Skip to content

chithrodayamflashnews.com

November 30, 2026 3:03 am

പ്രഭാത വാർത്തകൾ

2023 | ജനുവരി 25 | ബുധൻ

കൊല്ലം ചാത്തന്നൂരില്‍ മീന്‍ പിടിക്കുന്നതിനിടെ ചെളിക്കെട്ടില്‍ സൂക്ഷിച്ചിരുന്ന വ്യാജമദ്യം കണ്ടെത്തി.

ഉളിയനാട് നിന്നാണ് യുവാക്കള്‍ക്ക് വ്യാജമദ്യം കിട്ടിയത്. ചാത്തന്നൂര്‍ എക്സൈസ് സംഘം കേസെടുത്തു അന്വേഷണം തുടങ്ങി.ചാത്തന്നൂര്‍ ഉളിയനാട് തേമ്പ്ര മണ്ഡപ കുന്നില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതാണ് യുവാക്കള്‍. പക്ഷേ യുവാക്കള്‍ക്ക് കിട്ടിയതാകട്ടെ മൂന്ന് ചാക്കുകളാണ്. തുറന്ന് നോക്കിയ യുവാക്കള്‍ക്ക് ലഭിച്ചത് മദ്യം നിറച്ച 148 കുപ്പികളാണ്. യുവാക്കള്‍ ഉടന്‍ തന്നെ ചാത്തന്നൂര്‍ എക്സൈസില്‍ വിവരമറിയിച്ചു. എക്സൈസ് സംഘമെത്തി പ്രദേശത്ത് പരിശോധന നടത്തി. 148 കുപ്പികളിലായി 55 ലിറ്റര്‍ വ്യാജമദ്യമാണ് കണ്ടെത്തിയതെന്ന് എക്സൈസ് അറിയിച്ചു. സ്പിരിറ്റില്‍ കളര്‍ ചേര്‍ത്താണ് ഇവയുണ്ടാക്കിയിരിക്കുന്നത്.

വലയില്‍ കുടുങ്ങിയ തിമിംഗല സ്രാവിനെ രക്ഷിച്ച്‌ മത്സ്യത്തൊഴിലാളികള്‍.

ഭീമാ പള്ളിയില്‍ കരമടി വലയില്‍ കുടുങ്ങിയ തിമിംഗല സ്രാവിനെയാണ് ഇന്നലെ രാവിലെ ഏഴ് മണിയോടെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ച്‌ കടലിലേക്ക് തിരിച്ചു വിട്ടത്.ലോകത്തിലെ ഏറ്റവും വലിയ മത്സ്യം എന്നതിലുപരി 1972 ലെ ഇന്ത്യന്‍ വൈല്‍ഡ്‌ ലൈഫ് പ്രൊട്ടക്ഷന്‍ ആക്‌ട് പ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചു വരുന്ന ജീവി കൂടിയാണ് തിമിംഗല സ്രാവ്. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും കേരളാ വനം വകുപ്പും ഒറാക്കിളും ചേര്‍ന്ന് കേരളത്തിലെ മുഴുവന്‍ തീരദേശ ജില്ലകളിലും തിമിംഗല സ്രാവിന്റെ സംരക്ഷണത്തിനായുള്ള ബോധവത്കരണ പരിപാടികള്‍ നടത്തിയിരുന്നു.

കൊച്ചിയില്‍ യുവതിയുടെ കഴുത്തറുത്ത സംഭവത്തില്‍ പ്രതി ജോളി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്

.വിസ സ്ഥാപനത്തിലെ ഉടമയെ ആക്രമിക്കാന്‍ ജോളി എത്തിയത് ആയുധവുമായിട്ടാണ്.സ്ഥാപനത്തിലെ ഉടമയെ ഫോണില്‍ കിട്ടാതായതോടെയാണ് ജീവനക്കാരിയെ ആക്രമിച്ചതെന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്.കത്തി മുനയില്‍ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആക്രമണം. ട്രാവല്‍ ഏജന്‍സി ഉടമ നല്‍കാനുണ്ടായിരുന്നത് അന്‍പതിനായിരം രൂപയാണ്. ലിത്വാനിയക്കുള്ള വിസക്കായാണ് ജോളി പണം നല്‍കിയത്.. അതേസമയം പരിക്കേറ്റ യുവതിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.കൊച്ചിയില്‍ പട്ടാപ്പകല്‍ രവിപുരത്തെ റെയ്സ് ട്രാവല്‍സ് ബ്യൂറോയിലാണ് ഇന്നലെ ആക്രമണം ഉണ്ടായത്. ട്രാവല്‍സിലെ ജീവനക്കാരിയായ സൂര്യ എന്ന യുവതിയെ ജോളി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി പ്രദര്‍ശനം പലയിടത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി പ്രദര്‍ശനം തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം പൂജപ്പുരയില്‍ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. പ്രദര്‍ശനം തടയാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പൂജപ്പുര മൈതാനത്ത് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലാണു പ്രദര്‍ശനം നടന്നത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ബിബിസി സംപ്രേഷണം ചെയ്ത മോദി ദ ഇന്ത്യന്‍ ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്‍ററിക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെ മറികടന്ന് കേരളത്തില്‍ പലയിടത്തും യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രദര്‍ശനം നടന്നു. തിരുവനന്തപുരം, എറണാകുളം ലോ കോളെജുകളിലും പാലക്കാട് വിക്ടോറിയ കോളെജിലും ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു

ബന്ധം വ്യക്തമാക്കണമെന്ന് കോടതി

മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ നിന്നും ജപ്തി ചെയ്ത വസ്തുവകകളുടെ വിശദാംശം നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി. സ്വത്ത് കണ്ടുകെട്ടിയവർക്ക് പോപ്പുലർ ഫ്രണ്ടുമായി എന്ത് ബന്ധമാണെന്നു വ്യക്തമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് 248 പേർക്കെതിരെ ജപ്തി നടപടികൾ സ്വീകരിച്ചതായി സർക്കാർ കോടതിയിൽ റിപ്പോർട്ടു സമർപ്പിച്ചിരുന്നു.

എന്നാൽ മലപ്പുറത്ത് ലീഗ് പ്രവർത്തകന്‍റെ വീടും പാലക്കാട് കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകന്‍റെ വീടും ജപ്തിയുടെ ഭാഗമായി ഉൾപ്പെടുത്തിയതിൽ ഉയർന്ന പ്രതിക്ഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് കൃത്യമായ വിവരങ്ങൾ അറിയിക്കാൻ കോടതി നിർദ്ദേശം നൽകിയത്.

കാരാപ്പുഴ ഡാമില്‍ കുട്ടത്തോണി മറിഞ്ഞ് കാണാതായ ആദിവാസി യുവതിയുടെ മൃതദേഹം കണ്ടെത്തി.

വാഴവറ്റ പാക്കം ചീപ്രം കോളനിയിലെ മീനാക്ഷി (45) യുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ കണ്ടെത്തിയത്.തിരച്ചില്‍ നടക്കുന്നതിനിടെ മൃതദേഹം റിസര്‍വോയറിന്റെ ഒരു ഭാഗത്ത് പൊങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നു.

ലക്ഷദ്വീപ് കേസിൽ വിധി ഇന്ന്


വധശ്രമക്കേസിൽ പ്രതികളായ ലക്ഷദ്വീപ് മുൻ എം പി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ളവർക്ക് വിചാരണക്കോടതി വിധിച്ച തടവുശിക്ഷ തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ നൽകിയ അപ്പീൽ ഹർജിയിൽ ഇന്ന് വിധി പറഞ്ഞേക്കും. മുൻ കേന്ദ്രമന്ത്രി പി എം സെയ്‌ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ മുഹമ്മദ് ഫൈസൽ, സയിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നിവർക്കാണ് കവരത്തി സെഷൻസ് കോടതി 10 വർഷം തടവും ഒരുലക്ഷം രൂപവീതം പിഴയും ശിക്ഷ വിധിച്ചത്. മുഹമ്മദ്‌ ഫൈസലിനെ അയോഗ്യനാക്കുകയും ലക്ഷദ്വീപിൽ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുകയും ചെയ്‌തതോടെ വധശ്രമക്കേസിൽ കുറ്റക്കാരാണെന്ന സെഷൻസ് കോടതിയുടെ കണ്ടെത്തൽ മരവിപ്പിക്കണമെന്ന ആവശ്യവും പ്രതികൾ ഉന്നയിച്ചിട്ടുണ്ട്‌.

വിലക്ക് അന്തർദേശീയ തലത്തിൽ ചർച്ചയായി


ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിക്ക്‌ കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയത്‌ അന്തർദേശീയ തലത്തിൽ ചർച്ചയായി. അറിയപ്പെടുന്ന ദിനപത്രങ്ങളും വാർത്താചാനലുകളുമെല്ലാം വിലക്ക്‌ വാർത്തയ്‌ക്ക്‌ വലിയ പ്രാമുഖ്യം നൽകി.
വിലക്ക്‌ വാർത്ത പരന്നതോടെ മറ്റു രാജ്യങ്ങളിൽ ബിബിസി വീഡിയോ കണ്ടവരുടെ എണ്ണത്തിലും വർധനയുണ്ടായി. ജി–-20 ഉച്ചകോടിക്ക്‌ ആതിഥേയത്വം വഹിക്കാനിരിക്കെ മോദിയുടെ വംശഹത്യാ പങ്ക്‌ ചർച്ച ചെയ്യുന്ന വീഡിയോ വലിയ പ്രചാരണം നേടിയത്‌ കേന്ദ്ര സർക്കാരിന്‌ തിരിച്ചടിയായി.

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി


ഐ എ എസ് തലപ്പത്ത് അഴിച്ചുപണി. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ചിത്ര എസിനെ പാലക്കാട് കലക്ടറായി നിയമിച്ചു. പാലക്കാട് കലക്ടര്‍ ജോഷി മൃണ്‍മയി ശശാങ്ക് എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ആയും സുഭാഷ് ടി വി യെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായും നിയമിച്ചു. കെ.ബിജു പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായും റാണി ജോര്‍ജ് സാമൂഹിക നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ചുമതലയേല്‍ക്കും. ബി അശോകിനാണ് കാര്‍ഷിക ഉല്‍പാദക കമ്മീഷണറുടെ അധിക ചുമതല. മിനി ആന്റണി സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും പ്രണബ് ജ്യോതിനാഥ് യുവജനകാര്യ, സ്പോര്‍ട്സ് വകുപ്പ് സെക്രട്ടറിയായും ചുമതലയേല്‍ക്കും.

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിൽ അക്രമം നടത്തിയയാളെ പിടികൂടി


കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാന ക്ഷേത്രത്തിനുനേരെ ആക്രമണം. വിഗ്രഹവും ദീപസ്തംഭവും അടിച്ചു തകര്‍ത്തു.ക്ഷേത്രത്തിന് കേടുവരുത്തി. ആക്രമണം നടത്തിയ തിരുവനന്തപുരം പാറശാല കാരോട് കൊടിക്കത്തറക്കുഴി പുത്തന്‍വീട്ടില്‍ രാമചന്ദ്രനെ (43)പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ഇയാള്‍ മുമ്പ് മാനസിക രോഗത്തിന് ചികിത്സ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍നിന്ന് 100 മീറ്റര്‍ തെക്കായി ദേശീയപാതയ്ക്കരികില്‍ മൂലസ്ഥാനക്ഷേത്രത്തിനുനേരെ ചൊവ്വാഴ്ച രാവിലെ അഞ്ചിനായിരുന്നു ആക്രമണം.

ജെ എന്‍ യു സര്‍വ്വകലാശാലയില്‍ വൈദ്യുതി വിച്ഛേദിച്ചു; കർശന നിയന്ത്രണം


ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം നടക്കാനിരിക്കെ ജെ എന്‍ യു സര്‍വ്വകലാശാലയില്‍ വൈദ്യുതി വിച്ഛേദിച്ചു. ഇന്നലെ രാത്രി ഒന്‍പത് മണിക്കായിരുന്നു ക്യാമ്പസിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതിനിടെ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. അതേസമയം, ബദല്‍ സംവിധാനം ഒരുക്കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ക്യാംപസില്‍ പ്രദര്ശനവുമായി ബന്ധപ്പെട്ട് കര്‍ശന പരിശോധനകളാണ് നടന്നത്. ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ ജെഎന്‍യു ക്യാംപസില്‍ പ്രദര്‍ശിപ്പിക്കരുതെന്ന ആവശ്യവുമായി സര്‍വകലാശാ അധികൃതര്‍ മുന്നറിയിപ്പ് നോട്ടീസ് ഇറക്കിയിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ജെഎന്‍യു അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

തട്ടുകട പൊളിഞ്ഞപ്പോൾ മന്ത്രവാദം


മന്ത്രവാദ പൂജ നടത്താനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മൂവാറ്റുപുഴ സൗത്ത് മാറാടി പാറയിൽ അമീർ (38) നെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. ദോഷം മാറ്റാനുള്ള പൂജയ്ക്കാണെന്നു പറഞ്ഞ് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി കരഞ്ഞ് ഓടി രക്ഷപ്പെട്ടു. തുടർന്ന് ഇയാളെ വാഴക്കുളത്തു നിന്നും പിടികൂടുകയായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അമീറിന് രാത്രി തട്ടുകടയിൽ ഭക്ഷണം പാചകം ചെയ്യലായിരുന്നു ജോലി. സ്വന്തമായി തട്ടുകട നടത്തിയെങ്കിലും നഷ്ടമായതോടെ നിർത്തി. തുടർന്ന് ജോത്സ്യവും മന്ത്രവാദവും തുടങ്ങി. 4 വർഷമായി കടമറ്റം നമ്പ്യാരുപടിയിൽ ജോതിഷ കേന്ദ്രം നടത്തുകയായിരുന്നു.

കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് സൂചന


കാസർകോട് അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് സൂചന. ശ്രീനന്ദയുടെ കഴുത്തിൽ കയർ ഉപയോഗിച്ച് മുറുക്കിയതിന്‍റെ പാടുകളുണ്ട്. അമ്മ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് നിഗമനം. ഞായറാഴ്ച്ചയാണ് 13 കാരിയായ ശ്രീനന്ദയെയും അമ്മ നാരായണിയേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ചന്ദ്രൻ ടൂറിസ്റ്റ് ബസ് ജീവനക്കാരനാണ്. ഇയാൾ വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം. നാരായണി മാനസിക അസ്വാസ്ഥ്യം ഉള്ള ആളാണെന്നാണ് റിപ്പോർട്ടുകൾ.

കരിപ്പൂരിൽ 3 കോടിയുടെ സ്വർണം പിടിച്ചു


കരിപ്പൂർ വീമാനത്തവളത്തിൽ 5 യാത്രക്കാരിൽ നിന്ന് 3 കോടിയോളം വിലമതിക്കുന്ന സ്വർണം പിടിക്കൂടി. 5 കിലോ സ്വർണമാണ് കമ്പ്യൂട്ടർ പ്രിന്‍ററിനുള്ളിലും വിമാനത്താവളത്തിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിലും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കമ്പ്യൂട്ടർ പ്രിന്‍ററിനുള്ളിൽ മലപ്പുറം ആതവനാട് സ്വദേശി അബ്ദുള്‍ ആഷിഖാണ് സ്വര്‍ണം കടത്തിയത്. ഇയാളില്‍ നിന്നും 995 ഗ്രാം സ്വര്‍ണം കസ്റ്റംസ് കണ്ടെടുത്തു. ഇയാള്‍ക്ക് 90,000 രൂപയാണ് പ്രതിഫലം വാഗ്ദാനം നല്‍കിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റ് 2 കേസുകളില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്. തവനൂര്‍ സ്വദേശി അബ്ദുള്‍ നിഷാറും കൊടുവള്ളി സ്വദേശി സുബൈറുമാണ് പിടിയിലായത്. ഇരുവര്‍ക്കും കള്ളക്കടത്ത് സംഘം 70,000വും 50,000 രൂപയും പ്രതിഫലം വാഗ്ദാനം ചെയ്തതെന്നും കസ്റ്റംസ് പറയുന്നു.

പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ കപ്പൽ എത്തും


വിഴിഞ്ഞം തുറമുഖത്ത് സെപ്റ്റംബറിലോ ഒക്‌ടോബറിലോ ആദ്യകപ്പൽ എത്തിക്കാനാവുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ കപ്പൽ എത്തുക. തുറമുഖം പൂർണ സജ്ജമാവാൻ ഇനിയും ഒരു വർഷത്തിലേറെ സമയമെടുക്കുമെന്നും ഇതുവരെ 60 ശതമാനത്തോളം പണി പൂർത്തിയായതായും മന്ത്രി കൂട്ടിച്ചേർത്തു.

ശൈശവ വിവാഹത്തില്‍ പങ്കെടുത്തവർക്കെതിരേയും കേസ്


നെടുമങ്ങാട് പീഡനത്തിന് ഇരയായ 16 കാരിയെ പ്രതിയെക്കൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തിൽ 4 പേർക്കെതിരെ കൂടി പൊലീസ് കേസെടുത്തു. പനവൂര്‍ സ്വദേശി അല്‍ അമീര്‍(23), മതപുരോഹിതന്‍ അന്‍സര്‍, പെണ്‍കുട്ടിയുടെ പിതാവ് എന്നിവരെ കൂടാതെ കേസിലെ മുഖ്യപ്രതി അല്‍ അമീറിന്റെ സഹോദരനും സുഹൃത്തുക്കള്‍ക്കുമെതിരെയാണ് കേസെടുത്തത്. ശൈശവ വിവാഹത്തില്‍ പങ്കെടുത്തവരേയും പ്രതി ചേര്‍ത്തു. നെടുമങ്ങാട് പനവൂരില്‍ ഡിസംബര്‍ 18 നായിരുന്നു ശൈശവ വിവാഹം നടന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ ആയിരുന്ന അല്‍ അമീര്‍, കേസ് ഒഴിവാക്കാനുള്ള മാര്‍ഗം എന്ന നിലയിലാണ് പീഡിപ്പിച്ച കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞു.

38 ലക്ഷം രൂപയുടെ സ്വർണം പിടികൂടി


ഗർഭ നിരോധന ഉറകളിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. ദുബായിൽ നിന്ന് വന്ന പാലക്കാട് സ്വദേശി മുഹമ്മദാണ് കസ്റ്റംസിന്‍റെ പിടിയിലായത്. 38 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പരിശോധനയിൽ പിടികൂടിയത്.

കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്തു


പട്ടാപകൽ യുവതിക്ക് നേരെ ആക്രമണം. കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്തു. രവിപുരം ട്രാവൽസിലെ യുവതിക്ക് നേരെയാണ് ആക്രമണം നടന്നത്. വിസയുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായത്. പള്ളുരുത്തി സ്വദേശിയായ യുവാവാണ് ആക്രമിച്ചത്. കഴുത്തിൽ സാരമായി പരുക്കേറ്റ യുവതി സമീപത്തുള്ള ഹോട്ടലിൽ ഓടിക്കയറുകയായിരുന്നു. നേരത്തെ വിസയ്ക്കായി ഇയാൾ ട്രാവൽസ് ഉടമയ്ക്ക് പണം നൽകിയിരുന്നു. ഈ പണം തിരികെ നൽകാത്തതിനാൽ ഉടമയെ ലക്ഷ്യം വച്ചാണ് പ്രതി എത്തിയത്.

ഡൽഹിയിൽ ശക്തമായ ഭൂചലനം


ഡൽഹിയിൽ ശക്തമായ ഭൂചലനം. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളിലെ കലിക മേഖലയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി. ഇന്ത്യയിലും നേപ്പാളിലും ചൈനയിലും ഭൂമികുലക്കം അനുഭവപ്പെട്ടു.

തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലാവും ശക്തമായ മഴയ്ക്ക് സാധ്യത. ‘മാഡൻ ജൂലിയൻ ഓസിലേഷൻ’ എന്ന ചുഴലിക്കാറ്റു മൂലമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം.

കൊവിഡ് വാക്സിനേഷൻ നിർബന്ധിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി


തൊഴിലാളികൾ കൊവിഡ് വാക്സിനേഷൻ എടുക്കണമെന്ന് തൊഴിൽ ഉടമയ്ക്ക് നിർബന്ധിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളികൾ സമർപ്പിച്ച ഹർജികൾ തീർപ്പാക്കിയാണ് ഹൈക്കോടതി വിധി. വാക്‌സിൻ എടുക്കാൻ നിർബന്ധിക്കുകയും വാക്സിൻ എടുത്തില്ലെങ്കിൽ ജോലിചെയ്യാൻ അനുവദിക്കില്ലെന്നും സർക്കാർ ഉത്തരവ് വന്നതോടെ പഠിപ്പിക്കാൻ അനുമതി തേടി ഒരു സർക്കാർ അധ്യാപിക നൽകിയ ഹർജിയിലാണ് കോടതി വിധി. ഏതു തരത്തിലുള്ള ചികിത്സയും നിഷേധിക്കാനുള്ള അവകാശം ഒരു പൗരനുണ്ടെന്ന് നേരത്തെ മറ്റൊരു കേസിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ഉദ്യോഗാർഥികൾക്കു തിരുത്താം


പി എസ് സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലെ വിവരങ്ങൾ ഇനി മുതൽ ഉദ്യോഗാർഥികൾക്കു തന്നെ തിരുത്താം. ജനുവരി 26 മുതലാവും ഈ സൗകര്യങ്ങൾ ലഭ്യമാവുക. പേര്, ജനനതീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെ ഉള്ള എന്തു വിവരവും ഉദ്യോഗാർഥികൾക്ക് സ്വയം തിരുത്താനാവും. യോഗ്യത, സമുദായം എന്നിവയിലും തിരുത്തൽ സാധ്യമാണ്. ഒറ്റത്തവണ വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും അല്ലാത്തവർക്കും നേരിട്ട് തീരുത്താം.

ഷിബു അബ്രഹാം ചുമതലയേറ്റു


കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ താൽക്കാലിക ഡയറക്‌ടറായി ഷിബു അബ്രഹാം ചുമതലയേറ്റു. ഡയറക്‌ടർ ശങ്കർ മോഹൻ രാജിവച്ച ഒഴുവിലേക്കാണ് ഫിനാൻസ് ഓഫീസറായ ഷിബു അബ്രഹാമിന് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.

തിരുവനന്തപുരത്തും എറണാകുളത്തും ശക്തമായ മഴ


തിരുവനന്തപുരത്തും എറണാകുളത്തും ശക്തമായ മഴ. എറണാകുളത്തും തിരുവനന്തപുരം ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ലക്ഷ്വദ്വീപിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6