2023 | ജനുവരി 20|വെള്ളി |

അളന്നുതിട്ടപ്പെടുത്താനാവില്ലൊരിക്കലും
എന്നിൽനിന്നും നിന്നിലേക്കുള്ള ദൂരം..
അത്രമേൽ നീയും ഞാനും
മനസ്സുകൊണ്ടൊന്നായ് ചേർന്നുനിൽക്കുമ്പോൾ
ഏതളവുകോലിനാളക്കണം ഞാൻ,
എന്നിൽനിന്നും നിന്നിലേക്കുള്ള ദൂരം…
വാക്കുകൾകൊണ്ടും ചിന്തകൾകൊണ്ടും
പ്രവർത്തിതൻ നന്മകൾകൊണ്ടും
തങ്ങളിൽ തങ്ങളിൽ ഒന്നെന്നുകണ്ട്
അന്യോന്യമകലാതെ ചേർത്തുവയ്ക്കുമ്പോൾ
എന്നിൽ നിന്നും നിന്നിലേക്കുള്ള ദൂരം
ഏതളവുകോലിനാലളക്കണം ഞാൻ..
ഹൃദയരാഗങ്ങൾതൻ രേണുക്കളാൽ,
ഒരുനാളും പിരിയാത്ത ആത്മബന്ധങ്ങളെ
പാടിയിണക്കിയ സ്നേഹബന്ധം..
ഉള്ളിൽ നിറയും തെളിനീരുറവയായൊഴുകിടുമ്പോൾ..
എന്നിൽ നിന്നും നിന്നിലേക്കുള്ള ദൂരം
ഏതളവുകോലിനാൽ രേഖപ്പെടുത്തും ഞാൻ..
കാലദേശാന്തരഭേദങ്ങളും
കാലികചിന്തതൻ മാറ്റങ്ങളും
മാറാതെനിൽക്കുന്ന സത്യങ്ങളും
എല്ലാമറിഞ്ഞുനാം നമ്മളെ
തങ്ങളിൽ ചേർത്തുവയ്ക്കുമ്പോൾ
ഏതളവുകോലിനാലളക്കണം
എന്നിൽനിന്നും നിന്നിലേക്കുള്ള ദൂരം..
സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

No Comment.