പൊതുവിപണിയിൽ അരി വില കുതിച്ചുയരുമ്പോഴും ജില്ലയിലെ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ആവശ്യത്തിന് അരി ലഭ്യമല്ല. പച്ചരി, ജയ, മട്ട എന്നിവ എത്തിയിട്ട് രണ്ടാഴ്ചയായി. കുറുവ അരി മാത്രമേയുള്ളൂ. വിലക്കയറ്റം മൂലം പ്രതിസന്ധിയിലാകുന്ന സാധാരണക്കാർക്ക് ആശ്വാസമാകേണ്ട സപ്ലൈകോയിൽ 13 ഇന സബ്സിഡി സാധനങ്ങളിൽ എട്ടെണ്ണവും ഇല്ല. എത്തുന്ന സാധനങ്ങൾ മിക്കവയും പെട്ടെന്ന് തന്നെ തീരുന്ന അവസ്ഥയാണ്. വൻപയർ എത്തിയിട്ട് രണ്ട് മാസമായി.
പഞ്ചസാര, ചെറുപയർ, തുവരപ്പരിപ്പ്, മുളക് എന്നിവയും രണ്ടാഴ്ചയായി കാലിയാണ്. മലപ്പുറം നഗരത്തിലെ സപ്ലൈകോയിൽ ഉഴുന്ന്, കടല, വെളിച്ചെണ്ണ, മല്ലി നിലവിൽ സ്റ്റോക്കുണ്ടെങ്കിലും തീരാറായിട്ടുണ്ട്. 3,000 കിലോ കുറുവ അരി, 300 കിലോ ഉഴുന്ന്, 400 കിലോ വൻകടല, 300 കിലോ മല്ലി, 450 പായ്ക്കറ്റ് വെളിച്ചെണ്ണ എന്നിവയാണ് രണ്ട് ദിവസം മുമ്പ് എത്തിയത്. ഏകദേശം 1,200 കിലോ അരി മലപ്പുറം സപ്ലൈകോയിൽ ഒരുദിവസം വിറ്റഴിക്കപ്പെടുന്നത്. സാധനങ്ങളെത്തി രണ്ട് ദിവസത്തിനകം തന്നെ തീരുന്ന സ്ഥിതിയാണ്.
10 വർഷത്തിലധികമായി സബ്സിഡി ഇനത്തിൽപ്പെട്ടവയ്ക്ക് സപ്ലൈക്കോയിൽ ഈടാക്കുന്ന നിരക്കിൽ വ്യത്യാസം വന്നിട്ടില്ല. പത്ത് കിലോ അരി അഞ്ച് കിലോ വീതം മാസത്തിൽ രണ്ട് തവണയായാണ് സബ്സിഡി നിരക്കിൽ നൽകുന്നത്. പയർ വർഗങ്ങളും പഞ്ചസാരയും ഒരു കിലോ വീതവും മല്ലിയും പരിപ്പും അരക്കിലോ വീതവുമാണ് വിതരണം ചെയ്യാറുള്ളത്. സപ്ലൈക്കോയ്ക്ക് സാധനം വിതരണം ചെയ്യുന്ന കമ്പനികൾക്ക് നൽകേണ്ട തുക വലിയ തോതിൽ കുടിശ്ശികയായതാണ് കുറച്ച് നാളുകളായുള്ള സപ്ലൈക്കോയിലെ സാധനങ്ങളുടെ ക്ഷാമത്തിന് കാരണം. പണം ലഭിക്കാത്തതോടെ പല കമ്പനികളും ടെൻഡറിൽ നിന്ന് പിന്മാറുകയായിരുന്നു
No Comment.