Skip to content

chithrodayamflashnews.com

November 30, 2026 3:16 am

MORNING NEWS

10JAN2023 7AM

കേരളത്തെ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെത്തിച്ചതിന്‍റെ സന്തോഷത്തിനിടെ റിസ്‌വാനെ തേടിയെത്തിയത് ദു:ഖവാര്‍ത്ത

മലപ്പുറം: കേരളം സന്തോഷ് ട്രോഫി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മൈതാനത്ത് ആഘോഷം നടത്തുന്നതിനിടെ ടീമിനെ തേടിയെത്തിയത് ദുഖ വാര്‍ത്ത. മധ്യനിരയില്‍ തിളങ്ങിയ റിസ്‌വാന്‍ അലിയുടെ പിതാവിന്‍റെ വിയോഗം ടീമിനെയാകെ തളര്‍ത്തി. കളി തീര്‍ന്നപ്പോള്‍ കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായതിന്‍റെ ആഹ്ളാദത്തിലായിരുന്നു റിസ്‌വാന്‍. ടീം അംഗങ്ങള്‍ക്കൊപ്പം വിജയാഘോഷം നടത്തുന്നതിനിടെയാണ് പിതാവിന്‍റെ വിയോഗ വിവരം അറിയുന്നത്.

സന്തോഷം ദുഖമായി, ഉടന്‍ മൈതാനം വിട്ടു. ഡ്രസ്സിങ്ങ് റൂമില്‍ നിന്ന് സ്വദേശമായ കാസര്‍ഗോട്ടേയ്കും. കരിയറിലെ മികച്ച നേട്ടത്തിന്‍റെ സന്തോഷത്തിനിടെയാണ് പ്രിയ പിതാവിനെ റിസ്‌വാന് നഷ്ടമായത്.ഫൈനല്‍ റൗണ്ട് ഉറപ്പിക്കാനുള്ള കേരളത്തിന്‍റെ ഓരോ കളികളിലും തിളങ്ങിയ താരമാണ് റിസ്‌വാന്‍. ഗോളും നേടി. മധ്യ നിരയില്‍ കേരളത്തിന്‍റെ കരുത്ത്. റിസ്‌വാന് കളിക്ക് കരുത്തും പിന്തുണയും നല്‍കിയിരുന്നു പിതാവ് മുഹമ്മദലി. തന്‍റെ നേട്ടം നേരിട്ട് അറിയിക്കും മുന്‍പാണ് പിതാവിന്‍റെ വിയോഗം.

കളി കഴിഞ്ഞ ഉടന്‍ കേരള ടീം ആഘോഷത്തിലേക്ക് നീങ്ങി. ഇതിനിടെയാണ് കെഎഫ് എ ജനറല്‍ സെക്രട്ടറി അനില്‍ കുമാറിന്‍റെ ഫോണിലേക്ക് റിസ്‌വാന്‍റെ പിതാവ് മുഹമ്മദലിയുടെ വിയോഗ വിവരം എത്തുന്നത്. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയാണ് റിസ്‌വാന്‍ അലി.

സന്തോഷ് ട്രോഫിയിൽ നിലവിലെ ചാമ്പ്യന്‍മാരായ കേരളം ഇത്തവണ മികച്ച പ്രകടനത്തോടെയാണ് ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറിയത്. ഒറ്റക്കളി പോലും തോല്‍ക്കാതെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് കേരളം ഫൈനൽ റൗണ്ടുറപ്പിച്ചത്. ഗ്രൂപ്പ് രണ്ടില്‍ കരുത്തരായ മിസോറാമുള്‍പ്പെടെയുള്ള ടീമുകളെ അനായാസം കീഴടക്കിയാണ് കേരളത്തിന്‍റെ മുന്നേറ്റം. അഞ്ച് കളികളിലും മികച്ച വിജയം. ഗോള്‍ ശരാശിയിലും ഏറെ മുന്നില്‍. അടിച്ചു കൂട്ടിയത് 24 ഗോളുകള്‍. വഴങ്ങിയത് രണ്ടെണ്ണം മാത്രം.പുതുമുഖ താരങ്ങളാണ് ഇത്തവണ ടീമിലെ ഭൂരിഭാഗം പേരും.

ബ്രസീലില്‍ അട്ടിമറി കലാപം പരാജയപ്പെടുത്തി സൈന്യം.

തെരഞ്ഞെടുപ്പില്‍ തോറ്റ പ്രസിഡന്റ് ജയിര്‍ ബൊള്‍സനാരോയുടെ അനുയായികളാണ് അട്ടിമറി നീക്കം നടത്തിയത്. സംഭവത്തില്‍ ആയിരത്തിലേറെ പേരെ അറസ്റ്റ് ചെയ്തു. ബോള്‍സനാരോ അനുയായികള്‍ പാര്‍ലമെന്റ് മന്ദിരം കൈയേറി. പിന്നാലെ സുപ്രീം കോടതിയിലും പ്രസിഡന്റിന്റെ കൊട്ടാരത്തിലും അക്രമികള്‍ ഇരച്ചെത്തി. സര്‍ക്കാര്‍ വാഹനങ്ങളും ഉദ്യോഗസ്ഥരും പൊലീസുകാരും തെരുവില്‍ ആക്രമിക്കപ്പെട്ടു. അക്രമത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക നേതാക്കളും അപലപിച്ചു. അമേരിക്കയില്‍ 2021 ല്‍ നടന്ന ക്യാപിറ്റോള്‍ ആക്രമണത്തിന്റെ തനിയാവര്‍ത്തനമാണ് ബ്രസീലില്‍ സംഭവിച്ചത്.

വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതിയുടെ കുടിശിക മാര്‍ച്ച് 15 നു മുന്‍പ് കൊടുത്തു തീര്‍ക്കണമെന്ന് സുപ്രീംകോടതി.

പദ്ധതിയില്‍ 25 ലക്ഷം പെന്‍ഷന്‍കാരുണ്ട്. ഇവരുടെ പെന്‍ഷന്‍ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ധനവകുപ്പ് കണക്കാക്കി വരികയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. പെന്‍ഷന് കാത്തിരുന്ന നാലു ലക്ഷം പേരെങ്കിലും ഇതിനകം മരിച്ചെന്ന് പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

കായിക മന്ത്രിയുടെ പട്ടിണി പ്രയോഗം ബ്രിട്ടീഷ് അധിനിവേശകാലത്തെ ഓര്‍മ്മപ്പെടുത്തുന്നതാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി.

നവ ചങ്ങാത്ത മുതലാളിത്തത്തിന്റെ അപ്പോസ്തലന്മാരായ കമ്യൂണിസ്റ്റുകാര്‍ പൗരന്‍മാരെ പണത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയാണ്. പട്ടിണി പാവങ്ങളേയും തൊഴിലാളികളേയും പിന്നാക്ക വിഭാഗങ്ങളേയും വോട്ടിനു വേണ്ടിയുള്ള ഉപാധിയായാണ് കമ്യൂണിസ്റ്റുകാര്‍ കാണുന്നത്. സുധാകരന്‍ കുറ്റപ്പെടുത്തി.

ബഫർ സോൺ വിഷയത്തില്‍ കേരളം കക്ഷി ചേരും


ബഫർ സോൺ വിഷയത്തില്‍ സുപ്രിം കോടതി വിധിയില്‍ വ്യക്തത തേടി കേന്ദ്രം നൽകിയ ഹർജിയിൽ കക്ഷി ചേരാൻ കേരളം അപേക്ഷ ഫയൽ ചെയ്തു. കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകളില്‍ ബഫര്‍ സോണ്‍ വിധി നടപ്പാക്കുന്നതില്‍ നിന്ന് ഇളവ് അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തെ പിന്തുണച്ചാണ് കേരളത്തിന്‍റെ നടപടി. 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേരളത്തിലെ 17 വന്യ ജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കേരളം കൈമാറിയിട്ടുണ്ട്. ഇതില്‍ പെരിയാര്‍ ദേശീയ ഉദ്യാനം, പെരിയാര്‍ വന്യജീവി സങ്കേതം എന്നിവയിലൊഴിച്ച് കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.

അഞ്ജുശ്രീയുടെ മരണം ആത്മഹത്യ


കാസര്‍കോട് തലക്ലായിയിലെ അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് കണ്ടെത്തൽ. കുട്ടി എലിവിഷം കഴിച്ചതിന്‍റെ സൂചനകൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഫോണിൽ നിന്നും നിർണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. വിഷത്തെക്കുറിച്ച് അഞ്ജുശ്രീ ഫോണിൽ തിരഞ്ഞതിന്‍റെ തെളിവുകൾ പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കഴിച്ചിരിക്കാം എന്നാണ് നിഗമനം. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. നേരത്തെ ഭക്ഷ്യ വിഷബാധയേറ്റാണ് മരിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഗ്രീന്‍ഫീല്‍ഡ് ഹൈവേ: ആശങ്ക വേണ്ടെന്ന് ദേശീയപാത അതോറിറ്റി


ഗ്രീന്‍ഫീല്‍ഡ് ഹൈവേ വരുന്നതിൽ ആശങ്ക വേണ്ടെന്ന് ദേശീയപാത അതോറിറ്റി. ഏറ്റെടുക്കുന്ന ഭൂമിക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കും. ഇതിന് ശേഷം മാത്രമേ ഒഴിപ്പിക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കൂ. ജനങ്ങളുടെ പരാതികള്‍ കേള്‍ക്കും. ഭൂമി ഏറ്റെടുക്കുമ്പോള്‍ വീട്, കരഭൂമി, കൃഷിയിടം, പാതയോരങ്ങള്‍, പട്ടണങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാകും നഷ്ടപരിഹാരം നിശ്ചയിക്കുക. കൃഷി വിളകള്‍ക്ക് കൃഷി വകുപ്പും, മരങ്ങള്‍ക്ക് വനം വകുപ്പും വീടുകള്‍ക്ക് മരാമത്ത് ബില്‍ഡിങ്ങ് വകുപ്പും നഷ്ടപരിഹാര തുക നിശ്ചയിക്കും. നഷ്ടപരിഹര തുകയ്ക്ക് നികുതി ഈടാക്കില്ല. കടമ്പാട്ടുകോണത്തു നിന്നും ആരംഭിച്ചു ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപത്ത് അവസാനിക്കും വിധം 56 കിലോമീറ്റര്‍ ദൂരത്തിലാണ് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ നിര്‍മിക്കുന്നത്.

കെഎസ്ആര്‍ടിസിക്ക് സുപ്രിംകോടതിയിൽ ആശ്വാസ വിധി


കെഎസ്ആര്‍ടിസിക്ക് ആശ്വാസമായി സുപ്രിംകോടതി ഉത്തരവ്. ബസുകളില്‍ പരസ്യം പതിക്കാമെന്ന് കോടതി വ്യക്തമാക്കി. പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി തടഞ്ഞു. കെഎസ്ആര്‍ടിസിക്ക് ബാധ്യതയുണ്ടാകുമെന്ന വാദം പരിഗണിച്ചാണ് നടപടി. ബസുകളില്‍ പരസ്യം പതിക്കുന്നതിന് സുപ്രീംകോടതിയില്‍ കെ.എസ്.ആര്‍.ടി.സി മാര്‍ഗരേഖ സമര്‍പ്പിച്ചു. മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും കാല്‍നട യാത്രക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ പതിക്കില്ല.

ജോഷിമഠിലെ സ്ഥിതി അതീവ ഗുരുതരം


ഭൂമി ഇടിഞ്ഞുതാഴ്ന്ന് വീടുകൾ തകരുന്ന ഉത്തരാഖണ്ഡിലെ തീർത്ഥാടനകേന്ദ്രമായ ജോഷിമഠിലെ സ്ഥിതി അതീവ ഗുരുതരം. 4 വാർഡുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു. സിങ്ധര്‍, ഗാന്ധിനഗര്‍, മനോഹര്‍ബാഗ്, സുനില്‍ എന്നിവിടങ്ങളിലുള്ളവരെ ഉടൻ ഒഴിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. തീർത്തും അപകടസാധ്യതയുള്ള കെട്ടിടങ്ങളിൽ ചുവപ്പ് അടയാളപ്പെടുത്തൽ ആരംഭിച്ചു. കെട്ടിടങ്ങളും ഭൂമിയും കൂടുതല്‍ വിണ്ടുകീറിയ സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിയോഗിച്ച വിദഗ്ധ സംഘങ്ങൾ ജോഷിമഠ് സന്ദർശിച്ച് അപകട മേഖലകളെ വിവിധ സോണുകളാക്കി തിരിച്ചാണ് ഒഴിപ്പിക്കൽ നടപടി തുടരുന്നത്.

ബേപ്പൂർ കോസ്‌റ്റ‌ൽ സർക്കിൾ ഇൻസ്പെക്‌ടർ പി ആർ സുനുവിനെ പിരിച്ചുവിട്ടു


ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്‌റ്റ‌ൽ സർക്കിൾ ഇൻസ്പെക്‌ടർ പി ആർ സുനുവിനെ പൊലീസ് സേനയിൽ നിന്നും പിരിച്ചുവിട്ടു. പൊലീസ് ആക്‌ട് സെക്ഷനിലെ 86 വകുപ്പ് അനുസരിച്ചാണ് നടപടി. സ്ഥിരമായി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവീസിൽ തുടരാൻ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്. കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ വകുപ്പ് പ്രകാരം ഒരു ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചുവിടുന്നത്.

ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കാണുന്നത് ആർഎസ്‌എസ്‌ നിലപാട്‌


ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കാണുന്ന ആർഎസ്‌എസ്‌ നിലപാട്‌ രാജ്യത്തെങ്ങും ഒന്നെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ആർഎസ്‌എസിന്‌ അവരുടെ തനിനിറം കാണിക്കാൻ സാധിക്കാത്തത്‌ സമൂഹം ഒന്നടങ്കം ശക്തമായി നേരിടുമെന്ന അവസ്ഥയുള്ളതിനാലാണ്‌. അഖിലേന്ത്യാ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിന്‌ സമാപനംകുറിച്ച്‌ പുത്തരിക്കണ്ടം മൈതാനിയിൽ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത്‌ സ്ത്രീകൾക്കെതിരായ ഇരയധിക്ഷേപം (വിക്ടിം ഷെയ്‌മിങ്) വർധിക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിശക്തമായ ശൈത്യത്തെത്തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചു വിട്ടു


അതിശക്തമായ ശൈത്യത്തെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ നിന്ന് 118 വിമാനങ്ങളുടെ സർവ്വീസ് വൈകി. 3 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. 32 വിമാനങ്ങൾ ലാൻഡ് ചെയ്യാൻ വൈകി. ഇന്നലെ കുറഞ്ഞ താപനില 3.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കനത്തമൂടൽ മഞ്ഞിനെത്തുടർന്ന് പലയിടത്തും കാഴ്ച പരിധി 25 മീറ്റർ വരെ ചുരുങ്ങി. പഞ്ചാബിലും, ഹരിയാനയിലും, ചണ്ഡീഗഡിലും കനത്ത മൂടൽ മഞ്ഞ് തുടരുകയാണ്. ഉത്തരേന്ത്യയിൽ 29 തീവണ്ടികൾ വൈകിയാണ് ഓടുന്നത്.

താരസംഘടനക്ക് ജിഎസ്ടി നോട്ടീസ്


താരസംഘടനയായ അമ്മക്ക് ജിഎസ്ടി നോട്ടീസ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജിഎസ്ടി നൽകാനാണ് നോട്ടീസില്‍ നിർദേശിക്കുന്നത്. 2017 മുതലുളള ജിഎസ്ടിയാണ് അടയ്ക്കേണ്ടത്. ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റർ ചെയ്തിരുന്നത്. വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ ജി.എസ്ടി. നൽകണമെന്നാണ് നിർദേശം.

കുടുംബ കോടതിയിൽ യുവതിക്ക് വെട്ടേറ്റു


വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം കുടുംബ കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു. മുൻ ഭർത്താവ് രഞ്ജിത്താണ് വെട്ടിയത്. സംഭവത്തിനു പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്.

നഴ്‌സ് മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് രാസപരിശോധനാ ഫലം


കോട്ടയത്ത് നഴ്‌സ് മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് രാസപരിശോധനാ ഫലം. അല്‍ഫാം കഴിച്ചതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജിലെ നഴ്‌സായിരുന്ന രശ്മി രാജിന് (33) ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ തിങ്കളാഴ്ചയാണ് രശ്മി മരിക്കുന്നത്.

മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ ജാമ്യം


കൊച്ചിയിൽ കാറിനുള്ളിൽ മോഡലിനെ കൂട്ട ബലാത്സംഗംചെയ്ത കേസിൽ 4-ാം പ്രതിക്ക് ജാമ്യം. രാജസ്ഥാൻ സ്വദേശിനി ഡിമ്പിൾ ലാംബേയ്ക്ക് ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം നൽകിയത്. ബലാത്സംഗത്തിന് മറ്റ് പ്രതികൾക്ക് ഒത്താശ ചെയ്തുവെന്നായിരുന്നു ഡിമ്പിളിനെതിരെ ചുമത്തി കുറ്റം. അറസ്റ്റിലായി 53 ദിവസത്തിനുശേഷമാണ് ജാമ്യം ലഭിച്ചത്. പീഡനത്തിനിരയായ യുവതിയുടെ സുഹൃത്തായിരുന്നു ഡിമ്പിൾ ലാംബ. കൊച്ചിയിൽ 2 മാസം മുൻപാണ് ഓടുന്ന കാറിൽ വെച്ച് മോഡലായ പത്തൊമ്പതുകാരി കൂട്ടബലാത്സംഗത്തിനിരയായത്.

കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്ക്


കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്ക്. കളമശ്ശേരി തേവയ്ക്കൽ സ്വദേശി ശ്രീനിവാസ (40) നാണ് പരിക്കേറ്റത്. മകനൊപ്പെം ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് പേകുന്നവഴിയാണ് കേബിൾ മുഖത്തും കഴുത്തിലുമായി കുരുങ്ങിയത്. കേബിൾ വലിഞ്ഞ് സ്ട്രീറ്റ്ലൈറ്റ് തകർന്നു താഴ്ന്ന് വീണു. ബൈക്ക് മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. മുഖത്ത് സാരമായി പരിക്കേറ്റ ഇദ്ദേഹം കളമശ്ശേരി മെഡിക്കൽ കോളെജിൽ ചികിത്സ തേടി.

ത്രിപുരയിൽ കോണ്‍ഗ്രസ് – സി പി എം ധാരണ


ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി പി എമ്മും സഹകരിച്ചു മല്‍സരിക്കും. അടുത്ത മാസമാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പ്. ത്രിപുരയുടെ ചുമതലയുള്ള ഐ ഐ സിസി നേതാവ് അജോയ് കുമാറും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതിനുള്ള ധാരണയായത്.

തോല്‍വിയില്‍നിന്ന് പാർട്ടിയെ രക്ഷിക്കലാണ് തന്റെ നിയോഗമെന്ന് വി.ഡി സതീശന്‍


മുഖ്യമന്ത്രിയാകുകയല്ല തന്‍റെ നിയോഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തോല്‍വിയില്‍നിന്ന് പാര്‍ട്ടിയെ തിരിച്ചു കൊണ്ടുവരികയാണ് തന്റെ നിയോഗം. എന്‍എസ്എസിനും സമുദായ സംഘടനകള്‍ക്കും വിമര്‍ശനങ്ങള്‍ ഉന്നയിക്കാം. എല്ലാവര്‍ക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വിവാദങ്ങളെ ഏറ്റുപിടിക്കുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

പി കെ ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്‍റ്


അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്‍റായി മുൻമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന അഖിലേന്ത്യാ സമ്മേളനമാണ് പികെ ശ്രീമതിയെ തെരഞ്ഞെടുത്തത്. മറിയം ധാവ്ളെ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരും. സുശീല ഗോപാലനു ശേഷം മഹിളാ അസോസിയേഷന്‍റെ പ്രധാന ദേശീയ ഭാരവാഹിയാവുന്ന മലയാളിയാണ് ശ്രീമതി. കെ കെ ശൈലജയെ ദേശീയ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുത്തു. ട്രാൻസ് വനിതകൾക്ക് അംഗത്വം നൽകുന്നതിന് അസോസിയേഷൻ ഭരണഘടന ഭേദഗതി ചെയ്തു. അംഗത്വത്തിലേക്ക് 15 വയസ്സിന് മുകളിലുള്ള ഏത് സ്ത്രീക്കും അംഗത്വം എടുക്കാമെന്നും നിശ്ചയിച്ചു.

താൻ ‘നായര്‍ ബ്രാന്‍ഡ്’ അല്ലെന്ന് ചെന്നിത്തല


തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചത് കൊണ്ടാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റതെന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ വിമര്‍ശനം തള്ളി രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തി കാട്ടിയിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. ‘നായര്‍ ബ്രാന്‍ഡ്’ ആയി തന്നെ ആരും പ്രൊജക്ട് ചെയ്തിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയും താനും എന്നും ഉയര്‍ത്തിപ്പിടിക്കുന്നത് മതേതര നിലപാടാണ്. അത് അങ്ങനെ തന്നെ തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.

തീർത്ഥാടക പമ്പയിൽ ഒഴുക്കിൽ പെട്ടു


ശബരിമല ദർശനത്തിന് എത്തിയ ശ്രീലങ്കൻ സ്വദേശിനിയായ തീർത്ഥാടക പമ്പയിൽ ഒഴുക്കിൽ പെട്ടു. ഭർത്താവ് പരമലിംഗത്തിനും സംഘത്തിനും ഒപ്പം ദർശനത്തിന് വന്ന ജലറാണിയെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മല കയറുന്നതിനു മുമ്പായി പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഇവർ ഒഴുക്കിൽ പെടുകയായിരുന്നു. അഗ്നി രക്ഷാസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ലോറി ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് 2 മരണം


എറണാകുളം ചേരാനെല്ലൂരിൽ ലോറി ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് 2 മരണം. ലിസ ആന്‍റണി (37), നസീബ് (35) എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന 3 ഇരുചക്രവാഹനങ്ങൾക്കുമേൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ 3 പേരെയും ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 2 പേർ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ രവീന്ദ്രൻ ചികിത്സയിലാണ്.

‘സീരിയൽ കില്ലറുടെ’ ഫോട്ടോ പുറത്തുവിട്ടു


ഉത്തർപ്രദേശ് ബരാബങ്കയിൽ സ്ത്രീകളെ കൊലപ്പെടുത്തിയ ‘സീരിയൽ കില്ലറുടെ’ ഫോട്ടോ പുറത്തുവിട്ട് പൊലീസ്. ഒളിവിൽ പോയ കൊലയാളിയെ കണ്ടെത്താന്‍ 6 സംഘങ്ങളെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു. ഇതുവരെ 3 സ്ത്രീകളെയാണ് ഇയാൾ കൊലപ്പെടുത്തിയിട്ടുള്ളത്. കൊലയ്ക്ക് ശേഷം ഇവരെ നഗ്നമാക്കി ഉപേക്ഷിക്കുന്നതാണ് പതിവ്. മധ്യവയ്ക്കരെയാണ് ഇയാൾ‌ കൊലപ്പെടുത്തുന്നതെന്നും 50നും 60നും ഇടയിലുള്ളവരാണ് മരിച്ച 3 സ്ത്രീകളെന്നും പൊലീസ് പറയുന്നു.

ആ​ഭി​ചാ​ര​ക്കൊ​ല​യി​ൽ ര​ണ്ടാം​കു​റ്റ​പ​ത്രം ഈ ​ആ​ഴ്‌​ച


പത്ത​നം​തി​ട്ട ഇ​ല​ന്തൂ​ർ ആ​ഭി​ചാ​ര​ക്കൊ​ല​യി​ൽ ര​ണ്ടാം​കു​റ്റ​പ​ത്രം ഈ ​ആ​ഴ്‌​ച സ​മ​ർ​പ്പി​ക്കും. കാ​ല​ടി​യി​ൽ താ​മ​സി​ച്ചി​രു​ന്ന വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി റോ​സി​ലി​യു​ടെ കൊ​ല​പാ​ത​ക കേ​സി​ന്‍റെ കു​റ്റ​പ​ത്ര​മാ​ണ്‌ പെ​രു​മ്പാ​വൂ​ർ ഒ​ന്നാം​ക്ലാ​സ്‌ ജു​ഡി​ഷ്യ​ൽ മ​ജി​സ്‌​ട്രേ​ട്ട്‌ കോ​ട​തിയിൽ കാ​ല​ടി പൊ​ലീ​സ്‌ സ​മ​ർ​പ്പി​ക്കു​ക. ത​മി​ഴ്‌​നാ​ട്‌ സ്വ​ദേ​ശി പ​ത്മ​യു​ടെ കൊ​ല​പാ​ത​ക കേ​സി​ന്‍റെ കു​റ്റ​പ​ത്രം ശ​നി​യാ​ഴ്‌​ച സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി


7 മാസം ഗർഭിണിയായ യുവതിയെ ചുട്ടുകൊല്ലാൻ ശ്രമം. ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഡൽഹി ബവാനയിൽ ആണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

ശബരിമലയിൽ ചിത്രങ്ങളും പോസ്റ്ററുകളും വിലക്കി ഹൈക്കോടതി


ശബരിമലയിൽ ചിത്രങ്ങളും പോസ്റ്ററുകളുമായുള്ള ദർശനം വിലക്കി ഹൈക്കോടതി. ഇത്തരത്തിലെത്തുന്ന ഭക്തരെ പതിനെട്ടാം പടി വഴി കടത്തി വിടരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സോപാനത്തിലും ദർശനം അനുവദിക്കരുത്. താരങ്ങളുടെയോ രാഷ്ടീയ നേതാക്കളുടെയോ ചിത്രങ്ങളോ പോസ്റ്ററുകളോ അനുവദിക്കരുതെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. സോപാനത്തിൽ ഭക്തരെ ഡ്രം ഉൾപ്പെടെയുളള വാദ്യോപകരണങ്ങൾ ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. ശബരിമലയിലെത്തിയ ഭക്തൻ അയച്ച കത്തിന്‍റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസ് തീർപ്പാക്കുകയായിരുന്നു ഹൈക്കോടതി.

സിപ്പി പള്ളിപ്പുറം കുഴഞ്ഞുവീണു


സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം കുഴഞ്ഞുവീണു. പല്ലന കുമാരനാശാൻ സ്മാരകത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കവേയാണ് സംഭവം. ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയിൽ സിപ്പിയെ പ്രവേശിപ്പിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6