Skip to content

chithrodayamflashnews.com

November 28, 2026 5:55 am

ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം 

കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ മസ്‌കിക്കടുത്തുള്ള ഹിരെഡിന്നി ക്യാമ്പിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലാണ് ആനി ജനിച്ചത്. ജന്മനാ ലഭിച്ച പേര് അജിബാബു എന്നായിരുന്നു. എന്നാൽ ചെറുപ്പം മുതൽ തന്നെ തന്റെ ഉള്ളിലെ സ്ത്രീത്വം തിരിച്ചറിഞ്ഞ ആനിക്ക് ജീവിതത്തിൽ ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടിവന്നു.

പഠനത്തിൽ മിടുക്കിയായിരുന്ന ആനി മെറിറ്റ് അടിസ്ഥാനത്തിൽ മംഗളൂരുവിൽ ബി.എഡ് പഠനത്തിന് പ്രവേശനം നേടി. വലിയ സ്വപ്നങ്ങളുമായി പുതിയ നഗരത്തിലെത്തിയെങ്കിലും അവിടെ കാത്തിരുന്നത് പരിഹാസങ്ങളും അവഗണനകളുമായിരുന്നു. തന്റെ പെരുമാറ്റത്തിന്റെയും സ്വഭാവത്തിന്റെയും പേരിൽ പലരിൽ നിന്നും അധിക്ഷേപങ്ങളും ഉപദ്രവങ്ങളും നേരിടേണ്ടിവന്നു. ഒടുവിൽ ആ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ബെംഗളൂരുവിലേക്ക് മാറി. അവിടെ ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം പുതിയൊരു ജീവിതം ആരംഭിച്ചു.

2021-ൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായെങ്കിലും അതോടെ ജീവിതത്തിലെ പ്രതിസന്ധികൾ അവസാനിച്ചില്ല. വാടകയ്ക്ക് ഒരു വീട് കണ്ടെത്താൻ പോലും ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. ജീവിക്കാനായി ഭിക്ഷ യാചിക്കേണ്ട സാഹചര്യവും ഉണ്ടായി. ഭിക്ഷ യാചിച്ചശേഷം യാത്ര ചെയ്യാൻ ഓട്ടോറിക്ഷയിൽ കയറാൻ ശ്രമിച്ചപ്പോൾ ഒരു ഡ്രൈവറും ആനിയെ ഓട്ടോയിൽ കയറ്റിയില്ല .ആ അനുഭവം ആനിയെ വല്ലാതെ വേദനിപ്പിച്ചു. ആ ദിവസത്തെ സംഭവം പിന്നീട് ആനിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. പക്ഷേ ആ വേദനയ്ക്കുമുന്നിൽ തളർന്നുപോകാൻ ആനി തയ്യാറായില്ല. പകരം, താൻ അനുഭവിച്ച അപമാനം തന്റെ സമൂഹത്തിലുള്ള മറ്റൊരാൾക്കും ഉണ്ടാകരുതെന്ന ഉറച്ച തീരുമാനത്തിലേക്കാണ് ആ അനുഭവം ആനിയെ എത്തിച്ചത്.

പ്രായമായ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഗർഭിണികൾക്കും സമൂഹത്തിൽ അർഹിക്കുന്ന പരിഗണനയും സംരക്ഷണവും ലഭിക്കണം. അവർക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനുള്ള അവസരങ്ങൾ ഒരുക്കണം. അങ്ങനെ തന്റെ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ആനിയുടെ മനസ്സിൽ ശക്തമായി. ആ തീരുമാനത്തിന് കരുത്തായത് സ്വന്തം അമ്മയുടെ പിന്തുണയായിരുന്നു. മകൾക്ക് ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാൻ അമ്മ കുറച്ച് പണം നൽകി സഹായിച്ചു. ആ തുക ഉപയോഗിച്ച് ആനി തന്റെ ആദ്യത്തെ ഓട്ടോറിക്ഷ വാങ്ങി. അവിടെ നിന്നായിരുന്നു ജീവിതത്തിലെ പുതിയ അധ്യായത്തിന്റെ തുടക്കം. പിന്നീട് മൂന്ന് ഓട്ടോറിക്ഷകൾ കൂടി സ്വന്തമാക്കി. ഇന്ന് നാല് ഓട്ടോറിക്ഷകളുടെ ഉടമയാണ് ആനി.

സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുന്നതിനൊപ്പം ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം പാവപ്പെട്ട കുടുംബങ്ങൾക്കും തെരുവിൽ കഴിയുന്ന മൃഗങ്ങൾക്കും വേണ്ടിയാണ് ആനി ചെലവഴിക്കുന്നത്. ഒരിക്കൽ സമൂഹം മാറ്റിനിർത്തിയ ആനി ഇന്ന് മറ്റുള്ളവർക്ക് കൈത്താങ്ങാകുന്ന ജീവിതമാണ് നയിക്കുന്നത്. തന്നെ വേദനിപ്പിച്ച അനുഭവങ്ങളെ മറ്റുള്ളവരെ സഹായിക്കാനുള്ള കരുത്താക്കി മാറ്റിയ ആനിയുടെ ജീവിതം ഒരു വലിയ സന്ദേശമാണ് നൽകുന്നത്.

അവഗണനകൾക്ക് മുന്നിൽ തളരാതെ, സ്വന്തം ജീവിതം മാത്രമല്ല, തനിക്കൊപ്പം നിൽക്കുന്നവരുടെ ജീവിതവും മാറ്റാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ആനി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6