Skip to content

chithrodayamflashnews.com

November 29, 2026 10:12 pm
Asnap 2516

രാജ്യം ഏപ്രില്‍ 19 മുതല്‍ പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് ഏഴുഘട്ടമായി, കേരളത്തില്‍ 26ന്

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ സമയക്രമം പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രില്‍ 19 മുതല്‍ ഏഴുഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.

കേരളത്തില്‍ രണ്ടാംഘട്ടമായ ഏപ്രില്‍ 26നാണ് വോട്ടിംഗ്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ നടക്കും.

ഡല്‍ഹി വിജ്ഞാൻ ഭവനിലെ വാർത്താസമ്മളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്. കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവരും പങ്കെടുത്തു.

ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു.

543 ലോക്സഭാ മണ്ഡലങ്ങളിലാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 96.8 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതില്‍ 49.7 കോടി പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീവോട്ടർമാരുമാണുള്ളത്. 48,000 ട്രാൻസ്ജെൻഡര്‌ വോട്ടർമാരും ഇത്തവണയുണ്ട്. 19.75 കോടി പേർ യുവ വോട്ടർമാരാണ്.

1.8 കോടി കന്നി വോട്ടർമാരാണ് ഇത്തവണ പോളിംഗ് ബൂത്തുകളിലേക്കെത്തുന്നത്. ഇവരില്‍ 85 ലക്ഷം സ്ത്രീ വോട്ടർമാരാണ്. 10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്.

ബൂത്തുകളില്‍ എല്ലാവിധ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. കുടിവെള്ളം, ശൗചാലയം, വീല്‍ചെയർ, മെഡിക്കല്‍ സൗകര്യങ്ങള്‍ തുടങ്ങിയവ പോളിംഗ് ബൂത്തുകളില്‍ സജ്ജമാക്കും. രാജ്യത്തെ 85 വയസിനു മുകളിലുള്ള വോട്ടർമാർക്കും 40 ശതമാനത്തിലേറെ വൈകല്യമുള്ളവർക്കും വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യവും ഇത്തവണ ഒരുക്കിയിട്ടുണ്ട്.

എല്ലാ ജില്ലകളിലും സുരക്ഷയ്ക്കായി 24×7 കണ്‍ട്രോള്‍ റൂമും നെറ്റ്‌വർക്ക് ചെക്ക്പോസ്റ്റുകളും സ്ഥാപിക്കും. അതിർത്തികളില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. പ്രശ്നസാധ്യത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. കെവൈസി ആപ്പിലൂടെ സ്ഥാനാർഥികളുടെ വിവരങ്ങള്‍ ലഭ്യമാക്കും. ക്രിമിനല്‍ കേസുകളുടെ വിവരങ്ങളടക്കം ലഭ്യമാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6