സി.പി.എം നേതാവ് ഇ.പി. ജയരാജനെ വെടിവെച്ചുകൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ ഹൈകോടതി കുറ്റമുക്തനാക്കി. മുൻമന്ത്രിയും നിലവില്‍ എല്‍.ഡി.എഫ് കണ്‍വീനറുമായ ജയരാജനെ 1995 ഏപ്രില്‍ 12ന് കേരളത്തിലേക്കുള്ള ട്രെയിൻ യാത്രക്കിടെ, വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ആന്ധ്രയിലുണ്ടായ സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷിച്ച കേസില്‍ തിരുവനന്തപുരത്ത് രണ്ടാമതൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് നിയമപരമായി നിലനില്‍ക്കില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്.
ഒന്നാം പ്രതി സുധാകരനൊപ്പം മൂന്നാം പ്രതി തലശ്ശേരി സ്വദേശി രാജീവനെയും കുറ്റമുക്തനാക്കിയിട്ടുണ്ട്. ഇ.പി ജയരാജൻ ചണ്ഡിഗഢില്‍ നിന്ന് പാർട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങമ്പോള്‍ ആന്ധ്രയിലെ ഓങ്കോളില്‍ വെച്ചായിരുന്നു വെടിവെപ്പ്. കെ. സുധാകരനുമായി തിരുവനന്തപുരത്ത് വെച്ച് ഗൂഢാലോചന നടത്തിയ ശേഷമാണ് പ്രതികള്‍ ജയരാജനെ വധിക്കാൻ പുറപ്പെട്ടതെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. കുറ്റമുക്തനാക്കണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ നല്കിയ ഹരജി 2016ല്‍ സെഷൻസ് കോടതി തള്ളിയിരുന്നു.
ജയരാജനെ വധിക്കാൻ ശ്രമിച്ച പേട്ട ദിനേശൻ, വിക്രംചാലില്‍ ശശി എന്നിവരെ ആയുധ നിയമപ്രകാരം ആന്ധ്രയിലെ സെഷൻസ് കോടതി ശിക്ഷിച്ചിരുന്നെങ്കിലും ഹൈകോടതി പിന്നീട് ഇവരെ കുറ്റമുക്തരാക്കി. സുധാകരനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനും പ്രോസിക്യൂഷനായില്ല. ഇതിനെ തുടർന്ന് തിരുവനന്തപുരത്താണ് ഗൂഢാലോചന നടന്നതെന്നാരോപിച്ച് ജയരാജൻ സ്വകാര്യ അന്യായം നല്‍കുകയും തമ്പാനൂർ പൊലീസ് കേസെടുക്കുകയുമായിരുന്നു.
എന്നാല്‍, ആന്ധ്രയിലെ ചിരാല റെയില്‍വേ പൊലീസ് രജിസ്റ്റർ ചെയ്ത വകുപ്പുകള്‍ പ്രകാരമുള്ള കേസാണ് തനൂർ പൊലീസും രജിസ്റ്റർ ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. തമ്പാനൂർ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറില്‍ പരാമർശിക്കുന്ന വ്യക്തികളും സ്ഥലവും തന്നെയാണ് രണ്ടാം എഫ്.ഐ.ആറിലുമുള്ളത്. നിയമപരമായി ഒരു കേസില്‍ രണ്ട് എഫ്.ഐ.ആർ സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, ഗൂഢാലോചനക്കേസില്‍ സുധാകരനടക്കം കുറ്റപത്രം നല്‍കുകയോ വിചാരണ നേരിടുകയോ ചെയ്തിട്ടില്ലെന്നും തൈക്കാട് ഗെസ്റ്റ് ഹൗസിലാണ് ഗൂഢാലോചന നടന്നതെന്നും ജയരാജൻ വാദിച്ചു. തന്നെയും മറ്റ് രണ്ട് സി.പി.എം നേതാക്കളെയും വകവരുത്താനായിരുന്നു പദ്ധതി. അധികമായി ചില സാക്ഷികളുള്ളതായും കോടതിയില്‍ പറഞ്ഞു. എന്നാല്‍, അധിക സാക്ഷികള്‍ ചേർക്കപ്പെട്ടതുകൊണ്ട് മാത്രം രണ്ടാം എഫ്.ഐ.ആറിന് സാധുത ലഭിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അടിസ്ഥാന ആരോപണം ഒന്നുതന്നെയാണ്. മികച്ച അന്വേഷണമെന്ന അവകാശം ഇരക്ക് ലഭിക്കേണ്ടതുണ്ട്. അത് നിയമപരമായി നിലനില്‍ക്കാത്ത രീതിയിലൂടെ നടപ്പാക്കിയാല്‍ അംഗീകരിക്കാനാവില്ല. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സുധാകരനടക്കം പ്രതികള്‍ക്ക് കുറ്റപത്രം കൊടുക്കാത്തത് അന്വേഷണത്തിലെ വീഴ്ചയാണ്. ഇതിനായി തുടരന്വേഷണത്തിന് ആന്ധ്രയിലെ കോടതിയില്‍ തന്നെ ആവശ്യപ്പെടുകയാണ് വേണ്ടത്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കേസില്‍ സുധാകരനെയും രാജീവനെയും കുറ്റമുക്തരാക്കുന്നതായും ഈ ആവശ്യം തള്ളിയ സെഷൻസ് കോടതി വിധി റദ്ദാക്കുന്നതായും കോടതി വ്യക്തമാക്കി.
സി.പി.എം നേതാവ് ഇ.പി. ജയരാജനെ വെടിവെച്ചുകൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ ഹൈകോടതി കുറ്റമുക്തനാക്കി
No Comment.