ഇരുന്നൂറോളം കോടി രൂപ വിലമതിക്കുന്ന സ്വത്ത് ദാനംചെയ്ത ഗുജറാത്തിലെ വ്യവസായിയും ഭാര്യയും സന്നാസജീവിതത്തിലേക്ക്. ഹിമമത്നഗര് സ്വദേശിയും നിര്‍മാണ വ്യവസായിയുമായ ഭവേഷ് ഭണ്ഡാരിയും ഭാര്യയുമാണ് ലൗകികജീവിതം ഉപേക്ഷിച്ച് ആത്മീയജീവിതത്തിലേക്കു പ്രവേശിക്കുന്നത്. ഫെബ്രുവരിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍വച്ച് തങ്ങളുടെ എല്ലാ സ്വത്തുക്കളും ദാനമായി നല്കിയ ഇരുവരും ഈ മാസം അവസാനത്തോടെ പൂര്‍ണമായും സന്ന്യാസജീവിതമാരംഭിക്കും. ജൈനവിശ്വാസികളാണ് ഇരുവരും.
ഭവേഷിന്റെ 19 വയസുള്ള മകളും 16 വയസുകാരനായ മകനും 2022-ല്‍ ജൈന സന്ന്യാസം സ്വീകരിച്ചിരുന്നു. മക്കളുടെ പ്രവൃത്തിയില്‍ ആകൃഷ്ടരായാണ് ഇരുവരും ലൗകിക ജീവിതം അവസാനിപ്പിക്കാനും സന്ന്യാസത്തിന്റെ മാര്‍ഗം തെരഞ്ഞെടുക്കാനും തീരുമാനിച്ചതെന്നു ജൈന വിഭാഗത്തില്‍പ്പെട്ടവര്‍ പറയുന്നു. ഈ മാസം 22-നാണ് ഭവേഷും ഭാര്യയും സന്ന്യാസദീക്ഷ സ്വീകരിക്കുന്നത്.
അതിനുശേഷം ഇരുവര്‍ക്കും ലൗകികമായ യാതൊരു വസ്തുക്കളും സൂക്ഷിക്കാന്‍ അനുമതിയുണ്ടാകില്ല. രാജ്യത്തുടനീളം കാല്‍നടയായി യാത്രചെയ്ത് ഭിക്ഷാടനം നടത്തിവേണം ശിഷ്ടകാലം ചെലവഴിക്കേണ്ടത്. വെള്ളനിറത്തിലുള്ള രണ്ടു വസ്ത്രങ്ങളും ഭിക്ഷ യാചിക്കാനുള്ള പാത്രവും ജൈനസന്ന്യാസിമാര്‍ ഉപയോഗിക്കുന്ന രാജോഹരനും മാത്രമായിരിക്കും ഇരുവര്‍ക്കും അനുവദിക്കുക.
സന്ന്യാസിമാര്‍ എവിടെയെങ്കിലും ഇരിക്കുന്നതു മുമ്പ് അവിടെയുള്ള ചെറുപ്രാണികളെ സുരക്ഷിതമായി നീക്കാനാണ് രാജോഹരന് എന്നറിയപ്പെടുന്ന വെളുത്ത ചൂല് ഉപയോഗിക്കുക. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഭവേഷ് ഭണ്ഡാരിയും ഭാര്യയും പരിത്യജിക്കല്‍ ചടങ്ങ് നടത്തിയത്. മറ്റു 35 പേര്‍ക്കൊപ്പം രാജകീയമായ രീതിയില്‍ നാലു കിലോമീറ്റര്‍ ദൂരം നടത്തിയ ഘോഷയാത്രയില്‍ ഇരുവരും തങ്ങളുടെ ഫോണുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ദാനംചെയ്തിരുന്നു.
കൗമാരക്കാരായ മക്കള്‍ സുഖസൗകര്യങ്ങള്‍ ത്യജിച്ച് ജൈനസന്യാസികളായി ; പിന്നാലെ 200 കോടി വിലമതിക്കുന്ന സ്വത്ത് ദാനംചെയ്തു ഗുജറാത്തിലെ വ്യവസായിയും ഭാര്യയും സന്യാസം സ്വീകരിച്ചു
No Comment.