ആദ്യത്തെ ‘ശിക്ഷ’ നടപ്പാക്കി ട്രംപ്, യുക്രൈന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം; പതറുമോ സെലൻസ്‌കിയും പടയാളികളും
ഡൊണാൾഡ് ട്രംപിന്റെ പല തീരുമാനങ്ങളും പ്രവചനാതീതമാണ്. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുത്തതോടെ ഓരോ തീരുമാനങ്ങളും ആ വിധത്തിലായിരുന്നു. അനധികൃത കുടിയേറ്റക്കാരോടും കാനഡയോടുള്ള സമീപനങ്ങളിലും ട്രംപിന്റെ നിലപാടുകൾ പലപ്പോഴും പ്രവചനാതീതമായിരുന്നു.
ഇപ്പോൾ യുക്രൈന് നൽകിയ എല്ലാ സൈനിക സഹായവും യുഎസ് അവസാനിപ്പിക്കുകയാണെന്ന ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം അത്ഭുതത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.
യുക്രൈൻ പ്രസിഡന്റ് വ്ളാഡമിർ സെലൻസ്‌കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. കൂടിക്കാഴ്ചയിൽ അസ്വാരസ്യങ്ങളും അധിക്ഷേപങ്ങളും ഉടലെടുത്തതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് യുഎസ് കടന്നത്. എന്നാൽ യുഎസിന്റെ അപ്രതീക്ഷിതമായ തീരുമാനം യുക്രൈനെ ഏതൊക്കെ തരത്തിൽ ബാധിക്കും? യുഎസിന്റെ സഹായവും സഹകരണവും ഇല്ലാതെ റഷ്യയുമായി പിടിച്ചുനിൽക്കാൻ യുക്രൈന് കഴിയുമോ? വിശദമായി പരിശോധിക്കാം…
ട്രംപിന്റെ കടുത്ത നടപടി
സമാധാനത്തിന് വേണ്ടിയാണ് താൻ നിലകൊള്ളുന്നത്. ആ ലക്ഷ്യത്തിൽ യുഎസിന്റെ പങ്കാളികളും ചേരണമെന്നാണ് ആഗ്രഹം. ഒരു പരിഹാരത്തിന് സംഭാവന നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ഞങ്ങളുടെ സഹായം താൽക്കാലികമായി നിർത്തി അവലോകനം ചെയ്യുകയാണ്’. യുക്രൈനുളള സഹായം നിർത്തലാക്കിയതിന് പിന്നാലെ വൈറ്റ് ഹൗസ് പുറത്തുവിട്ട വാർത്താകുറിപ്പാണിത്. സൈനിക സഹായം മുടങ്ങുന്നതോടെ യുക്രൈൻ യുദ്ധമുഖത്ത് പ്രതിരോധത്തിലാകുമെന്ന കാര്യത്തിൽ സംശയമില്ല. സൈനിക ഉപകരണങ്ങളുടെ വിതരണമടക്കം നിർത്തലാക്കും. ജോ ബൈഡന്റെ കാലത്ത് 65 ബില്യൺ ഡോളർ സൈനിക സഹായമാണ് യുഎസ് യുക്രൈന് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ പുതിയ സഹായങ്ങൾ ട്രംപ് അംഗീകരിച്ചിട്ടില്ല.
സെലൻസ്‌കിക്ക് ട്രംപിന്റെ ശിക്ഷയോ?
യുഎസിന്റെ അപ്രതീക്ഷിത നടപടി യുക്രൈൻ പ്രസിഡന്റ് വ്ളാഡമിർ സെലൻസ്‌കിക്കുള്ള ട്രംപിന്റെ ശിക്ഷയാണെന്ന തരത്തിലുള്ള സൂചനകൾ പുറത്തുവരുന്നുണ്ട്. കാരണം, ദിവസങ്ങൾക്ക് മുമ്പ് ഇരുവരും നടത്തിയ കൂടിക്കാഴ്ച ഒട്ടും ശുഭകരമല്ലാതെയാണ് അവസാനിച്ചത്. വൈറ്റ് ഹൗസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഇതേക്കുറിച്ച് സിഎൻഎന്നിനോട് സമ്മതിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയിൽ സെലൻസ്‌കിയുടെ പെരുമാറ്റമാണ് ഇതിന് കാരണമെന്നാണ് സൂചന. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ വ്ളാഡമിർ സെലൻസ്‌കി പുതിയ പ്രതിബദ്ധത പ്രകടിപ്പിച്ചാൽ താൽക്കാലികമായി തീരുമാനം പിൻവലിക്കാമെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു
യുക്രൈൻ യുദ്ധത്തിൽ പതറുമോ?
യുഎസിന്റെ പുതിയ തീരുമാനം യുക്രൈനെ എത്രത്തോളം ബാധിക്കുമെന്ന കാര്യം കണ്ടറിയേണ്ടതാണ്. ഒരു കാര്യം ഉറപ്പാണ്. യുഎസിന്റെ സഹായം ഇല്ലാതെ യുക്രൈൻ യുദ്ധത്തെ നേരിടാൻ വളരെ പ്രയാസപ്പെടും. 2022ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ച സമയത്ത് മുതൽ യുഎസ് എല്ലാവിധ സഹായങ്ങളും യുക്രൈന് എത്തിക്കുന്നുണ്ട്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസിന്റെ കണക്ക് പ്രകാരം 182.8 ബില്യൺ ഡോളറിന്റെ സഹായം യുക്രൈന് ലഭിച്ചെന്നാണ്. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യങ്ങളിലൊന്നായ റഷ്യയ്‌ക്കെതിരെ പ്രതിരോധിക്കാൻ യുക്രൈൻ കമാൻഡർമാർക്ക് ആവശ്യമായ ആയുധ സംവിധാനങ്ങൾ, പരിശീലനം, രഹസ്യാന്വേഷണം എന്നിവ നൽകുന്നതിനാണ് സഹായത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്.ഇനി ആയുധങ്ങളിലേക്ക് എത്തിയാൽ, ജാവലിൻ ആന്റിആർമർ സിസ്റ്റം, സ്റ്റിംഗർ ആന്റിഎയർക്രാഫ്റ്റ് സിസ്റ്റം, 300 കിലോമീറ്റർ ദൂരപരിധിയുള്ള ATACMS മിസൈലുകൾ എന്നിവ അമേരിക്ക നൽകുന്നു. ഇതോടൊപ്പം എഫ്-16 വിമാനങ്ങളും യുഎസ് യുക്രൈനിലേക്ക് എത്തിച്ചിട്ടുണ്ട്. ഈ സഹായങ്ങളൊക്കെ മുടങ്ങുമ്പോൾ യുക്രൈൻ യുദ്ധത്തിൽ അടിപതറും.
യുഎസിന്റെ സഹായം മുടങ്ങിയതോടെ യുക്രൈനെ സഹായിക്കാൻ യൂറോപ്പ് രംഗത്തിറങ്ങുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. അതിന് സാദ്ധ്യതകൾ ഏറെയാണെങ്കിലും യുഎസിൽ നിന്ന് ലഭിച്ച സഹായങ്ങളുടെ അത്ര വന്നേക്കില്ല
No Comment.