പൊന്നാനിയിൽ പ്രവാസിയുടെ വീട്ടിൽനിന്ന് കവർന്നത് 550 പവൻ; 8 മാസത്തിനുശേഷം 438 പവനും 29 ലക്ഷം രൂപയും കണ്ടെടുത്ത് പോലീസ്.
പൊന്നാനി ബിയ്യത്ത് പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 550 പവൻ കവർന്ന കേസില്‍ 438 പവൻ സ്വർണവും പോലീസ് കണ്ടെടുത്തു.
സ്വർണം വിറ്റുകിട്ടിയ 29 ലക്ഷം രൂപയും പ്രതികളില്‍നിന്ന് പിടികൂടി.കേസില്‍ പിടിയിലായ മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യംചെയ്യലിനും ശാസ്ത്രീയമായ അന്വേഷണത്തിനുമൊടുവിലാണ് സ്വർണവും പണവും കണ്ടെത്താനായത്. ഇതോടെ മോഷണംപോയ സ്വർണത്തിന്റെ 99 ശതമാനവും കണ്ടെത്താനായെന്ന് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു.
ഏപ്രില്‍ 13-ന് പുലർച്ചെ ഒന്നരയോടെയാണ് പ്രവാസി വ്യവസായി മണപ്പറമ്ബില്‍ രാജീവിന്റെ ബിയ്യത്തുള്ള വീട്ടില്‍ മോഷണം നടന്നത്. 350 പവനാണ് മോഷണം പോയതെന്നായിരുന്നു പ്രാഥമിക നിഗമനം. വിദേശത്തായിരുന്ന വീട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് 550 പവനോളം മോഷണംപോയതായി മനസ്സിലായത്. സി.സി.ടി.വി.യുടെ ഡി.വി.ആർ., വിലകൂടിയ നാല് കുപ്പി വിദേശമദ്യം എന്നിവയും മോഷ്ടാക്കള്‍ കൊണ്ടുപോയിരുന്നു.
മോഷണം നടത്തിയവരെക്കുറിച്ച് യാതൊരു സൂചനയുമില്ലാതിരുന്ന കേസില്‍ എട്ടു മാസത്തോളമെടുത്താണ് പ്രതികളെ പോലീസ് പിടികൂടിയത്. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശിയും പൊന്നാനി കരിമ്ബനയില്‍ താമസക്കാരനുമായ രായർമരക്കാർ വീട്ടില്‍ സുഹൈല്‍ (46), പൊന്നാനി കടവനാട് മുക്രിയകം കറുപ്പംവീട്ടില്‍ നാസർ (48), പാലക്കാട് കാവശ്ശേരി പാലത്തൊടി മനോജ് (41) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
കേസിലെ ഒന്നാം പ്രതിയായ സുഹൈലിന്റെ ആദ്യ ഭാര്യ താമസിക്കുന്ന തൃശ്ശൂർ പെരിങ്ങോട്ടുകരയിലെ വാടകവീടിന്റെ തറയോടുചേർന്ന് കുഴിച്ചിട്ട നിലയിലാണ് സ്വർണം കണ്ടെത്തിയത്. പ്ലാസ്റ്റിക് പാത്രത്തില്‍ ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ച് രണ്ടു പൊതികളിലായാണ് രണ്ടരക്കിലോ സ്വർണം സൂക്ഷിച്ചിരുന്നത്.
കുഴിച്ചിട്ട സ്വർണാഭരണങ്ങള്‍ക്കുപുറമേ ഉരുക്കി കട്ടിയാക്കി വിറ്റ സ്വർണവും പോലീസ് പിടിച്ചെടുത്തു. ഒളിപ്പിച്ച സ്വർണം പോലീസിന് കാണിച്ചുകൊടുക്കാതിരിക്കാൻ പ്രതികള്‍ പല അടവുകളും പയറ്റിയെങ്കിലും ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളുടെ വാദങ്ങളെ പോലീസ് പൊളിച്ചടുക്കുകയായിരുന്നു. എട്ടു മാസമെടുത്താണ് പ്രതികളെ പിടികൂടിയതെങ്കിലും അഞ്ച് ദിവസംകൊണ്ട് മോഷണമുതല്‍ ഏതാണ്ട് മുഴുവനായി കണ്ടെത്താനായത് പോലീസിന് അഭിമാനമായി.

കൊടുവള്ളിയില്‍ കൊണ്ടുപോയി ഉരുക്കിയ സ്വർണം കോട്ടയ്ക്കല്‍ ചട്ടിപ്പറമ്ബിലുള്ള ഒരു ജൂവലറിയിലാണ് വിറ്റത്. നിരന്തരം കേസുകളില്‍ പ്രതിയാകുന്ന സുഹൈലിനെ ജാമ്യത്തിലെടുക്കാനും മറ്റും സഹായിക്കുകയും ആഭരണങ്ങള്‍ വില്ക്കാൻ സഹായിക്കുകയും ചെയ്തിരുന്ന ആദ്യ ഭാര്യ നൂർജയെയും മകള്‍ ഷഹലയെയും ചോദ്യംചെയ്തതില്‍ മകള്‍ക്ക് മോഷണസ്വർണം വിറ്റതില്‍നിന്ന് 10 ലക്ഷം രൂപ കൈമാറിയിട്ടുണ്ടെന്ന് സമ്മതിച്ചതാണ് തൊണ്ടിമുതല്‍ കണ്ടെടുക്കുന്നതിന് വഴിത്തിരിവായത്.
No Comment.