Skip to content

chithrodayamflashnews.com

November 30, 2026 3:03 am

ലോകം ഇന്ത്യയെ ആദരവോടെ വീക്ഷിക്കാൻ തുടങ്ങിയെന്ന് രാഷ്ട്രപതി

ലോകം ഇന്ത്യയെ ആദരവോടെ വീക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. വിവിധ ലോക ഫോറങ്ങളിലെ ഇന്ത്യയുടെ ഇടപെടലുകളിലൂടെ നല്ല മാറ്റമുണ്ടായിട്ടുണ്ട്. ലോകവേദിയില്‍ ഇന്ത്യ നേടിയെടുത്ത ആദരവ് അവസരങ്ങള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കും കാരണമായിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

എഴുപത്തിനാലാമത് റിപ്പബ്ളിക് ദിനാഘോഷം ഇന്ന്. ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ 901 പോലീസ് ഉദ്യോഗസ്ഥര്‍ക്കു രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ പ്രഖ്യാപിച്ചു. കേരള പോലീസിലെ എസ്പി അമോസ് മാമന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. കേരളത്തിലെ പത്തു പോലീസ് ഉദ്യോഗസ്ഥര്‍ക്കും അഞ്ച് അഗ്നിശമന സേനാംഗങ്ങള്‍ക്കും മെഡലുണ്ട്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍സിസിയാണ് ഈ വര്‍ഷത്തെ മുഖ്യാതിഥി.

സ്ത്രീകള്‍ ഇനിയും ശാക്തീകരിക്കപ്പെടണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു.

ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ രാജ്യം ഒന്നിച്ച് ആഘോഷിക്കുകയാണ്. വികസന യാത്രയിലാണ് രാജ്യം. ഭരണഘടന അംഗീകരിച്ച് മുന്നോട്ട് പോകേണ്ടത് പൗരന്റെ കടമയാണെന്നും രാഷ്ട്രപതി റിപ്പബ്ളിക് ദിന സന്ദേശത്തില്‍ പറഞ്ഞു.

ലക്ഷ്യദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷ തടഞ്ഞു


ലക്ഷ്യദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷ തടഞ്ഞ് ഹൈക്കോടതി. വധശ്രമ കേസിൽ മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ സെഷൻസ് കോടതി വിധിയാണ് ഹൈക്കോടതി സസ്പെൻഡ് ചെയ്തത്. രാഷ്ട്രീയത്തിൽ സംശുദ്ധി കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണെന്നും എന്നാൽ, മുഹമ്മദ് ഫൈസല്‍ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്തില്ലെങ്കിൽ തെരഞ്ഞെടുപ്പ് വേണ്ടി വരുമെന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ടെന്നാണ് കോടതി നിരീക്ഷണം. സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് നാല് പ്രതികളെ 10 വർഷം തടവിന് കവരത്തി കോടതി ശിക്ഷിച്ചത്. പ്രതികൾ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ്.

മഹാരാഷ്ട്രയിലെ പുനെയില്‍ കുടുംബത്തിലെ ഏഴു പേര്‍ നദിയില്‍ മരിച്ച സംഭവം കൊലപാതകം.

അപകടത്തില്‍ മരിച്ച യുവാവിനെ കൊലപ്പെടത്തിയതാണെന്നു ധരിച്ച് മരിച്ച യുവാവിന്റെ അച്ഛനും കൂട്ടാളികളുമാണ് ഒരു കുടുംബത്തെ ഒന്നാകെ കൊന്നു പുഴയില്‍ തള്ളിയത്. ഖംഗാവ് സ്വദേശികളായ മോഹന്‍ ഉത്തം പവാര്‍ (50), ഭാര്യ സംഗീത (40), മരുമകന്‍ ഷാംറാവു പണ്ഡിറ്റ് ഫുലാവെയര്‍ (28), മകള്‍ റാണി ഫുലാവെയര്‍ (24), മക്കള്‍ റിതേഷ് ( 7), ചോട്ടു (5), കൃഷ്ണ (3) എന്നിവരാണ് കൊല്ലപ്പെട്ടത്. സഹോദരങ്ങളായ അഞ്ച് പേരാണ് അറസ്റ്റിലായത്. അഹമ്മദ്‌നഗര്‍ ജില്ലയിലെ നിഘോജ് സ്വദേശികളായ അശോക് കല്യാണ്‍ പവാര്‍ (39), ശ്യാം കല്യാണ്‍ പവാര്‍ (35), ശങ്കര്‍ കല്യാണ് പവാര്‍ (37), പ്രകാശ് കല്യാണ് പവാര്‍ (24), കാന്താഭായ് സര്‍ജെറാവു ജാദവ് (45) എന്നിവരാണ് അറസ്റ്റിലായത്.

പോസ്റ്റ്‌മോര്‍ട്ടത്തിനു മുമ്പു മൃതദേഹങ്ങള്‍ക്കുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി.

മരണം കോവിഡ് ബാധയെ തുടര്‍ന്നാണെന്ന് ശക്തമായ ക്ലിനിക്കല്‍ സംശയം തോന്നിയാല്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് മതിയാകും. പോസ്റ്റ്‌മോര്‍ട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവര്‍ത്തകരും പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക്, രണ്ട് ഗ്ലൗസ്, ഫേസ് ഷീല്‍ഡ് തുടങ്ങിയ അടിസ്ഥാന മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം സംപ്രേഷണം ചെയ്‌തു


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത്‌ വംശഹത്യയിലെ പങ്ക്‌ തുറന്നുകാട്ടിയ ബിബിസി ഡോക്യുമെന്ററി പരമ്പരയുടെ രണ്ടാംഭാഗം സംപ്രേഷണം ചെയ്‌തു. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ രണ്ടരയ്ക്കായിരുന്നു സംപ്രേഷണം. 2019ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള സംഭവങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. കശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആംനെസ്റ്റി ഇന്റർനാഷണൽ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ ഫ്രീസ് ചെയ്‌തതും ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്.

എ കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി രാജിവച്ചു


കോൺഗ്രസ് നേതാവ് അനിൽ ആന്‍റണി രാജിവച്ചു . കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ, എഐസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ എന്നീ പദവികളിൽ നിന്നാണ് അനിൽ ആന്‍റണി രാജിവച്ചത്. ബിബിസി ഡോക്യുമെന്‍ററിയെ ബിജെപിയോടൊപ്പം ചേർന്ന് വിമർശിച്ചതിനു പിന്നാലെയാണ് രാജി. കെപിസിസി പ്രസിഡന്‍റും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും അടക്കം അനിലിനെ തള്ളിപ്പറഞ്ഞിരുന്നു. കോൺഗ്രസിലെ മുതിർന്ന നേതാവ് എ കെ ആന്‍റണിയുടെ മകനാണ് അനിൽ ആന്‍റണി.

മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് മുഖ്യമന്ത്രി


വൈവിധ്യപൂര്‍ണ്ണമായ സാംസ്‌കാരങ്ങളെ തുല്യപ്രാധാന്യത്തോടെ കോര്‍ത്തിണക്കി ഇന്ത്യ എന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ സത്തയെ നിര്‍ണ്ണയിക്കുന്നതും നിര്‍വചിക്കുന്നതും ഭരണഘടനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനിര്‍ത്തുന്നതിനും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതി ഉറപ്പു വരുത്തുന്നതിനും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും റിപ്പബ്ലിക് സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്എഫ്ഇയുടെ വിവിധ ശാഖകളില്‍ ചിട്ടിക്ക് ഈടായി വ്യാജ രേഖ ചമച്ച സംഘം അറസ്റ്റിലായി.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ തട്ടിപ്പു നടത്തിയ സംഘത്തിലെ എട്ടു പേരാണു പിടിയിലായത്. നേരത്തെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. മെഡിക്കല്‍ കോളേജ് കിഴക്കെ ചാലില്‍ ടി കെ ഷാഹിദ, ആയഞ്ചേരി പൊന്‍മേരി പറമ്പില്‍ മംഗലാട് കളമുള്ളതില്‍ പോക്കര്‍, കിനാലൂര്‍ കൊല്ലരുകണ്ടി പൊയില്‍ കെപി മുസ്തഫ എന്നിവരെ കൂടിയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

വിമാനയാത്ര മുടങ്ങിയാല്‍ നഷ്ടപരിഹാരം നല്‍കും


യാത്രക്കാരുടേതല്ലാത്ത കാരണത്താല്‍ വിമാനയാത്ര മുടങ്ങിയാല്‍ നഷ്ടപരിഹാരം നല്‍കും. ആഭ്യന്തര യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിന്‍റെ 75 ശതമാനം തുക തിരികെ ലഭിക്കും. സഞ്ചരിക്കുന്ന ദൂരത്തിന്‍റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും തുക തിരികെ ലഭിക്കുന്ന വിധത്തില്‍ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്റേതാണ് തീരുമാനം. വിമാനങ്ങളുടെ കാലതാമസം, യാത്ര റദ്ദാക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ യാത്ര മുടങ്ങിയാലാണ് ടിക്കറ്റ് തുകയുടെ നിശ്ചിത ശതമാനം തിരികെ ലഭിക്കുക. ഫെബ്രുവരി പതിനഞ്ച് മുതല്‍ ഇതു പ്രാബല്യത്തില്‍ വരും.

പത്താന്‍ സിനിമയുടെ വ്യാജപതിപ്പ് ഓൺലൈനിൽ


ഷാരൂഖ് ഖാന്‍- ദീപിക പാദുകോൺ പ്രധാനവേഷത്തിലെത്തുന്ന പത്താന്‍ റിലീസ് ചെയ്യുന്നതിന് മുന്‍പെ വ്യാജപതിപ്പ് ഓൺലൈനിൽ. തമിഴ്‌റോക്കേഴ്‌സ്, ഫിലിം4വാപ്പ്, ഫിലിംസില്ലാ, Mp4മൂവീസ്, പാഗൽവേൾഡ്, ഒപ്പം വേഗമൂവികൾ എന്നീ സൈറ്റുകളിലാണ് ചിത്രത്തിന്‍റെ കോപ്പി ഇറങ്ങിയത്. ചിത്രം ഇന്നലെ 100 രാജ്യങ്ങളിൽ പ്രദർശനം തുടങ്ങി. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 5200 സ്ക്രീനുകളിലാണ് പത്താന്‍റെ റിലീസ്.

പോക്സോ ഇരയുടെ വിവരങ്ങൾ ചോർന്നത് പൊലീസുകരുടെ വാട്സ് ആപ് ഗ്രൂപ്പിൽ നിന്ന്


പോക്സോ ഇരയുടെ വിവരങ്ങൾ ചോർന്നു. നെടുങ്കണ്ടത്ത് മകളെ പീഡിപ്പിച്ച കേസിലെ പ്രതിയായ പിതാവിന്‍റെ ഫോട്ടോയാണ് ചോർന്നത്. പൊലീസുകരുടെ വാട്സ് ആപ് ഗ്രൂപ്പിൽ നിന്നാണ് ചിത്രം പുറത്തായത്. 7-ാം ക്ലാസ് വിദ്യാർഥിയായ മകളെയാണിയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതുമായ ബന്ധപ്പെട്ട് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. കേസിൽ അറസ്റ്റിലായ പ്രതി തിങ്കളാഴ്ച്ച മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞിരുന്നു. പ്രതി കടന്നു കളഞ്ഞതുമായി ബന്ധപ്പെട്ട് എസ്കോർട്ടു പോയ 2 പൊലീസുകാരെ സസ്പെന്‍റ് ചെയ്തിരുന്നു. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ബിബിസി ഡോക്യുമെന്‍ററി; കേസെടുത്തു


ബിബിസി ഡോക്യുമെന്‍ററി പ്രദർശനത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം മാനവീയം വീഥിയിലേയും പൂജപ്പുരയിലേയും പ്രതിഷേധക്കാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിജെപി യുവമോർച്ച പ്രവർത്തകരാണ് പ്രതികൾ. പൂജപ്പുര പ്രതിഷേധത്തിൽ വി.വി.രാജേഷാണ് ഒന്നാം പ്രതി. ബിജെപി കൗൺസിലർമാർ ഉൾപ്പെടെ 13 പേരാണ് കേസിൽ പ്രതികൾ.

റിപ്പബ്ലിക് ദിന വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുക്കും


ഇന്നു വൈകുന്നേരം രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന റിപ്പബ്ലിക് ദിന വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ഗവർണറും സർക്കാരുമായുള്ള തർക്കം കുറയുന്ന പശ്ചാത്തലത്തിലാണു തീരുമാനം. അറ്റ് ഹോം എന്ന് വിശേഷിക്കപ്പെടുന്ന റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിക്കുന്ന സായാഹ്ന വിരുന്ന് അവസാനമായി രാജ്ഭവനിൽ നടന്നത് 2020ലാണ്.

മദ്യശാലകൾക്ക് അവധി


റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ന് മദ്യശാലകൾക്ക് അവധിയായിരിക്കും. ബെവ്കോ, കൺസ്യൂമർ ഫെഡ് ഔട്ട്ലറ്റുകളടക്കം അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

കാട്ടാനയുടെ കുത്തേറ്റ് വനം വകുപ്പ് വാച്ചർ മരിച്ചു


ഇടുക്കി ശാന്തൻ പാറയിൽ കാട്ടാനയുടെ കുത്തേറ്റ് വനം വകുപ്പ് വാച്ചർ മരിച്ചു. പന്നിയാർ എസ്റ്റേറ്റിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. എസ്റ്റേറ്റിൽ എത്തിയ കാട്ടാനകളെ ഓടിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. അയ്യപ്പൻകുടി സ്വദേശി ശക്തിവേൽ ആണ് മരിച്ചത്.

നടിയെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടാംഘ​ട്ട സാ​ക്ഷി വി​സ്താ​രം


നടിയെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടാംഘ​ട്ട സാ​ക്ഷി വി​സ്താ​രം ഇ​ന്നലെ തു​ട​ങ്ങി. ന​ടി മ​ഞ്ജു വാ​ര്യ​ർ അ​ട​ക്കം 20 സാ​ക്ഷി​ക​ളെ​യാ​ണ് വി​സ്ത​രി​ക്കു​ക. ഇ​തി​നി​ടെ കേ​സി​ൽ അ​ഭി​ഭാ​ഷ​ക​രെ പ്ര​തി ചേ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​തി​ജീ​വി​ത കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കുമെന്ന് റിപ്പോർട്ടുണ്ട്. തു​ട​ര​ന്വേ​ഷ​ണ​ത്തി​ലെ 39 സാ​ക്ഷി​ക​ളി​ൽ 27 പേ​രു​ടെ വി​സ്താ​ര​മാ​ണ് ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 12 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചി​ല്ല. ഇ​നി വിസ്തരിക്കേണ്ടതിൽ മ​ഞ്ജു വാ​ര്യ​ർ, സാ​ഗ​ർ വി​ൻ​സെ​ന്‍റ്, മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​നി​യു​ടെ അ​മ്മ അ​ട​ക്ക​മു​ള്ള​വ​ർ ഉ​ൾ​പ്പെ​ടു​ന്നു.

ഇ​ന്ത്യ​യ്ക്ക് സ്വ​ന്തം മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം


ഗൂ​ഗ്‌​ളി​ന്‍റെ ആ​ൻ​ഡ്രോ​യി​ഡ് ഒ​എ​സി​നും ആ​പ്പി​ളി​ന്‍റെ ഐ​ഒ​എ​സി​നും പ​ക​ര​മാ​യി സ്മാ​ർ​ട്ട് ഫോ​ണു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ഇ​ന്ത്യ​യ്ക്കും ഇ​നി സ്വ​ന്തം മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം. മ​ദ്രാ​സ് ഐ​ഐ​ടി വി​ക​സി​പ്പി​ച്ച ഭ​രോ​സ് (BharOS) എ​ന്ന ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം കേ​ന്ദ്ര ഐ​ടി മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പ​രീ​ക്ഷി​ച്ചു. ടെ​ലി​കോം മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം.

നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി


സംസ്ഥാനത്ത് കൊവിഡ് കേസ് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി. മരണം കൊവിഡ് മൂലമെന്ന് ശക്തമായ സംശയം ഉണ്ടെങ്കിൽ മാത്രം റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് ചെയ്താൽ മതിയാവും.

കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക്


കാട്ടാനയുടെ ആക്രമണത്തിൽ സഹോദരങ്ങൾക്ക് പരിക്ക്. വയനാട് ചേകാടിയിൽ വിലങ്ങാടി കോളനിയിലെ ബാലൻ, സഹോദരൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. പിതാവിന്‍റെ മൃതദേഹം മറവു ചെയ്യുന്നതിനായി കാടിനുള്ളിലെ ശ്മശാനത്തിലെത്തിയപ്പോഴായിരുന്നു സംഭവം. കുഴിയെടുക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇരുവരെയും വയനാട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു


കേരള സംസ്ഥാന സാഹിത്യ ഇൻസ്റ്റിറ്റിട്ടൂട്ടിന്‍റെ 2022 ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥ/നോവല്‍ വിഭാഗം- ഇ എന്‍ ഷീജ (അമ്മമണമുള്ള കനിവുകള്‍), കവിത വിഭാഗം- മനോജ് മണിയൂര്‍ (ചിമ്മിനിവെട്ടം), വൈജ്ഞാനിക വിഭാഗം-ഡോ. വി രാമന്‍കുട്ടി (എപ്പിഡെമിയോളജി രോഗവ്യാപനത്തിന്‍റെ ശാസ്ത്രം), ശാസ്ത്ര വിഭാഗം- ഡോ. മുഹമ്മദ് ജാഫര്‍ പാലോട്, ജനു (കൊറോണക്കാലത്ത് ഒരു വവ്വാല്‍), ജീവചരിത്രം/ആത്മകഥ- സുധീര്‍ പൂച്ചാലി (മാര്‍ക്കോണി), വിവര്‍ത്തനം/പുനരാഖ്യാനം- ഡോ. അനില്‍കുമാര്‍ വടവാതൂര്‍ (ഓസിലെ മഹാമാന്ത്രികന്‍), ചിത്രീകരണം- സുധീര്‍ പി വൈ (ഖസാക്കിലെ തുമ്പികള്‍), നാടക വിഭാഗം- ഡോ. നെത്തല്ലൂര്‍ ഹരികൃഷ്ണന്‍ (കായലമ്മ).

മണ്ഡല മകരവിളക്ക് കാലത്തെ വരുമാനം 351 കോടി


ശബരിമലയിൽ ഈ വർഷം മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് 351 കോടിയുടെ വരുമാനം ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ എസ് അന്തഗോപന്‍. നാണയങ്ങൾ ഇനിയും എണ്ണിത്തീരാനുണ്ട്. ഏകദേശം 20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി തന്നെ ലഭിച്ചെന്നാണ് വിലയിരുത്തൽ.

പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കുമെന്ന് പി എസ് സി


കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കുമെന്ന മുന്നറിയിപ്പുമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ. പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണം മുൻകൂട്ടി കണ്ടെത്തുവാനും അതനുസരിച്ച് പരീക്ഷയുടെ തയ്യാറെടുപ്പുകൾ കൃത്യതയോടെ നടപ്പിലാക്കാനും വേണ്ടിയാണ് കൺഫർമേഷൻ സംവിധാനം കൊണ്ടുവന്നത്. എന്നാൽ കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വർദ്ധിച്ചു വരുന്നതായി കമ്മീഷൻ വിലയിരുത്തി.

തിരുവല്ലയിൽ പക്ഷിപ്പനി


തിരുവല്ല നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവല്ല നഗരസഭയിലെ വാര്‍ഡ് 34 (മേരിഗിരി), വാര്‍ഡ് 38 (മുത്തൂര്‍) എന്നിവിടങ്ങളിലാണ് പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചത്. ഈ സ്ഥലത്തെ കോഴികളുടെ സാമ്പിള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍( എന്‍.ഐ.എച്ച്.എസ്.എ. ഡി) അയച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു.

സൂപ്പർ കപ്പ്‌ ഫുട്‌ബോളിന്‌ കേരളം വേദി


നാല്‌ വർഷത്തിനുശേഷം നടക്കുന്ന സൂപ്പർ കപ്പ്‌ ഫുട്‌ബോളിന്‌ കേരളം വേദിയാകും. ഏപ്രിൽ എട്ടുമുതൽ 25 വരെ കോഴിക്കോടും കൊച്ചിയിലുമാണ്‌ സൂപ്പർ കപ്പ്‌. ഏപ്രിൽ മൂന്നിന്‌ യോഗ്യതാ മത്സരങ്ങൾ ആരംഭിക്കും. ആകെ 16 ടീമുകളാണ്‌. ഐഎസ്‌എല്ലിലെ 11 ടീമുകളും ഐ ലീഗ്‌ ചാമ്പ്യൻമാരും നേരിട്ട്‌ ഗ്രൂപ്പുകളിൽ ഇടംപിടിക്കും. ഐ ലീഗിലെ മറ്റു ടീമുകൾ നാല്‌ സ്ഥാനങ്ങൾക്കായി യോഗ്യതാ മത്സരത്തിനിറങ്ങും. നാല്‌ ടീമുകളെ നാല്‌ ഗ്രൂപ്പുകളിലായി തിരിച്ചാണ്‌ മത്സരം. ഗ്രപ്പ്‌ ജേതാക്കൾ സെമിയിൽ കടക്കും. സൂപ്പർ കപ്പിലെ ജേതാക്കളും കഴിഞ്ഞ ഐ ലീഗ്‌ ചാമ്പ്യൻമാരായ ഗോകുലം കേരളയും ഇന്ത്യയിൽനിന്നുള്ള എഎഫ്‌സി കപ്പ്‌ യോഗ്യതയ്‌ക്കായി പ്ലേ ഓഫിൽ ഏറ്റുമുട്ടും. സൂപ്പർ കപ്പിന്റെ മൂന്നാംപതിപ്പാണിത്‌. എഫ്‌സി ഗോവയാണ്‌ നിലവിലെ ചാമ്പ്യൻമാർ. 2018ൽ ബംഗളൂരു എഫ്‌സി ജേതാക്കളായി.

സന്തോഷ്‌ ട്രോഫി; കേരളം തയ്യാറെടുപ്പിൽ


സന്തോഷ്‌ ട്രോഫി കൈവിടാതിരിക്കാൻ കേരളം തയ്യാറെടുക്കുന്നു. ഒഡിഷയിലെ ഭുവനേശ്വറിലാണ്‌ ഫൈനൽ റൗണ്ട്‌. സെമിയിലെത്തിയാൽ ഗൾഫിലേക്ക്‌ പറക്കാം. ചരിത്രത്തിലാദ്യമായി സെമിയും ഫൈനലും സൗദി അറേബ്യയിലാണ്‌. രണ്ടാഴ്‌ചത്തെ പരിശീലനം എറണാകുളം പനമ്പിള്ളിനഗർ മൈതാനത്ത്‌ തുടങ്ങി. യോഗ്യതാ മത്സരങ്ങൾ കളിച്ച 22 അംഗ ടീമിനെ നിലനിർത്തിയാണ്‌ ചാമ്പ്യൻമാർ ഫൈനൽ റൗണ്ടിന്‌ ഒരുങ്ങുന്നത്‌. ഫെബ്രുവരി 10 മുതൽ 20 വരെയാണ്‌ ഫൈനൽ റൗണ്ട്‌.

ഇന്ത്യൻ സഖ്യത്തിന് സെമിയിലേക്ക് വാക്കോവർ.


ഇന്ത്യയുടെ സാനിയ മിർസ– രോഹൻ ബൊപ്പണ്ണ സഖ്യം ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌ മിക്‌സഡ്‌ ഡബിൾസിൽ സെമിയിൽ കടന്നു. എതിരാളികൾ എത്താത്തതിനാൽ ക്വാർട്ടറിൽ വാക്കോവർ ലഭിച്ചു. ഡേവിഡ്‌ വെഗ (സ്‌പെയ്‌ൻ) -ഒസ്‌തപെങ്കോ (ലാത്വിയ) സഖ്യത്തെയാണ്‌ നേരിടേണ്ടിയിരുന്നത്‌. ഇന്ന് സെമിയിൽ ബ്രിട്ടന്റെ നീൽ സ്‌കുപ്‌സ്‌കി– അമേരിക്കയുടെ ഡെസിറെ ക്രോസിക്‌ കൂട്ടുകെട്ടിനെ നേരിടും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6