Skip to content

chithrodayamflashnews.com

November 30, 2026 3:20 am

പ്രഭാത വാർത്തകൾ

2023 | ജനുവരി 17 |ചൊവ്വ |

മാസ്ക് വീണ്ടും നിർബന്ധമാക്കി

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. പൊതുസ്ഥലത്തും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധം. പൊതു ചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കി.

യുവാവിനെ തോട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി

കൊടുങ്ങല്ലൂരില്‍ യുവാവിനെ റോഡരികിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ശൃംഗപുരം രാമശ്ശേടത്ത് പ്രദീപിന്റെ മകന്‍ ധനേഷ് (30) ആണ് മരിച്ചത്. ധനേഷിന്റെ ബുള്ളറ്റ് സമീപത്ത് നിന്നും അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തി. വാഹനാപകടത്തില്‍ മരണമടഞ്ഞതെന്ന് പ്രാഥമിക നിഗമനം.

ഭക്ഷ്യവിഷബാധ: ആറുപേർ ആശുപത്രിയിൽ

മറ്റത്തൂർ മൂന്നുമുറിയിൽ ബേക്കറിയിൽ നിന്ന് ഷവർമ കഴിച്ച ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേർ എറണാകുളം അപ്പോളോ ആശുപത്രിയിലും രണ്ട് പേർ കൊടകരയിലെ ശാന്തി ആശുപത്രിയിലും ചികിത്സയിൽ. ശനിയാഴ്ചയാണ് ഇവർ മൂന്നു മുറിയിലെ ബേക്ക് പോയിന്റ് ബേക്കറിയിൽ നിന്ന് ഷവർമ കഴിച്ചത്.

കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു

പാനൂര്‍: കണ്ണൂര്‍ പാനൂരില്‍ കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു. പാനൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഹാഷിമിനാണ് വെട്ടേറ്റത്. ഹാഷിമിന്റെ ഇരുകാലുകള്‍ക്കും വെട്ടേറ്റു.
കഴിഞ്ഞ ദിവസം പാനൂരില്‍ കോണ്‍ഗ്രസ്-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ഹാഷിമിനും വെട്ടേറ്റതെന്നാണ് സംശയം.

നായയെ കണ്ട് പേടിച്ചു; മൂന്നാംനിലയിൽ നിന്ന് താഴെ വീണ ഡെലിവറി ബോയ് മരിച്ചു; നായയുടെ ഉടമക്കെതിരെ കേസ്

നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപ്പാർട്ട്‌മെന്റിന്റെ മൂന്നാം നിലയിൽ നിന്നും വീണ് പരിക്കേറ്റ ഡെലിവറി ബോയ് മരിച്ചു. തെലങ്കാനയിലാണ് സംഭവം. ഇരുപത്തിമൂന്നുകാരനായ എംഡി റിസ്‌വാൻ ആണ് മരിച്ചത്. മൂന്നാം നിലയിൽ നിന്നും താഴേക്കു വീണ റിസ്‌വാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിൽസയിലിരിക്കെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് റിസ്‌വാൻ മരിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി സ്വി​ഗിയിൽ ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു റിസ്‌വാൻ. കുടുംബത്തോടൊപ്പം യൂസഫ്ഗുഡയിലെ ശ്രീറാം നഗറിലാണ് ഇയാൾ താമസിച്ചിരുന്നത്. ജനുവരി 11-ന് വൈകുന്നേരമാണ് റിസ്‌വാൻ തെലങ്കാനയിലെ ബഞ്ചാര ഹിൽസിലുള്ള ലുംബിനി റോക്ക് കാസിൽ അപ്പാർട്ട്‌മെന്റിലെത്തിയത്. കസ്റ്റമർ വാതിൽ തുറന്നതിനു പിന്നാലെ ഇയാളുടെ ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട വളർത്തുനായ റിസ്‌വാന് നേരെ പാഞ്ഞടുത്തു. നായയിൽ നിന്നും രക്ഷപ്പെടാനായി റിസ്‌വാൻ അടുത്ത നിലയിലേക്ക് ഓടിപ്പോയി.
പരിഭ്രാന്തിക്കിടെ, മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റു. കസ്റ്റമർ ഉടൻ തന്നെ റിസ്വാനെ നിംസിൽ എത്തിച്ചു. റിസ്‌വാന്റെ തലക്കുള്ളിൽ രക്തസ്രാവവും വാരിയെല്ലുകൾക്ക് ഗുരുതരമായി പൊട്ടലും സംഭവിച്ചിരുന്നു. ജനുവരി 14-ന് നിംസിൽ ചികിത്സയിലിരിക്കെയാണ് റിസ്‌വാൻ മരണത്തിന് കീഴടങ്ങിയതെന്ന് പൊലീസ് അറിയിച്ചു. റിസ്‌വാന്റെ സഹോദരൻ ഖാജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നായയുടെ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.


കുടംബ നാഥ’ക്ക് പ്രതിമാസം 2,000 നല്‍കും; കർണാടകയിൽ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ എല്ലാ വീട്ടിലും കുടുംബനാഥയായ സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 നല്‍കുമെന്ന് കോണ്‍ഗ്രസ്. ബെംഗളൂരുവില്‍ നടന്ന കോണ്‍ഗ്രസിന്റെ കണ്‍വെന്‍ഷനില്‍ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്.
1.5 കോടി ഉപയോക്താക്കളെയാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ‘ഗൃഹ ലക്ഷ്മി’ എന്ന ടൈറ്റിലിലാണ് പരിപാടി നടപ്പാക്കുന്നത്. ‘നാ നായികി’ എന്ന തക്കെട്ടില്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പാലസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
അടുത്തമാസം അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ സ്ത്രീകള്‍ കുടുംബനാഥയായ എല്ലാ കുടുംബങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് പ്രഖ്യാപിച്ചിരുന്നു. ഇതിന് ബദലായാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. എല്ലാ വീടുകള്‍ക്കും എല്ലാ മാസവും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന് കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.
ഈ വര്‍ഷം മെയ് മാസത്തോടെയാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. തെരഞ്ഞെടുപ്പിനെ നേരിടാന്‍ വലിയ ഒരുക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ജനുവരി 28 വരെ നടക്കുന്ന കര്‍ണാടകപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രജാധ്വനി എന്ന പേരിൽ പ്രചാരണപരിപാടി നടക്കുന്നുണ്ട്.
ഇതിനിടയില്‍ കോലാറില്‍ നിന്ന് മത്സരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് പട്ടിക വരുന്നതിന് മുമ്പേയാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. 2018ല്‍ ഇരട്ട സീറ്റുകളില്‍ നിന്ന് മത്സരിച്ച സിദ്ധരാമയ്യ അതിലൊരു മണ്ഡലത്തില്‍ തോറ്റിരുന്നു.

ഭീതി; ജനവാസമേഖലയിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടതായി നാട്ടുകാർ, വനം വകുപ്പ് തെരച്ചിൽ തുടങ്ങി
രണ്ട് കുഞ്ഞുങ്ങളെയാണ് കണ്ടത്.  വഴിയാത്രക്കാരാണ് പുലി കുഞ്ഞുങ്ങളെ കണ്ടത്. വനം വകുപ്പ് തെരച്ചിൽ തുടങ്ങി.

പാലക്കാട്: മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസമേഖലയിൽ ഒരു പുലിയെയും പുലിക്കുഞ്ഞുങ്ങളെയും കണ്ടതായി നാട്ടുകാരുടെ പരാതി. രണ്ട് കുഞ്ഞുങ്ങളെയാണ് കണ്ടത്.  വഴിയാത്രക്കാരാണ് പുലി കുഞ്ഞുങ്ങളെ കണ്ടത്. വനം വകുപ്പ് തെരച്ചിൽ തുടങ്ങി. അതേസമയം, പുതുശ്ശേരിയിൽ കർഷകന്‍റെ ജീവനെടുത്തത് കണ്ണൂർ ഇരിട്ടിയിലെ കടുവയാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. ദിവസങ്ങളോളം  ഇരിട്ടിയിലെ ജനവാസ മേഖലകളെ ഭീതിയിലാഴ്‌ത്തിയ കടുവയാണ്‌ വയനാട്ടിലെത്തിയതെന്നാണ്‌ വിലയിരുത്തൽ.
കടുവയുടെ കാൽപ്പാട് പരിശോധനയിൽ വനം വകുപ്പിന് ഇതിന്‍റെ സൂചനകൾ ലഭിച്ചു. ആറളം ഫാമിലും പരിസരങ്ങളിലും ഈ കടുവയുടെ സാധിധ്യമുണ്ടായിരുന്നതായാണ് നിഗമനം. കണ്ണൂർ ജില്ലയോട്‌ ചേർന്നുള്ള വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിലെ വെൺമണി മുതൽ പടിഞ്ഞാറത്തറയിലെ കുപ്പാടിത്തറവരെയും ഈ കടുവയുടെ കാൽപ്പാടുകൾ പതിഞ്ഞിരുന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷം ഓദ്യോഗികമായി  സ്ഥിരീകരിക്കുമെന്നാണ് വനം വകുപ്പ് അറിയിച്ചിട്ടുള്ളത്. 

ഹണിമൂണിനെന്ന പേരില്‍ നവവധുവിനെ വിദേശത്ത് എത്തിച്ച് പെണ്‍വാണിഭം; ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ശിക്ഷ
സിറിയയില്‍ വെച്ചുനടന്ന വിവാഹത്തിന് ശേഷം ഹണിമൂണ്‍ ട്രിപ്പിനെന്ന പേരിലാണ് യുവതിയെ ഭര്‍ത്താവ് ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. സെപ്‍റ്റംബര്‍ 18ന് ഇവര്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. ശേഷം ജുഫൈറിലെ ഒരു ഹോട്ടലിലേക്ക് പോയി.

മനാമ: നവവധുവിനെ വിദേശത്ത് എത്തിച്ച് പെണ്‍വാണിഭം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ. ബഹ്റൈന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. യുവതിയുടെ ഭര്‍ത്താവും അയാളുടെ ആദ്യ വിവാഹനത്തിലെ മകനും മറ്റൊരാളുമാണ് പ്രതികള്‍.
25 വയസുകാരിയായ യുവതിയെയാണ് 39കാരനായ ഭര്‍ത്താവ് പലര്‍ക്കും കാഴ്ചവെച്ച് പണം വാങ്ങാന്‍ ശ്രമിച്ചത്. ഇയാളുടെ ആദ്യ വിവാഹത്തിലെ മകനായ 21 വയസുകാരനും ഇവരുടെ കുടുംബ സുഹൃത്തായ 49 വയസുകാരനുമാണ് ബഹ്റൈന്‍ പൊലീസിന്റെ പിടിയിലായത്. കേസില്‍ ഉള്‍പ്പെട്ട എല്ലാവരും സിറിയന്‍ പൗരന്മാരാണ്. സാമ്പത്തിക നേട്ടമുണ്ടാക്കാനായി മനുഷ്യക്കടത്തിന് പദ്ധതിയിട്ട് നടത്തിയ നീക്കമായിരുന്നു പ്രതികളുടേതെന്ന് കോടതി കണ്ടെത്തി.
സിറിയയില്‍ വെച്ചുനടന്ന വിവാഹത്തിന് ശേഷം ഹണിമൂണ്‍ ട്രിപ്പിനെന്ന പേരിലാണ് യുവതിയെ ഭര്‍ത്താവ് ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. സെപ്‍റ്റംബര്‍ 18ന് ഇവര്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. ശേഷം ജുഫൈറിലെ ഒരു ഹോട്ടലിലേക്ക് പോയി. അവിടെ  പ്രതികളെല്ലാവരും ചേര്‍ന്ന് യുവതിയെ പിടിച്ചുവെച്ചു. ഭീഷണിപ്പെടത്തുകയും അപരിചിതരായ ആളുകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു.
എന്നാല്‍ ധൈര്യപൂര്‍വം രക്ഷപ്പെട്ട യുവതി, ബഹ്റൈന്‍ പൊലീസിനെ സമീപിച്ച് സംഭവങ്ങളെല്ലാം വിവരിച്ചു. ഒക്ടോബര്‍ 18നായിരുന്നു ഇക്കാര്യങ്ങള്‍ പൊലീസിന്റെ മുന്നിലെത്തിയത്. ഭര്‍ത്താവ് അപരിചിതരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതിനാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യം ഇവര്‍ കോടതിയില്‍ വിചാരണയ്ക്കിടെ ജഡ്ജിമാരുടെ മുന്നില്‍ വിവരിച്ചു. കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ കോടതി മൂന്ന് പ്രതികള്‍ക്കും 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ മൂന്ന് പേരെയും ബഹ്റൈനില്‍ നിന്ന് നാടുകടത്തും


മറുപടി പറയാൻ സൗകര്യമില്ല’, ക്ഷോഭിച്ച് പി വി അൻവർ, ഇ ഡിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചു
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇ ഡി വിളിപ്പിച്ചെതെന്ന് പരിഹസിച്ച എംഎൽഎ മറുപടി പറയാൻ സൗകര്യമില്ലെന്നും പറഞ്ഞു. 

കൊച്ചി : ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചിയിൽ ചോദ്യം ചെയ്തതിനോട് പ്രതികരിക്കാതെ പി വി അൻവർ എം എൽ എ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷോഭിച്ചാണ് പി വി അൻവർ പ്രതികരിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇ ഡി വിളിപ്പിച്ചെതെന്ന് പരിഹസിച്ച എംഎൽഎ മറുപടി പറയാൻ സൗകര്യമില്ലെന്നും പറഞ്ഞു. 
10 വ‍ർഷം മുമ്പ് നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജൻസി പി വി അൻവർ എം എൽ എയെ വിളിച്ചുവരുത്തിയത്. തന്‍റെ ഉടമസ്ഥതയിൽ മംഗലാപുരത്ത് ക്വാറിയുണ്ടെന്നും 50 ലക്ഷം രൂപ മുടക്കിയാൽ 10 ശതമാനം ഷെയർ നൽകാമെന്നും അൻവർ തെറ്റിദ്ധരിപ്പിച്ചെന്നാണ് മലപ്പുറം സ്വദേശിയായ വ്യവസായി സലീം ഇഡിയ്ക്ക് മൊഴി നൽകിയത്. 
മാസം തോറും 50000 രൂപവീതം ലാഭ വിഹിതമായി നൽകാമെന്നും അറിയിച്ചു. 10 ലക്ഷം രൂപ ബാങ്ക് മുഖേനയും 40 ലക്ഷം രൂപ നേരിട്ടും പി വി അൻവറിന് കൈമാറിയെന്നാണ് പരാതിക്കാരനായ സലീം എൻഫോഴ്സ്മെന്‍റിനോട് പറ‍ഞ്ഞത്. പണം നൽകിയെങ്കിലും ലാഭവിഹിതം കിട്ടിയില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ അൻവറിന് സ്വന്തമായി ക്വാറിയില്ലെന്നും ഇബ്രാഹിം എന്നയാളുടെ ഉടമസ്ഥതയിലുളള ക്വാറി കാണിച്ചാണ് തന്‍റെ പക്കൽ നിന്ന് പണം വാങ്ങിയതെന്നും സലീം ആരോപിച്ചു. ഈ പശ്ചാത്തലത്തിലാണ് അൻവറിനെ ഇ ഡി വിളിച്ച് വരുത്തിയത്. സാമ്പത്തിക ഇടപാടിൽ കളളപ്പണം ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് കേന്ദ്ര ഏജൻസി പരിശോധിക്കുന്നത്. ഇടപാടുമായി ബന്ധമുളള നിരവധിപ്പേരുടെ മൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. 


യു.എസില്‍ തീവ്രവ്യാപനത്തിന് കാരണമായ കോവിഡ് വകഭേദം ഇന്ത്യയിലും വര്‍ധിക്കുന്നു; കേസുകള്‍ 26 ആയി

ന്യൂഡൽഹി: അമേരിക്കയിൽ തീവ്രവ്യാപനത്തിന് കാരണമായ XBB.1.5 വകഭേദം ഇന്ത്യയിൽ വർധിക്കുന്നു. നിലവിൽ 26 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് (ഇന്ത്യന്‍ സാര്‍സ്-കോവ്-2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യം) ആണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടിരിക്കുന്നത്.
11 സംസ്ഥാനങ്ങളിൽ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇന്‍സാകോഗ് പുറത്തുവിട്ട ഡാറ്റയിലുള്ളത് . അമേരിക്കയിൽ 44 ശതമാനത്തോളം കോവിഡ് കേസുകൾക്കും പിന്നിൽ XBB.1.5 ആണ്. ചൈനയിലെ വ്യാപനത്തിന് കാരണമായ BF.7 വകഭേദം രാജ്യത്ത് 14 എന്ന സംഖ്യയിലേക്ക് ഉയർന്നുവെന്നും ഡാറ്റയിലുണ്ട്. പശ്ചിമബംഗാളില്‍ നാലും മഹാരാഷ്ട്രയിൽ മൂന്നും ഹരിയാണയിലും ​ഗുജറാത്തിലും രണ്ടുവീതവും ഒഡീഷയിലും ഡൽഹിയിലും കർണാടകയിലും ഓരോന്നുവീതവുമാണ് BF.7 വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒമിക്രോണിന്റെതന്നെ ബി.ജെ.1, ബി.എ.2.75 ഉപവിഭാഗങ്ങള്‍ ചേര്‍ന്നുള്ള എക്‌സ്.ബി.ബി. വകഭേദത്തിന്റെ ഉപവകഭേദമാണ് എക്‌സ്.ബി.ബി.-1.5. കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും രോഗവ്യാപന ശേഷിയുള്ള ഇത് ഓഗസ്റ്റില്‍ സിങ്കപ്പൂരിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, പനി, തളര്‍ച്ച, തലവേദന, വയറിളക്കം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍.
അമേരിക്ക, യു.കെ., ബെൽജിയം, ജർമനി, ഫ്രാൻസ്, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ നേരത്തേ ബി.എഫ്.7 വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു. കടുത്ത തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, കടുത്തപനി തുടങ്ങിയവയെല്ലാം ബി.എഫ്-7 വകഭേദത്തിൽ കൂടുതൽ കാണുന്നുണ്ടെന്നാണ് ആരോ​ഗ്യ വി​ദ​ഗ്ധർ പറയുന്നത്
ലോകം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും അപകടകാരിയായ കോവിഡ് വകഭേദം എക്‌സ്.ബി. ബി.യാണെന്ന് മിനസോട്ട സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധിവിദഗ്ധനായ ഡോ. മൈക്കല്‍ ഓസ്റ്റര്‍ഹോം നേരത്തേ പറഞ്ഞിരുന്നു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണംവന്നാല്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 രൂപ; പ്രഖ്യാപനവുമായി പ്രിയങ്ക

ബെംഗളൂരു: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയിലെ ഓരോ വീട്ടമ്മമാര്‍ക്കും പ്രതിമാസം രണ്ടായിരം രൂപ വീതം നല്‍കുമെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പദ്ധതി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘നാ നായഗി’ എന്ന വനിതാ കണ്‍വെന്‍ഷനിലാണ് പദ്ധതിയുടെ പ്രഖ്യാപനം. ഗൃഹലക്ഷ്മി എന്നു പേരിട്ടിരിക്കുന്ന പദ്ധതി ഒന്നരക്കോടിയിലധികം വീട്ടമ്മമാര്‍ക്ക് പ്രയോജനകരമാകുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെ കുടുംബങ്ങള്‍ ശാക്തീകരിക്കപ്പെടുമെന്നും അതുവഴി രാഷ്ട്രം തന്നെ പുരോഗതിയാര്‍ജ്ജിക്കുമെന്നും കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്ന പ്രിയങ്ക ഗാന്ധി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച പ്രിയങ്ക ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് എന്തു മാറ്റമാണുണ്ടായതെന്നും വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിഞ്ഞെന്നും ചോദിച്ചു. കര്‍ണാടകയില്‍ ഒന്നര ലക്ഷം കോടി രൂപയാണ് അഴിമതിയിലൂടെ നഷ്ടപ്പെട്ടതെന്നും പ്രിയങ്ക പറഞ്ഞു. ബെംഗളൂരു ഉള്‍പ്പടെ കര്‍ണാടകയിലെ പല സ്ഥലങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവെന്നും അതിനെതിരെ സര്‍ക്കാര്‍ എന്താണ് ചെയ്തത്. തൊഴില്‍ നല്‍കുക എന്നതിലുപരി വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് ഈ സര്‍ക്കാരിനു താത്പര്യം. ചില ബിസിനസ്സ് വമ്പന്മാരെ പ്രീതിപ്പെടുത്തുന്നതില്‍ മാത്രമാണ് ബിജെപിയുടെ ശ്രദ്ധ.
കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ കര്‍ഷകര്‍ക്കു ലോണ്‍ നല്‍കി. ഐടി മേഖല ശക്തിപ്പെട്ടതും കോണ്‍ഗ്രസിന്റെ ഭരണകാലത്താണ്. കോണ്‍ഗ്രസ് സ്ത്രീകള്‍ക്കായി ഒരു പ്രകടന പത്രിക തയ്യാറാക്കിയപ്പോള്‍ പലരും കളിയാക്കി. എന്നാല്‍ അതിനു പിന്നാലെയാണ് പല രാഷ്ട്രീയ പാര്‍ട്ടികളും സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ തുടങ്ങിയത്. കോണ്‍ഗ്രസ് പ്രതിമാസം രണ്ടായിരം രൂപ വീതം വീട്ടമ്മമാര്‍ക്കു നല്‍കും. 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും എല്ലാ വീടുകളിലും നല്‍കും. ഇനി വരുന്ന തിരഞ്ഞെടുപ്പുകളിലെങ്കിലും നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നുണ്ടെന്ന് നിങ്ങള്‍ ഉറപ്പാക്കണം. പ്രിയങ്ക പറഞ്ഞു.

കേശദാനം ചെയ്ത് നീരജ് നാരായണൻ മാതൃകയായി

പടന്ന : കീമോ ചികിത്സയുടെ ഭാഗമായി നിർധനരായ ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനായി കേശദാനം ചെയ്ത് എടച്ചാകൈ കിനാത്തിൽ സ്വദേശിയും ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂൾ എഴാം ക്ലാസ്സ്‌ വിദ്യാർത്ഥി നീരജ് നാരായണൻ മാതൃകയായി. രോഗികളുടെ വിഷമം മനസ്സിലാക്കിയ നീരജ് നാരായണൻ താൻ ഓമനിച്ച് വളർത്തിയ മുടി ദാനം ചെയ്യാൻ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വരികയായിരുന്നു. എടച്ചാക്കൈ കിനാത്തിൽ സ്വദേശികളയ കെ.വി.നാരായണൻ, പി.വി.രജനി ദമ്പതികളുടെ മകനാണ് ഈ എഴാം ക്ലാസ്സ് വിദ്യാർത്ഥി. ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.മുഹമ്മദ് അസ്‌ലം, സ്കൂൾ പ്രധാന അദ്ധ്യാപിക കൈരളി ടീച്ചർ, പടന്ന ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ അനിൽ കുമാർ മാസ്റ്റർ, സ്കൂൾ മാനേജർ കുഞ്ഞിക്കോരൻ, പടന്ന ഗ്രാമപഞ്ചായത്ത്‌ മെമ്പർ രാഘൻ എന്നിവർ പങ്കെടുത്തു. BDK കാസർഗോഡിന് വേണ്ടി കോഡിനേറ്റർമാരായ ഷരീഫ് മാടാപ്പുറം, വിപിൻ മുട്ടത്ത് എന്നിവർ ചേർന്ന് മുടി ഏറ്റുവാങ്ങി.

എ.കെ.ജി മന്ദിരത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു

മാവിലാകടപ്പുറം : പുതുതായി നിർമ്മിക്കുന്ന മാവിലാകടപ്പുറം പന്ത്രണ്ടിൽ എ.കെ.ജി മന്ദിരത്തിന്റെ തറക്കല്ലിടൽ കർമ്മം എം.രാജഗോപാലൻ എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ നിർമ്മാണ കമ്മിറ്റി കൺവീനർ കെ.മധുവിന്റെ സ്വാഗത ഭാഷണത്തിൽ നിർമ്മാണ കമ്മിറ്റി ചെയർമാൻ വി.വി.ഉത്തമൻ അധ്യക്ഷത വഹിച്ചു. സിപിഎം നോർത്ത് ലോക്കൽ സെക്രട്ടറി സി.നാരായണൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ശാമള, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.അനിൽകുമാർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ഡ്യാല, വാർഡ് മെമ്പർ വി.മധു എന്നിവർ സംസാരിച്ചു. കെ.സി.ഷുക്കൂർ, കെ.വി.അമ്പുകുഞ്ഞി എന്നിവരിൽ നിന്ന് നിർമ്മാണ ഫണ്ടിലേക്കുള്ള സംഭാവന എം.രാജഗോപാലൻ എം.എൽ.എ ഏറ്റുവാങ്ങി. പി.വി.ഷാജി നന്ദി പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6