Skip to content

chithrodayamflashnews.com

November 30, 2026 2:25 am

കോടതി വിധിയിൽ സംതൃപ്തരാണെന്ന് രഞ്ജിത്ത് ശ്രീനിവാസന്റെ കുടുംബം

വായ്ക്കരി ഇടാൻ പോലും പറ്റാത്ത തരത്തിലാണ് അവർ കാണിച്ചുവെച്ചത്; അതുകണ്ടത് ഞാനും അമ്മയും മക്കളും അനിയനുമാണ്; ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്; എങ്കിലും കോടതി വിധിയിൽ ആശ്വാസമുണ്ട്; കോടതി വിധിയിൽ സംതൃപ്തരാണെന്ന് രഞ്ജിത്ത് ശ്രീനിവാസന്റെ കുടുംബം

ആലപ്പുഴ: പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിച്ചതിൽ സംതൃപ്തരാണെന്ന് കൊല്ലപ്പെട്ട അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ. വിധി കേട്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്. എങ്കിലും കോടതി വിധിയിൽ ആശ്വാസമുണ്ടെന്ന് രഞ്ജിത്തിന്റെ ഭാര്യ പറഞ്ഞു.
‘ഭഗവാന്റെ വേറെ വിധിയുണ്ടല്ലോ. പ്രകൃതിയുടെ നീതിയുണ്ട്. അതു പിറകെ വരും. അത്യപൂർവമായ കേസു തന്നെയാണിത്. അതുകൊണ്ടു തന്നെ കോടതി വിധിയിൽ കുടുംബം സംതൃപ്തരാണ്. സത്യസന്ധമായി അന്വേഷിച്ച് വിവരങ്ങൾ കോടതിയിലെത്തിച്ച ഡിവൈഎസ്‌പി ജയരാജ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരോടും നന്ദി അറിയിക്കുന്നു.’
‘പ്രോസിക്യൂട്ടറോടും വളരെ നന്ദിയുണ്ട്. അദ്ദേഹത്തോട് നന്ദി പറഞ്ഞാൽ തീരില്ല. അതിക്രൂരമായ കൊലപാതകമാണ് നടത്തിയത്. വായ്ക്കരി ഇടാൻ പോലും പറ്റാത്ത തരത്തിലാണ് ഏട്ടനെ അവർ കാണിച്ചുവെച്ചത്. അതു കണ്ടത് ഞാനും അമ്മയും മക്കളും അനിയനുമാണ്. കോടതി എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചു എന്നാണ് മനസ്സിലാക്കുന്നതെന്ന്’ രഞ്ജിത്തിന്റെ ഭാര്യ പറഞ്ഞു.
കോടതി വിധിയിൽ സംതൃപ്തിയുണ്ടെന്ന് രഞ്ജിത്തിന്റെ അമ്മയും പ്രതികരിച്ചു. കോടതി ഞങ്ങളെ രക്ഷിച്ചു. വധശിക്ഷ തന്നെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അമ്മ പറഞ്ഞു. അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിചാരണ നേരിട്ട 15 പ്രതികൾക്കും വധശിക്ഷയാണ് കോടതി വിധിച്ചത്. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
2021 ഡിസംബർ 19ന് പുലർച്ചയാണ് ആലപ്പുഴ വെള്ളക്കിണറിലെ കുന്നുംപുറത്ത് വീട്ടിൽ കയറിയ സംഘം കുടുംബാംഗങ്ങളുടെ മുന്നിലിട്ട് രൺജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. 12 അംഗ സംഘം ആറ് വാഹനത്തിലായി എത്തി കൃത്യം നടത്തിയെന്നായിരുന്നു കേസ്. 2021 ഡിസംബർ 18ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാൻ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് കൃത്യം നടന്നതെന്നായിരുന്നു കേസ്.
എസ്.ഡി.പി.ഐ -പോപുലർ ഫ്രണ്ട് പ്രവർത്തകരായ ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേ ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടക്കൽ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരങ്ങാട്ട് മുഹമ്മദ് അസ്ലം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൽ കലാം (സലാം), അടിവാരം ദാറുസബീൻ വീട്ടിൽ അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകത്ത് സഫറുദ്ദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറയിൽ മൻഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്തുശ്ശേരി ചിറയിൽ ജസീബ് രാജ, മുല്ലക്കൽ വട്ടക്കാട്ടുശ്ശേരി നവാസ്, കോമളപുരം തയ്യിൽവീട്ടിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണറുകാട് നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, തെക്കേവെളിയിൽ ഷാജി (പൂവത്തിൽ ഷാജി), മുല്ലക്കൽ നൂറുദ്ദീൻ പുരയിടത്തിൽ ഷെർനാസ് അഷ്‌റഫ് എന്നിവരാണ് പ്രതികൾ.
ഒന്നു മുതൽ എട്ടുവരെയുള്ളവർ നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തെന്നും ഒമ്പതു മുതൽ 12 വരെയുള്ള പ്രതികൾ സഹായം നൽകിയെന്നും മറ്റുള്ളവർ ഗൂഢാലോചനയിൽ പങ്കാളികളായെന്നും കോടതി കണ്ടെത്തിയിരുന്നു. കേസിൽ നൂറോളം സാക്ഷികളെയും ആയിരത്തോളം രേഖകളും നൂറിലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6