാം മാറ്റിമറിക്കാനും പ്രിയപ്പെട്ടതെല്ലാം തച്ചുടക്കാനുമുള്ള നീചവും യുക്തിരഹിതവുമായ ശ്രമമാണ് നടക്കുന്നത്.ആര്‍.എസ്.എസ് എന്ന സംഘടനയുടെ മതാധിഷ്ഠിത രാഷ്ട്രീയ ഗൂഢാലോചനയാണ് കേന്ദ്ര സര്‍ക്കാരിൻ്റെ നീക്കത്തിലൂടെ പുറത്തു വരുന്നത്. വിവിധ കാലങ്ങളുടെ, ചരിത്രവഴികളിലൂടെ സമ്മേളിച്ച്‌ രൂപമെടുത്ത പേരാണ് ഇന്ത്യ. അത് ഒരു സംസ്ക്കാരമാണ്. ഓര്‍മ്മകളും ഭാവിയുടെ സ്വപ്നങ്ങളുമാണ്. ഈ നാട് ഇന്ത്യയായി തന്നെ നിലനില്‍ക്കണം. മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി. ഗാന്ധി ഘാതകരുടെ കാല്‍ക്കല്‍ അടിയറ വയ്ക്കാനുള്ളതല്ല സിന്ധുവിൻ്റെ സംസ്കൃതിയിലൂടെ പരന്നൊഴുകി ഇന്ത്യൻ മഹാസമുദ്രത്തില്‍ പാദം ചേര്‍ക്കുന്ന ഈ മണ്ണ്. ഉറപ്പിച്ച്‌ തന്നെ പറയാം; എൻ്റെ നാടിൻ്റെ പേര് ഇന്ത്യ, ഞങ്ങള്‍ ഇന്ത്യക്കാര്‍…. എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

🇪🇬 തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെയും കണ്ടെത്തി. മുംബെയിലെ പൻവേലില്‍ വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്.മുംബെയിലുള്ള മലയാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കുട്ടികളെ നാട്ടിലെത്തിക്കും. തൃശൂര്‍ കൂര്‍ക്കഞ്ചേരി ജെ.പി.ഇ. എച്ച്‌. എസ്. എസ്. സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് കണ്ടെത്തിയത്.തൃശൂര്‍ കൂര്‍ക്കഞ്ചേരിയിലെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയെയും രണ്ട് പെണ്‍കുട്ടികളെമാണ് കാണാനില്ലെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. ഇന്നലെ സ്കൂളിലേക്ക് പോയ കുട്ടികള്‍ മടങ്ങിവന്നില്ല. വൈകുന്നേരമായിട്ടും കുട്ടികള്‍ വീട്ടില്‍ എത്താത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂളിലെത്തുകയായിരുന്നു. അപ്പോഴാണ് മൂന്ന് കുട്ടികളെയും കാണാതായ വിവരം അറിഞ്ഞതെന്നും രക്ഷിതാക്കള്‍ പറയുന്നു. രാത്രിയോടെ രക്ഷിതാക്കള്‍ നെടുപുഴ പൊലീസില്‍ പരാതി നല്‍കി.

🇪🇬ഇടുക്കി ജില്ലയിലെ സി.പി.എം ഓഫിസുകള്‍ അടച്ചുപൂട്ടാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് ജില്ല സെക്രട്ടറി സി.വി.വര്‍ഗീസ്. അടിമാലിയില്‍ നടന്ന സി.പി.എം ത്രിദിന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കി ശാന്തൻപാറയില്‍ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണം ഹൈകോടതി തടഞ്ഞ വിഷയത്തില്‍ പാര്‍ട്ടി നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തുന്നത് കഴിഞ്ഞദിവസം കോടതി വിലക്കിയിരുന്നു.ജനങ്ങളുടെ സംഭാവന സ്വീകരിച്ച്‌ പണിതുയര്‍ത്തിയതാണ് ഓഫിസുകളെന്നും ജനങ്ങളുടെ ജീവത്തായ പ്രശ്നങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നതും പരിഹരിക്കുന്നതുമെന്നും വര്‍ഗീസ് പറഞ്ഞു. അത് തകര്‍ക്കാൻ നോക്കേണ്ട. ആറ് പതിറ്റാണ്ട് ജില്ലയില്‍ നിലനിന്ന ഭൂ പ്രശ്നങ്ങള്‍ക്കാണ് സര്‍ക്കാര്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിച്ച്‌ പരിഹാരം കാണുന്നത്. എന്നാല്‍, മാത്യു കുഴല്‍നാടനാണ് ബില്ലിനെതിരെ തടസ്സവാദവുമായി വന്നത്.ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ ഒരു കാലത്തും പരിഹരിക്കപ്പെടരുതെന്ന കോണ്‍ഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും തനിനിറമാണ് ഇതിലൂടെ പുറത്തുവന്നത്. അതിന് കപട പരിസ്ഥിതിവാദികളെയും കൂട്ടുപിടിക്കുകയാണ്‌. ൈകയേറ്റം ചൂണ്ടിക്കാട്ടിയതിനാലാണ് ചില ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച്‌ ഓഫിസുകള്‍ക്കെതിരെ ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നത്. ഏത് വെല്ലുവിളിയേയും നിയമത്തിനൊപ്പംനിന്ന് പാര്‍ട്ടി നേരിടും. ജില്ലയിലെ ജനങ്ങളെ ഇനിയും വേട്ടയാടാന്‍ അനുവദിക്കില്ല. ദുരന്തനിവാരണ അതോറിറ്റിയുടെ ജനവിരുദ്ധ ഉത്തരവുകള്‍ ജില്ലയിലെ ജനങ്ങള്‍ അംഗീകരിക്കില്ല.സി.പി.എമ്മിന് ജനങ്ങള്‍ക്കിടയില്‍ പിന്തുണ വര്‍ധിക്കുമ്പോള്‍ ആക്രമിക്കുന്നവര്‍ ജനങ്ങളുടെ കോടതിയില്‍ മറുപടി പറയേണ്ടിവരുമെന്നും വര്‍ഗീസ് പറഞ്ഞു. സി.ഡി. അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.

🇪🇬പുതുപ്പള്ളി തെരഞ്ഞെടുപ്പുഫലം കോണ്‍ഗ്രസില്‍ പൊട്ടിത്തെറി സൃഷ്ടിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. ബി.ജെ.പി വോട്ട് മറിച്ചില്ലെങ്കില്‍ എല്‍.ഡി.എഫ് ജയിക്കുമെന്നും അതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

🇪🇬കുമ്പളയില്‍ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ വാഹനം പൊലീസ് പിന്തുടര്‍ന്നതിന് പിന്നാലെ അപകടത്തില്‍പെട്ട് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.അപകടത്തില്‍ മരിച്ച ഫര്‍ഹാസിന്‍റെ കുടുംബത്തിന്‍റെ പരാതിയും കാറിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളുടെ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ട്. പൊലീസുകാരുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അപകടത്തില്‍പ്പെട്ട വാഹനത്തിന് പൂര്‍ണ ഫിറ്റ്‌നസില്ല എന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. കാറിലുണ്ടായിരുന്നത് വിദ്യാര്‍ഥികളാണെന്ന് അറിഞ്ഞത് അപകടത്തില്‍പ്പെട്ടതിന് ശേഷമെന്ന് ആരോപണം നേരിട്ട പൊലീസുകാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ജില്ല പൊലീസ് മേധാവിക്ക് കൈമാറി.

🇪🇬 കല്‍പറ്റ വിദേശമദ്യവില്‍പനശാല പരിസരത്തുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍.കല്‍പ്പറ്റ ബൈപാസ് റോഡ് കൈനിക്കല്‍ വീട്ടില്‍ ചക്കര എന്ന കെ. സമീര്‍ (37), മുട്ടില്‍ കൊട്ടാരം വീട്ടില്‍ മുഹമ്മദ് ഷരീഫ്(33) എന്നിവരെയാണ് കല്‍പറ്റ ഇൻസ്‌പെക്ടര്‍ എസ്.എച്ച്‌.ഒ അഗസ്റ്റിന്‍റെ നേതൃത്വത്തിലെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.ഇന്നലെ ഉച്ചയോടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ പുത്തൂര്‍വയല്‍ സ്വദേശിയായ തെങ്ങുംതൊടി വീട്ടില്‍ നിഷാദ് ബാബുവാണ് (40) മരിച്ചത്. സംഭവശേഷം കര്‍ണ്ണാടകയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച സമീറിനെ കല്‍പ്പറ്റ ടൗണില്‍‍ വെച്ചും, ഷരീഫിനെ മുട്ടിലില്‍ വെച്ചുമാണ് പൊലീസ് പിടികൂടിയത്.

🇪🇬 ഉമ്മൻ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണ പരാതിയില്‍ കെ. നന്ദകുമാറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു.നാലു മണിക്കൂറാണ് നന്ദകുമാറിനെ ചോദ്യം ചെയ്തത്.തലയും മുഖവും മുഴുവനായി മറക്കുന്ന ഹെല്‍മെറ്റ് ധരിച്ചാണ് നന്ദകുമാര്‍ സ്റ്റേഷനിലെത്തിയത്. ഇയാളുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ആവശ്യമെങ്കില്‍ വീണ്ടും വിളിച്ചുവരുത്തുമെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അച്ചു ഉമ്മന്‍റെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

🇪🇬 കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് 10 ദിവസത്തെ പഠന യാത്രക്ക് 15 ലക്ഷം അനുവദിച്ച്‌ തദ്ദേശ വകുപ്പിന്റെ ഉത്തരവ്.പഠനയാത്രക്കു തനതു ഫണ്ടില്‍ നിന്നാണ് 15 ലക്ഷം രൂപ ചെലവഴിക്കുന്നതിന് അനുമതി നല്‍കിയത്.കൗണ്‍സിലര്‍മാര്‍ക്ക് ചെറുബാച്ചുകളായി വിഷയ പ്രാധാന്യമുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ 2023 സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ഡല്‍ഹി, മധ്യപ്രദേശ്, പഞ്ചാബ്, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ് എന്നീ സ്ഥലങ്ങളിലെ നഗരസഭകളുടെ ഓഫീസ് പ്രവര്‍ത്തനം, മാലിന്യ സംസ്കരണം, നഗരഭരണ സംവിധാനം ഇവ മനസിലാക്കുന്നതിനുള്ള പഠനയാത്രക്ക് ട്രെയിനില്‍ യാത്രചെയ്യുന്നതിനും മറ്റുമാണ് ഫണ്ട് അനുവദിച്ചത്.യാത്രാനുമതി ആവശ്യപ്പെട്ട് കോര്‍പറേഷൻ മേയര്‍ ജനുവരി 13ന് കത്ത് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച്‌ തദ്ദേശ പ്രിൻസിപ്പല്‍ ഡയറക്ടര്‍ നആഗസ്റ്റ് 17നും സര്‍ക്കാരിന് കത്ത് നല്‍കി. ഈ കത്തുകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

🇪🇬 രാജ്യത്ത് സനാതനികള്‍ പലരെയും കൊന്ന് കുഴിച്ച്‌ മൂടിയിട്ടുണ്ടെന്നും മനുഷ്യരില്‍ മഹാഭൂരിപക്ഷം പേരെയും ആട്ടിയകറ്റുന്ന ആശയത്തെ എതിര്‍ക്കുന്നതില്‍ എന്താണ് തെറ്റെന്നും സി.പി.എം സംസ്ഥാന സമിതിയംഗം പി.ജയരാജൻ. സനാതന ധര്‍മം നിര്‍മാര്‍ജനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിൻ പരാമര്‍ശത്തെ പിന്തുണച്ച്‌ ഫേസ്ബുക്കിലാണ് പി. ജയരാജന്റെ അഭിപ്രായപ്രകടനം.ഇന്ത്യയുടെ ചരിത്രത്തില്‍ സനാതനികള്‍ സാമൂഹ്യ പുരോഗതിക്ക് വിലങ്ങുതടിയായാണ് പ്രവര്‍ത്തിച്ചത്. ജനങ്ങളില്‍ മഹാ ഭൂരിപക്ഷത്തെയും ജാതി വിലക്കുകളിലൂടെ അകറ്റി നിര്‍ത്തിയ സവര്‍ണധിപത്യ സംസ്കാരത്തെയാണ് ആര്‍.എസ്.എസും പ്രതിനിധാനം ചെയ്യുന്നത്. അതിനാല്‍, ഉദയനിധി മാരനെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധത്തില്‍ അതിശയവുമില്ല.സനാതനികള്‍ സ്വീകരിച്ച വഴി കായികാക്രമണങ്ങളുടെത് കൂടിയാണ്. അയിത്തോച്ചാടന പ്രക്ഷോഭം നയിച്ച മഹാത്മ ഗാന്ധിയെ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ സനാതനികള്‍ നടത്തിയ ശ്രമത്തില്‍ നിന്നും അത്ഭുതകരമായാണ് അദ്ദേഹം രക്ഷപെട്ടത്.മതന്യൂന പക്ഷങ്ങളെയും ദലിതരെയും മറ്റ് പിന്നാക്ക വിഭാഗങ്ങളെയും തുല്യതയുള്ള പൗരന്മാരെ പോലെ കണക്കാക്കാതെ അക്രമത്തിന്റെ ശൈലിയെ പ്രോത്സാഹിപ്പിക്കുന്നവരാണ് ഉദയനിധി സ്റ്റാലിനെയും ഭീഷണിപ്പെടുത്തുന്നത്.രാജ്യത്തിന്റെയും ചരിത്രം പോലും വിസ്മരിച്ച്‌ ചില കോണ്‍ഗ്രസ് നേതാക്കന്മാരുടെ പ്രസ്താവനകളാണ് അതിശയകരമെന്നും പി. ജയരാജൻ പോസ്റ്റില്‍ കുറിച്ചു.

🇪🇬സര്‍ക്കാര്‍ ഉത്തരവിനെതിരെ വാട്സ് ആപില്‍ പ്രചാരണം നടത്തിയ റനവ്യു വകുപ്പിലെ സീനിയര്‍ ക്ലാര്‍ക്കിന് സസ് പെൻഷൻ.തിരുവനന്തപുരം എല്‍.എ (ജനറല്‍) സ്പെഷ്യല്‍ ഹസില്‍ദാരുടെ കാര്യാലയത്തിലെ സീനിയര്‍ ക്ലാര്‍ക്കായ എ. ഷാനവാസിനെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് റവന്യൂ വകുപ്പ് സസ്പെന്റ് ചെയ്തത്. സര്‍ക്കാര്‍ ഉത്തരവുകളെ അവഹേളിക്കുന്ന രീതിയില്‍ കുറിപ്പ് ഇടുന്നതായി കണ്ടെത്തിയതിനെത തുടര്‍ന്നാണ് നടപടി. റവന്യൂവിലെ ഉദ്യോഗസ്ഥൻ വകുപ്പിന്റെ തന്നെ ഉത്തരവിനെതിരെ നിരന്തരം പ്രചാരണം നടത്തുന്ന നടപടി ഗുരുതരമായ അച്ചടക്ക ലംഘനമാണ്. ഇതിന് വ്യക്തമായ തെളിവ് ലഭിച്ചതിനാലാണ് നടപടി സ്വീകരിച്ചതെന്ന് ഉത്തരവില്‍ പറയുന്നു.

🇪🇬എ.ആര്‍ ക്യാമ്പിലെ പൊലീസുകാര്‍ക്ക് ബാരക്ക് അലവൻസിന് പകരം താമസ ചെലവ് (എച്ച്‌.ആര്‍.എ) നല്‍കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ തള്ളി.ലോക്കല്‍ പൊലീസുകാരുടെ കാര്യത്തിലെന്നപോലെ എ.ആര്‍ ക്യാമ്പുകാര്‍ക്കും എച്ച്‌.ആര്‍.എ നല്‍കണമെന്ന് പൊലീസ് വകുപ്പ് നിര്‍ദേശിച്ചിരുന്നു.പതിനൊന്നാം ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകത ചൂണ്ടിക്കാട്ടിയാണ് വകുപ്പ് നിര്‍ദേശം സമര്‍പ്പിച്ചത്. കോര്‍പറേഷൻ പരിധിയില്‍ പ്രതിമാസം 5500 രൂപയാണ് ശരാശരി എച്ച്‌.ആര്‍.എ. എന്നാല്‍, എ.ആര്‍ ക്യാമ്പിലെ പൊലീസുകാര്‍ക്ക് ബാരക്കില്‍ താമസിക്കാൻ പ്രതിമാസം 1500 രൂപയാണ് നല്‍കുന്നത്. സംസ്ഥാനത്ത് 18 എ.ആര്‍ ക്യാമ്പുകളിലെ ഹവില്‍ദാര്‍ മുതല്‍ സബ് ഇൻസ്പെക്ടര്‍ വരെയുള്ള 1200 ഓളം പേരെ ബാധിക്കുന്നതാണ് തീരുമാനം.

🇪🇬 പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മുൻ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു.കാലടി പൊതിയക്കര സ്വദേശിയും ലോറി ഡ്രൈവറുമായ കുന്നേക്കാടൻ ജോണ്‍സനാണ് വെട്ടേറ്റത്.തലക്ക് ഗുരുതര പരിക്കേറ്റ ജോണ്‍സനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമാണ്. സി.പി.എം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് ആക്രമിച്ചതെന്ന് ജോണ്‍സൻ പറഞ്ഞു. ഇതേതുടര്‍ന്ന് ദേവസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഏത് സ്ഥാനാര്‍ഥി ജയിക്കുമെന്നത് സംബന്ധിച്ച്‌ ഇന്നലെ ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്ന് ആക്രമണം നടന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ചെന്നാണ് ജോണ്‍സന്‍റെ മൊഴി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

🇪🇬കോട്ടയം സംക്രാന്തിയില്‍ ഇറച്ചിക്കടയില്‍ കഞ്ചാവ് വില്‍പന നടത്തിയ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി.പെരുമ്പായിക്കാട് സംക്രാന്തി പഴയ എം.സി റോഡിനോട് ചേര്‍ന്നുള്ള ചീമാച്ചേരില്‍ സാബുവിന്റെ കോഴിയിറച്ചി കടയിലെ തൊഴിലാളികളായ റഷിദുള്‍ ഹക്ക് (28), ഹബീബുള്ള (23) എന്നിവരാണ് അറസ്റ്റിലയത്. ഇരുവരും അസം സ്വദേശികളാണ്.ഇറച്ചിവെട്ടുന്ന പലകയുടെ അടിയില്‍ ഒളിപ്പിച്ച്‌ മാസങ്ങളായി ഇവര്‍ മയക്കുമരുന്ന് ഉള്‍പ്പെടെ വില്‍പന നടത്തിവരുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

🇪🇬രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടത്തിയ ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികമായ സെപ്റ്റംബര്‍ ഏഴിന് എ.ഐ.സി.സി ആഹ്വാനം അനുസരിച്ച്‌ ആഘോഷ പരിപാടികള്‍ കെ.പി.സി.സി സംഘടിപ്പിക്കും.ഡി.സി.സികളുടെ നേതൃത്വത്തില്‍ ജില്ലകളില്‍ പദയാത്രകളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. വൈകുന്നേരം അഞ്ചിനും ആറിനും ഇടയില്‍ നടക്കുന്ന പദയാത്രകളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാല്‍ എം.പി നിര്‍വഹിക്കും. വിളക്കുംതറ മൈതാനിയില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് നടക്കുന്ന പദയാത്രക്ക് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും നേതൃത്വം നല്‍കും. തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ പൊതുസമ്മേളനം നടക്കും.

🇪🇬 പുതുപ്പള്ളിയില്‍ ചരിത്രത്തില്‍ ഇല്ലാത്ത ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിക്കുമെന്ന് രമേശ്‌ ചെന്നിത്തല. ഇടതുപക്ഷ സര്‍ക്കാറിന്റെ ആണിക്കല്ല് ഇളക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് ഫലമാണ് വരാൻ പോകുന്നത്.ഭരണ വിരുദ്ധ വികാരം ശക്തമാണ്. ജനങ്ങളുടെ പ്രതിഷേധം വോട്ടായി അവര്‍ രേഖപ്പെടുത്തി.പുതിയ പുതുപ്പള്ളിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നവര്‍ക്ക് പഴയ പുതുപ്പള്ളി അറിയില്ല. രണ്ട് പുതുപ്പള്ളിയും ഒന്ന് തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു.കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി കൊടുക്കാൻ സര്‍ക്കാരിന് കൊടുക്കാൻ കഴിയാത്തത് കഷ്ടമാണ്. അധ്യാപകര്‍ക്ക് പഠിപ്പിക്കാൻ സമയമില്ലാതെ അവര്‍ നാടുനീളെ കടം വാങ്ങുകയാണ്. ഉച്ചക്കഞ്ഞി മുട്ടിച്ച സര്‍ക്കാരിന് ജനം മാപ്പ് നല്‍കില്ലെന്നും ചെന്നിത്തല തൃശൂരില്‍ പ്രതികരിച്ചു.

🇪🇬തിരുവനന്തപുരം തിരുവല്ലത്ത് അനുജനെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി. വണ്ടിത്തടം സ്വദേശിയായ രാജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ രാജിന്‍റെ സഹോദരൻ ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പതിനൊന്ന് ദിവസം മുൻപാണ് രാജിനെ കാണാതാകുന്നത്. അമ്മ ഓണത്തിന് ബന്ധുവിന്‍റെ വീട്ടിലേക്ക് പോയി തിരികെ വന്ന ശേഷമാണ് രാജിനെ കാണാനില്ലെന്ന വിവരമറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ ആറിന് അമ്മ പൊലീസില്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട രാജും സഹോദരനും ബിനുവും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നും ഇതുമൂലമുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊീലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകം നടന്നത് എന്നാണ് എന്നതില്‍ വ്യക്തതയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

🇪🇬മദ്യം നല്‍കി ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിയായ 46 കാരന് ഹൈകോടതി ജാമ്യം അനുവദിച്ചു.പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന വാട്സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ലൈംഗിക ബന്ധത്തിനു ശേഷം പണം നല്‍കിയതും ചാറ്റില്‍ വ്യക്തമായിരുന്നു. യുവതിയെ മദ്യം നല്‍കി ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിക്കാണ് മുൻകൂര്‍ ജാമ്യം ലഭിച്ചത്5000 രൂപ നല്‍കിയെന്നാണ് ചാറ്റിലുളളത്. കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാൻ വൈകിയതുകൂടി കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. 10,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.

🇪🇬 നിരോധിത മയക്കുമരുന്ന് കടത്തല്‍ തടയല്‍ വകുപ്പ് പ്രകാരം മയക്കുമരുന്ന് കടത്തിയ കേസില്‍ പിടിയിലായ പ്രതിയെ ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കി. കൊല്ലം ശൂരനാട്, കിടങ്ങയം നോര്‍ത്ത്, ചെളിയില്‍ തറയില്‍ വീട്ടില്‍ അനീഷി(33)നെയാണ് പിറ്റ് (പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്ക്) നിയമ പ്രകാരം അറസ്റ്റ് ചെയ്ത് സെൻട്രല്‍ ജയിലിലേക്കയച്ചത്. 71.19 ഗ്രാം മാരക ലഹരി മരുന്നായ എം.ഡി.എം.എ ചില്ലറ വില്‍പനക്കായി ബംഗളൂരുവില്‍ നിന്നും കടത്തിക്കൊണ്ട് വരവേ കഴിഞ്ഞ വര്‍ഷം ജൂണില്‍ അനീഷിനെയും സുഹൃത്തായ വൈശാഖിനേയും അറസ്റ്റ് ചെയ്യ്തിരുന്നു. ഈ കേസിന്‍റെ വിചാരണ നടന്നുവരവെയാണ് ഇപ്പോഴത്തെ നടപടി.ലഹരിമരുന്ന് കച്ചവട സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ് മുഖേന സിറ്റി ജില്ല ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് കരുതല്‍ തടങ്കലിന് ഉത്തരവായത്.

🇪🇬 പയ്യാവൂരിലെ ജ്വല്ലറിയില്‍നിന്ന് മൂന്ന് കിലോ വെള്ളിയാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ നിരവധി കവര്‍ച്ചക്കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍.തമിഴ്‌നാട് നാമക്കല്‍ സ്വദേശി വേലായുധ സെല്ലമുത്തു (47) ആണ് പിടിയിലായത്. കണ്ണൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ മേല്‍നോട്ടത്തില്‍ പയ്യാവൂര്‍ എസ്.ഐ കെ. ഷറഫുദ്ദീന്‍, ക്രൈം സ്‌ക്വാഡ് എസ്.ഐ അബ്ദുല്‍ റൗഫ് എന്നിവരുടെ നേതൃത്വത്തില്‍ കോയമ്പത്തൂര്‍ ഉക്കടത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

🇪🇬 തൊടുപുഴ നഗരസഭ പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കണ്ടെത്താനും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കാനുമായിരുന്നു പരിശോധന.നഗരപരിധിയിലുള്ള 20 വ്യാപാര സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്.പരിശോധനയില്‍ 30 കിലോ നിരോധിത പ്ലാസ്റ്റിക് കാരിബാഗുകള്‍, 60 പാക്കറ്റ് പേപ്പര്‍ കപ്പുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, റൗണ്ട് ബൗളുകള്‍, ഐസ്‌ക്രീം ബൗളുകള്‍ എന്നിവ പിടിച്ചെടുത്തു.

🇪🇬പുതുപ്പള്ളിയില്‍ ബി.ജെ.പിയുടെ വോട്ട് യു.ഡി.എഫിന് ലഭിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ബി.ജെ.പി വോട്ട് വാങ്ങിയാല്‍ മാത്രമാണ് ചാണ്ടി ഉമ്മന് ജയിക്കാൻ കഴിയുകയെന്നും ഗോവിന്ദൻ പറഞ്ഞു.ഏത് സ്ഥാനാര്‍ഥി ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കും. ഇടത് സര്‍ക്കാറിന്‍റെ ആണിക്കല്ല് ഉറപ്പിക്കുന്ന ഫലമാകുമെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

🇪🇬 പുതുപ്പള്ളിയില്‍ യു.ഡിഎ.ഫിന് ബി.ജെ.പി വോട്ടുമറിച്ചെന്ന ക്യാപ്‌സൂള്‍ നേരത്തെ ഇറക്കി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍ അപഹാസ്യനായെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. എട്ടാം തീയതിയിലേക്കു വച്ചിരുന്ന ക്യാപ്‌സൂള്‍ അറിയാതെ അദ്ദേഹത്തിന്റെ നാവില്‍നിന്നു പുറത്തുവന്നു.പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വമ്ബിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് സി.പി.എം ഈ ക്യാപ്‌സൂള്‍ തയാറാക്കി വച്ചിരിക്കുന്നത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഉണ്ടാക്കിയ സഖ്യത്തിന്റെ ആവര്‍ത്തനം ഇത്തവണ പുതുപ്പള്ളിയിലും ഉണ്ടായിട്ടുണ്ട്. ചില ബൂത്തുകളില്‍ പോളിങ് വൈകിയതിനാല്‍ ഒട്ടേറെ പേര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടായി. സാങ്കേതിക തകരാര്‍ എന്നാണ് വിശദീകരണമെങ്കിലും ഇത് പരിശോധിക്കേണ്ട വിഷയമാണ്.പുതുപ്പള്ളിയില്‍ വോട്ടിങ് ശതമാനം കുറഞ്ഞതില്‍ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണെന്നും സുധാകരന്‍ പറഞ്ഞു.

🇪🇬കണ്ണൂര്‍ പാനൂര്‍ സ്വദേശിയായ യുവാവ് ബംഗളൂരുവില്‍ താമസസ്ഥലത്ത് കുത്തേറ്റു മരിച്ചു. പാനൂര്‍ അണിയാരം ഫാത്തിമാസില്‍ മജീദ്- അസ്മ ദമ്പതികളുടെ മകൻ ജാവേദ് (29) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ജാവേദിന്റെ കൂടെ താമസിച്ചിരുന്ന ബംഗളൂരു സ്വദേശിനി രേഖ എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കൊലപാതക കാരണം വ്യക്തമായിട്ടില്ല. ചൊവ്വാഴ്ച വൈകീട്ട് 4.30 ഓടെ ബന്നാര്‍ഘട്ട ഹുളിമാവിലെ ഫ്ലാറ്റിലാണ് സംഭവം.കത്തികൊണ്ട് കുത്തേറ്റ ജാവേദിനെ ഒപ്പമുണ്ടായിരുന്ന രേഖ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.

 ദേശീയം 

🇪🇬 മാനദണ്ഡങ്ങള്‍ പാലിക്കാതെ ഏഴു സര്‍വകലാശാലകളില്‍ ഇടക്കാല വൈസ് ചാൻസലര്‍മാരെ നിയമിച്ചതിന് മുഖ്യമന്ത്രി മമത ബാനര്‍ജി കടുത്ത വിമര്‍ശനമുന്നയിച്ചതിനു പിന്നാലെ ഒരു സര്‍വകലാശാലയില്‍ കൂടി നിയമനം നടത്തി ഗവര്‍ണര്‍ സി.വി.ആനന്ദബോസ്. പുതുതായി രൂപവത്കരിച്ച കന്യാശ്രീ സര്‍വകലാശാല വി.സിയായി നേതാജി സുഭാഷ് ഓപണ്‍ സര്‍വകലാശാലയിലെ ഗണിതം പ്രഫസര്‍ കാജല്‍ ഡേയെയാണ് ചൊവ്വാഴ്ച രാത്രി നിയമിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ പ്രഫ. കാജലിനെ ഡയമണ്ട് ഹാര്‍ബര്‍ വനിത സര്‍വകലാശാല വി.സിയായി ഗവര്‍ണര്‍ നിയമിച്ചിരുന്നു. എട്ടു സര്‍വകലാശാലകളിലെ ഇടക്കാല വി.സിമാരെ കൂടി ഗവര്‍ണര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഉടൻ നിയമനക്കത്ത് നല്‍കുമെന്നുമാണ് അധികൃതര്‍ നല്‍കുന്ന സൂചന.അഞ്ചംഗ സെര്‍ച് കമ്മിറ്റിയെ നോക്കുകുത്തിയാക്കി ഗവര്‍ണര്‍ തന്നിഷ്ടപ്രകാരമാണ് നിയമനങ്ങള്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി വിമര്‍ശനമുന്നയിച്ചിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ ഗവര്‍ണര്‍ കടന്നുകയറ്റം നടത്തുകയാണ്. നടപടി തുടര്‍ന്നാല്‍ സര്‍വകലാശാലകള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം നിര്‍ത്തും. മുഖ്യമന്ത്രിക്കു മേലെയാണ് ഗവര്‍ണറുടെ സ്ഥാനമെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കില്‍ ശക്തമായി തിരിച്ചടിക്കും.ഗവര്‍ണര്‍ സ്ഥാനത്തേക്ക് അദ്ദേഹം നാമനിര്‍ദേശം ചെയ്യപ്പെട്ടതാണെന്ന് മറക്കരുത്. ഫെഡറലിസത്തിന്റെ തത്ത്വങ്ങള്‍ മറികടന്ന് സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവരാനാണ് ഭാവമെങ്കില്‍ രാജ്ഭവനു മുന്നില്‍ ധര്‍ണ നടത്തുമെന്നും മമത മുന്നറിയിപ്പു നല്‍കിയിരുന്നു.

🇪🇬സമൂഹത്തില്‍ വിവേചനം നിലനില്‍ക്കുന്നയിടത്തോളം കാലം സംവരണം തുടരുമെന്ന് ആര്‍.എസ്.എസ് തലവൻ മോഹൻ ഭാഗവത്.അദൃശ്യമാണെങ്കിലും വിവേചനം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.നമ്മുടെ സ്വന്തം ജനങ്ങള്‍ സമൂഹവ്യവസ്ഥയില്‍ പിന്നിലാണ് നില്‍ക്കുന്നത്. നമ്മള്‍ അവരെ പരിഗണിക്കുന്നില്ല. ഇത് 2000 വര്‍ഷമായി തുടരുന്നു. അവര്‍ക്ക് തുല്യത ലഭിക്കും വരെ ചില പ്രത്യേക കാര്യങ്ങള്‍ ആവശ്യമായി വരും. അതിലൊന്നാണ് സംവരണം. വിവേചനം നിലനില്‍ക്കുന്ന കാലം വരെ സംവരണം തുടരും. ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണത്തെ ആര്‍.എസ്.എസ് പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.

🇪🇬ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു.കരസേനയും പൊലീസും ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചതെന്ന് സൈനികവക്താവ് അറിയിച്ചു.

🇪🇬ഉണക്കമത്സ്യ കയറ്റുമതിയുമായി ബന്ധപ്പെട്ട കേസില്‍ തനിക്കെതിരെ ഒരു തെളിവും കണ്ടെത്താൻ അന്വേഷണ ഏജൻസികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍.സി.ബി.ഐയുടെ റിപ്പോര്‍ട്ടിനുശേഷം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. പ്രത്യേകിച്ച്‌ ഒന്നും തനിക്കെതിരെ അവര്‍ക്ക് കിട്ടിയില്ല. അതുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കാൻ ചൊവ്വാഴ്ച വിളിപ്പിച്ചത്.കേന്ദ്ര ഏജൻസികളുടെ അന്വേഷണം പകപോക്കലാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണ്. 2016-17 കാലഘട്ടത്തിലായിരുന്നു ലക്ഷദ്വീപ് കോഓപറേറ്റിവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ വഴി മത്സ്യസംഭരണം. അതിനുശേഷം രണ്ട് അഡ്മിനിസ്ട്രേറ്റര്‍മാര്‍ എത്തി. ഇപ്പോള്‍ പെട്ടെന്ന് ഈ കേസ് വരാൻ കാരണം വ്യക്തിവിരോധമാണ്. തന്നെ ഉപദ്രവിക്കാനുള്ള കള്ളക്കേസ് മാത്രമാണിത്.

🇪🇬രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച്‌ ശശി തരൂര്‍ എം.പി.പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്റെ പേര് ഭാരത്( അലൈന്‍സ് ഓഫ് ബെറ്റര്‍മെന്റ് ഹാര്‍മണി ആന്‍ഡ് റെസ്‌പോണ്‍സിബിള്‍ അഡ്വാന്‍സ്‌മെന്റ് ഫോര്‍ ടുമാറോ, BHARAT) എന്നാക്കി മാറ്റിയാല്‍ വിനാശകരമായ ഈ പേരുമാറ്റല്‍ കളി ബി.ജെ.പി അവസാനിപ്പിച്ചേക്കുമെന്ന് തരൂര്‍ എക്സില്‍ കുറിച്ചു.ഇന്ത്യയെ ഭാരത് എന്ന് വിളിക്കുന്നതില്‍ ഭരണഘടനാപരമായി എതിര്‍പ്പില്ലെങ്കിലും ‘ഇന്ത്യ’യെ പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ അത്ര വിഡ്ഢികളല്ലെന്നാണ് താന്‍ കരുതുന്നതെന്ന് വിവാദത്തില്‍ തരൂര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ലോകമെമ്പാടും അംഗീകരിക്കപ്പെട്ട പേരിനെ വിട്ടുകളയാതെ ഇന്ത്യയെന്നും ഭാരതമെന്നുമുള്ള പേരുകള്‍ തുടര്‍ന്നും ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് തരൂരിന്റെ പരിഹാസം.

🇪🇬ശനിയും ഞായറും ഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ കേന്ദ്രമന്ത്രിമാര്‍ പാലിക്കേണ്ട കാര്യങ്ങള്‍ നിര്‍ദേശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.മന്ത്രിമാരോട് ഔദ്യോഗിക വാഹനങ്ങള്‍ ഉപേക്ഷിച്ച്‌ ഷട്ടില്‍ സര്‍വിസ് പ്രയോജനപ്പെടുത്തി ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപത്തിലേക്കും വിവിധ യോഗങ്ങളുടെ വേദികളിലേക്കും എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്.വിശിഷ്ടാതിഥികള്‍ക്ക് അസൗകര്യമുണ്ടാക്കരുത്. ജി20 ഇന്ത്യ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാനും വിദേശ പ്രമുഖരുമായി സംവദിക്കുമ്പോള്‍ അതിന്റെ വിവര്‍ത്തനവും മറ്റ് സവിശേഷതകളും മികച്ച രീതിയില്‍ ഉപയോഗിക്കാനും പ്രധാനമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടു. എല്ലാ ഇന്ത്യൻ ഭാഷകളിലും ജി20 രാജ്യങ്ങളിലെ ഭാഷകളുമുള്‍ക്കൊള്ളുന്ന തല്‍ക്ഷണ വിവര്‍ത്തനം ഈ മൊബൈല്‍ ആപ്പിലുണ്ട്.40 ഓളം ലോക നേതാക്കള്‍ പങ്കെടുക്കാനിരിക്കെ, വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര ഉച്ചകോടിയുടെ പ്രോട്ടോകോളും അനുബന്ധ കാര്യങ്ങളും മന്ത്രിമാരെ വിശദമായി അറിയിച്ചു. ലോകനേതാക്കളെ സ്വീകരിക്കാൻ മന്ത്രിമാരെ നിയോഗിക്കും. ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിനെ ആരോഗ്യ സഹമന്ത്രി എസ്.പി.എസ്. സിങ് ബാഘേല്‍ സ്വീകരിച്ചു.

🇪🇬 ഇന്ത്യ-ഭാരത് വിവാദങ്ങള്‍ക്കിടെ സിനിമയുടെ പേരുമാറ്റി അക്ഷയ് കുമാര്‍. ബോളിവുഡ് താരത്തിന്റെ വരാനിരിക്കുന്ന സിനിമക്ക് ‘മിഷൻ റാണിഗഞ്ച്: ദ ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യു’ എന്ന പേരാണ് നേരത്തെ നല്‍കിയിരുന്നത്.ഇത് മാറ്റി മിഷൻ റാണിഗഞ്ച്: ദ ഗ്രേറ്റ് ഭാരത് റെസ്ക്യു എന്ന പേരാണ് നല്‍കിയിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലാണ് പേരുമാറ്റം അറിയിച്ചിരിക്കുന്നത്.റാണിഗഞ്ചിലെ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തെ ഇതിവൃത്തമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. 1989ലാണ് കല്‍ക്കരി ഖനിയില്‍ അപകടമുണ്ടായത്. അന്ന് ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാൻ പ്രധാന പങ്കുവഹിച്ച ജസ്‍വാന്ത് സിങ് ഗില്ലിന്റെ ജീവിതത്തെ ആധാരമാക്കിയാണ് സിനിമ.

🇪🇬 ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മം സംബന്ധിച്ച പരാമര്‍ശത്തിന് തക്കതായ മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വിഷയത്തെ കുറിച്ച്‌ പഠിച്ച്‌ ശക്തമായ മറുപടി നല്‍കണമെന്ന് മോദി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. ജി20 ഉച്ചകോടിക്ക് മുന്നോടിയായി നടന്ന അനൗദ്യോഗിക കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.അതേസമയം, ഇന്ത്യxഭാരത് വിവാദത്തില്‍ അഭിപ്രായം പറയരുതെന്നും അദ്ദേഹം മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ ചുമതലപ്പെടുത്തിയവര്‍ മാത്രമേ മറുപടി പറയാവുവെന്നും മോദി പറഞ്ഞു. വിവാദങ്ങളില്‍ ചരിത്രത്തിലേക്ക് പോകേണ്ടതില്ല. ഭരണഘടന പ്രകാരമുള്ള വസ്തുതകള്‍ മനസിലാക്കി മറുപടി നല്‍കിയാല്‍ മതിയെന്നും മോദി വ്യക്തമാക്കി

🇪🇬 ഭാരത് വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത്, ഇന്ത്യ, ഹിന്ദുസ്ഥാൻ എന്നിവ അര്‍ഥമാക്കുന്നത് സ്നേഹമാണെന്ന് രാഹുല്‍ വ്യക്തമാക്കി.സ്നേഹം ഉയര്‍ന്നു പറക്കട്ടെ എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ പുറത്തിറക്കിയ വിഡിയോയിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

🇪🇬 ചന്ദ്രയാൻ 3 പേടകം ലാൻഡ് ചെയ്ത ചന്ദ്രോപരിതലത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ.ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാൻ പേടകം ഇറങ്ങിയ സ്ഥലത്തിന്‍റെ ചിത്രങ്ങളാണ് നാസയുടെ ലൂണാര്‍ റിക്കൈനസൻസ് ഓര്‍ബിറ്റര്‍ പകര്‍ത്തിയത്. ചന്ദ്രനെ വലംവെക്കുന്ന ലൂണാര്‍ ആഗസ്റ്റ് 27നാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.2009ല്‍ ആണ് നാസയുടെ ചാന്ദ്രദൗത്യമായ ലൂണാര്‍ റെക്കനേസൻസ് ഓര്‍ബിറ്റര്‍ (എല്‍.ആര്‍.ഒ) വിക്ഷേപിച്ചത്. ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടി ലൂണാര്‍ പേടകം ഭ്രമണപഥത്തില്‍ ഇപ്പോഴും വലംവെക്കുന്നുണ്ട്. ചന്ദ്രോപരിതലത്തിന്റെ 3ഡി മാപ്പിങ് ആയിരുന്നു ലൂണാര്‍ ദൗത്യത്തിന്റെ ലക്ഷ്യം. ഉപരിതലത്തിലെ ജലാംശം കണ്ടെത്താനുള്ള ഗവേഷണങ്ങളും ലൂണാര്‍ നടത്തുന്നുണ്ട്.

🇪🇬പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കാത്തത് തന്നെയാണ് സനാതനത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമെന്ന് ഉദയനിധി സ്റ്റാലിൻ.സനാതനധര്‍മ പരാമര്‍ശത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ശക്തമായ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് വീണ്ടും തന്‍റെ നിലപാട് വ്യക്തമാക്കി തമിഴ്നാട് കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി രംഗത്തെത്തിയത്.വിവേചനത്തെ വ്യക്തമാക്കുന്ന മഹാഭാരതത്തിലെ ഭാഗവും അധ്യാപക ദിനത്തോടനുബന്ധിച്ച്‌ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ കഴിഞ്ഞ ദിവസം അദ്ദേഹം പരാമര്‍ശിച്ചിരുന്നു. പെരുവിരല്‍ ചോദിക്കാതെ ഗുരുദക്ഷിണ തേടുന്ന അധ്യാപകരുമായുള്ള ബന്ധം എക്കാലവും ദ്രാവിഡര്‍ തുടരുമെന്നായിരുന്നു കുറിപ്പ്.താഴ്ന്ന ജാതിക്കാരനായതിനാല്‍ ദ്രോണാചാര്യരുടെ കീഴില്‍ അമ്പെയ്ത്ത് പഠിക്കാൻ സാധിക്കാതിരുന്ന വ്യക്തിയായിരുന്നു ഏകലവ്യൻ. പിന്നീട് സ്വന്തം പ്രയത്നത്തിലൂടെ അദ്ദേഹം ദ്രോണാചാര്യരുടെ ശിഷ്യനായ അര്‍ജുനനേക്കാള്‍ അമ്പെയ്ത്തില്‍ മികച്ചതായി. ഇതില്‍ അരിശംപൂണ്ട ദ്രോണാചാര്യര്‍ ഏകലവ്യന്‍റെ പെരുവിരല്‍ ആവശ്യപ്പെട്ടു. ഇത് ഏകലവ്യന്‍റെ അമ്പെയ്ത്ത് ഇല്ലാതാക്കി. ശരിയായ അധ്യാപകര്‍ എന്നും ചിന്തിക്കുന്നത് ശിഷ്യരുടെ നല്ല ഭാവിയെക്കുറിച്ചാണെന്നും അദ്ദേഹം കുറിച്ചു.

🇪🇬കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ചേരുന്നത് സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്ത്.പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 ആരംഭിക്കുക പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലാണെന്ന് വാര്‍ത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ‘ഗണേശ ചതുര്‍ഥി’ ആഘോഷ ദിനമായ സെപ്റ്റംബര്‍ 19ന് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് സമ്മേളനം മാറ്റും. തുടര്‍ന്ന് സെപ്റ്റംബര്‍ 22വരെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സമ്മേളനം ചേരുമെന്നാണ് ലഭിക്കുന്ന വിവരമെന്ന് എ.എൻ.ഐ വ്യക്തമാക്കുന്നത്.ജി20 ഉച്ചകോടി കഴിയുന്നതിന് പിന്നാലെ അഞ്ചു ദിവസത്തെ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ചേരാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

🇪🇬 സഹപാഠികളെ കൊണ്ട് അധ്യാപിക മുസ്ലിം വിദ്യാര്‍ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തില്‍ കേസിന്‍റെ പുരോഗതി അറിയിക്കാൻ യു.പി പൊലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്.സംഭവത്തില്‍ ഇരയാക്കപ്പെട്ട കുട്ടിയെ സംരക്ഷിക്കാൻ പൊലീസ് സ്വീകരിച്ച നടപടികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ തുഷാര്‍ ഗാന്ധി നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ഓഭയ് എസ്. ഓക, പങ്കജ് മിത്താല്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി.

🇪🇬 ആഗോളതലത്തില്‍ ഭീകരരെ കരിമ്ബട്ടികയില്‍ പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ന്യായീകരണങ്ങള്‍ ഇല്ലാതെ തടയുന്നത് നീതീകരികാനാവില്ലെന്ന് ഇന്ത്യ.ചൈനയെയും പാകിസ്ഥാനെയും പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ഇന്ത്യയുടെ പരാമര്‍ശം. യു.എൻ സെക്യൂരിറ്റി കൗണ്‍സിലിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നത് ഇത്തരം നടപടികളാണെന്നും ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് പറഞ്ഞു.ചൊവ്വാഴ്ച സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ചുള്ള തുറന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍

🇪🇬 ഇന്ത്യയുടെ പേര് `ഭാരത്’ എന്നാക്കി മാറ്റാന്‍ കേന്ദ്രം നീക്കം നടത്തുന്നുവെന്നത് കിംവദന്തി മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍.പ്രതിപക്ഷം അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിലപാടുണ്ടെങ്കില്‍ അത് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജി20 ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ അഭ്യൂഹം പ്രചരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസിന് ഭാരത് എന്ന പേരിനോട് ഒരുകാലത്തും അനുകൂല നിലപാടില്ലായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

🇪🇬 സ്പെഷ്യല്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി) ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിൻഹ (61) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു അന്ത്യം.അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.2016 മുതല്‍ എസ്.പി.ജി തലവനായി പ്രവര്‍ത്തിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 1997 ബാച്ച്‌ കേരള കേഡറായിരുന്നു അരുണ്‍ കുമാര്‍ സിൻഹ.

🇪🇬സനാതന ധര്‍മത്തിലെ ഉദയനിധി സ്റ്റാലിന്‍റെ പരാമര്‍ശവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ ബി ജെ പിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച്‌ ഡി എം കെ.സനാതന ധര്‍മത്തില്‍ പരസ്യ സംവാദത്തിന് തയാറുണ്ടോയെന്നാണ് ഡി എം കെയുടെ ചോദ്യം. ദില്ലിയില്‍ വേണമെങ്കിലും ഡി എം കെ തയാറെന്നും അമിത് ഷാ സംവാദത്തിന് തയാറുണ്ടോയെന്നും ഡി എം കെ നേതാവ് എ രാജ ചോദിച്ചു. സനാതന ധര്‍മത്തെ ഡി എം കെ എതിര്‍ത്തതുകൊണ്ടാണ് തമിഴിസൈ ഗവര്‍ണര്‍ ആയതെന്നും രാജ അഭിപ്രായപ്പെട്ടു

അന്താരാഷ്ട്രീയം

🇪🇬ഇതുവരെയുള്ളതില്‍ വെച്ചേറ്റവും ചൂടേറിയ മൂന്ന് മാസക്കാലയളവിലൂടെയാണ് നമ്മുടെ ഭൂമിയും നമ്മളും കടന്നുപോയത്. യൂറോപ്യൻ യൂണിയന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സര്‍വീസ് (C3S) ആണ് ഭയാനകമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് .ആഗോള സമുദ്രോപരിതല താപനില തുടര്‍ച്ചയായ മൂന്നാം മാസവും അഭൂതപൂര്‍വമായ ഉയര്‍ന്ന നിലയിലാണെന്ന് ഇ.യു ഏജൻസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതുപോലെ, 45 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഈ വര്‍ഷത്തെ അന്‍റാര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികളുടെ വിസ്തീര്‍ണവും ഏറ്റവും കുറഞ്ഞ നിലയിലാണ്.

🇪🇬യുക്രെയ്നിലെ ഡൊണെട്സ്ക് മേഖലയിലെ നഗരമായ കോസ്റ്റ്യാന്‍റിനിവ്കയില്‍ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ വ്യോമാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു.20ലേറെ പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. നിരപരാധികളെയാണ് റഷ്യ കൊന്നൊടുക്കുന്നതെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലൻസ്കി പറഞ്ഞു. റഷ്യൻ ചെകുത്താന്മാര്‍ക്കെതിരെ ഏതുവിധേനയും പൊരുതണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.റഷ്യൻ എസ്-300 മിസൈലാണ് മാര്‍ക്കറ്റില്‍ പതിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ റഷ്യ പ്രതികരിച്ചിട്ടില്ല.

🇪🇬 സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിൻ സല്‍മാൻ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്നു.ഈ ആഴ്ച അവസാനം നടക്കുന്ന പതിനെട്ടാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് മുഹമ്മദ് ബിൻ സല്‍മാൻ എത്തുന്നത്. സെപ്റ്റംബര്‍ ഒമ്പത്, 10 തീയതികളില്‍ നടക്കുന്ന ഉച്ചകോടിക്കുശേഷം സൗദി കിരീടാവകാശി സെപ്റ്റംബര്‍ 11ന് ഔദ്യോഗിക സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.

🇪🇬യു.എസ്. ഭരണസിരാകേന്ദ്രമായ കാപിറ്റോള്‍ ആക്രമണക്കേസില്‍ പ്രൗഡ് ബോയ്സ് എന്ന തീവ്ര വലതുപക്ഷ സംഘടനയുടെ മുൻ നേതാവ് എൻറിക് ടാരിയോയെ കോടതി 22 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.2020ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡനെതിരെ ഡോണള്‍ഡ് ട്രംപ് പരാജയപ്പെട്ടതിന് പിന്നാലെ പ്രൗഡ് ബോയ്സ് സംഘം കാപിറ്റോള്‍ മന്ദിരം ആക്രമിക്കുകയായിരുന്നു. ഗൂഢാലോചനയുടെ നേതാവ് ടാരിയോ ആയിരുന്നുവെന്ന് ജഡ്ജി വിധിയില്‍ എടുത്തു പറഞ്ഞു.പ്രൗഡ് ബോയ്‌സിലെ അംഗങ്ങളും മുൻ പ്രസിഡന്റ് ട്രംപിന്റെ അനുയായികളും കാപിറ്റലിനു നേരെ സൈനിക ശൈലിയിലുള്ള ആക്രമണത്തിന് നേതൃത്വം നല്‍കിയതായാണ് ആരോപണം. ടാറിയോക്ക് 33 വര്‍ഷത്തെ തടവ് ശിക്ഷയാണ് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടത്.

കായികം, സിനിമ 

🇪🇬 ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാൻ റിലീസിന് മണിക്കൂറുകള്‍ മാത്രം. ചിത്രത്തിന് വമ്ബൻ റിലീസാണ് കേരളത്തിലും തമിഴ്നാട്ടിലും ഒരുങ്ങുന്നത്.ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. തമിഴ്നാട്ടില്‍ റെഡ് ജയന്റ് മൂവീസ് ആണ് ഡിസ്ട്രിബ്യൂഷൻ പാര്‍ട്ണര്‍. കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസ് ആണ് പാര്‍ട്ണര്‍. തമിഴ്നാട്ടിലും കേരളത്തിലുമായി 718 സെന്ററുകളില്‍ 1001 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.‘‘തമിഴ്നാട്ടില്‍ കൂടി വിതരണശൃംഖല ആരംഭിക്കുന്ന ശ്രീ ഗോകുലം മൂവീസിന്റെ ആദ്യ കാല്‍വയ്പ്പാണ് ജവാനിലൂടെ സംഭവിക്കുന്നത്. തമിഴ്നാട്ടില്‍ 450ലധികം സെന്ററുകളിലായി 650 സ്ക്രീനുകളില്‍ ചിത്രം എത്തുന്നു. ചിത്രത്തിന്റെ ഹിന്ദി, തമിഴ് പതിപ്പുകളും തമിഴ്നാട്ടിലും കേരളത്തിലും റിലീസ് ചെയ്യും. ഹിന്ദി പതിപ്പിന്റെ കൂടെ സബ്ടൈറ്റില്‍ ചേര്‍ക്കാനും ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. കേരളത്തില്‍ 270 സെന്ററുകളിലായി 350 സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഒരു ബോളിവുഡ് ചിത്രം കേരളത്തിലും, തമിഴ്നാട്ടിലും നേടുന്ന ഏറ്റവുമധികം റിലീസ് സെന്ററുകളും സ്ക്രീനുകളും എന്ന റെക്കാര്‍ഡാണ് ജവാനിലൂടെ നേടുന്നത്’’ – ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ കൃഷ്ണമൂര്‍ത്തി പറയുന്നു.പഠാൻ വൻ വിജയമായശേഷം ഷാരുഖ് ഖാന് നായകനാകുന്ന ചിത്രത്തില് നായിക ലേഡി സൂപ്പര് സ്റ്റാര് നയന്താരയാണ്. തെരി, മെര്സല്, ബിഗില് തുടങ്ങിയ സൂപ്പര്ഹിറ്റ് തമിഴ് സിനിമകള് ഒരുക്കിയ സംവിധായകന് അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്. മക്കള് സെല്വന് വിജയ് സേതുപതിയും ചിത്രത്തില് പ്രധാന വേഷത്തിലുണ്ട്. വലിയ താരനിരയില് ഒരുങ്ങുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്വാസിലുള്ള ഗാനം സോഷ്യല് മീഡിയയില് ഹിറ്റായിരുന്നു. ദീപിക പദുകോണ്‍ ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.റെഡ് ചില്ലീസ് എന്റര്‍ടെയ്ൻമെന്റിന് വേണ്ടി ഗൗരി ഖാനാണ് ജവാൻ നിര്‍മ്മിച്ചിരിക്കുന്നത്. ഗൗരവ് വര്‍മ്മയാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഏഴിന് ലോകമെമ്പാടും റിലീസ് ചെയ്യും.

🇪🇬വിജയ് ദേവരകൊണ്ടയും സാമന്ത റൂത്ത് പ്രഭുവും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രമായ ഖുഷി സെപ്റ്റെംബര്‍ ഒന്നിന് പ്രദര്‍ശനത്തിന് എത്തി.മികച്ച വിജയം നേടി ചിത്രം മുന്നേറുകായണ്. മൂന്ന് ദിവസംകൊണ്ട് എഴുപത് കോടി കടന്ന് ഖുഷി മുന്നേറുകയാണ്. ഈ ബഹുഭാഷാ ചിത്രത്തിന്റെ സംഗീത൦ ഒരുക്കിയിരിക്കുന്നത്ഹെഷാം അബ്ദുള്‍ വഹാബ് ആണ്.മൈത്രി മൂവി മേക്കേഴ്‌സിന്റെ പിന്തുണയോടെ ടക്ക് ജഗദീഷ് സംവിധാനം ചെയ്ത ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്തത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായാണ് കുഷി റിലീസ് ചെയ്യുന്നത്. മഹാനടിയില്‍ ആദ്യമായി ഒന്നിച്ചതിന് ശേഷം സമാന്തയും വിജയും രണ്ടാമതും ഒന്നിക്കുന്ന ചിത്രമാണ് കുഷി

🇪🇬സണ്ണി ഡിയോള്‍ നായകനായി എത്തിയ ചിത്രം ‘ഗദര്‍ 2’ ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. ബോളിവുഡില്‍ സമീപകാലത്ത് ഏറ്റവും ചലനമുണ്ടാക്കിയ ചിത്രമായ ‘ഗദര്‍ 2’വിന്റെ വിജയം അമ്പരപ്പിക്കുന്നതുമാണ്.സണ്ണി ഡിയോളിന്റെ മികച്ച ഒരു തിരിച്ചുവരവ് ആണെന്ന് നിരൂപകരും അഭിപ്രായപ്പെടുന്നു. ‘ഗദര്‍ 2′ ഇതുവരെ 510 കോടി നേടിയെന്നാണ് തരണ്‍ ആദര്‍ശ് റിപ്പോര്‍ട്ട് ചെയ്യുന്നത്.’ഗദര്‍ രണ്ട്’ ചരിത്രം തിരുത്തുകയാണ്. ഇത് വൻ നേട്ടമാണ് ബോളിവുഡിന്. 2001ല്‍ പുറത്തെത്തി വൻ വിജയമായ ചിത്രം ‘ഗദര്‍: ഏക് പ്രേം കഥ’യുടെ രണ്ടാം ഭാഗമാണ് ഇത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6