Skip to content

chithrodayamflashnews.com

November 30, 2026 3:21 am

EVENING NEWS

10 JAN 2023 7PM

തായ്‌വാന് സമീപം സൈനികരെ വിന്യസിച്ച് ചൈന

ജർമ്മൻ, ലിത്വാനിയൻ നിയമനിർമ്മാതാക്കൾ ദ്വീപ് സന്ദർശിക്കുന്നതിന്റെ തലേന്ന് തായ്‌വാനിനടുത്ത് ചൈന സൈനികാഭ്യാസം പ്രഖ്യാപിച്ചു. “വിഘടനവാദ ശക്തികളെ” പ്രതിരോധിക്കുന്നതായിട്ടാണ് ഈ അഭ്യാസം വിശേഷിപ്പിക്കപ്പെടുന്നത് .

പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) ഈസ്റ്റേൺ തിയറ്റർ കമാൻഡിന്റെ വക്താവ് കേണൽ ഷി യി ഞായറാഴ്ചയാണ് പരിശീലന പരിപാടി പ്രഖ്യാപിച്ചത്. തായ്‌വാൻ ചുറ്റുമുള്ള കടൽ, വ്യോമഗതാഗതം എന്നിവ ഇതിൽ ഉൾപ്പെടുമെന്നും കര ആക്രമണങ്ങളിലും ഉഭയ ആക്രമണ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൈനികരുടെ സംയുക്ത പോരാട്ട ശേഷി പരീക്ഷിക്കുന്നതിനും ബാഹ്യശക്തികളുടെയും ‘തായ്‌വാൻ സ്വാതന്ത്ര്യ’ വിഘടനവാദികളുടെയും പ്രകോപനപരമായ നടപടികളെ ദൃഢമായി ചെറുക്കുന്നതിനുമാണ് അഭ്യാസം രൂപകൽപ്പന ചെയ്തിരിക്കുന്നത്,” ഒരു പ്രസ്താവനയിൽ പറയുന്നു.

1940 കളിലെ ആഭ്യന്തരയുദ്ധകാലത്ത് ദേശീയ ശക്തികളുടെ അവസാന കോട്ടയായി പ്രവർത്തിച്ച ഒരു ചൈനീസ് ദ്വീപാണ് തായ്‌വാൻ. ഇത് സ്വയം ഭരിക്കുന്നതാണ്, പക്ഷേ മിക്ക രാജ്യങ്ങളും ചൈനയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

തായ്‌വാൻ കടലിടുക്കിൽ നിരവധി സൈനിക വിമാനങ്ങൾക്കൊപ്പം കുറഞ്ഞത് നാല് പി‌എൽ‌എ കപ്പലുകളെങ്കിലും തിങ്കളാഴ്ച കണ്ടെത്തിയതായി ദ്വീപിന്റെ സൈന്യം റിപ്പോർട്ട് ചെയ്തു. തായ്‌വാന്റെ നാവിക, വ്യോമ, കര ആസ്തികൾ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും പ്രതികരിക്കാൻ തയ്യാറാണെന്നും അത് അറിയിച്ചു.

യു എസിലെ ആദ്യ സിഖ് വനിതാ ജഡ്ജിയായി ഇന്ത്യന്‍ വംശജ

രാജ്യത്തിന് അഭിമാനമായി മന്‍പ്രീത് മോണിക്ക സിങ്. യുഎസില്‍ ജഡ്ജായായി ചുമതലയേല്‍ക്കുന്ന ആദ്യ സിഖ് വനിതയാണ് ഇന്ത്യന്‍ വംശജ മന്‍പ്രീത് മോണിക്ക സിങ്. ഇരുപത് വര്‍ഷത്തോളമായി യുഎസില്‍ അഭിഭാഷകയായി പ്രവര്‍ത്തിച്ചുവരുന്ന മന്‍പ്രീത് ഹാരിസ് കൗണ്ടി സിവില്‍ കോടതിയിലെ ജഡ്ജായാണ് ചുമതലയേറ്റത്.
ഹൂസ്റ്റണില്‍ ജനിച്ചുവളര്‍ന്ന മന്‍പ്രീത് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ബെല്ലെയ്റിലാണ് താമസം. 1970-കളുടെ തുടക്കത്തിലാണ് യുഎസിലേക്ക് കുടിയേറിയത്. ഹൂസ്റ്റണില്‍ നിന്നുള്ള വ്യക്തിയായതിനാല്‍ പദവി ഏറെ വിലപ്പെട്ടതാണെന്നും വളരെയധികം സന്തോഷം തോന്നുന്നുവെന്നും ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ മന്‍പ്രീത് പറഞ്ഞു.
മന്‍പ്രീതിന്റെ നേട്ടം സിഖ് സമൂഹത്തിന് ഏറെ അഭിമാനം നല്‍കുന്നതാണെന്നും മന്‍പ്രീത് സിഖുകാരുടെ മാത്രമല്ല എല്ലാ ഇന്ത്യന്‍ സ്ത്രീകളുടേയും പ്രതിനിധിയാണെന്നും യുഎസിലെ ആദ്യ ദക്ഷിണേഷ്യന്‍ ജഡ്ജിയായ രവി സെന്തില്‍ പറഞ്ഞു. ഇത് സിഖ് സമുദായത്തിന് അഭിമാനകരമായ ദിവസമാണെന്ന് ഹൂസ്റ്റണ്‍ മേയര്‍ സില്‍വെസ്റ്റര്‍ ടര്‍ണറും കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് അറുപത് ജിഎസ്എമ്മിനു മുകളിലുളള പ്ലാസ്റ്റിക് ബാഗുകളെ നിരോധിച്ച നടപടി ഹൈക്കോടതി റദ്ദാക്കി

. വീണ്ടും ഉപയോഗിക്കാവുന്ന ബാഗുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള കേന്ദ്ര നിയമം നിലനില്‍ക്കെ നിരോധനം സാധുവല്ലന്ന സംസ്ഥാന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. എന്നാല്‍ അറുപത് ജി എസ് എമ്മിന് താഴെയുളള ഒറ്റത്തവണ ഉപയോഗത്തിനുളള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം തുടരും. തുണിക്കടകളിലും മറ്റും ഉപയോഗിച്ചിരുന്ന ക്യാരി ബാഗുകള്‍ക്കു നിരോധനം ബാധകമാകില്ല.

താല്‍ക്കാലിക ജീവനക്കാരെ ജോലിയില്‍നിന്നു പിരിച്ചുവിടുന്നതിനു മുന്‍പ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി.

ജോലി തൃപ്തികരമല്ലെങ്കിലും നോട്ടീസ് നല്‍കിയശേഷമേ പിരിച്ചുവിടാവൂവെന്ന് ജസ്റ്റിസ് അനു ശിവരാമന്‍ ഉത്തരവിട്ടു. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ആയുഷ് ഹോമിയോപതിയില്‍ താത്കാലിക ജീവനക്കാരായ സ്ത്രീകളെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയാണ് ഉത്തരവ്.

ആലപ്പുഴയിലെ സിപിഎം നഗരസഭാ കൗണ്‍സിലര്‍ ഷാനവാസിന്റെ വാഹനത്തില്‍ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ സംഭവത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വം അച്ചടക്ക നടപടിയെടുക്കും

. ഇന്നലെ വൈകിട്ട് ചേര്‍ന്ന ആലപ്പുഴ ഏരിയാ കമ്മറ്റി യോഗത്തില്‍ കൗണ്‍സിലര്‍ എ ഷാനവാസ് വിശദീകരണം നല്‍കിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് ടി.എന്‍. പ്രതാപന്‍ എംപി.

ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നും പ്രതാപന്‍ പറഞ്ഞു. എംഎല്‍എയായി പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍.

ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാമൂഹികാഘാത പഠനം തുടങ്ങി. ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റടക്കം 2,570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് കലോത്സവത്തില്‍ ഇനി അവസരം നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.

വേദിയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ദൃശ്യാവിഷ്‌കാരം പരിശോധിച്ചിരുന്നു. വിവാദമുണ്ടാക്കിയ വേഷം ഉണ്ടായിരുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു.

കലോത്സവത്തിന്റെ വിവാദമായ സ്വാഗതഗാന ദൃശ്യാവിഷ്‌കാരം തയാറാക്കിയവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്

. ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയെ അവതരിപ്പിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിനു വിരുദ്ധമാണെന്നു പ്രസ്താവനയില്‍ പറഞ്ഞു.

സിപിഎമ്മും സര്‍ക്കാരും ഒരു മതത്തിനും എതിരല്ലെന്നും കലോത്സവത്തിലെ സ്വാഗതഗാനം സംബന്ധിച്ച് വിവാദമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ ഉയര്‍ന്ന അവിഹിത സ്വത്ത് സമ്പാദന ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിനു മുന്നില്‍ യുഡിഎഫ് ധര്‍ണ.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. 100 കോടി രൂപയുടെ നിക്ഷേപമുള്ള റിസോര്‍ട്ടിലാണു ജയരാജന്റെ നിക്ഷേപമെന്ന് വിഡി സതീശന്‍ ആരോപിച്ചു. ക്വാറി, റിസോര്‍ട്ട് മാഫിയകളെല്ലാം നിക്ഷേപകരാണ്. ജയരാജന്‍ എങ്ങനെ എല്‍ഡിഎഫ് കണ്‍വീനറായി തുടരുമെന്നും അദ്ദേഹം ചോദിച്ചു.

താരസംഘടനയായ അമ്മ ജിഎസ്ടി ഇനത്തില്‍ നാലു കോടി 36 ലക്ഷം രൂപ അടയ്ക്കണമെന്ന് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം.

നവംബറില്‍ നോട്ടീസ് നല്‍കിയിട്ടും സംഘടന പണം അടച്ചിട്ടില്ല. അടുത്ത നടപടികളിലേക്കു കടക്കാനാണ് ജിഎസ്ടി വകുപ്പിന്റെ നീക്കം. ജിഎസ്ടി നിലവില്‍ വന്ന 2017 മുതല്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ വരെ അമ്മ ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്തിട്ടില്ല. സംഘടന ചാരിറ്റബിള്‍ സൊസൈറ്റിയാണെന്നാണ് അമ്മയുടെ വാദം. എന്നാല്‍, ഇക്കാലത്തു സ്റ്റേജ് ഷോകളിലൂടെ 15 കോടി രൂപ ലഭിച്ചെന്നാണ് ജിഎസ്ടി ഇന്റലിജന്‍സ് പറയുന്നത്.

എറണാകുളം വൈപ്പിനില്‍നിന്നുള്ള സ്വകാര്യ ബസുകള്‍ക്ക് നഗരത്തിലേക്കു പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈബി ഈഡന്‍ എംപി നിരാഹാര സമരം തുടങ്ങി.

കെ. മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിസ്റ്റ്കാര്‍ കേരളം ഭരിക്കുമ്പോള്‍ സാധാരണക്കാര്‍ സഞ്ചരിക്കുന്ന ബസിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സമ്പന്നരുടെ കാറുകള്‍ക്കു വിലക്കൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന നിലക്കലില്‍ പാര്‍ക്കിങ് ഫീസ് കരാര്‍ റദ്ദാക്കി.

കൊല്ലം ശൂരനാട് സ്വദേശി സജീവന്‍ മൂന്നര കോടി രൂപയ്ക്ക് എടുത്ത കരാറാണ് റദ്ദാക്കിയത്. 1.30 കോടി രൂപയാണ് ഇനി സജീവന്‍ അടക്കേണ്ടിയിരുന്നത്.

കോഴിക്കോട് മിഠായിത്തെരുവിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി.

കോഴിക്കോട് കോര്‍പറേഷന്റെ നേതൃത്വത്തിലാണ് നടപടി. താല്‍ക്കാലിക നിര്‍മാണത്തിനു പകരം സ്ഥിരം നിര്‍മാണം നടത്തിയ കടമുറികളാണ് പൊളിച്ചത്.

കോട്ടയം മാങ്ങാനാത്തെ മന്ദിരം ആശുപത്രിയിലെ നഴ്സിംഗ് ഹോസ്റ്റലില്‍ അറുപതോളം പേര്‍ക്കു ഭക്ഷ്യവിഷബാധ.

ആശുപത്രി കാന്റീനില്‍നിന്നുള്ള ഭക്ഷണമാണ് കുഴപ്പമുണ്ടാക്കിയത്. ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി കാന്റീന്‍ അടപ്പിച്ചു.

നടി മോളി കണ്ണമാലി ആശുപത്രിയില്‍.

ഫോര്‍ട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. മൂന്നു ദിവസം മുന്‍പ് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഹണിട്രാപ് കേസില്‍ വിദേശത്ത് ഒളിവില്‍പോയ പ്രതി പിടിയില്‍.

തൃശൂര്‍ കീഴ്പ്പുള്ളിക്കര സ്വദേശി കല്ലിങ്ങല്‍ വീട്ടില്‍ സല്‍മാനാണ് (28) പിടിയിലായത്. പത്തുലക്ഷം രൂപ ആവശ്യപ്പെട്ട് മാരാരിക്കുളം വാറാന്‍ കവല ഭാഗത്തെ ഹോം സ്റ്റേ ഉടമയെ തൃശൂര്‍ ജില്ലയിലെ മാള, ചെറുതുരുത്തി എന്നിവിടങ്ങളില്‍ താമസിപ്പിച്ച് മര്‍ദിച്ച കേസിലെ രണ്ടാം പ്രതിയാണ്. ഇയാള്‍ക്കെതിരേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഹൈക്കോടതി ജഡ്ജിമാരില്‍ 79 ശതമാനം പേരും ഉയര്‍ന്ന ജാതിക്കാരാണെന്നു കേന്ദ്ര നിയമ മന്ത്രാലയം.

2018 മുതല്‍ 2022 ഡിസംബര്‍ 19 വരെയുള്ള കാലയളവില്‍ 537 ജഡ്ജിമാരാണ് ഹൈക്കോടതികളില്‍ നിയമിതരായത്. ഇതില്‍ 79 ശതമാനം പേരും ജനറല്‍ വിഭാഗത്തിലുള്ളവരാണ്. 11 ശതമാനം മറ്റു പിന്നാക്ക വിഭാഗങ്ങളില്‍നിന്നും 2.6 ശതമാനം ന്യൂനപക്ഷങ്ങളില്‍ നിന്നുമാണ്. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ യഥാക്രമം 2.8, 1.3 ശതമാനം മാത്രമാണ്.

അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനു പൊതു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കോണ്‍ഗ്രസ് മൂന്നക്കം കടന്നാല്‍ 2004, 2009 മാതൃകയില്‍ മുന്നണി ഉണ്ടായേക്കാം. ഭാരത് ജോഡോ യാത്ര ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസിനെ സഹായിച്ചു. എന്നാല്‍ അത് എത്രത്തോളം സംഘടനപരമായി ഗുണമാകുമെന്നു കാത്തിരുന്നു കാണണം. യെച്ചൂരി പറഞ്ഞു.

ഉത്തരാഖണ്ഡിലെ ജോഷിമഠിനു സമീപമുള്ള ശങ്കരാചാര്യ മഠത്തിലും വിള്ളല്‍.

ജല വൈദ്യുത പദ്ധതി തന്നെയാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നാണ് മഠത്തിലുള്ളവരും വിശ്വസിക്കുന്നത്. കഴിഞ്ഞ 15 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ വിള്ളലുകളുണ്ടായതെന്നാണ് മഠ് അധികാരികള്‍ പറയുന്നത്. അതേസമയം ജോഷിമഠില്‍ ഇതുവരെ 81 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.

പശ്ചിമ ബംഗാളിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്.

ഉച്ചഭക്ഷണം കഴിച്ച 32 വിദ്യാര്‍ത്ഥികളെ ഛര്‍ദ്ദിച്ച് അവശതയിലായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിര്‍ഭും ജില്ലയിലെ മയൂരേശ്വര്‍ ബ്ലോക്കിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. പരിപ്പ് കറിയുണ്ടായിരുന്ന പാത്രത്തിലാണു ചത്ത പാമ്പിനെ കണ്ടത്തിയത്.

തമിഴ്നാട്ടില്‍ ഡിഎംകെയുടെ സ്റ്റാലിന്‍ സര്‍ക്കാരും ഗവര്‍ണര്‍ രവിയും തമ്മില്‍ പോര്.

ഡിഎംകെ പ്രവര്‍ത്തകര്‍ ചെന്നൈ നഗരത്തില്‍ ‘ഗെറ്റ് ഔട്ട് രവി’ എന്നെഴുതിയ ബാനറുകള്‍ സ്ഥാപിച്ചു. പൊങ്കല്‍ വിരുന്നിന്റെ ക്ഷണക്കത്തില്‍ തമിഴ്നാട് എന്നതിനു പകരം ‘തമിഴക ഗവര്‍ണര്‍’ എന്നാണ് രവി എഴുതിയത്. നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും തമിഴകം വാദം ഗവര്‍ണര്‍ ഉന്നയിച്ചത് വിവാദമായിരുന്നു.

പെറുവില്‍ മുന്‍ പ്രസിഡന്റ് പെട്രേ്യാ കാസ്റ്റിനോയെ ജയില്‍ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രക്ഷോഭത്തില്‍ 12 മരണം

. സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മിലുളള ഏറ്റുമുട്ടലിലാണ് മരണം. ജുലിയാക്കയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അവസാന വിവരം ലഭിക്കുമ്പോള്‍ 20 ഓവറില്‍ 144 ന് 1 എന്ന നിലയിലാണ്. രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണ്‍ ചെയ്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്.

ഫ്രാന്‍സിന്റെ ഇതിഹാസ താരം സിനദിന്‍ സിദാനെ അപമാനിച്ച സംഭവത്തില്‍ ഫ്രഞ്ച് ഫുട്ബോള്‍ പ്രസിഡന്റ് നോയല്‍ ലെ ഗ്രായെറ്റ് മാപ്പു പറഞ്ഞു.

ലെ ഗ്രായെറ്റിന്റെ പ്രസ്താവനക്കെതിരെ ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും മുന്‍ കാല താരങ്ങളും രാഷ്ട്രീയ നേതാക്കളും പരസ്യമായി രംഗത്തെത്തിയതോടെയാണ് ലെ ഗ്രായെറ്റ് മാപ്പു പറഞ്ഞത്.

റിയല്‍മിയുടെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റായ റിയല്‍മി 10 4ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

റിയല്‍മി.കോം, ഫ്ലിപ്കാര്‍ട്ട്, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയില്‍ നിന്ന് ജനുവരി 15 മുതല്‍ ഈ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ സാധിക്കും. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഇതിന് നല്‍കിയിട്ടുള്ളത്. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി99 പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. 50 മെഗാപിക്സല്‍, 2 മെഗാപിക്സല്‍ ക്യാമറയാണ് പിന്നില്‍ നല്‍കിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 33 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉളള മോഡലിന് 13,999 രൂപയും, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉളള മോഡലിന് 16,999 രൂപയുമാണ് വിപണി വില.

ഷാറുഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പഠാന്‍’ ട്രെയ്‌ലര്‍ എത്തി.

ഷാറുഖ് ഖാന്റെയും ജോണ്‍ അബ്രഹാമിന്റെയും സ്‌ക്രീന്‍ പ്രസന്‍സും അതി ഗംഭീര ആക്ഷന്‍ രംഗങ്ങളുമായി ട്രെയ്‌ലറിന്റെ ഹൈലൈറ്റ്. ജോണ്‍ ഏബ്രഹാമും ദീപിക പദുക്കോണുമാണ് ചിത്രത്തില്‍ ഷാറുഖിനൊപ്പം പ്രധാനവേഷങ്ങളില്‍ എത്തുന്നത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ജനുവരി 25 ന് തിയറ്ററുകളില്‍ എത്തും. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും. ആമസോണ്‍ പ്രൈം വീഡിയോ പഠാന്റെ ഒടിടി അവകാശം സ്വന്തമാക്കിയത് 100 കോടി രൂപയ്ക്കാണെന്നാണ് വിവരം. പഠാന്‍ ഒരു ഹൈ-ഒക്ടെയ്ന്‍ ആക്ഷന്‍ ചിത്രമാണെന്നാണ് സൂചന. പഠാനിലെ ബെഷറം രംഗ് എന്ന ഗാനം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

1 Comments
Hugo3379 April 23, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6