2023 | ജനുവരി 17 | ചൊവ്വ |

രാജ്യത്ത് എവിടെ നിന്നും വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനമൊരുങ്ങുന്നു
രാജ്യത്ത് എവിടെ കഴിയുന്ന പൗരനും വോട്ട് ഉറപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ക്ക് തുടക്കമായി. ഒരു ഇന്ത്യ, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിന് മുന്നോടിയായാണ് നടപടികള്‍. അതിത്ഥി തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്കാകും പദ്ധതിയുടെ പ്രയോജനം ലഭിക്കുക. വോട്ടിംഗ് ശതമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയാണ് ലക്ഷ്യം. സ്വന്തം മണ്ഡലത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി സാങ്കേതിക സൗകര്യം ഉപയോഗിച്ച് നേരിടാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന വിധത്തിലുള്ള വോട്ടിംഗ് മെഷീനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവതരിപ്പിക്കുക. സാങ്കേതികമായി വോട്ടിംഗ് മെഷീനായുള്ള തയ്യാറെടുപ്പുകള്‍ കമ്മീഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. കരട്പദ്ധതി അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളോട് വിശദീകരിച്ച ശേഷം മറ്റ് അനുബന്ധ നടപടികള്‍ കമ്മീഷന്‍ പൂര്‍ത്തിയാക്കും. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുതല്‍ ഇത്തരം വോട്ടിംഗ് മെഷീന്‍ ഉപയോഗിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം.
പെണ്ണായി അഭിനയിച്ച് വാട്സ്ആപ്പ് ചാറ്റിംങ്, തട്ടിയത് ലക്ഷങ്ങൾ
പരപ്പനങ്ങാടി: പെണ്ണായി അഭിനയിച്ച് വാട്സാപ്പിലൂടെ പരിചയപ്പെട്ട് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ. വിവാഹമോചിതയായ സ്ത്രീയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു യുവാവിൻ്റെ വാട്ട്സ്ആപ്പ് ചാറ്റിംങ്ങിലൂടെ അരിയല്ലൂർ സ്വദേശിയായ യുവാവിനെ കെണിയിൽ വീഴ്ത്തിയത്. പെണ്ണായി അഭിനയിച്ച പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് അദ്നാനെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.
പല ഘട്ടങ്ങളിലായി മൂന്നു ലക്ഷം രൂപയോളമാണ് യുവാവിൽ നിന്നും തട്ടിയെടുത്തത്. ഏഴു മാസം മുമ്പാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. അനഘ എന്ന പേരിലാണ് മുഹമ്മദ് അദ്നാൻ പരിചയപ്പെട്ടിരുന്നത്. അമ്മ അസുഖബാധിതയാണെന് വിശ്വസിപ്പിച്ചു കൊണ്ടാണ് ലക്ഷങ്ങൾ തട്ടിയെടുത്തത്. ഒരേസമയം അനഘ എന്ന പെൺകുട്ടിയായും പെൺകുട്ടിയുടെ അടുത്ത സുഹൃത്തായും ഇരട്ട റോളിലാണ് മുഹമ്മദ് അദ്നാൻ അഭിനയിച്ച് ഇയാളെ കബളിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
പെൺകുട്ടി ഒരിക്കൽ പോലും സാധാരണ ഫോൺ വിളിക്കുകയോ വോയിസ് ചാറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അനഘയാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ നിന്നും ഡൗൺലോഡ് ചെയ്ത ഒരു പെൺകുട്ടിയുടെ ഫോട്ടോ നൽകി പറ്റിക്കുകയായിരുന്നു.
പ്രണയത്തിൽ കുരുങ്ങിയ യുവാവ് കാണാപുറത്തുള്ള കാമുകിയെ വിവാഹം കഴിക്കുന്നതിനും നേരിട്ട് കാണാനുമായി എട്ടു തവണയോളം പെരിന്തൽമണ്ണയിലേക്ക് പോയിരുന്നു. തന്റെ കാമുകിയെ കാണിക്കാൻ സഹോദരിമാരെ വരെ പെരിന്തൽമണ്ണയിലേക്ക് വരുത്തിയിരുന്നു. ഒടുവിൽ, കബളിപ്പിക്കപ്പെട്ടതായി സംശയമുയർന്നതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് പരാതി നൽകിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്ണായി അഭിനയിച്ച മുഹമ്മദ് അദ്നാനെ പിടികൂടിയത്. പരപ്പനങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി സബ് ഇൻസ്പെക്ടർ അജീഷ് കെ. ജോൺ, ജയദേവൻ, സിവിൽ പോലീസ് ഓഫിസർ മുജീബ്, വിബീഷ്, രഞ്ജിത്ത് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ സമാനമായ തട്ടിപ്പുകൾ പലയിടങ്ങളിലും തെളിഞ്ഞതായി പൊലീസ് പറഞ്ഞു.
ബാലറ്റ്പെട്ടി കാണാതായ സംഭവം: അതീവ ഗുരുതരമെന്ന് ഹൈക്കോടതി; ഈ മാസം 30ന് കേസ് വീണ്ടും പരിഗണിക്കും
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ ബാലറ്റ് പെട്ടി കാണാതായ സംഭവം അതീവ ഗുരുതരമെന്ന് ഹൈക്കോടതി. നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഇടത് സ്ഥാനാർത്ഥി കെപിഎം മുസ്തഫയുടെ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു ഹൈക്കോടതി. കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ ഹൈക്കോടതി കക്ഷി ചേർത്തു. ജനുവരി 30 ന് കേസ് വീണ്ടും പരിഗണിക്കും.
ബാലറ്റുകൾ കാണാതായത് കോടതിയുടെ മേൽനോട്ടത്തിലോ, തിരഞ്ഞെടുപ്പ് കമ്മീഷനോ അന്വേഷിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. ബാലറ്റുകൾ ഉദ്യോഗസ്ഥർക്ക് തിരികെ നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ബാലറ്റുകൾ ഹൈക്കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കാനാണ് തീരുമാനം.
പെരിന്തല്‍മണ്ണ സബ് ട്രഷറിയിലായിരുന്നു 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടികള്‍ സൂക്ഷിച്ചത്. പെട്ടികളിലൊന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് മാറ്റി. സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റാനായി ഇന്നലെ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ മാത്രമാണ് ഇക്കാര്യം റിട്ടേണിങ് ഓഫീസറുടെ അടക്കം ശ്രദ്ധയിൽ വന്നത്.
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സാമഗ്രികളും പെരിന്തമണ്ണ ട്രഷറിയിലാണ് സൂക്ഷിച്ചത്. ഇത് മലപ്പുറം സഹകരണ രജിസ്ട്രാർ ഓഫീസിലേക്ക് മാറ്റിയപ്പോള്‍ നിയമസഭ മണ്ഡലത്തിലെ സ്പെഷ്യല്‍ തപാൽ വോട്ടുകളുടെ ഒരു പെട്ടിയും കൂട്ടത്തില്‍ ഉള്‍പ്പെട്ടുപോയെന്നാണ് ഉദ്യാഗസ്ഥരുടെ മറുപടി.
ഗുരുതരമായ വീഴ്ച ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായെന്നാണ് റിട്ടേണിങ് ഓഫീസറായ സബ് കലക്ടറുടെ റിപ്പോര്‍ട്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം നശിപ്പിക്കാന്‍ വേണ്ടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ പെരിന്തല്‍മണ്ണയില്‍ നിന്നും മലപ്പുറത്തേക്ക് മാറ്റിയത്. ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടു പോയ നിയമസഭ തെരഞ്ഞെടുപ്പിലെ നിര്‍ണായക തപാല്‍ വോട്ടുകളും ഭാവിയില്‍ നശിപ്പിക്കപ്പെട്ടു പോകാന്‍ സാധ്യത ഉണ്ടാകുമായിരുന്നു.
ട്രഷറി ഓഫീസര്‍, സഹകരണ ജോയിന്റ് രജസിസ്ട്രാർ, ഈ രണ്ട് ഓഫീസുകളിലെയും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നൽകി. വീഴ്ച ഉദ്യോഗസ്ഥ തലത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും അട്ടിമറി നടന്നെന്നും ആരോപിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വന്ന അലംഭാവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.
സൗദിയില്‍ റൊണാള്‍ഡോയുടെ അരങ്ങേറ്റം പി എസ് ജിക്കെതിരെ ക്യാപ്റ്റനായി
റിയാദ്: സൗദ് ക്ലബ്ബ് അല്‍ നസ്റിനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ അരങ്ങേറ്റം ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിക്കെതിരെ. അല്‍-നസ്ര്‍, അല്‍ ഹിലാല്‍ ക്ലബ്ബുകളുടെ സംയുക്ത ഇലവനായ റിയാദ് എസ് ടി ഇലവന്‍റെ നായകനായാണ് റൊണാള്‍ഡോ മെസിയും നെയ്മറും എബാപ്പെയും ഉള്‍പ്പെടുന്ന പി എസ് ജിക്കെതിരെ കളിക്കാനിറങ്ങുക.
അല്‍ നസ്റില്‍ ഔദ്യോഗികമായി അവതരിപ്പിച്ചുവെങ്കിലും റൊണാള്‍ഡോ ഇതുവരെ ക്ലബ്ബിനായി കളിക്കാനിറങ്ങിയിട്ടില്ല. ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന്‍(എഫ് എ) ഏര്‍പ്പെടുത്തിയ രണ്ട് മത്സര വിലക്കുള്ളതിനാലാണ് റൊണാള്‍ഡോയുടെ അരങ്ങേറ്റം വൈകിപ്പിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്ന റൊണാള്‍ഡോ ലോകകപ്പിന് തൊട്ടു മുമ്പാണ് ക്ലബ്ബുമായി തെറ്റിപ്പിരിഞ്ഞ് കരാര്‍ റദ്ദാക്കിയത്. പിന്നീടാണ് അല്‍ നസ്‌റുമായി 200 മില്യണ്‍ യൂറോക്ക് രണ്ടര വര്‍ഷ കരാറില്‍ റൊണാള്‍ഡോ ഒപ്പിട്ടത്.
റിയാദ് എസ് ടി ഇലവനില്‍ ലോകകപ്പില്‍ അര്‍ജന്‍റീനയക്കെതിരെ ഗോളടിച്ച സൗദി താരം സലേം അല്‍ ദസൗരിയും സൗദ് അബ്ദുള്‍ഹമീദും ഉണ്ട്. വ്യാഴാഴ്ച റിയാദിലാണ് മത്സരം നടക്കുക. മത്സരത്തിന്‍റെ ടിക്കറ്റ് സ്വന്തമാക്കാനായി ഇരുപത് ലക്ഷത്തോളം അപേക്ഷകളാണ് സംഘാടകര്‍ക്ക് ലഭിച്ചത്. ഒരു കോടി സൗദി റിയാലാണ് മത്സരം കാണാനുളള അവസാന ടിക്കറ്റ് ലേലത്തിന് വെച്ചപ്പോള്‍ ലഭിച്ചത്. 10 ലക്ഷം സൗദി റിയാൽ അടിസ്ഥാന തുകയിലാണ് ലേലം വിളി തുടങ്ങിയത്.
ജേതാക്കളെ കിരീടമണിയിക്കാനും കളിക്കാരോടൊപ്പം ഫോട്ടോ എടുക്കാനും ഇരുടീമുകളുടെയും ഡ്രസ്സിങ് റൂമിൽ പ്രവേശിക്കാനും ടീമുകൾക്കൊപ്പം ഭക്ഷണം കഴിക്കാനുമുള്ള അവസരമാണ് അവസാന ടിക്കറ്റ് നേടുന്നയാൾക്ക് ലഭിക്കുക.അല്‍ നസ്റിനൊപ്പം അല്‍ ഹിലാല്‍ ക്ലബ്ബിലെ അംഗങ്ങല്‍ കൂടി ചേരുന്ന സംയുക്ത ടീമാണ് റിയാദ് സീസൺ കപ്പില്‍ 19ന് പി എസ് ജിയെ നേരിടുക. മാഞ്ചസ്റ്റര്‍ യുണൈറ്റ് താരമായിരുന്ന റൊണാള്‍ഡോ റെക്കോര്‍ഡ് തുകക്കാണ് സൗദി ക്ലബ്ബ് അല്‍ നസ്റുമായി രണ്ടര വര്‍ഷത്തെ കരാറിലൊപ്പിട്ടത്.
ഐവിഎഫിലൂടെ ഗർഭിണിയാകുന്ന സ്ത്രീകൾക്ക് മൂന്നുലക്ഷം;
ജനസംഖ്യ കൂട്ടാൻ കൂടുതൽ പദ്ധതികളുമായി സിക്കിം
ജനന നിരക്ക് കുറയുന്നത് തടയാൻ വിവിധ പദ്ധതികളുമായി സിക്കിം. മുഖ്യമന്ത്രി പ്രേം സിങ് തമാങ് ആണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കുട്ടി മാത്രമല്ല, ഒന്നിലധികം കുട്ടികൾക്കു വേണ്ടി കുടുംബം ശ്രമിക്കണമെന്നും സിക്കിം മുഖ്യമന്ത്രി പറയുന്നു. തദ്ദേശസമൂഹത്തിനാണ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.
ഞായറാഴ്ച സൗത്ത് സിക്കിമിലെ ജോറെതാങ് പട്ടണത്തിൽ മാഘെ സംക്രാന്തി ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു സ്ത്രീക്ക് ഒരു കുട്ടി എന്ന നിലപാട് സ്വീകരിച്ചതോടെ സമീപവർഷങ്ങളിൽ ജനനനിരക്ക് കുറഞ്ഞു. ഇത് തദ്ദേശസമൂഹങ്ങളുടെ ജനസംഖ്യ കുറയാൻ കാരണമായി എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഐവിഎഫിലൂടെ കുട്ടികൾക്ക് ജന്മം നൽകുന്ന സ്ത്രീകൾക്കായി മൂന്ന് ലക്ഷം രൂപയാണ് ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ ഐവിഎഫ് സൗകര്യം തന്റെ സർക്കാർ ലഭ്യമാക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി പറയുന്നു. ഇതുവരെ 38 സ്ത്രീകൾ ഐവിഎഫ് സൗകര്യം നേടിയിട്ടുണ്ട്. അതിൽ ചിലർ ഇപ്പോൾ അമ്മമാരായി കഴിഞ്ഞു എന്നും സിക്കിം മുഖ്യമന്ത്രി പറയുന്നു. നേരത്തെ തന്നെ ജോലിയുള്ള സ്ത്രീകൾക്ക് ഒരു വർഷം പ്രസവാവധി അനുവദിച്ചിരുന്നു. അതുപോലെ ഇവരുടെ ഭർത്താക്കന്മാർക്ക് 30 ദിവസം പിതൃത്വ അവധിയും അനുവദിച്ചിരുന്നു.
രണ്ടോ മൂന്നോ കുട്ടികളുള്ള സ്ത്രീകൾക്ക് വേറെയും ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. രണ്ടാമത് കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീകൾക്ക് ശമ്പളത്തില്‍ ഒരു ഇൻക്രിമെന്റും മൂന്നാമത് കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീകൾക്ക് രണ്ട് ഇൻക്രിമെന്റും നൽകും. ഈ ആനൂകൂല്യം തദ്ദേശസമൂഹത്തിന് മാത്രമല്ല അതിന് പുറത്തുള്ള സ്ത്രീകൾക്കും ലഭ്യമാക്കുന്നുണ്ട്.
ജനന നിരക്ക് കുറയുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു കൊണ്ടാണ് സർക്കാർ ഇത്തരം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തത്തെ സർക്കാർ ഒരു കുഞ്ഞിനെയാണ് പ്രോത്സാഹിപ്പിച്ചത് എന്ന് പറഞ്ഞുകൊണ്ട് തന്റെ സർക്കാർ അതിന് നേരെ വിപരീതമായിരിക്കും എന്നും തമാങ് പറഞ്ഞു.
തിരൂർ ഗൾഫ് മാർക്കറ്റിൽ വൻ തീപ്പിടുത്തം
തിരൂർ ഗൾഫ് ബസാറിൽ വൻ തീപ്പിടുത്തം. പുലർച്ചെ ഒന്നരയോടെയാണ് സംഭവം. അഞ്ചോളം മൊബൈൽ കൗണ്ടറുകൾ പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്. എട്ട് കൗണ്ടറുകൾ ഭാഗികമായും
കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. തിരൂർ, പൊന്നാനി, താനൂർ എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സത്തിയാണ് തീയണച്ചത്. തീയണക്കാൻ ഏറെ സമയമെടുത്തു. കടകളുടെ അകത്താണ് തീപ്പിടുത്തമുണ്ടായത്.
ഷട്ടറുകൾ തുറന്ന് പരിശോധിച്ചപ്പോഴാണ് കൂടുതൽ നഷ്ടം കണ്ടെത്തിയത്.
തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇന്ന് ശാസ്ത്രീയ പരിശോധന നടക്കും.
ക്ഷേമ പെന്‍ഷനുകള്‍ അടക്കമുള്ള ജനക്ഷേമ പദ്ധതികള്‍ നിറുത്തലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനക്ഷേമ പദ്ധതികള്‍ നിറുത്തലാക്കാനാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. അതിന് മനസില്ലെന്നാണ് കേന്ദ്രസര്‍ക്കാരിനോട് പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ജിഒ യൂണിയന്‍ വജ്രജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍നിന്നും വിട്ടു നില്‍ക്കണമെന്ന് എസ്എന്‍ ട്രസ്റ്റിന്റെ ബൈലോയില്‍ ഹൈക്കോടതി ഭേദഗതി വരുത്തി.
കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. മുന്‍ ട്രസ്റ്റ് അംഗം അഡ്വ ചെറുന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ബൈലോ പുതുക്കി ഉത്തരവിറക്കിയത്. കോടതി ഉത്തരവ് വെള്ളാപ്പള്ളി നടേശന് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്.
എസ് എന്‍ ട്രസ്റ്റിന്റെ ബൈലോയില്‍ ഹൈക്കോടതി ഭേദഗതി വരുത്തിയതു തന്നെ ബാധിക്കില്ലെന്നു എസ്എന്‍ ട്രസ്റ്റ് അംഗവും എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍.
താന്‍ കേസില്‍ പ്രതിയല്ല. വിചാരണ നടത്തിയിട്ടില്ല. ഒരു കുറ്റപത്രവും ഇല്ല. തന്നെ കള്ളനാക്കി വെടക്കാക്കി തനിക്കാക്കാനാണു ചിലര്‍ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ ലഷ്‌കര്‍ ഭീകരന്‍ അബ്ദുല്‍ റഹ്‌മാന്‍ മക്കിയെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചു.
മക്കിയെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൈന എതിര്‍ത്തിരുന്നു. പാക്കിസ്ഥാനില്‍ സൈ്വര്യവിഹാരം നടത്തുന്ന കൊടും ഭീകരന് 68 വയസുണ്ട്. ലഷ്‌കറെ ത്വയ്യിബ, ജമാഅത്തുദ്ദവ ഭീകര സംഘങ്ങളുടെ തലപ്പത്തെ രണ്ടാമനാണ്. ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ്. ഇയാളുടെ തലയ്ക്ക് അമേരിക്ക 16 കോടി രൂപയാണു വിലയിട്ടിരിക്കുന്നത്.
ഇടുക്കി ജില്ലയില്‍ ബഫര്‍സോണില്‍ ഇള്‍പ്പെടുന്ന മേഖലയിലെ അപാകതകള്‍ കണ്ടെത്താനുള്ള ഫീല്‍ഡ് സര്‍വ്വേ പൂര്‍ത്തിയായി
. കെട്ടിടങ്ങള്‍ ഏതൊക്കെയെന്നുള്ള ജിയോ ടാഗിംഗ് അടക്കമാണ് പൂര്‍ത്തിയാക്കിയത്. എട്ടു സംരക്ഷിത വനമേഖലിയിലെ അറക്കുളം ഒഴികെയുള്ള 20 പഞ്ചായത്തുകളിലാണ് ഫീല്‍ഡ് സര്‍വ്വേ പൂര്‍ത്തിയാക്കിയത്. മൂന്നാര്‍ വന്യജീവി സങ്കേതത്തോടു ചേര്‍ന്നുള്ള പഞ്ചായത്തുകളിലെ 7,816 അപേക്ഷകളില്‍ 7,033 എണ്ണവും, ഇടുക്കിയില്‍ 11,434 അപേക്ഷകളില്‍ 9,931 എണ്ണവും, പെരിയാറില്‍ 7,298 എണ്ണവും പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി.
കൊല്ലം ആര്യങ്കാവില്‍ മായം കലര്‍ത്തിയെന്ന് ആരോപിച്ചു പിടികൂടിയ പാല്‍ സൂക്ഷിച്ച ടാങ്കര്‍ പൊട്ടിത്തെറിച്ചു.
ചൂടും സമ്മര്‍ദവുംമൂലമാണ് പൊട്ടിത്തെറിച്ചത്. 15300 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ലോറി ആറു ദിവസമായി തെന്മല സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ക്ഷീരവികസന വകുപ്പ് ഹൈഡ്രജന്‍ പെറോക്സൈഡ് ഉണ്ടെന്ന് ആരോപിച്ചു പിടികൂടിയ പാലില്‍ തകരാറില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബ് പരിശോധനാ റിപ്പോര്‍ട്ട്.
പെരിന്തല്‍മണ്ണയിലെ വോട്ടുപെട്ടി കാണാതായ സംഭവം അതീവ ഗുരുതരമെന്ന് കേരള ഹൈക്കോടതി.
നജീബ് കാന്തപുരത്തിന്റെ വിജയത്തിനെതിരേ ഇടതു സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി. കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ഹൈക്കോടതി കക്ഷി ചേര്‍ത്തു. ജനുവരി 30 ന് കേസ് പരിഗണിക്കും.
പെരിന്തല്‍മണ്ണയിലെ വോട്ടു പെട്ടി കാണാതായ സംഭവത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്.
പെരിന്തല്‍മണ്ണ ട്രഷറിയില്‍നിന്ന് പെട്ടി പുറത്തേക്ക് പോയതില്‍ ട്രഷറി ഓഫീസര്‍ക്കും തപാല്‍ വോട്ടുകള്‍ കൊണ്ടു പോയ മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റര്‍ക്കും വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.
അധോലോകവുമായി അടുത്ത ബന്ധമുള്ള കൂടുതല്‍ പോലീസകാര്‍ക്കെതിരേ നടപടി വരും.
സംസ്ഥാനവ്യാപകമായി 160 ലേറെ എസ്എച്ച്ഒ മാരെ സ്ഥലംമാറ്റും. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും മാറ്റും. ഗുണ്ടാബന്ധമുള്ള രണ്ട് ഡിവൈഎസ്പിമാര്‍ക്കെതിരെയും നടപടിയുണ്ടാകും.
വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനന്തവാടി പുതുശ്ശേരി പള്ളിപ്പുറത്ത് സാലു എന്ന തോമസിന്റെ വീട്ടില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ എത്തി.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യഥാസമയം ചികില്‍സ കിട്ടാത്തതിനാലാണു മരിച്ചതെന്ന് ഭാര്യയടക്കമുള്ള ബന്ധുക്കള്‍ പൊട്ടിക്കരഞ്ഞ് പരാതിപ്പെട്ടു. ഏറെ നേരം രക്തം വാര്‍ന്നു കിടന്ന തോമസിനെ യഥാസമയം ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ലഭിച്ചില്ലെന്നും പരാതിപ്പെട്ടു.
കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന് ചികില്‍സ നല്‍കുന്നതില്‍ കാലതാമസമോ വീഴ്ചയോ സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
കടുവ ആക്രമിച്ചശേഷം രണ്ടു മണിക്കൂറോളം കഴിഞ്ഞാണ് തോമസിനെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും രക്തം വാര്‍ന്നുപോയിരുന്നെന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസില്‍ വിവരമുള്ളവര്‍ വളര്‍ന്നു വരുന്നത് എതിര്‍ക്കുന്ന ഒരുകൂട്ടരുണ്ടെന്ന് കെ. മുരളീധരന്‍
. പേടിയാണു കാരണം. പാര്‍ട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നതിന് കെ കരുണാകരന്റെ മാര്‍ഗങ്ങള്‍ മാതൃക ആക്കണം. പറയേണ്ട കാര്യങ്ങള്‍ പാര്‍ട്ടി യോഗത്തില്‍ പറഞ്ഞാല്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്യും അച്ചടക്കലംഘനം ആകുകയുമില്ല. മുരളീധരന്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കു താങ്ങാനാവുന്നതിനേക്കാള്‍ സമ്മര്‍ദം നല്‍കുന്നതിനാലാണ് മയക്കുമരുന്നിലേക്കു വഴി തെറ്റുന്നതെന്ന് ശശി തരൂര്‍ എംപി.
കോട്ടയം പ്രസ് ക്ലബില്‍ ഋഷിരാജ് സിംഗിന്റെ പുതിയ പുസ്തകത്തെ അപഗ്രഥിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മൂന്ന് വര്‍ഷത്തിനിടെ മയക്കുമരുന്നു കേസുകള്‍ മൂന്നു മടങ്ങു വര്‍ധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോട്ടയം കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന പരാതിയില്‍ അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് സിപിഎം നേതാവ് എം എ ബേബി.
സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ആണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അടൂരിനെ ജാതി വാദി എന്നു വിളിക്കുന്നത് ശുദ്ധ ഭോഷ്‌കാണെന്ന് എം എ ബേബി പറഞ്ഞു.
എറണാകുളം ജില്ലയിലെ പറവൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഴിമന്തി കഴിച്ച മൂന്നു പേരെയാണ് ആശുപത്രിയിലാക്കിയത്. പറവൂര്‍ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടല്‍ അടപ്പിച്ചു.
കാഷ്മീരില്‍ രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്രയുമായി നടക്കരുതെന്നും കാറില്‍ സഞ്ചരിക്കണമെന്നും മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍.
ചില പ്രദേശങ്ങളില്‍ കാല്‍നടയാത്ര അപകടമാണെന്നാണ് റിപ്പോര്‍ട്ട്. ശ്രീനഗറില്‍ എത്തുമ്പോള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകരുതെന്നും സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കി. പഞ്ചാബില്‍ ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന പ്രദേശങ്ങളില്‍ ഏജന്‍സികളുടെ സുരക്ഷാ പരിശോധന തുടരുകയാണ്.
ഭാരത് ജോഡോ യാത്രക്കിടെ യുവാവ് ഓടിയെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചു.
പഞ്ചാബിലെ ഹോഷിയാര്‍പൂരിലാണ് സംഭവം. യുവാവിനെ രാഹുല്‍ ഗാന്ധിയും സുരക്ഷാ ഉദ്യോഗസ്ഥരും പിടിച്ചുമാറ്റി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
ഇന്ത്യാ – ന്യൂസിലന്‍ഡ് പരമ്പരക്ക് നാളെ തുടക്കമാകും.
മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ആദ്യ ഏകദിനം നാളെ ഹൈദരാബാദില്‍.
കാര്‍ത്തിക് ആര്യനെ നായകനാക്കി രോഹിത് ധവാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഷെഹ്സാദ
. തെലുങ്കില്‍ വന്‍ വിജയം നേടിയ അല വൈകുണ്ഠപുരമുലോയുടെ റീമേക്ക് ആണ് ചിത്രം. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘മുണ്ട സോണാ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. പ്രീതം സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ദില്‍ജിത്ത് ദൊസാഞ്ജ്, നിഖിത ഗാന്ധി എന്നിവരാണ്. കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. മനീഷ കൊയ്രാള, പരേഷ് റാവല്‍, സച്ചിന്‍ ഖഡേക്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിര്‍മ്മാതാവ് എന്ന നിലയില്‍ കാര്‍ത്തിക് ആര്യന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഷെഹ്സാദ. കഥ, തിരക്കഥ ത്രിവിക്രം. ഫെബ്രുവരി 10 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
പുതിയ ചിത്രത്തിലും കാക്കിയണിഞ്ഞ് തബു. അജയ് ദേവ്ഗണ്‍ നായകനാവുന്ന ‘ഭോലാ’ ആണ് ചിത്രം.
തമിഴില്‍ വന്‍ വിജയം നേടിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൈതിയുടെ റീമേക്ക് ആണ് ഈ ചിത്രം. ലോകേഷ് കനകരാജിന് കരിയര്‍ ബ്രേക്ക് നേടിക്കൊടുത്ത ചിത്രത്തില്‍ കാര്‍ത്തി ആയിരുന്നു നായകന്‍. അജയ് ദേവ്ഗണ്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും. അജയ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോലാ. അമല പോളിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ടി സീരിസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. 3 ഡിയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ദൃശ്യം 2 നു ശേഷം അജയ് ദേവ്ഗണും തബുവും ഒന്നിക്കുന്ന ചിത്രവുമാണ് ഭോലാ.
No Comment.