Skip to content

chithrodayamflashnews.com

November 29, 2026 8:41 pm

നിഴൽപ്പാടുകൾ

കവിത

സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

സ്വപ്‌നങ്ങൾകൊണ്ടു കോർത്തുവെച്ച സ്നേഹബന്ധത്തിന്
കാലങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ
മുന്നിലുള്ളപ്പോഴും,
എവിടെയോ എന്നോ കൈമോശം വന്ന
രക്തബന്ധങ്ങളുടെ കടക്കണക്കുകൾ,
കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും
സങ്കലനങ്ങളുടെ സമദൂരങ്ങൾ തേടുന്നുണ്ടായിരുന്നു…

ഒടുവിലെപ്പോഴോ ജീവിതത്തിന്റെ കണക്കുപുസ്തകത്തിൽ
കുറിക്കാൻ മറന്നുപോയ കടപ്പാടുകളുടെ കണക്കുകൾ ബാക്കി വച്ച്,
ബന്ധങ്ങളും ബന്ധനങ്ങളും അവകാശങ്ങളുടെ മേലാപ്പുചാർത്താത്ത ലോകത്തേയ്ക്ക്
ഒരു മടക്കയാത്ര…

ഞാനെന്നും നീയെന്നുമുള്ള
വെല്ലുവിളികളിൽനിന്നും
ജഢിലമായ സ്വാർത്ഥമോഹങ്ങളുടെ തടവറയിൽനിന്നും
അസ്തിത്വം പണയപ്പെടുത്താത്ത,
കർമ്മബന്ധങ്ങളുടെ തുല്യം ചാർത്താത്ത,
മറുലോകം പോകുന്നവന്
നാടകീയതയുടെ
അടയാളപ്പെടുത്തലുകൾ…

ഇന്നലെവരെ ശത്രുതയുടെ മുഖാവരണം അണിഞ്ഞവൻ,
അരികിൽനിന്ന് സങ്കടങ്ങളുടെ പെരുമഴക്കാലമൊരുക്കുമ്പോൾ,
അവന്റെയുള്ളിലെ സാത്താന്റെ ചിരിക്കുന്ന മുഖം
നിഴൽചിത്രമായ് മനസ്സിൽ തെളിയുന്നുണ്ട്…

വേഷപ്പകർച്ചയുടെ നേർക്കാഴ്ചകൾ
പിന്നെയും ഒരുപാട് കണ്മുന്നിലൂടെ കടന്നുപോയി..
അസഹനീയതയുടെ കാഴ്ചവൃന്ദങ്ങളിൽനിന്നും
മുക്തിനേടാൻ വല്ലാതെ മനസ്സ് കൊതിച്ചു..
കണ്ണുകൾ ഒന്നുകൂടി ഇറുകെപൂട്ടി..
സ്വപ്നങ്ങൾക്കുമേൽ കണ്ണുകളുടെ കാഴ്ചകൾ മറയുന്നു…

തെക്കേ തൊടിയിൽ മറുകരയിലേക്ക് യാത്രയാക്കാൻ
തിരക്കുകൂട്ടുന്നവരുടെ ബഹളം…
ദേഹി ദേഹം വെടിഞ്ഞേറെ ദൂരം പോയിട്ടും
ദേഹത്തിനു യാത്രയാകാൻ ഇനിയും സമയം കാക്കണം…
ഹോ…കർമ്മങ്ങളുടെ പരമ്പരകൾക്ക് തുടക്കമായ്…
അക്ഷതവും തിലോദകവും വായ്ക്കരിയുമെല്ലാം ചടങ്ങുകൾക്ക് മോടി കൂട്ടുന്നുണ്ട്….

ജീവിച്ചിരുന്നപ്പോൾ ഒരുനേരത്തെ അന്നം കൊതിച്ചിരുന്നു..
പക്ഷെ…
ശബ്ദം അടയുന്നു.. ആരോ വായിലേക്ക് തിരുകിയ അരിയും നീരും…
ഇനിയും കാക്കണമോ…യാത്രയ്ക്ക്….?

തെക്കേ തൊടിയിലെ ആറടി മണ്ണിൽ
ചിതയിലൊടുങ്ങി
ഒരുപിടി ചാരമായ് മാറുമ്പോഴും
മറ്റൊലികൊള്ളുന്നുണ്ട്..
ഇന്നലെകളിൽ ബാക്കിവച്ചുപോയ
സ്നേഹബന്ധങ്ങളുടെ അടക്കിപിടിച്ച തേങ്ങലുകൾ…

വിധിയുടെ എഴുത്തോലയിൽ കുറിച്ചുവെച്ച അടയാളപ്പെടുത്തലുകൾക്ക്..
ഒരിക്കലും.. ഒരിക്കലും മാറ്റമുണ്ടാകില്ലല്ലോ…?
ജനനവും മരണവും ആഘോഷങ്ങളുടെ ഓർമ്മപ്പെടുത്തലുകളാക്കുവാൻ
എന്നുമുണ്ടാകും എവിടെയും ചിലർ….
ഇവിടെയും അവരുടെ സമ്മേളനം തുടങ്ങി…
മദ്യക്കുപ്പികളും വിഭവങ്ങളും ഒരുങ്ങിക്കഴിഞ്ഞു…
ചത്തവനോടുള്ള സങ്കടത്തിന്റെ കടപ്പാട് പൂർത്തിയാക്കാൻ..
ചിതയിലെ കനൽവെട്ടം ഒന്നുകൂടി ആളിയോ…?
പ്രതികരണത്തിന്റെ ഓർമ്മപ്പെടുത്തലായി..

സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6