മണ്ഡലങ്ങളുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള പശ്ചിമ ബംഗാളിൽ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ 42 സീറ്റുകളിൽ 29 എണ്ണം നേടി മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസ് വീണ്ടും ഒന്നാമതെത്തി. ബി.ജെ.പി 12 സീറ്റ് നേടിയപ്പോൾ കോൺഗ്രസ്-സി.പി.എം കൂട്ടുകെട്ടിന് നേടാനായത് വെറും ഒരു സീറ്റ് മാത്രം. ഉത്തരേന്ത്യ കഴിഞ്ഞാൽ ദേശീയ പാർട്ടികളെല്ലാം ഉറ്റു നോക്കിയിരുന്ന പ്രധാനപ്പെട്ട സംസ്ഥാനമാണ് 42 ലോക്സഭാ സീറ്റുകളുള്ള ബംഗാൾ. 2019 ൽ പശ്ചിമ ബംഗാളിൽ തൃണമൂൽ 22 സീറ്റുകളും, ബി.ജെ.പി 18 സീറ്റുകളും, കോൺഗ്രസ് 2 സീറ്റുകളുമായിരുന്നു നേടിയത്. ബി.ജെ.പി വലിയ മുന്നേറ്റമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബംഗാളിലുണ്ടാക്കിയത്. 2014 ലെ തെരഞ്ഞെടുപ്പില്‍ തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകള്‍ നേടാന്‍ സാധിച്ചിരുന്നു. 2014ലെ രണ്ട് സീറ്റുകളില്‍ നിന്നും 2019ൽ 16 സീറ്റുകൾ അധികം നേടിയാണ് ബി.ജെ.പി ശക്തി ഉയര്‍ത്തിയത്. അതുകൊണ്ടുതന്നെ ഈ വർഷം 20 സീറ്റിൽ അധികം നേടാമെന്ന അവരുടെ പ്രതീക്ഷയാണ് 12ൽ ഒതുങ്ങിയത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്കൊപ്പം ചേരാതെ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് ഒട്ടും അനുകൂലമായിരുന്നില്ല 2024 ലെ എക്സിറ്റ് പോൾ ഫലങ്ങളൊന്നും. ജൻ കി ബാത്, ന്യൂസ്-ഡി-ഡൈനാമിക്സ്, റിപ്പബ്ലിക് ഭാരത്-മാട്രൈസ് എന്നീ എക്സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പിക്ക് അനുകൂലമായ പ്രവചനമാണ് നടത്തിയത്. ബി.ജെ.പി 21-26 വരെ സീറ്റ് മുതൽ 30 സീറ്റ് വരെ പ്രവചിച്ചവരുണ്ട്. അത്തരം കണക്കുകളെയെല്ലാം തെറ്റിച്ചിരിക്കുകയാണ് മമത ദീദിയുടെ ബംഗാൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ എട്ട് സീറ്റ് ബി.ജെ.പിക്ക് ഇത്തവണ കുറഞ്ഞത് തീർച്ചയായും മമത ബാനർജിയുടെ രാഷ്ട്രീയ വിജയം തന്നെയാണ്. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ വോട്ട് ശതമാനം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച 38 ശതമാനത്തിൽ നിന്ന് കുത്തനെ ഇടിഞ്ഞ് 22.6 ശതമാനമായി.

അഴിമതിയും ഗുണ്ടായിസവും സന്ദേശ്ഖാലിയും തൃണമൂലിനെതിരെ പ്രചരണ ആയുധമാക്കുകിയ ബി.ജെ.പി പൗരത്വ ഭേദഗതിയും, രാമക്ഷേത്രവും നേട്ടങ്ങളായി ഉയർത്തിപ്പിടിച്ചു. ന്യൂനപക്ഷ സംരക്ഷണവും സ്ത്രീകൾക്കായുള്ള ക്ഷേമ പദ്ധതികളും സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയുമൊക്കെയാണ് തൃണമൂൽ പ്രചാരണ സമയത്ത് ഊന്നിപറഞ്ഞ കാര്യങ്ങൾ. എന്നാൽ ശക്തരായ സ്ഥാനാർത്ഥികളുമായി കൃത്യമായ ആസൂത്രണത്തോടെ തന്നയാണ് മമത തെരഞ്ഞെടുപ്പിനെ നേരിട്ടത്. തൃണമൂലിന്റെ പ്രമുഖ സ്ഥാനാർത്ഥികളായ മഹുവ മൊയ്ത്ര, ശത്രുഘ്നൻ സിൻഹ, കീർത്തി ആസാദ്, മമതാ ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി, മാലാ റോയ്, സുദീപ് ബന്ദ്യോപാധ്യായ എന്നിവരെല്ലാം ഇത്തവണ വിജയിച്ചു. രാജ്യത്തെ ഏക വനിത മുഖ്യമന്ത്രിയായ മമത ഭരിക്കുന്ന ബംഗാളിൽ 42 സീറ്റിൽ 12 സ്ഥാനാർത്ഥികൾ സ്ത്രീകളായിരുന്നുവെന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ജനസംഖ്യയുടെ 27 ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടുകൾ തന്നെയാണ് മമതയുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മൂന്ന് തവണ ബംഗാളിലെത്തിയ, വർഗീയ പ്രചാരണങ്ങളെ ആളിക്കത്തിച്ച, ബി.ജെ.പിയുടെ ഏകപക്ഷീയമായ ജയം അവകാശപ്പെട്ട നരേന്ദ്ര മോദിയെ കൂടിയാണ് മമതയ്ക്കൊപ്പം നിന്ന് ബംഗാൾ ജനത പരാജയപ്പെടുത്തിയത്.
No Comment.