Skip to content

chithrodayamflashnews.com

November 30, 2026 2:52 am

നമുക്കെന്തു സ്വന്തം…?

ഗിരിജൻ ആചാരി തോന്നല്ലൂർ

ഈ കാറ്റുമാറി
മറുകാറ്റു വന്നിടാം
ഈ മൂടൽ മാറി
പുതുക്കാഴ്ച വന്നിടാം…
ഈ ലോകതത്വമറിയാതെ നമ്മൾ
എന്തിനോ വേണ്ടി മത്സരിച്ചീടുന്നു…

എന്തുണ്ടു നമ്മൾക്ക്
സ്വന്തമെന്നോതുവാൻ…?
എന്തുണ്ടു നമ്മൾക്കവകാശം ചൊല്ലുവാൻ….?
എല്ലാം നമുക്കിവിടെ ധാനമായി കിട്ടി
എന്നിട്ടുമെന്തേ ഞാനെന്ന ഭാവം…?

തക്കത്തിലൊത്താൽ ഒറ്റുകൊടുക്കുന്നു
തന്ത്രം മെനയുന്നു
യന്ത്രം കണക്കെയും….
ആരാർക്കു സ്വന്തം…?
ആരാർക്കു ബന്ധം…?
കള്ളപ്പെരുക്കങ്ങളേറുന്നു മണ്ണിൽ….

പറയുന്നു വാക്കുകൾ
സ്നേഹം പകർത്തി
പലവുരു നീയെന്റെ ദൈവമെന്നോതി,
ഇരുളിന്റെ മറവിൽ
കത്തിപായിക്കുവാൻ
തക്കംപാർക്കുന്നവൻ ആരെന്നറിവൂ…?

ഇല്ലിവിടെയൊരുനാളും
ശാശ്വത സത്യങ്ങൾ…
ഇല്ലിവിടെ ധർമ്മങ്ങൾ
കർമ്മങ്ങളൊന്നുമേ…
എല്ലാം പണത്തിന്റെ
മേൽക്കോയ്മയാൽ
പങ്കിട്ടെടുക്കുന്നു ന്യായാസനങ്ങളും…

അമ്മയ്ക്കു നേരേ ആയുധമെടുപ്പോർ
അച്ഛനെ പുശ്ചിച്ചു
തള്ളുന്നു തെരുവിൽ….
പുഴുക്കുത്തുവീണുപോയ്
ജീവിത സത്യങ്ങൾ…
വെറുതെ പുലമ്പുന്നു
ഹതഭാഗ്യരിന്നും…

ഒറ്റപ്പെടുമ്പോൾ അകലംവരുമ്പോൾ
സ്വന്തബന്ധങ്ങൾതൻ
മൂല്യമറിയും…
ഉള്ളം പിടയ്ക്കുന്ന
നോവുകൾപേറി
കർമ്മസാക്ഷ്യങ്ങൾ തൻ നേരറിയും….
അപ്പോഴും മുന്നിൽ
തെളിഞ്ഞുനിൽക്കും
മന:സ്സാക്ഷി നൽകും
ചോദ്യങ്ങളിങ്ങനെ,
നമുക്കെന്തു സ്വന്തം…?
നമുക്കാരു സ്വന്തം…?

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6