Skip to content

chithrodayamflashnews.com

November 30, 2026 3:28 am

MORNING NEWS

ചാൻസലർ ബില്ല് രാഷ്ട്രപതിക്ക് വിടുമെന്ന് സൂചന

ചാൻസലർ ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കട്ടെയെന്ന പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ല് രാഷ്ട്രപതിക്ക് വിടുമെന്ന സൂചനയാണ് ഇതിലൂടെ തെളിയുന്നത്. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ പാസ്സാക്കിയ 16 ബില്ലുകളിലും ഗവർണർ ഒപ്പിട്ടു. എന്നാൽ ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റുന്ന ബില്ലിൽ തീരുമാനമായില്ല.


സജി ചെറിയാന്‌ ഫിഷറീസ്‌, സാംസ്‌കാരികം, യുവജനകാര്യം

മന്ത്രി സജി ചെറിയാന്‌ നേരത്തെ കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകളുടെ ചുമതല തന്നെ നിശ്ചയിച്ചു നൽകി. ഫിഷറീസ്‌, സാംസ്‌കാരികം, യുവജനകാര്യം എന്നിവയാണ്‌ പ്രധാന വകുപ്പുകൾ. ഹാർബർ എൻജിനിയറിങ്‌, ഫിഷറീസ്‌ സർവകലാശാല, സംസ്ഥാന ചലചിത്ര വികസന കോർപറേഷൻ, സംസ്ഥാന ചലചിത്ര അക്കാദമി, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്‌ തുടങ്ങിയവയുടെ ചുമതലയുമുണ്ടാകും.

കത്തോലിക്കാ പള്ളി തകർത്ത കേസിൽ ബിജെപി ജില്ലാ പ്രസിഡന്റ്‌ അറസ്റ്റിൽ


ഛത്തീസ്‌ഗഢിലെ നാരായൺപുർ നഗരത്തിലെ കത്തോലിക്കാ പള്ളി തകർത്ത കേസിൽ ബിജെപി ജില്ലാ പ്രസിഡന്റ്‌ രൂപ് സായ് സലാം അടക്കം അഞ്ചുപേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ലധാക്‌ഷ്യ രൂപ്‌സയെ, അങ്കിത് നന്ദി, അതുൽനേതം, ഡോമൻഡ് യാദവ് എന്നിവരാണ്‌ അറസ്റ്റിലായ മറ്റുള്ളവർ. മതസ്‌പർധയുണ്ടാക്കുക, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. സലാം ബിജെപി എസ്‌ടി സെൽ നേതാവും ന്യൂനപക്ഷ കമീഷൻ മുൻ അംഗവുമാണ്‌. ജില്ലാഭരണ കേന്ദ്രത്തിന്‌ മീറ്ററുകൾ അകലെ മാത്രമുള്ള വിശ്വദീപ്തി ഹൈസ്‌കൂൾ പരിസരത്തെ കത്തോലിക്കാ പള്ളിയാണ്‌ തിങ്കളാഴ്‌ച തകർത്തത്‌. തിരുരൂപങ്ങളടക്കം അടിച്ചുതകർത്തു. സലാമിനു പുറമെ ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌ നാരായണ മർകത്തിനും കലാപങ്ങളിൽ പങ്കുണ്ടെന്ന് പൊലീസ്‌ സൂചിപ്പിച്ചു. അക്രമം തടയുന്നതിനിടെ എസ്‌പിക്ക്‌ പരിക്കേറ്റതോടെയാണ്‌ ക്രൈസ്‌തവിരുദ്ധ കലാപങ്ങളിൽ ആദ്യമായി നടപടി സ്വീകരിച്ചത്‌.

ഊർജ വിതരണ മേഖല സ്വകാര്യവൽക്കരിക്കാൻ നീക്കം


വൈദ്യുതി നിരക്ക്‌ മാസംതോറും കൂട്ടാന്‍ വിതരണ കമ്പനികൾക്ക്‌ അനുമതി നൽകിയ കേന്ദ്ര വിജ്‌ഞാപനം ഊർജ വിതരണ മേഖല പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള മുന്നൊരുക്കം. ടെലികോം മേഖലയ്‌ക്ക്‌ സമാനമായി വൈദ്യുതി വിതരണ മേഖലയും വൻകിട കുത്തകകൾക്ക്‌ തീറെഴുതാൻ ലക്ഷ്യമിടുന്ന വൈദ്യുതി ഭേദഗതിബിൽ പാർലമെന്റ് സ്‌റ്റാൻഡിങ്‌ കമ്മിറ്റിയുടെ പരിഗണനയിലാണ്‌. നടപ്പുവർഷം തന്നെ ബില്‍ നിയമമാക്കാനാണ്‌ നീക്കം.

കോഴിക്കോട്‌ ജില്ലയിലെ സ്‌‌കൂളുകൾക്ക്‌ അവധി


വിദ്യാർഥികൾക്ക്‌ സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നതിന്‌ വെള്ളിയാഴ്‌‌ച കോഴിക്കോട്‌ ജില്ലയിലെ സ്‌‌കൂളുകൾക്ക്‌ അവധി. പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌ഇ വിദ്യാലയങ്ങൾക്കായിരിക്കും അവധിയെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു.

ശൈത്യ തരംഗത്തെ തുടർന്ന് ഡൽഹിയിൽ ഓറഞ്ച്‌ അലർട്ട്‌


ശൈത്യ തരംഗത്തിന്‌ പിന്നാലെ സീസണിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയതോടെ ദേശീയ തലസ്ഥാനത്ത് രണ്ടുദിവസത്തേക്ക്‌ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. ബുധനാഴ്‌ച കുറഞ്ഞ താപനില 4.4 ഡിഗ്രിയായി കൂപ്പുകുത്തി. കടുത്ത മൂടൽമഞ്ഞ്‌ റോഡ്‌– റെയിൽ ഗതാഗതത്തെയും കാര്യമായി ബാധിക്കുന്നുണ്ട്‌. രണ്ടു ദിവസത്തേക്ക്‌ 13-15 ഡിഗ്രിവരെ മാത്രമേ കൂടിയ താപനിലപോലും പ്രവചിക്കുന്നുളളൂ. ഡൽഹിയിൽ ശൈത്യതരംഗം തുടരുകയാണെന്നും തണുപ്പിന്‌ കാഠിന്യമേറുമെന്നും കാലാവസ്ഥ വകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി.

നടൻ ഗോവിന്ദൻകുട്ടിക്കെതിരെ വീണ്ടും ബലാത്സം​ഗ കേസ്‌


നടനും എബിസി മലയാളം ന്യൂസ്‌ എംഡിയുമായ അടൂർ കടമ്പനാട്‌ നെല്ലിമുകൾ പ്ലാന്തോട്ടത്തിൽ ഗോവിന്ദൻകുട്ടിക്കെതിരെ (42) വീണ്ടും ബലാത്സം​ഗ കേസ്‌. കോഴിക്കോട്‌ സ്വദേശിനിയുടെ പരാതിയിൽ എറണാകുളം നോർത്ത്‌ പൊലീസാണ്‌ ബലാത്സം​ഗ കുറ്റത്തിന്‌ കേസെടുത്തത്‌. 2021ലും അതിന്‌ മുമ്പുമായി മൂന്ന് തവണ വിവാഹ വാഗ്ദാനം നൽകി ഗോവിന്ദൻകുട്ടി ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയിലുള്ളത്‌. എബിസി മലയാളം ന്യൂസ്‌ ചാനലിൽ ജോലി അന്വേഷിച്ച്‌ എത്തിയതായിരുന്നു ഇവർ. നവംബറിൽ എറണകുളം സ്വദേശിനിയായ മറ്റൊരു യുവതിയും ഗോവിന്ദൻകുട്ടിക്കെതിരെ ബലാത്സംഗത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നോർത്ത് പോലീസ് ഗോവിന്ദൻ കുട്ടിക്കെതിരെ കേസെടുത്ത് അന്വഷണം നടത്തി വരുന്നതിനിടെയാണ് കോഴിക്കോട്‌ സ്വദേശിനിയുടെ പരാതി ലഭിച്ചത്‌.

അധ്യാപകനെതിരെ പോക്സോ കേസ്‌


വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ്‌. യൂത്ത് ലീഗ് തൃത്താല മണ്ഡലം സെക്രട്ടറിയും കപ്പൂർ പഞ്ചായത്ത് മുൻ അംഗവുമായ കുമരനെല്ലൂർ എൻജിനിയർ റോഡ് സ്വദേശി കോമത്ത് സമദി (40) നെതിരെയാണ് ചങ്ങരംകുളം പൊലീസ് കേസെടുത്തത്. എൽപി സ്‌കൂൾ വിദ്യാർഥിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് കാണിച്ച് രക്ഷിതാവ് ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. സംഭവത്തിനുശേഷം ഇയാൾ ഒളിവിലാണ്.

ഭർത്താവ്‌ കുറ്റം സമ്മതിച്ചു


കാലടി മറ്റൂരിൽ യുവതി കുത്തേറ്റ് മരിച്ച കേസിൽ ഭർത്താവ്‌ കുറ്റം സമ്മതിച്ചു. കുടുംബ പ്രശ്‌നത്തെത്തുടർന്നുള്ള തർക്കത്തിനിടെയാണ്‌, മറ്റൂർ വരയിലാൻ വീട്ടിൽ സുനിതയെ (36) കൊലപ്പെടുത്തിയതെന്നാണ്‌ ഭർത്താവ്‌ ഷൈജുവിന്റെ കുറ്റസമ്മതം. കാലടി പൊലീസ്‌ ഇയാളുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി.

പി കെ ഷാജൻ സംസ്ഥാന പ്രസിഡന്റ്


കേരള ആർട്ടിസാൻസ്‌ യൂണിയൻ പ്രസിഡന്റായി പി കെ ഷാജനെയും ജനറൽ സെക്രട്ടറിയായി നെടുവത്തൂർ സുന്ദരേശനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. കെ കെ ഹരിക്കുട്ടനാണ്‌ ട്രഷറർ. ജി രാജമ്മ, എം മോഹൻദാസ്‌, ഗ്രേസി സതീഷ്‌, വി എ മുരുകൻ, പി ബാബു, എ രാജൻ, മാമ്പറ്റ ശ്രീധരൻ, ആർ ശിവദാസൻ, ശ്രീദേവി രാജൻ, സി ഭാസ്‌കരൻ എന്നിവരാണ്‌ വൈസ്‌ പ്രസിഡന്റുമാർ.

ഫുഡ് സേഫ്‌റ്റി സ്റ്റേറ്റ് ടാസ്‌‌ക് ഫോഴ്‌‌സ് രൂപീകരിക്കും


സംസ്ഥാന തലത്തിൽ അപ്രതീക്ഷിത പരിശോധനകൾക്കായി പ്രത്യേക ഫുഡ് സേഫ്‌റ്റി സ്റ്റേറ്റ് ടാസ്‌‌ക് ഫോഴ്‌‌സ് രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ഏത് ഭാഗത്തും ഈ ടാസ്‌ക് ഫോഴ്‌സിന് പരിശോധന നടത്താനാകും. അതത് പ്രദേശത്തെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഈ ടീമിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. ഫുഡ് സേഫ്‌റ്റി എൻഫോഴ്‌‌സ്‌‌മെന്റ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

അവാർഡുകളിൽ നേട്ടം കൊയ്‌ത്‌ കേരളം


കേന്ദ്ര ഇലക്‌ട്രോണിക്‌‌സ്‌ ആൻഡ് ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ നേട്ടം കൊയ്‌ത്‌ കേരളം. വിവിധ വിഭാഗങ്ങളിലായി 3 പുരസ്‌കാരങ്ങളാണ് കേരളം കരസ്ഥമാക്കിയത്. ഡിജിറ്റൽ ഗവർണൻസ് പ്രക്രിയയെ ജനകീയമാക്കാനായി നടപ്പിലാക്കിയ ഡിജിറ്റൽ വർക്ക്ഫോഴ്‌സ് മാനേജ്‍മെന്റ് സിസ്റ്റത്തിന് പ്ലാറ്റിനം അവാർഡും, കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റിന് ഗോൾഡ് മെഡലും, ക്ഷീരശ്രീ പോർട്ടലിന് സിൽവർ മെഡലുമാണ് ലഭിച്ചത്.

ഒറ്റ രാത്രി കൊണ്ട് 50,000ത്തോളം ആളുകളെ പിഴുതെറിയാനാവില്ലെന്ന് സുപ്രീംകോടതി


ഉത്തരാഖണ്ഡിലെ ഹൽദ്വാനി റെയിൽവേ ഭൂമിയിൽ നിന്നും 40,000 കുടുംബങ്ങളെ ഒഴുപ്പിക്കാൻ ഉത്തരവിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒറ്റ രാത്രി കൊണ്ട് 50,000ത്തോളം വരുന്ന ആളുകളെ പിഴുതെറിയാനാവില്ലെന്നും വിഷയത്തിൽ മനുഷ്യത്വപരമായ കാര്യങ്ങൾ ഉണ്ടെന്നും സുപീം കോടതി പറഞ്ഞു. 50 വർഷത്തിലേറെയായി ആളുകൾ താമസിച്ചു വരുന്ന സ്ഥലമാണിത്. ഇത് ഒരു വലിയ പ്രശ്നമാണെന്നും പ്രായോഗിക പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

യുവതിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി


ഡൽഹിയിൽ കാറിടിച്ച് വലിച്ചിഴച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ കൂടി ഉൾപ്പെട്ടതായി പൊലീസ്. കാറിന്‍റെ ഉടമയും പ്രതികളിൽ ഒരാളുടെ സഹോദരനും സംഭവത്തിൽ പങ്കുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും ഡൽഹി പൊലീസ് സ്പെഷ്യൽ കമ്മീഷണർ സാഗർ പ്രീത് ഹൂഡ പറഞ്ഞു.

യുവജനങ്ങളോടുള്ള വെല്ലവിളിയാണെന്ന് ബിജെപി


യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്‍റെ ശമ്പളം ഇരട്ടിയാക്കി വർദ്ധിപ്പിച്ച നടപടി യുവജനങ്ങളോടുള്ള വെല്ലവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതിയിലും ധൂർത്തിലും വികസന മുരടിപ്പിലും കേരളം ഇന്ന് ഒന്നാം സ്ഥാനത്താണെന്നും കൊല്ലത്ത് ബിജെപി ദക്ഷിണമേഖലാ നേത്യയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

വിശദീകരിച്ച് ചിന്ത ജെറോം


ചട്ടപ്രകാരമല്ലാതെ ഒരു തുകയും കൈപ്പറ്റിയിട്ടില്ലെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. ശമ്പളമില്ലാതെയാണ് ആദ്യ ഘട്ടങ്ങളിൽ പ്രവർത്തിച്ചത്. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്നത് വ്യാജ പ്രചാരണമാണ്. 2018 മെയ് 26 നാണ് ശമ്പളം ഒരു ലക്ഷമാക്കുന്നത്.

യുവ സംവിധായികയുടെ മരണം കൊലപാതകം


യുവ സംവിധായിക നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി . നയനയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി എഡിജിപി എം ആർ അജിത്ത് കുമാർ വ്യക്തമാക്കി. ആദ്യ അന്വേഷണത്തിലെ വീഴ്ചകളും തുടര്‍ അന്വേഷണ സാധ്യതകളും പരിശോധിക്കുന്ന എസിപി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും കൊലപാതകമെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടിരിക്കുന്നത്. മൂന്ന് വർഷം മുൻപാണ് നയനയെ തിരുവനന്തപുരം ആൽത്തറയിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംവിധായകൻ ലെനിൻ രാജേന്ദ്രന്‍റെ അസിസ്റ്റന്‍റ് ഡയറക്ടറായിരുന്നു നയന. ലെനിൻ രാജേന്ദ്രൻ മരിച്ച് ഒരു മാസത്തിന് ശേഷമാണ് നയനയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തടസഹര്‍ജി തള്ളി


സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കുന്നതിന് എതിരായി സമര്‍പ്പിച്ച തടസഹര്‍ജി തിരുവല്ല കോടതി തള്ളി. കേസ് അവസാനിപ്പിക്കുന്നതിന് പൊലീസ് നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

മർദിച്ച് കൊലപ്പെടുത്തി


മഹാരാഷ്ട്രയിലെ മുംബ്ര സ്‌റ്റേഷനിൽ 50 കാരനെ ലോക്കൽ ട്രെയിനിൽ നിന്ന് വലിച്ചിറക്കി 3 പേർ ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ജനുവരി ഒന്നിന് രാത്രി 10.50 ഓടെ അംബർനാഥിലേക്കുള്ള ലോക്കൽ ട്രെയിനിൽ നിന്ന് മൂന്ന് പേർ കമാലുദ്ദീൻ അൻസാർ ഷെയ്ഖ് എന്ന വ്യക്തിയെ വലിച്ചിഴച്ച് മർദ്ദിക്കുകയായിരുന്നു.

കാണാതായ വിദ്യാർഥിനിയെ തെരയുന്നു


പത്തനംതിട്ട ജില്ലയിൽ നിന്ന് കാണാതായ 4 പെൺകുട്ടികളിൽ ഒരാളെക്കൂടി കണ്ടെത്തി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 2 പേരെ കഴിഞ്ഞ ദിവസം രാത്രി വൈകി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ടെത്തിയിരുന്നു. ശേഷിക്കുന്ന ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. പത്തനംതിട്ട ജില്ലയിൽ വിവിധ സ്കൂളുകളിൽ നിന്നാണ് 4 പെൺകുട്ടികളെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. നഗരത്തിലെ സ്കൂളിലെ വിദ്യാർഥിനികളായ 2 പെൺകുട്ടികളെയും തിരുവല്ലയ്ക്കടുത്ത് ഓതറയിലുള്ള സ്കൂളിലെ 2 കൂട്ടികളെയുമാണ് കാണാതായത്. 13–15 പ്രായമുള്ളവരാണ് ഇവർ.

വിചിത്ര നോട്ടീസുമായി ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷന്‍


അവിവാഹിതരായ താമസക്കാർ 2 മാസത്തിനുള്ളിൽ ഒഴിയണമെന്ന് നോട്ടീസ് നൽകി ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷൻ. തിരുവനന്തപുരം പട്ടം ഹീര ട്വിൻസ് ഫ്ലാറ്റ് അസോസിയേഷന്‍റേതാണ് ഈ വിചിത്ര നോട്ടീസ്. അവിവാഹിതരും നേരിട്ടുള്ള രക്തബന്ധത്തിലുള്ളവരല്ലാതെ എതിർലിംഗക്കാരെ ഫ്ളാറ്റിൽ പ്രവേശിപ്പിക്കരുതെന്നും ഫ്ലാറ്റ് അസോസിയേഷൻ പറയുന്നു.

അടുത്ത വർഷം രാമക്ഷേത്രം തുറക്കുമെന്ന് അമിത് ഷാ


അയോധ്യയിലെ രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നത് പ്രധാനമന്ത്രിയാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ക്ഷേത്രനിർമാണം തടയാൻ ശ്രമിച്ച കോൺഗ്രസിന്‍റെ പ്രവർത്തനങ്ങൾ നിഷ്ഫലമായെന്നും 2024 ജനുവരി 1ന് രാമക്ഷേത്രം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ രഥയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാമക്ഷേത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിലാക്കുന്നത്.

സ്കൂള്‍ കലോത്സവം അടിമുടി മാറും


സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അടുത്തവര്‍ഷം മുതല്‍ രണ്ട് ഊട്ടുപുര ഉണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഊട്ടുപുരയിലെ തിരക്ക് ഒഴിവാക്കുകയാണ് ലക്ഷം. കലോത്സവം ഇനി രണ്ട് ദിവസം കൂടിമാത്രമാണ് ഉള്ളത്. അടുത്ത വർഷം കലോത്സവത്തിൽ അടിമുടി മാറ്റങ്ങൾ ആലോചനയിലുണ്ട്. ഒരു ഭക്ഷണത്തിനും എതിരല്ലെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ബൈക്കുകൾക്ക് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി


തിരുവനന്തപുരം കിളിപ്പാലത്ത് സിഗ്നലിൽ കിടക്കുകയായിരുന്ന ബൈക്കുകൾക്ക് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കൈക്കുഞ്ഞ് ഉള്‍പ്പെടെയുള്ള ബൈക്ക് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കന്യാകുമാരി ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്ആർടിസി ബസ് ബൈക്കുകളുടെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു.

പ്ലാസ്റ്റിക് വീപ്പയിൽ മൃതദേഹം


ബെംഗളുരു യശ്വന്ത്പുര റെയില്‍വേ സ്റ്റേഷനില്‍ പ്ലാസ്റ്റിക് വീപ്പയിലാക്കി ഉപേക്ഷിച്ച നിലയില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. 30 വയസ് തോന്നിക്കുന്ന വെള്ളയും കറുപ്പും കുര്‍ത്തയണിഞ്ഞ യുവതിയുടെ മൃതദേഹമാണു വീപ്പയില്‍ കുത്തിയിറക്കിയ നിലയില്‍ കണ്ടെത്തിയത്. ശുചീകരണത്തിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ തൊഴിലാളികള്‍ ആര്‍ പി എഫിനെ വിവരം അറിയിക്കുകയായിരുന്നു.

മീനച്ചിലാറ്റിൽ മൃതദേഹം


കോട്ടയം മീനച്ചിലാറ്റിൽ മൃതദേഹം കണ്ടെത്തി. കൂത്താട്ടുകുളം പാലക്കുഴ സ്വദേശി പ്രകാശൻ്റെ മൃതദേഹമാണ് മീനച്ചിലാറ്റിൽ നട്ടാശേരി വെട്ടിക്കാക്കുഴി ഭാഗത്ത് നിന്ന് കണ്ടെത്തിയത്. എം.സി റോഡിൽ കുമാരനല്ലൂർ റെയിൽവേ മേൽപ്പാലത്തിന് സമീപം കരിക്കും പച്ചക്കറികളും വില്പന നടത്തി വരികയായിരുന്നു പ്രകാശൻ.

ഗോവയെ തകര്‍ത്ത് ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഹൈദരാബാദ്


ഐഎസ്എല്ലില്‍ എഫ്‌സി ഗോവയെ തകര്‍ത്ത് ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഹൈദരാബാദ്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം. ഹാട്രിക്ക് നേടിയ ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയാണ് ഹൈദരാബാദിനായി തിളങ്ങിയത്. 20, 79, 90 മിനിറ്റുകളിലായിരുന്നു ഓഗ്‌ബെച്ചെയുടെ ഗോളുകള്‍. ഗോവയുടെ ആശ്വാസ ഗോള്‍ റെദീം തലാങ് നേടി.

സന്തോഷ് ട്രോഫി ഗ്രൂപ്പിൽ കേരളം ഒന്നാമത്


സന്തോഷ് ട്രോഫി ഫുട്‌ബോളിൾ ഗ്രൂപ്പ് മത്സരത്തിൽ ജമ്മു കശ്മീരിനെയും തകർത്ത് കേരളം മുന്നേറ്റം തുടരുന്നു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ജമ്മുവിനെ കേരളം തകർത്തത്. ഇതോടെ ​ഗ്രൂപ്പിൽ 12 പോയന്റുമായി കേരളം ഒന്നാമതെത്തി. കേരളത്തിനായി വിഘ്‌നേഷ്, റിസ്വാൻ, നിജോ ഗിൽബർട്ട് എന്നിവരാണു ഗോളുകൾ നേടിയത്. മിസോറാമിനെതിരേ ഞായറാഴ്‌ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ തോൽക്കാതിരുന്നാൽ കേരളത്തിന് നേരിട്ട് ഫൈനൽ റൗണ്ട് കളിക്കാം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6