
നേർച്ചിത്രങ്ങൾ
അമ്മ പണ്ടു പറഞ്ഞു തന്ന
വാക്കുകളുടെ നറുമൊഴിയുടെ പൊരുളറിയാൻ
കാലങ്ങൾക്കുശേഷം ജീവിതച്ചുമടുകളേറി
നടുവിനു കൂനുവരുംവരെ കാത്തിരിക്കേണ്ടി വന്നു…
അച്ഛന്റെ കരുതലിന്റെ കണികകൾ മനസ്സിൽ പതിയാൻ
രാപ്പകലുകളില്ലാതെയുള്ള
അതിജീവനത്തിന്റെ പാതകൾ താണ്ടേണ്ടിവന്നു…
അച്ഛനും അമ്മയും പകർന്നുതന്ന നന്മമരത്തിന്റെ പൂക്കാലം
ഇന്നും മായാതെ
മനസ്സിൽ നിലാച്ചിത്രങ്ങൾ വരയ്ക്കുന്നുണ്ട്..
അതിൽ അച്ഛന്റെ ത്യാഗത്തിന്റെ പലവർണ്ണങ്ങളും,
അമ്മയുടെ കണ്ണീരുപ്പിന്റെ നിറഭേദങ്ങളും ഉണ്ടായിരുന്നു…
പകർന്നാട്ടത്തിന്റെ പടിയിറക്കത്തിൽ,
കാലഗതിയുടെ വിളയാട്ടങ്ങളിൽ,
ജീവിതത്തിന്റെ ശിഷ്ടങ്ങളേ മാറ്റിവച്ച്
കൂട്ടിക്കുറയ്ക്കലുകളുടെ കള്ളക്കളികളിൽ
ഗുണിതങ്ങളുടെ മായിക വലയങ്ങളിൽപ്പെട്ട്
അച്ഛനും അമ്മയും മുമ്പേ പറന്നപ്പോൾ
ആദ്യമായ് ഒറ്റപ്പെടലിന്റെ നോവറിഞ്ഞു..
മറ്റൊന്നിനും പകരം വയ്ക്കാനാവാത്ത നേരറിവിന്റെ വലിയ പാഠങ്ങൾ..
അത് അച്ഛനും അമ്മയുമല്ലാതെ മറ്റാര്..?
ഇന്നലെകളിൽ അവർ നൽകിയ സ്നേഹത്തിന്റെയും കുറ്റപ്പെടുത്തലിന്റെയും
പരിഭവങ്ങളുടെയും കരുതലിന്റെയും നനുത്ത ഓർമ്മകൾ
മനസ്സിൽ ചുരമാന്തുന്നുണ്ട്..
എല്ലാം തനിക്കുള്ള ജീവിതത്തിന്റെ അടയാളപ്പെടുത്തലുകൾ..
കാലം വൈകിയെങ്കിലും
തിരിച്ചറിവുകളുടെ
വിളയാട്ടങ്ങൾ
നേരറിവിന്റെ
ഓർമ്മപ്പെടുത്തലുകൾ നൽകി…
കർമ്മകാണ്ഡങ്ങളുടെ തിരുശേഷിപ്പുകളായ്
കണ്ണുകളിൽ നിറയുന്ന
തോരാമഴ……
അവർക്കുള്ള സ്നേഹത്തിന്റെ തിലോദകം മാത്രം..
വാക്കും പൊരുളും മൗനത്തിന്റെ ഇടനാഴികളിൽ ഒരുമിച്ചുചേരുമ്പോൾ,
വിതുമ്പലടക്കാതെ
നാവുകൾ പലവട്ടം മന്ത്രിക്കുന്നുണ്ടായിരുന്നു…
മുമ്പേ പറന്നുപോയ
പക്ഷികൾ
പകർന്നുനൽകിയ
അനുഭവത്തിന്റെ ചൂരുള്ള വാക്കുകൾക്ക്
സത്യത്തിന്റെ വെളിപാടുകൾ ഏറെയുണ്ടായിരുന്നു..
ഒരിക്കലും മരണമില്ലാത്ത ഓർമ്മപ്പെടുത്തലുകളുടെ നേരറിവുണ്ടായിരുന്നു..
തിരനാടകത്തിന്റെ
തിരശ്ശീലയ്ക്കുപിന്നിലെ
അറിയാക്കഥകളിൽ
ഇനിയും എത്രയോ
കണ്ണീരിന്റെ നേരിടങ്ങൾ..
അമ്മ മനസ്സിന്റെ നൊമ്പരങ്ങൾ..
അച്ഛന്റെ ഇടർച്ചയുടെ വേവലാതികൾ….
സി. ജി.ഗിരിജൻ ആചാരി തോന്നല്ലൂർ


No Comment.