Skip to content

chithrodayamflashnews.com

November 28, 2026 10:33 am

സമയവും രീതിയും സേനയ്ക്ക് തീരുമാനിക്കാം; പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ പൂര്‍ണ സ്വാതന്ത്ര്യമെന്ന് മോദി

പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും സേനകള്‍ക്ക് തീരുമാനിക്കാം. സേനകളുടെ ക്ഷമതയില്‍ പ്രധാനമന്ത്രി പൂര്‍ണ വിശ്വാസം രേഖപ്പെടുത്തുകയും ചെയ്തു. നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ബുധനാഴ്ച ചേരുന്ന സുരക്ഷാ കാര്യ ക്യാബിനറ്റ് സമിതി യോഗത്തിന് മുന്നോടിയായിട്ടാണ് നിര്‍ണായകമായ യോഗം ചേര്‍ന്നത്. സൈനിക മേധാവിമാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സംഭവത്തില്‍ പാകിസ്ഥാന്റെ ബന്ധം ഇന്ത്യ സ്ഥിരീകരിച്ചിരുന്നു.കുറ്റക്കാര്‍ക്കും അവരുടെ സഹായികള്‍ക്കും കൃത്യമായ ശിക്ഷ ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. നിരവധി ഉന്നതതല കൂടിക്കാഴ്ചകളും യോഗങ്ങളുമാണ് സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ നടന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും സംയുക്ത സൈനിക മേധാവിയും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. പഹല്‍ഗാം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ ആക്രമണം നടത്താനുള്ള സാദ്ധ്യതയുണ്ടെന്നാണ് പാകിസ്ഥാന്‍ സൈന്യം അവരുടെ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.ഭീകരാക്രമണത്തിന് പിന്നാലെ കടുത്ത നടപടികളുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. വാഗ – അട്ടാരി ബോര്‍ഡര്‍ അടക്കുകയും സിന്ധു നദീജലക്കരാര്‍ റദ്ദാക്കുന്ന നടപടികളും ഇന്ത്യ സ്വീകരിച്ചിരുന്നു. ഇന്ത്യയുടെ തിരിച്ചടി ഭയന്ന പാകിസ്ഥാന്‍ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്ന നടപടികളിലേക്കടക്കം കടന്നിരുന്നു. പാക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് പങ്കില്ലെന്നും പഹല്‍ഗാമില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നുമാണ് പാകിസ്ഥാന്റെ നിലപാട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6