അമ്പലപ്പുഴ: ചുറ്റിനും നിറഞ്ഞ ഇരുട്ടും നിലയില്ലാത്ത നടുക്കടലും. എങ്ങോട്ടെന്ന് അറിയാതെ അഞ്ചു മണിക്കൂറാണ് അലക്‌സ് കടലിൽ നീന്തിയത്. ദിക്കറിയാതെ നീന്തുമ്പോഴും ആരെങ്കിലും തന്നെ രക്ഷിക്കാനെത്തുമെന്ന പ്രതീക്ഷയാണ് അലക്‌സിനെ ആ ഭീതിതമായ രാത്രിയിലും നീന്താൻ പ്രേരിപ്പിച്ചത്. കൈകാലുകൾ കുഴഞ്ഞിട്ടും ജീവനെ പിടിച്ചു നിർത്താൻ അലക്‌സ് നീന്തിക്കൊണ്ടേയിരുന്നു. ഒടുവിൽ ജീവിത നൗകയായി ‘ആമോസ്’ എത്തിയതോടെ ജീവൻ തിരിച്ചു കിട്ടി.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഭാര്യ മീനുവിനും മക്കൾക്കും ഒപ്പം ഇരിക്കുമ്പോഴും ഉറക്കത്തിൽ കണ്ട ഭീകര സ്വപ്‌നമെന്നോണമാണ് അലക്‌സ് ആ സംഭവം ഓർത്തെടുക്കുന്നത്. നിലയില്ലാക്കടലിൽ നിന്നും ജീവിതത്തിലേക്ക് തിരികെ കയറിയെന്ന് അലക്‌സിന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. പടന്നയിൽ നമ്പർ വൺ എന്ന വള്ളത്തിൽ പുറക്കാട് തീരത്തു നിന്നാണ് കടലിൽ പോയത്. ബുധനാഴ്ച രാത്രിയാണു പുന്നപ്ര ഈരശേരിയിൽ അലക്‌സ് (37) ് അടങ്ങുന്ന 55 അംഗ സംഘം മത്സ്യബന്ധനത്തിനു പുറപ്പെട്ടത്.
അർധരാത്രിയോടെ ഉൾക്കടലിൽ എത്തി. എപ്പോഴോ അലക്‌സ് കടലിലേക്കു വീണു. രാത്രിയുടെ നിശബ്ദതയിൽ അലക്‌സ് വെള്ളത്തിലേക്ക് വീണത് ആരും അറിഞ്ഞില്ല. വള്ളം മുന്നോട്ടു പോവുകയും ചെയ്തു. കൂട്ടിന് ചുറ്റും മരണമെന്ന വെല്ലുവിളിയുമായി അലകടൽ മാത്രമായി. എത്തുമെന്ന് ഉറപ്പില്ലെങ്കിലും വീട്ടിൽ തന്നെ കാത്തിരിക്കുന്ന ഭാര്യയുടേയും മക്കളുടേയും ഓർമയിൽ അലക്‌സ് സർവശക്തിയുമെടുത്തു നീന്തി. ”കടലിൽ താണു പോകാതെ പരമാവധി ശ്രമിച്ചു. കുട്ടിക്കാലത്തു കടലിൽ നീന്തിപ്പഠിച്ചതാകാം ജീവൻ കാത്തത്” അലക്‌സ് പറയുന്നു.
മണിക്കൂറുകൾ കടന്നുപോയതോടെ കൈകാലുകൾ കുഴഞ്ഞു തുടങ്ങി. ഇരുട്ടിൽ നീന്തുന്നത് ഏതു ദിശയിലേക്കെന്നു പോലും അറിയില്ല. മരണ ഭയവും ക്ഷീണവും തളർത്താൻ തുടങ്ങിയപ്പോഴാണ് ‘ആമോസ്’ എത്തുന്നത്. തിരയിൽ പൊങ്ങിത്താഴുന്ന അലക്‌സിനെ ആ വള്ളത്തിലുള്ളവർ കണ്ടു. അപ്പോഴേക്കും പുലർച്ചെ അഞ്ചു മണി കഴിഞ്ഞിരുന്നു. അവർ വള്ളം അടുപ്പിച്ച് അതിലേക്ക് വലിച്ചു കയറ്റി. തോട്ടപ്പള്ളി ഹാർബറിൽ അലക്‌സിനെ അവർ കൊണ്ടുവരുമ്പോൾ രാവിലെ 8.30 കഴിഞ്ഞു. അമ്പലപ്പുഴ പൊലീസ് എത്തി ആശുപത്രിയിലേക്കു കൊണ്ടുപോയി.
അലക്‌സ് കടലിൽ വീണത് അതിനകം വള്ളത്തിലുള്ളവരും കരയിലുള്ളവരും അറിഞ്ഞിരുന്നു. അതിന്റെ ആഘാതത്തിനു പിന്നാലെ രക്ഷപ്പെടുത്തിയെന്ന വാർത്തയെത്തി. 22 വർഷമായി കടലിൽ പോകുന്നുണ്ടെങ്കിലും ഇങ്ങനെയൊരു അനുഭവം അലക്‌സിന് ആദ്യമാണ്. രക്ഷകരായി എത്തിയവരോട് ആനന്ദാശ്രുക്കളോടെ നന്ദി പറയുന്നു ഈ കുടുംബം. എച്ച്.സലാം എംഎൽഎ ആശുപത്രിയിൽ അലക്‌സിനെ സന്ദർശിച്ചു.
No Comment.