ജീവിതത്തിൽ ഏറെ ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം നേടിയിട്ടും, അതിൽ സന്തോഷം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലൂടെ കടന്നുപോകുകയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടിയും അവതാരകയുമായ ശ്രീവിദ്യ മുല്ലച്ചേരി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് താരം തന്റെ മനസ്സിലെ അവസ്ഥ തുറന്ന് പറഞ്ഞത്.
“ജീവിതം എപ്പോഴും പോസിറ്റീവ് ആയിരിക്കില്ലെന്ന് എനിക്കറിയാം. അത്ര പെർഫെക്റ്റായി ആരുടെയും ജീവിതം പോകുന്നില്ലെന്നും അറിയാം. പക്ഷേ, എല്ലാവർക്കും ഞാൻ എപ്പോഴും ഹാപ്പിയാണെന്ന ധാരണയാണ്. അമ്മ പോലും അങ്ങനെ തന്നെ പറയും. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി സന്തോഷത്തിലാണ് ഞാൻ പോവുന്നതെന്ന് പറയാനാകില്ല,” എന്നാണ് ശ്രീവിദ്യ പറയുന്നത്.
വീട് എന്ന സ്വപ്നം പൂവണിഞ്ഞു, കരിയർ മികച്ച രീതിയിൽ മുന്നേറുന്നു, ഏറെ ആഗ്രഹിച്ച ഒരു പുതിയ ഷോയിലും ചേർന്നു—എന്നാൽ ഇതൊന്നും ആസ്വദിക്കാൻ കഴിയുന്നില്ലെന്നതാണ് താരത്തെ വേദനിപ്പിക്കുന്നത്. “ആഗ്രഹിച്ചതെല്ലാം ഉണ്ടെങ്കിലും ശരീരവും മനസും ഒന്നും സ്വീകരിക്കുന്നില്ല,” എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.
ഈ തുറന്നുപറച്ചിലിന് പിന്നാലെ നിരവധി പേർ പിന്തുണയുമായി എത്തി. ഭർത്താവ് രാഹുൽ രാമചന്ദ്രൻ “നമുക്ക് സെറ്റ് ആക്കാം വാവേ” എന്ന കമന്റിലൂടെ ആശ്വാസം നൽകി.
നടിയും ലൈഫ് കോച്ചുമായ അശ്വതി ശ്രീകാന്ത് ഈ അവസ്ഥയെ ഗൗരവത്തോടെ കാണണമെന്നും നിർദ്ദേശിച്ചു. ജീവിതത്തിൽ എല്ലായ്പ്പോഴും ‘ഡൂയിംഗ്’ മോഡിൽ ഓടിക്കൊണ്ടിരിക്കുന്നവർക്ക് ഇത്തരമൊരു ശൂന്യത അനുഭവപ്പെടാം. അതിനാൽ ‘സ്ലോ മോഡിലേക്ക്’ മാറി സ്വയം സമയം കണ്ടെത്തുകയും, ആവശ്യമായാൽ പ്രൊഫഷണൽ തെറാപ്പി തേടുകയും ചെയ്യുന്നത് ഗുണകരമാണെന്നും അശ്വതി പറഞ്ഞു.
അതേസമയം, നടി ശ്വേത മേനോൻ ഉൾപ്പെടെ നിരവധി പേർ ശ്രീവിദ്യയ്ക്ക് പിന്തുണയും ആശ്വാസവാക്കുകളും പങ്കുവെച്ചിട്ടുണ്ട്.
പലർക്കും ജീവിതത്തിൽ ഒരിക്കൽ എങ്കിലും അനുഭവപ്പെടുന്ന ഈ “എല്ലാം ഉണ്ടെങ്കിലും ശൂന്യം” എന്ന ഫീലിംഗ്—അതിനെ തുറന്ന് പറയാനുള്ള ധൈര്യമാണ് ശ്രീവിദ്യ ഇവിടെ കാണിച്ചിരിക്കുന്നത്.
No Comment.