
ജീവിതത്തിന്റെ
കാണാക്കാഴ്ചകളുടെ
ഏടുകളിൽ
ഒരു നിലാച്ചിത്രം
മിന്നിമായുന്നുണ്ട്.
ഛായാമുഖി
അത് നിന്റെ
ചിത്രമായിരുന്നു….
ശിരോലിഖിതങ്ങളാൽ
എഴുതപ്പെട്ടുപോയ
വിധിയുടെ വിളയാട്ടക്കഥകളിൽ
ഒരു നേർത്ത തേങ്ങൽ
ഞാൻ കേൾക്കുന്നുണ്ട്.
അതും നിന്റെ അടങ്ങാത്ത തേങ്ങലാണെന്ന്
ഞാൻ തിരിച്ചറിയുന്നു…
നിലക്കണ്ണാടിയിൽ
പ്രതിഫലിച്ച
നിന്റെ പ്രതിരൂപത്തിന്
പറഞ്ഞുതീരാത്ത
ഒരുപാട് കഥകൾ
പറയുവാനുണ്ടാകും.
ശബ്ദം നഷ്ടപ്പെട്ടവരുടെ വേദനയുടെ കഥകൾ…
സ്വത്വബോധത്തിന്റെ
കാണാച്ചരടുകൾക്ക്
അകംബോധത്തിന്റെ
തിരുവെഴുത്ത് സാക്ഷിപത്രം…
ഒരിക്കലും മുന്നിലേക്ക്
എത്താത്ത ഛായാമുഖീ,
കാലം നിനക്കായ്
കാത്തിരിപ്പുണ്ട്,
ഇന്നലെകളിലെ
നോവുകൾക്ക്
പകരം വീട്ടുവാനുള്ള
തന്ത്രങ്ങളുടെ
തിരുവെഴുത്തുകൾ
ബാക്കിവച്ച്,
ഇനിയും മുന്നോട്ടു പോകാം…
പുനർജ്ജനിയുടെ
ഗുഹകൾ തേടി…
മായക്കാഴ്ചകൾ തേടി…
അവിടെ നീതിയുടെ നിലാവെട്ടം
നിനക്കായ്
കാത്തിരിക്കുന്നുണ്ടാവാം…


അക്ഷരങ്ങൾ പടവാളാക്കുന്ന ഗിരിജൻ മാഷിന്റെ.. ഈ… രചനയും… 👌👌💐💐