ജയിലിലെത്തിയ ഉമ്മയെ നേരിൽ കാണാൻ കൂട്ടാക്കാതെ റഹീം; കൂടിക്കാഴ്ച്ച നടക്കാതെ പോയത് ചിലരുടെ ഇടപെടൽ കാരണമെന്ന് കുടുംബം
റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ മോചനം കാത്ത് കഴിയുന്ന ഫറോക്ക് കോടമ്പുഴ സീനത്ത് മൻസിലിൽ മച്ചിലകത്ത് അബ്ദുൽ റഹീമിനെ നേരിട്ട് കാണാൻ ഉമ്മ ഫാത്തിമ ജയിലിലെത്തിയെങ്കിലും സാധിച്ചില്ല. ഉമ്മയെ നേരിട്ട് കാണാൻ റഹീം വിസമ്മതിച്ചെന്നാണ് റിപ്പോർട്ട്. തുടർന്ന് ഉമ്മയും റഹീമും വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു. റഹീമിന്റെ ഉമ്മയെ കൂടാതെ സഹോദരൻ എം.പി.നസീർ, അമ്മാവൻ അബ്ബാസ് എന്നിവരും മോചനം കാത്ത് റിയാദിലെ ജയിലിൽ കഴിയുന്ന റഹീമിനെ കാണാൻ സൗദിയിൽ എത്തിയിരുന്നു. എന്നാൽ ഉമ്മക്ക് മാത്രമാണ് ജയിൽ അധികൃതർ കൂടിക്കാഴ്ച്ചക്ക് അനുമതി നൽകിയത്. ചിലരുടെ ഇടപെടൽ കാരണമാണ് കൂടിക്കാഴ്ച്ച നടക്കാതെ പോയതെന്നാണ് റഹീമിന്റെ കുടുംബം ആരോപിക്കുന്നത്.
റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്കാൻ ജയിലിലാണ് റഹീമുള്ളത്. റഹീമിന്റെ ജയിൽ മോചന നടപടികൾ നീളുന്ന സാഹചര്യത്തിൽ കഴിഞ്ഞ 30നാണ് ഉമ്മയും സഹോദരനും നേരിൽ കാണാൻ സൗദിയിലേക്ക് പോയത്. റിയാദ് ജയിലിൽ എത്തി റഹീമിനെ കണ്ട ശേഷം ഉംറ തീർഥാടനം നിർവഹിച്ചു മടങ്ങാനായിരുന്നു തീരുമാനം.
18 വർഷമായി റഹീമിന്റെ മോചനത്തിനു പ്രവർത്തിക്കുന്ന നിയമസഹായ സമിതിയെ അറിയിക്കാതെയാണ് കുടുംബം സൗദിയിലേക്ക് പോയതെന്നാണു വിവരം. മോചന നടപടികളുടെ ഭാഗമായി 17ന് കേസ് പരിഗണിക്കാനിരിക്കെ തന്നെ കാണാൻ ജയിലിലേക്ക് വരേണ്ടതില്ലെന്നു റഹീം കുടുംബത്തെ നേരത്തേ അറിയിച്ചതായും സൂചനയുണ്ട്. കഴിഞ്ഞ മാസം 21ന് ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്നു കുടുംബം പ്രതീക്ഷിച്ചിരുന്നു. അന്നു കോടതി സിറ്റിങ് നടന്നെങ്കിലും കേസ് മാറ്റുകയായിരുന്നു.
വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നായിരുന്നു കോടതി അറിയിച്ചത്. ചീഫ് ജസ്റ്റിസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്നു കോടതി അറിയിച്ചിരുന്നു. കേസ് ഇനി 17ന് പരിഗണിക്കുമെന്നു അറിയിപ്പ് ലഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന്പ്രതീക്ഷയിലാണ് നിയമ സഹായ സമിതി.
No Comment.