വീട്ടിലെ ചായ്പിൽ നാല് ചാക്കുകളിലായി സൂക്ഷിച്ചിരുന്നത് 2000 ഹാൻസ്, കൂൾ പാക്കറ്റുകൾ; പ്രതി പിടിയിൽ
ഇടുക്കി: തൊടുപുഴയിൽ നിരോധിത ലഹരി ഉൽപന്നങ്ങളുമായി ഒരാൾ പോലീസിന്റെ പിടിയിൽ. വീട്ടിലെ ചായ്പിൽ നാല് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പുകയില ഉൽപ്പന്നങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ഹാൻസ്, കൂൾ എന്നീ ലഹരി ഉൽപന്നങ്ങളുടെ 2000 പാക്കറ്റുകളാണ് പിടികൂടിയത്. വിതരണക്കാരനായ തൊടുപുഴ കുന്നം സ്വദേശി കടപ്ലായ്ക്കൽ റഹീമാണ് (45) പിടിയിലായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി നാട്ടിൽ പുകയില കച്ചവടം നടത്തിയതായി തെളിഞ്ഞു.
പെരുമ്പാവൂരിൽനിന്ന് എത്തിക്കുന്ന പുകയില ഉൽപന്നങ്ങൾ വീട്ടിൽ സൂക്ഷിക്കുകയും ആവശ്യക്കാർക്ക് കച്ചവടം നടത്തുകയും ചെയ്യും. തൊടുപുഴയിലെ ചെറുകിട കച്ചവടക്കാർക്കാണ് പ്രധാനമായും പുകയില വിൽക്കുന്നത്. തൊടുപുഴ എസ്.ഐ എൻ.എസ്. റോയിയുടെ നേതൃത്വത്തിൽ പ്രബേഷനറി എസ്.ഐ രാഹുൽ ചന്ദ്രൻ, സി.പി.ഒമാരായ എ.സി. രാജേഷ്, സി.പി. ഡാലു, സുധീഷ്, അനുമോൾ എന്നിവരടങ്ങിയ സംഘമാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. സംഭവത്തെ തുടർന്ന് ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കി.
No Comment.