ന്യൂഡൽഹി: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് ആറു വർഷം. 2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണം നടക്കുന്നത്. പിറന്ന മണ്ണിന് വേണ്ടി ജീവൻ ബലി നൽകിയത് 40 ധീര ജവാന്മാരാണ്. ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപൊര ലാത്പൊരയിൽ സിആർപിഎഫ് സൈനിക വാഹന വ്യൂഹത്തിനിടയിലേക്ക് ചാവേർ ആക്രമണം നടന്നത്. 2547 സിആർപിഎഫ് ജവാന്മാർ 78 വാഹനങ്ങളിലായി ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്ക്ക് പോകുമ്പോഴാണ് സംഭവം. 100 കിലോ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരേ ഇടിച്ചു കയറ്റുകയായിരുന്നു.
ഉഗ്രസ്ഫോടനത്തിൽ എല്ലാം തകർന്നടിഞ്ഞു. ആക്രമണത്തിൽ 76 ബറ്റാലിയണിലെ 40 സിആർപിഎഫ് ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. നിരവധി ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദായിരുന്നു ഈ ആക്രമണത്തിന് പിന്നിൽ. എന്നാൽ നെഞ്ച് പൊട്ടുന്ന വേദനയിലും രാജ്യം തളർന്നില്ല. ഓരോ ഇന്ത്യൻ പൗരനും ഇതിന് പകരം ചോദിക്കാൻ ഒറ്റക്കെട്ടായി നിന്നു. തുടർന്നാണ് ഫെബ്രുവരി 26 ന് ഇന്ത്യ ബലാക്കോട്ടിൽ വ്യോമാക്രമണം നടത്തിയത്.
അന്ന് പക വീട്ടാനുറച്ച ഇന്ത്യൻ സൈന്യം ജെയ്ഷെ ഇ മുഹമ്മദിന്റെ നിരവധി ക്യാമ്പുകളാണ് ഇന്ത്യൻ വ്യോമസേന തകർത്തത്. ഒട്ടേറെ ഭീകരരെയും സേന വധിച്ചിരുന്നു. ഉപഗ്രഹ സഹായത്തോടെയാണ് ബോംബുകൾ വർഷിച്ചത്. സാറ്റ്ലൈറ്റ് ഗൈഡഡ് ബോംബുകളായ സ്പൈസ് മിറാഷ് 2000 യുദ്ധവിമാനത്തിൽ നിന്നാണ് തൊടുത്തത്.
ഇസ്ലാമബാദിലെ മുതിർന്ന രണ്ട് ഉദ്യോഗസ്ഥർക്കും ഈ ഭീകരാക്രമണത്തിൽ പങ്കുള്ളതായാണ് എൻഐഎ വിശദമാക്കുന്നത്. ബിഎസ്എഫ് പട്രോളിംഗിൽ പുൽവാമ ഭീകരാക്രമണകാരികൾ നുഴഞ്ഞുകയറാനുപയോഗിച്ച ടണലും കണ്ടെത്തിയിരുന്നു. പുൽവാമ ഭീകരാക്രമണം പദ്ധതി തയ്യാറാക്കാൻ ജെയ്ഷെ മുഹമ്മദ് തലവൻ മൌലാനാ മസൂദ് അസറിൻറെ ബന്ധുവായ മുഹമ്മദ് ഉമർ ഫറൂഖ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത് ഈ തുരങ്കത്തിലൂടെയാണെന്നും സംശയിക്കുന്നുണ്ട്.
ഐഇഡി സ്ഫോടകവസ്തു നിർമ്മിക്കാൻ വേണ്ടി ഉപയോഗിക്കപ്പെട്ട അമോണിയം പൗഡർ അടക്കമുള്ള പല രാസവസ്തുക്കളും വാങ്ങിയത് ആമസോണിൽ നിന്നാണെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് ആഹ്വാനം ചെയ്ത് പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിൻറെ തലവൻ മസൂദ് അസർ അയച്ച ശബ്ദ സന്ദേശം അന്വേഷണ ഏജൻസികൾക്ക് കിട്ടി. പാകിസ്ഥാനിലെ സൈനിക ആശുപത്രിയിലിരുന്നാണ് മസൂദ് അസർ സന്ദേശം അയച്ചതെന്നും കണ്ടെത്തി.
അസറിൻറെ ബന്ധു ഉസ്മാനെ ഒക്ടോബറിൽ ത്രാലിൽ സുരക്ഷാ സേന വധിച്ചതിന്റെ പ്രതികാരമാണ് പുൽവാമയിലെ പുൽവാമയിലെ ഭീകരാക്രമണമെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. 2017ലെ ഉറി ഭീകരാക്രമണത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമായിരുന്നു പുൽവാമയിലേത്.
No Comment.