ട്രെയിൻ വൈകിയ കാരണത്താൽ പരീക്ഷ എഴുതാൻ സാധിക്കാതിരുന്ന വിദ്യാർഥിനിക്ക് റെയിൽവേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്ത്യ കമ്മീഷൻ. ഉത്തർപ്രദേശിലെ ബസതി സ്വദേശിനിയായ സമൃദ്ധിക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്.
45 ദിവസത്തിനുള്ളിൽ റെയിൽവേ നഷ്ടപരിഹാര തുക നൽകണമെന്നും ഇതിൽ വീഴ്ചവരുത്തിയാൽ 12 ശതമാനം പലിശ കൂടി നൽകണമെന്നും ഉത്തരവിലുണ്ട്. യുവതിക്ക് ഉണ്ടായ നഷ്ടത്തിന് റെയിൽവേയാണ് ഉത്തരവാദിയെന്നും ഉപഭോക്ത്യ കമ്മീഷൻ വ്യക്തമാക്കി.
ഉത്തർപ്രദേശിലെ ബസതി ജില്ലയിൽ 2018 മെയ് ഏഴിനായിരുന്നു സംഭവം നടന്നത്. ബിഎസ് സി ബയോടെക്നോളജി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്നതിനായി ട്രെയിനിൽ പോകാനായി യുവതി സ്റ്റേഷനിൽ എത്തിയെങ്കിലും ട്രെയിൻ രണ്ട് മണിക്കൂറിൽ അധികം വൈകുകയായിരുന്നു. ഇതോടെ സമൃദ്ധിക്ക് പരീക്ഷ എഴുതാൻ സാധിക്കാതെ പോവുകയായിരുന്നു. ലക്നൗവിലായിരുന്നു പരീക്ഷ ഉണ്ടായിരുന്നത്.
ഇവിടേക്ക് പോകുന്നതിനുവേണ്ടി ബസതിയിൽ നിന്നും ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിലാണ്സമൃദ്ധി ടിക്കറ്റ് ബുക്ക് ചെയ്തത്. രാവിലെ 11 മണിക്കാണ് ട്രെയിൻ ലഖ്നൗവിൽ എത്തേണ്ടിയിരുന്നത്. 12.30നായിരുന്നു പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടിയിരുന്നത്. എന്നാൽ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് രണ്ടര മണിക്കൂറോളം വൈകുകയും പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാവുകയുമായിരുന്നു. എൻട്രൻസ് പരീക്ഷയ്ക്ക് വേണ്ടി സമൃദ്ധി ഒരു വർഷത്തോളം നീണ്ട പരിശീലനം നടത്തുകയും ചെയ്തിരുന്നു.
ഈ സംഭവത്തിന് പിന്നാലെ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സമൃദ്ധി ജില്ല ഉപഭോക്ത്യ കമ്മീഷനെ സമീപിച്ചത്. റെയിൽവേ ജനറൽ മാനേജർക്കും കമ്മീഷൻ റെയിൽവേ മന്ത്രാലയത്തിനും സ്റ്റേഷൻ സൂപ്രണ്ടിനും നോട്ടീസ് അയച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിക്കാതെ പോവുകയായിരുന്നു. പിന്നീട് കമ്മീഷൻ ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട് ട്രെയിൻ വൈകിയെന്ന് റെയിൽവേ സമ്മതിച്ചെങ്കിലും ഇതിന് കൃത്യമായ വിശകലനം നൽകാൻ സാധിച്ചില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവായത്.
No Comment.