എല്ലാ ഹെവി വാഹനങ്ങളുടെയും ഡ്രെെവർമാർക്കും മുൻസീറ്റ് യാത്രികർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നവംബർ ഒന്ന് മുതലാണ് ഇത് നിലവിൽ വരുന്നത്. കെ എസ് ആർ ടി സി ബസിനും ഇത് ബാധകമാണെന്ന് അദ്ദേഹം അറിയിച്ചു. സെപ്തംബർ മാസം എം പിമാരുടെയും എം എൽ എമാരുടെയും വാഹനങ്ങൾ നിയമലംഘനം നടത്തിയത് 56 തവണയാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എ ഐ ക്യാമറകൾ വന്നതിന് ശേഷം ട്രാഫിക് നിയമലംഘനങ്ങൾ കുറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
എ ഐ ക്യാമറ പിഴയീടാക്കിയതും അപകടങ്ങളുടെ എണ്ണം കുറഞ്ഞതുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രിയും വകുപ്പും വെളിപ്പെടുത്തിയ കണക്കുകളിൽ ചില ക്രമക്കേടുകളുണ്ടെന്നും തെറ്റുണ്ടെന്നുമുള്ള ആരോപണം കഴിഞ്ഞ ദിവസങ്ങളിലായി പ്രതിപക്ഷം ഉന്നയിച്ചിരുന്നു. സഭയിൽ വച്ച രേഖയും കോടതിയിൽ കൊടുത്ത രേഖയും പലതാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഈ വിഷയത്തിലും മന്ത്രി വിശദീകരണം നൽകിയിട്ടുണ്ട്.
ജൂൺ അഞ്ച് മുതൽ വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് 102 കോടി രൂപയുടെ ചെലാനാണ് നൽകിയത്. ഇതിൽ പിഴയായി 14കോടി ലഭിച്ചു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ 30 വരെ 56,67,853 ഗതാഗത നിയമലംഘനങ്ങള്‍ ആണ് കണ്ടെത്തിയത്. മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത വാഹന ഉടമകള്‍ക്കെല്ലാം നിയമലംഘനത്തിന് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് നല്‍കി. പിഴയൊടുക്കാത്ത കേസുകൾ വെർച്വൽ കോടതിയിലേയ്ക്കും പിന്നീട് ഓപ്പൺ കോർട്ടിലേയ്ക്കും കെെമാറുമെന്നും മന്ത്രി അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്നും ആന്റണി രാജു കുറ്റപ്പെടുത്തി.
No Comment.