Skip to content

chithrodayamflashnews.com

അത്തം എത്തി, ഇനി പത്താം നാൾ പൊന്നോണം

മലയാള മണ്ണില്‍ മഴക്കാലം പെയ്തു തോര്‍ന്നാല്‍ പിന്നെ ചിങ്ങവെയിലിൻ്റെ പൂക്കാലമായെന്ന് പഴമക്കാർ പറയും. ചുരുക്കി പറഞ്ഞാൽ ഓണം ഇങ്ങെത്തിയെന്ന് സാരം. മലയാളിക്ക് ഓണം വെറുമൊരു ആഘോഷം മാത്രമല്ല, മറിച്ച് അതൊരു വികാരമാണ്. ഏതു ഭൂഖണ്ഡമോ രാജ്യമോ നാടോ ആയിക്കൊള്ളട്ടെ, അവിടെ മലയാളികളുണ്ടോ അവർക്ക് ഓണവുമുണ്ടാകും.

ഇന്ന് അത്തം ഒന്ന്. ഇനി തിരുവോണം വരെയുള്ള പത്ത് നാള്‍ മലയാളികള്‍ക്ക് ഓണത്തിരക്കാണ്. പത്താം നാൾ പൊന്നോണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളിൽ പ്രധാനം അത്തപ്പൂക്കളം തന്നെ. ഒന്നാം നാൾ ഒരിനം പൂവും തുടർന്ന് ഓരോ ദിവസവും ഒന്നു വീതം കൂട്ടി പത്താം നാൾ പത്തിനം പൂക്കൾ കൊണ്ടൊരുക്കുന്ന പൂക്കളമാണ് ചിലയിടങ്ങളിൽ. പൂക്കൾ ആവശ്യത്തിനു സംഘടിപ്പിക്കാൻ കഴിവുള്ളവർ പത്തു നാളും പത്തിനം പൂക്കൾ കൊണ്ടൊരു പൂവോണം തന്നെ തീർക്കും. നാട്ടിൻപുറങ്ങൾ കുറഞ്ഞതോടെ നാടൻ പൂക്കളും കുറഞ്ഞു. വരവു പൂക്കളാണ് പതിവു പോലെ ഇക്കുറിയും ഓണത്തെ നിറച്ചാർത്തണിയിക്കുന്നത്.

ഓണത്തിനു പത്തു നാൾ മുൻപ് അത്തം തൊട്ട് മുറ്റത്തു പൂക്കളമൊരുക്കി ആഘോഷം തുടങ്ങും. പണ്ട് ഓണം കഴിഞ്ഞ് പതിനാറാം നാൾ വരുന്ന മകം വരെ ഓണം ആഘോഷിച്ചിരുന്നു. അത്രയ്ക്കു കഴിഞ്ഞില്ലെങ്കിലും ഓണം കഴിഞ്ഞ് അഞ്ചു നാൾ കൂടി രേവതി വരെയെങ്കിലും ഓണാവേശം എത്തിച്ചിരുന്നു. നടുമുറ്റത്ത് പൂത്തറയുണ്ടാക്കി അതിലാണു പൂവിടുന്നത്. പൂത്തറയില്ലെങ്കിൽ മുറ്റത്തു വട്ടത്തിൽ ചാണകം മെഴുകി അതിൽ പൂവിടുന്നു.

പൂക്കളത്തിൽ തുമ്പപ്പൂവിനാണു പ്രാധാന്യം. തൂവെള്ളത്തുമ്പപ്പൂ ലാളിത്യത്തിന്റെയും തെളിമയുടെയും പരിശുദ്ധിയുടെയുമൊക്കെ പ്രതീകമാണ്. ആദ്യദിവസം തുമ്പപ്പൂ മാത്രം ഉപയോഗിച്ചു പൂവിടുന്ന രീതി ചിലയിടങ്ങളിലുണ്ട്. ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള ഓരോ ഇനം പൂക്കൾ കൂടി ഉൾപ്പെടുത്തും. ഓണപ്പുലരിയിൽ പത്തു തരത്തിലുള്ള പൂക്കൾ കൊണ്ടായിരിക്കും പൂക്കളം. പാടത്തും തൊടിയിലും നിന്നു പറിച്ചെടുക്കുന്ന പൂക്കൾ കൊണ്ടാണു പൂക്കളം തീർത്തിരുന്നത്.

പാടവരമ്പിലും തൊടിയിലുമുള്ള തുമ്പയും മുക്കുറ്റിയും തിരുതാളിയും കാക്കപ്പൂവുമൊക്കെ പറിക്കുമ്പോഴാണ് പൂവിളി. പൊന്നോണത്തിന്റെ വിളി. പണ്ട് പൂക്കൂടകളുമായി പൂ പറിക്കാൻ പോകുന്നതിനു കൂട്ടുകാരികളെ വിളിക്കുന്നതിൽത്തന്നെ ഓണക്കളിയുടെ ആവേശം നിറഞ്ഞിരുന്നു. ഇന്ന് സേലത്തു നിന്നും തിരുനെൽവേലിയിൽ നിന്നും വൻതോതിൽ ഓണപ്പൂക്കൾ ട്രെയിൻ കയറി പുറപ്പെട്ടു തുടങ്ങി.

കേരളത്തിന്റെ അതിർത്തിയിൽ തമിഴ്നാട്ടിലെ പൂ വിപണിയായ തോവാളയിൽ നിന്നു നേരിട്ടു പൂക്കൾ ശേഖരിക്കാൻ പോകുന്നവരുമുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6