വെറും 4 മാസത്തെ വാടക കുടിശ്ശിക.. ഒരുപക്ഷേ ഒരു മനുഷ്യജീവിതത്തിന്റെ വിലയേക്കാൾ എത്രയോ ചെറുതായിരുന്നു ആ തുക. എന്നാൽ, വിശ്വാസപൂർവ്വം തന്റെ വീടിന്റെ വാതിൽ തുറന്നുനൽകിയ ഉടമയോട്, ആ തുകയെച്ചൊല്ലിയുള്ള വൈരാഗ്യത്തിൽ ദമ്പതികൾ ചെയ്തത് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ്. സംഭവത്തിൽ അജയ് ഗുപ്ത, ഭാര്യ ആകൃതി ഗുപ്ത എന്നിവരെ പോലീസ് അറസ്റ്റ്ചെയ്തു.
സ്നേഹത്തോടെയും അധികാരത്തോടെയും തന്റെ അവകാശം ചോദിച്ചെത്തിയ ദീപ്ശിഖ ശർമ എന്ന അധ്യാപിക ഒരിക്കലും കരുതിയിട്ടുണ്ടാവില്ല, താൻ പഠിപ്പിച്ച മൂല്യങ്ങളൊന്നുമില്ലാത്ത ലോകത്താണ് താൻ നിൽക്കുന്നതെന്ന്. ഒരു നിമിഷത്തെ പകയിൽ, അടുക്കളയിലെ ഒരു ഉപകരണം കൊണ്ട് ആ തല തകർക്കുമ്പോഴും, ദുപ്പട്ട കൊണ്ട് ആ ശ്വാസം മുട്ടിക്കുമ്പോഴും ആ ദമ്പതികളുടെ മനസ്സിൽ ഒരിറ്റു കരുണ പോലും ബാക്കിയുണ്ടായിരുന്നില്ല.
മരണം ഉറപ്പാക്കിയ ശേഷം, വർഷങ്ങളോളം തങ്ങളെ ഒരു കുടുംബത്തെപ്പോലെ കണ്ട ആ വ്യക്തിയെ ഒരു വസ്തു പോലെ സ്യൂട്ട്കേസിനുള്ളിൽ കുത്തിനിറച്ച് കടത്താൻ ശ്രമിച്ച ദൃശ്യം മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്. ഭയമില്ലാതെ, ഒരൊറ്റ സ്യൂട്ട്കേസിനുള്ളിൽ ഒരു അധ്യാപികയുടെ ആയുഷ്കാലം മുഴുവൻ ഒളിപ്പിച്ച് അവർ പടിയിറങ്ങാൻ ശ്രമിച്ചു.
എല്ലാവരും കൈവിട്ട ആ നിമിഷത്തിൽ, ദീപ്ശിഖയ്ക്ക് വേണ്ടി കാവലിരുന്നത് അവരുടെ വീട്ടുജോലിക്കാരിയായ മീനയായിരുന്നു. തന്റെ ഉടമസ്ഥയെ കാണാതായപ്പോൾ അവർ കാട്ടിയ ആ ജാഗ്രതയും ധൈര്യവുമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. ആ സ്യൂട്ട്കേസിന് മുന്നിൽ തടസ്സമായി നിന്ന് മീന ചോദിച്ച ചോദ്യങ്ങൾക്ക് മുന്നിൽ അവര്‍ക്ക് തോറ്റുപോകാതെ തരമില്ലായിരുന്നു. ന്യൂ ഡല്‍ഹിയിലെ ഗാസിയാബാദിലെ ഈ ഫ്ളാറ്റില്‍ ആണ് ഈ ദാരുണ സംഭവം നടന്നത്..
No Comment.