
തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ മികച്ച ഗ്രന്ഥ രചനയ്ക്കുള്ള പദ്മരാജൻ സ്മാരക പുരസ്കാര
ഡോ. അരവിന്ദൻ വല്ലച്ചിറയുടെ അടൂർ സിനിമകൾ ദൃശ്യചാരുതയുടെ കൊടിയേറ്റം എന്ന ഗ്രന്ഥം തിരഞ്ഞെടുത്തു. മണ്മറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കായി വർഷംതോറും നൽകി വരുന്ന അവാർഡാണിത്. മലയാള സിനിമയ്ക്കും സാഹിത്യത്തിനും മഹത്തായ സംഭാവനകൾ നൽകിയ പദ്മരാജന്റെ പേരിലുള്ളതാണ് അവാർഡ്.
തൃശൂർ ജില്ലയിലെ വല്ലച്ചിറയിൽ 1951-ൽ ജനിച്ച അരവിന്ദൻ 1974-ൽ മണ്ണുത്തി വെറ്ററിനറി കോളേജിൽ നിന്ന് ബി. വി. സി ബിരുദം ഫസ്റ്റ്ക്ലാസും ഫസ്റ്റ്റാങ്കും നേടി പാസ്സായി.1974 -മുതൽ 1976-വരെ കേരള സർക്കാർ മൃഗസംരക്ഷണവകുപ്പിൽ വെറ്ററിനറി സർജനായി പ്രവർത്തിച്ചു. 1978-ൽ ന്യൂഡൽഹിയിലെ I. C. A. R ഫെല്ലോഷിപ്പോടെ പോസ്റ്റ് ഗ്രാജുവേറ്റ് (M. VSc) ഡിഗ്രിയും കരസ്ഥമാക്കി.
നീണ്ട 32വർഷത്തെ സേവനത്തിനുശേഷം വെറ്ററിനറി കോളേജിലെ ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി വിഭാഗം മേധാവിയായി 2011-ൽ വിരമിച്ചു.
എം. ടി. വാസുദേവൻ നായരുടെ തിരക്കഥകളെയും സിനിമകളെയും പറ്റിയുള്ള പഠനഗ്രന്ഥമായ “ആത്മനിന്ദയുടെ പൂക്കൾ “എന്ന ഗ്രന്ഥത്തിന് 1991-ലെ ദേശീയ ഫിലിം അവാർഡ് ലഭിക്കുകയുണ്ടായി. ചലച്ചിത്രവും സമൂഹവും (1989)ചലച്ചിത്ര പ്രസ്ഥാനങ്ങൾ (1992) എന്നി ഗ്രന്ഥങ്ങൾക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു .5 തവണ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് കരസ്ഥമാക്കിയ ഡോ. വല്ലച്ചിറ 21 ഓളം അവാർഡുകൾക്കു അർഹനായിട്ടുണ്ട്.24 ചലച്ചിത്ര ഗ്രന്ഥങ്ങളും 2 ശാസ്ത്ര സാമൂഹ്യ ഗ്രന്ഥങ്ങളും 4 വെറ്ററിനറി ശാസ്ത്ര ഗ്രന്ഥങ്ങളും പ്രസിദ്ധികരിച്ചിട്ടുണ്ട്. ഡോ. അരവിന്ദൻ വല്ലച്ചിറയുടെ എഴുത്തിന്റെ സുവർണ ജൂബിലി 2017 ഡിസംബർ 23-ന് തൃശ്ശൂരിലെ കലാ സാഹിത്യ സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ സമുചിതമായി ആഘോഷിക്കുകയുണ്ടായി.
മലയാള സിനിമയിൽ 1928 മുതൽ 2023 വരെ പുറത്തു വന്ന
ചിത്രങ്ങളുടെ സമഗ്ര വിവരങ്ങൾ ഉൾകൊള്ളുന്ന “മലയാള സിനിമ നാൾവഴികൾ” എന്ന വിപുല ഗ്രന്ഥം കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയാണ് പ്രസിദ്ധീകരിക്കുന്നത്.
5 വോളിയങ്ങളിൽ പുറത്തുവരുന്ന ഈ വിശ്രുത ഗ്രന്ഥത്തിന്റെ 2 വോളിയം പുറത്തു വന്നീട്ടുണ്ട്.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള കാർഷിക സർവകലാശാല, ജവഹർ ബാലഭവൻ എന്നിവയുടെ ജനറൽ കൗൺസിൽ അംഗമായിരുന്ന ഡോ.അരവിന്ദൻ വല്ലച്ചിറ ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരണമായ ഭക്തപ്രിയ മാസികയുടെ ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചീട്ടുണ്ട്.
തൃശൂർ ഒല്ലൂക്കരയിൽ താമസം. ഭാര്യ ഏ. ഡി. ശാന്തി. മകൾ അപർണ നവീൻ ഫെഡറൽ ബാങ്ക് മാനേജരാണ്. മകൻ ഡോ. അവിനാഷ് അരവിന്ദ് തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുന്നാൾ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ചിൽ M. Ch. (Cardiovascular and thoracic Surgery) super speciality ക്കു പഠിക്കുന്നു.
തൃശ്ശൂരിലെ കലാ സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളിലെ നിറ സാന്നിധ്യമാണ് ഡോ. വല്ലച്ചിറ. ദേശീയ ശാസ്ത്രവേദി, സിനിവിഷൻസ് തൃശൂർ, ദൃശ്യസാഹിതി തുടങ്ങിയ സംഘടനങ്ങളുടെ അധ്യക്ഷ പദവി അലങ്കരിച്ച വ്യക്തിയാണ് അദ്ദേഹം.
2024 മാച്ച് 27ന് തിരുവനന്തപുരം ഹസ്സൻ മരയ്ക്കാർ ഹാളിൽ വെച്ച് നടക്കുന്ന ട്രസ്റ്റിന്റെ വാർഷികാഘോഷ ചടങ്ങിൽ നിരവധി
കലാസാഹിത്യ സാംസ്കാരിക പ്രതിഭകളുടെ സാന്നിധ്യത്തിലായിരിക്കും പുരസ്കാരം സമ്മാനിക്കുന്നത്.

No Comment.