
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2023 -2024 വർഷത്തെ പി.കെ. റോസി സ്മാരക പുരസ്കാരത്തിന് ( നാടകം, ഏകപാത്ര നാടകാഭിനയം) അഭിനേതാവും കലാസാംസ്കാരിക പ്രവർത്തകനുമായ മാവൂർ വിജയനെ തെരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് മൺമറഞ്ഞുപോയ മഹാന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷം തോറും നൽകി വരുന്ന അവാർഡുകളിൽ ഒന്നാണ് പ്രശസ്ത മലയാള സിനിമ ആദ്യ നായിക നടിയായ പി.കെ. റോസിയുടെ പേരിൽ അഭിനയ കലക്കു നൽകി വരുന്ന ഈ അവാർഡ്. മലയാള നാടക രംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി മാവൂർ വിജയൻ നടത്തിയ സമഗ്ര സംഭാവനക്കാണ് പുരസ്കാരം. 2024 മാർച്ച് 27 ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ ( വിവേകാനന്ദ )ഹാളിൽ വെച്ചു നടക്കുന്ന ട്രസ്റ്റിൻ്റെ വിപുലമായ വാർഷികാഘോഷ ചടങ്ങിൽ നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്കാരം സമ്മാനിക്കുന്നത്. 1970 മുതൽ നാടകാഭിനയം, രചന സംവിധാനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. തെരുവു നാടകത്തിൽ ഊന്നി കേരളത്തിലും, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും, നേപ്പാൾ, പാക്കിസ്ഥാൻ സിലോൺ എന്നിവിടങ്ങളിലും 7200 ൽപരം അവതരങ്ങൾ നടത്തി. സംസ്ഥാന അടിസ്ഥാനത്തിൽ നാടകമത്സരങ്ങളിൽ മൂന്നു തവണ നല്ല നടനുള്ള സമ്മാനം ലഭിച്ചു. മുൻ കേരള സംഗീത നാടക അക്കാദമി നിർവ്വാഹക സമിതി അംഗമായ മാവൂർ വിജയൻ കോഴിക്കോട് ജില്ലയിലെ വിവിധ കലാസാംസ്കാരിക സംഘടനകളിൽ നേതൃത്വപരമായി പ്രവർത്തിക്കുന്നു. കോഴിക്കോട് ജില്ലയിലെ മാവൂരിൽ സ്ഥിരതാമസം ആക്കിയ വിജയൻ പതേതരായ ഗ്രാസിം ജീവനക്കാരൻ ശങ്കരൻ നായർ, പാർവ്വതിയമ്മ ദമ്പതികളുടെ മകനാണ്. പ്രധാനദ്ധ്യാപികയായി വിരമിച്ച എം. പ്രസന്ന യാണ് ഭാര്യ. ഐ.ടി. എൻജിനിയർമാരായ പ്രവീൺ, നവീൻ എന്നിവർ മക്കളാണ്. അഭിനയം പോലെ തന്നെ നാടകം എഴുത്തിലും സംവിധാനത്തിലും പ്രതിഭ തെളിയിച്ച വ്യക്തിത്വമാണ് മാവൂർ വിജയൻ്റേത്. 1992-ൽ ‘മോഡലുകൾ ‘ ഏകാങ്ക നാടക സമാഹരത്തിന് പള്ളം ട്രോഫി തുടങ്ങി വിവിധ സമ്മാനങ്ങൾ ലഭിച്ചു. യൂക്കോ ബാങ്ക് സ്പെഷൽ അസിസറ്റൻറ്, മാവൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ മുഴുവൻ സമയ കലാസാംസ്കാരിക പ്രവർത്തകനാണ്.

No Comment.