Skip to content

chithrodayamflashnews.com

October 24, 2026 5:51 pm

നാഗങ്ങളുടെ ഉത്ഭവ കഥ

മഹാഭാരതം ആദിപര്‍വ്വത്തില്‍ നാഗങ്ങളുടെ ഉത്ഭവ കഥ വിവരിക്കുന്നുണ്ട്. ബ്രഹ്മാവിന്റെ മാനസപുത്രന്മാരില്‍ ഒരാളായ മരീചിയുടെ പുത്രനാണ് അതിതേജസ്വിയായ കശ്യപന്‍. ദക്ഷപ്രജാപതിയുടെ പുത്രിമാരായ കദ്രുവും വിനിതയുമാണ് അദ്ദേഹത്തിന്റെ പത്നിമാര്‍. പത്നിമാരുടെ ശുശ്രൂഷയില്‍ സംപ്രീതനായ കശ്യപന്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട വരം ചോദിച്ചുകൊള്ളുവാന്‍ ആവശ്യപ്പെട്ടു. ഉടനെ കദ്രു അതിശക്തിയോടുകൂടിയ ആയിരം നാഗങ്ങള്‍ തനിക്ക് പുത്രന്മാരായി ഉണ്ടാകണമെന്ന വരം ചോദിച്ചു. വിനിതയാകട്ടെ കദ്രുവിന്റെ മക്കളേക്കാള്‍ വീര്യവും പരാക്രമവും ഓജസ്സുമുള്ള രണ്ടു പുത്രന്മാരുണ്ടായാല്‍ മതി എന്ന വരമാണ് ചോദിച്ചത്. വരബലത്താല്‍ കദ്രു ആയിരം മുട്ടകള്‍ ഇടുകയും, അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം അവ വിരിഞ്ഞ് ആയിരം നാഗങ്ങള്‍ ഉത്ഭവിക്കുകയും ചെയ്തു. ക്ഷമയില്ലാത്ത വിനിത തന്റെ രണ്ട് മുട്ടകളില്‍ ഒന്ന് പൊട്ടിച്ച് നോക്കുകയും അതില്‍ നിന്ന് പൂര്‍ണ്ണ വളര്‍ച്ചയെത്തിയിട്ടില്ലാത്ത അരുണന്‍ പിറക്കുകയും ചെയ്തു. പൂര്‍ണ്ണ വളര്‍ച്ച എത്തുന്നതുവരെ ക്ഷമിക്കാന്‍ കഴിയാത്ത വിനിതയെ അരുണന്‍ ശപിച്ചു. ഇനി മുതല്‍ കദ്രുവിന്റെ ദാസിയായി അഞ്ഞൂറുകൊല്ലം ജീവിക്കണമെന്നും, ഇനിയുള്ള അണ്ഡത്തില്‍ നിന്നും പുറത്തുവരുന്ന മകന്‍ അമ്മയെ ദാസ്യത്തില്‍ നിന്നും രക്ഷിക്കുമെന്ന് പറഞ്ഞ് ആകാശത്തിലേക്ക് ഉയര്‍ന്ന് ആദിത്യസാരഥിയായി പ്രശോഭിച്ചു. സമയമായപ്പോള്‍ രണ്ടാമത്തെ മുട്ട വിരിഞ്ഞ് ഗരുഡന്‍ പുറത്തുവന്നു. കദ്രു പുത്രന്മാരായ ആയിരം നാഗങ്ങളില്‍ നിന്നാണ് ഇന്ന് ലോകത്തില്‍ കാണപ്പെടുന്ന നാഗങ്ങളൊക്കെ ഉത്ഭവിച്ചത്.

നാഗം വിവിധ ദൃഷ്ടിയില്‍

വേദങ്ങളില്‍ ഭോഗതയുടെ പ്രതീകമാണ് സര്‍പ്പങ്ങളെ ചിത്രീകരിച്ചിരിക്കുന്നത്. അഥര്‍വ്വവേദത്തിലാകട്ടെ സര്‍പ്പവിഷങ്ങള്‍ക്കെതിരായി ഉപയോഗിക്കേണ്ട മന്ത്രങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു. പാമ്പ് വളയൂരുന്നതും, അവയുടെ ചലനരീതികളും, ശൈത്യക്കാലത്ത് മണ്ണിനടിയില്‍ പോകുന്ന പമ്പുകളുടെ മയക്കത്തെപ്പറ്റിയും, സര്‍പ്പവിഷത്തിന്റെ ദുഷ്ഫലങ്ങളും, മന്ത്രം പ്രയോഗിച്ച് അവയ്ക്കുള്ള പരിഹാരങ്ങളും അഥര്‍വ്വവേദത്തില്‍ കാണുവാന്‍ സാധിക്കും. ഋഗ്വേദത്തിലും മറ്റുചില സംഹിതകളിലും സര്‍പ്പദംശത്തിന്റെ വിഷസ്വഭാവം പറയുന്നുണ്ട്. യജുര്‍വേദത്തിലും അഥര്‍വ്വവേദത്തിലും ഒരു ആരാധന സമ്പ്രദായം എന്നനിലയില്‍ സര്‍പ്പങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. (സര്‍പ്പസൂക്തം)

പുരാണങ്ങളിലാകട്ടെ, അമൃത് തേടിപ്പോയ പാമ്പുകള്‍ കുശപ്പുല്ലില്‍ വെച്ച അമൃതകുംഭം തട്ടിവീഴുകയും മൂര്‍ച്ചയുള്ള കുശപ്പുല്ലില്‍ വീണ അമൃതം നക്കിയപ്പോള്‍ നാവ് പിളര്‍ന്ന കഥയും കാണുവാന്‍ സാധിക്കും.

തന്ത്രശാസ്ത്രസംബന്ധമായും നാഗങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യമുണ്ട്. കുണ്ഡലിനി ശക്തി പെണ്‍പാമ്പായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. മൂലാധാര ചക്രത്തില്‍ കിടന്നുറങ്ങുന്ന കുണ്ഡലിനി ശക്തിയെ സര്‍പ്പശക്തിയെന്നു വിളിക്കുന്നു. മനുഷ്യരുടെ ഗുദലിംഗങ്ങള്‍ക്കിടയില്‍ മൂലാധാരചക്രത്തില്‍ മൂന്നര ചുറ്റായി പെണ്‍പാമ്പിനെപോലെ തിറയിട്ട് കിടന്നുറങ്ങുന്ന ശക്തിയെ ഉണര്‍ത്താന്‍ ആദ്യപടിയായി ആവിഷ്കരിച്ച സമ്പ്രദായമാണ് നാഗാരാധന എന്നൊരു അഭിപ്രായമുണ്ട്. ആടുപാമ്പേ പുനം തേടുപാമ്പേ, ആനന്ദകുത്തുകണ്ടാടുപാമ്പേ എന്ന് ശ്രീനാരായണഗുരുദേവന്റെ കുണ്ഡലിനിപ്പാട്ടില്‍ പാടിയ പാമ്പ് സുഷ്മനാശീര്‍ഷണിയില്‍ ഉറങ്ങികിടക്കുന്ന പാമ്പിനെ ഉണര്‍ത്തലാണ്.

ജ്യോതിഷപരമായി രാഹുദോഷങ്ങള്‍ക്ക് സര്‍പ്പസംബന്ധമായ വഴിപാടുകളാണ് പരിഹാരമായി വിധിക്കുന്നത്. നാഗവിഗ്രഹങ്ങളുടെ നിര്‍മ്മാണരീതികള്‍ ശില്പരത്നം എന്ന ഗ്രന്ഥത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നു. ഒറ്റസംഖ്യയില്‍ വരുന്ന ഫണങ്ങളോട് കൂടിയതും മനുഷ്യാകാരം പൂണ്ടതുമായ രൂപത്തിലാണ് നാഗവിഗ്രഹങ്ങള്‍. ശിവലിംഗം പഞ്ചഫണമായും, വാല്‍ക്കണ്ണാടിയും ഫണമായും നാഗവിഗ്രഹങ്ങള്‍ പ്രചാരത്തിലുണ്ട്. നാഗവിഗ്രഹങ്ങള്‍ അധികവും ശിലയിലായിരിക്കും നിര്‍മ്മിക്കപ്പെടുക.

വിവിധ മതങ്ങളിലും നാഗം സുപ്രധാന ഘടകമാണ്. ചൈന, ശ്രീലങ്ക, ജപ്പാന്‍, ജാവ, ഈജ്പിത് തുടങ്ങിയ രാജ്യങ്ങളില്‍ നാഗാരാധന നിലവിലുണ്ടായിരുന്നു. നാഗ്പ്പൂര്‍, നാഗപട്ടണം, നാഗാലാന്റ്, നാഗര്‍കോവില്‍ തുടങ്ങിയ സ്ഥലനാമങ്ങള്‍ സൂചിപ്പിക്കുന്നതുപോലെ നാഗാരാധനയുമായി ബന്ധപ്പെട്ടതാണ്.

കടപ്പാട്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6