വൃക്ക സംഘടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിൽ യുവാവ് പിടിയിൽ. കീഴ്പ്പള്ളി വീര്‍പ്പാട് വേങ്ങശേരി ഹൗസില്‍ വി.എം. നൗഫലിനെയാണ് (32) ആറളം എസ്.ഐ കെ. ഷുഹൈബ് അറസ്റ്റ് ചെയ്തത്.
ആയിപ്പുഴ ഫാത്തിമ മന്‍സിലില്‍ ഷാനിഫിന്റെ (30) പരാതിയിലാണ് കേസ്. ഷാനിഫിന്റെ വൃക്ക മാറ്റിവെക്കുന്നതിന് ദാതാവിനെ സംഘടിപ്പിച്ചു നല്‍കാമെന്നു പറഞ്ഞ് 2024 ഡിസംബര്‍ എട്ട് മുതല്‍ കഴിഞ്ഞ ഒക്ടോബര്‍ 18 വരെയുള്ള കാലയളവില്‍ ആറ് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ഇയാളെ കൂടാതെ രണ്ടുപേര്‍ കൂടി തട്ടിപ്പ് സംഘത്തിലുണ്ട്.
മലപ്പുറം തിരൂര്‍ അനന്താവൂരിലെ സി. നബീല്‍ അഹമ്മദില്‍നിന്ന് അഞ്ച് ലക്ഷം രൂപയും മലപ്പുറം ചമ്രവട്ടം പെരിന്തല്ലൂരിലെ എം.വി. സുലൈമാനില്‍നിന്ന് അഞ്ച് ലക്ഷം രൂപയും കണ്ണൂര്‍ പഴയങ്ങാടി എം.കെ ഹൗസില്‍ എം.കെ. ഇബ്രാഹിമില്‍നിന്ന് 1.75 ലക്ഷം രൂപയും പാപ്പിനിശ്ശേരി മടക്കരയിലെ ഷുക്കൂര്‍ മടക്കരയില്‍നിന്ന് അഞ്ച് ലക്ഷം രൂപയും സംഘം തട്ടിയെടുത്തിട്ടുണ്ട്. നൗഫല്‍ പിടിയിലായതറിഞ്ഞ് നിരവധിപേര്‍ ആറളം പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.
No Comment.