ത്രിപുരയിൽ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലത്തിലും ബി.ജെ.പിക്ക് ജയം. സിറ്റിങ് സീറ്റായ ധൻപൂരിന് പുറമേ സി.പി.എമ്മിന്‍റെ സീറ്റായ ബോക്സാനഗറിലും ബി.ജെ.പി സ്ഥാനാർഥി വിജയിച്ചു. ഉപതെരഞ്ഞെടുപ്പിൽ വ്യാപക അക്രമവും ക്രമക്കേടും നടന്നെന്ന് ആരോപിച്ച് സി.പി.എം വോട്ടെണ്ണൽ ബഹിഷ്കരിച്ചിരുന്നു.
ധൻപൂർ മണ്ഡലത്തിൽ 18,871 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി സ്ഥാനാർഥി ബിന്ദു ദേബ്നാഥ് വിജയിച്ചത്. ബിന്ദു ദേബ്നാഥിന് 30,017 വോട്ടും സി.പി.എമ്മിലെ കൗശിക് ചന്ദക്ക് 11,146 വോട്ടുമാണ് ലഭിച്ചത്. 2023ലെ തെരഞ്ഞെടുപ്പിൽ 3500 വോട്ടിനാണ് ബി.ജെ.പിയുടെ പ്രതിമ ഭൗമിക് ഇവിടെ സി.പി.എം സ്ഥാനാർഥിയെ തോൽപ്പിച്ചത്. പ്രതിമ ഭൗമിക് രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
സിറ്റിങ് സീറ്റായ ബോക്സാനഗറിലും സി.പി.എം പരാജയപ്പെട്ടു. ബി.ജെ.പി സ്ഥാനാർഥി തഫാജ്ജൽ ഹുസൈൻ 30,237 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. തഫാജ്ജൽ ഹുസൈന് 34,146 വോട്ട് ലഭിച്ചപ്പോൾ സി.പി.എം സ്ഥാനാർഥി മിസാൻ ഹുസൈന് 3909 വോട്ട് മാത്രമാണ് ലഭിച്ചത്. ബോക്സാനഗറിൽ സി.പി.എമ്മിന്‍റെ ഷംസുൽ ഹഖാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നത്. 4,849 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. അദ്ദേഹത്തിന്‍റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
അതേസമയം, ഉപതെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്ന് സി.പി.എം ആരോപിക്കുന്നു. തുടർന്ന് വോട്ടെണ്ണൽ ബഹിഷ്കരിക്കുകയും ചെയ്തു. ബോക്സാനഗറിൽ വ്യാപക അക്രമം നടന്നതായും ബൂത്തുകൾ പിടിച്ചെടുത്തതായും സി.പി.എം ചൂണ്ടിക്കാട്ടി. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് സി.പി.എം ആവശ്യപ്പെട്ടെങ്കിലും കമ്മീഷൻ അംഗീകരിച്ചിരുന്നു
No Comment.