കൊല്ലം: ചെയ്യാത്ത തെറ്റിന്റെ പേരിൽ പോക്സോ കേസിൽ കുടുക്കപ്പെട്ട് 53 ദിവസത്തോളം ജയിൽവാസം അനുഭവിക്കേണ്ടി വന്ന തേവലക്കര സ്വദേശി ഗോപകുമാർ രണ്ട് വർഷത്തെ കഠിനമായ നിയമപോരാട്ടത്തിനൊടുവിൽ തന്റെ നിരപരാധിത്വം തെളിയിച്ചു. 2024 ഓഗസ്റ്റ് 7-ന് തെക്കുംഭാഗം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കരുനാഗപ്പള്ളി പോക്സോ കോടതി ഗോപകുമാറിനെ പൂർണ്ണമായും കുറ്റവിമുക്തനാക്കിയത്. 13 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന വ്യാജ പരാതിയിലായിരുന്നു പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പ്രതിഭാഗം നിരത്തിയ ശക്തമായ തെളിവുകളുടെയും വാദപ്രതിവാദങ്ങളുടെയും അടിസ്ഥാനത്തിൽ ഗോപകുമാർ ഒരു ശതമാനം പോലും തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കോടതി വെറുതെ വിട്ടത്.
ബിജെപി മണ്ഡലം വൈസ് പ്രസിഡന്റും പൊതുപ്രവർത്തകനുമായിരുന്ന ഗോപകുമാറിനെതിരെയുണ്ടായ ഈ കേസ് തികച്ചും വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ കെട്ടിച്ചമച്ചതാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. രണ്ടാം വിവാഹം കഴിച്ച ഗോപകുമാറിന്റെ ഭാര്യയ്ക്ക്, അവരുടെ ആദ്യ ഭർത്താവുമായി കുടുംബകോടതിയിൽ കേസുകൾ നിലവിലുണ്ടായിരുന്നു. ഭാര്യയ്ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കായി ആദ്യ ഭർത്താവിന്റെ സ്വത്തുക്കൾ കോടതി വഴി അറ്റാച്ച് ചെയ്തിരുന്നു. ഇതിലുള്ള കടുത്ത പകയും, അവരെ ഒരിക്കലും സന്തോഷത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്ന വാശിയുമാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ. ഭാര്യയുടെ അയൽവാസിയും ആദ്യ ഭർത്താവിന്റെ അടുത്ത സുഹൃത്തുമായ ഒരു എന്ന പോലീസുകാരനും, തെക്കുംഭാഗം എസ്എച്ച്ഒ ഉൾപ്പെടെയുള്ള ചില പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ആസൂത്രിതമായി തയ്യാറാക്കിയ തിരക്കഥയായിരുന്നു ഈ കേസെന്ന് ഗോപകുമാർ ആരോപിക്കുന്നു.
അറസ്റ്റിലായ സമയത്ത് താൻ നിരപരാധിയാണെന്ന് തെക്കുംഭാഗം എസ്എച്ച്ഒയോട് കരഞ്ഞുപറഞ്ഞിട്ടും അദ്ദേഹം അത് കേൾക്കാൻ പോലും തയ്യാറായില്ല. രാഷ്ട്രീയപരമായോ അല്ലാതെയോ ആരും ഇടപെടാൻ മടിക്കുന്ന പോക്സോ നിയമത്തിന്റെ ഗൗരവം മുതലെടുത്താണ് പ്രതികൾ തന്നെ കുടുക്കിയതെന്നും, ഒരു ഘട്ടത്തിൽ മാനസികമായി തകർന്നുപോയെങ്കിലും താൻ വിശ്വസിക്കുന്ന ശുഭാനന്ദ ഗുരുദേവന്റെ അനുഗ്രഹവും മനക്കരുത്തുമാണ് പിടിച്ചുനിൽക്കാൻ സഹായിച്ചതെന്നും അദ്ദേഹം പറയുന്നു. ജയിൽ മോചിതനായ ശേഷം നാട്ടുകാരും പൊതുസമൂഹവും തന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞ് ഒപ്പം നിന്നത് വലിയ ആശ്വാസമായി.
സിആർഎസ്ജെഎസ് (CRSJS) സെക്രട്ടറി തിരുവനന്തപുരം സ്വദേശി ആർ. ജയചന്ദ്രന്റെ നിർണ്ണായക ഇടപെടലും, അഡ്വ. ബിന്ദു, അഡ്വ. വിഫു ആർ. നായർ എന്നിവരുടെ ശക്തമായ കോടതി വാദങ്ങളുമാണ് സത്യം പുറത്തുകൊണ്ടുവരാൻ സഹായിച്ചത്. നിരപരാധികളായ നിരവധി രക്ഷിതാക്കൾ ഇത്തരത്തിൽ നിയമത്തിന്റെ പേരിൽ ക്രൂശിക്കപ്പെടുന്നുണ്ടെന്നും, തനിക്കുണ്ടായ ഈ ദുരനുഭവം മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാൻ ഇതിനെതിരെയുള്ള നിയമപോരാട്ടം തുടരുമെന്നും ഗോപകുമാർ വ്യക്തമാക്കി.
No Comment.