കർണാടക: കലബുറഗിയിൽ ഭർത്താവ് ഭാര്യയെ നടുറോഡിലിട്ട് ക്രൂരമായി ഉപദ്രവിച്ച ശേഷം കാർ ഓടിച്ചു കയറ്റി ജീവനെടുത്തു. മഹാരാഷ്ട്ര ബാരാമതി സ്വദേശിനിയായ ഷൈല (28) ആണ് മരണപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അക്ഷയിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന അക്ഷയിന്റെ സംശയമാണ് കൊടുംക്രൂരതയ്ക്ക് പിന്നിലെന്ന് പോലീസ് അറിയിച്ചു..
വ്യാഴാഴ്ച രാവിലെ തീർത്ഥാടന കേന്ദ്രമായ ഗാണഗാപൂരിലേക്കുള്ള യാത്രയ്ക്കിടെ ബള്ളൂർഗ ഗ്രാമത്തിന് സമീപമായിരുന്നു സംഭവം. മാരുതി എർട്ടിഗ കാറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾ തമ്മിൽ വാഹനത്തിനുള്ളിൽ വെച്ച് തർക്കമുണ്ടായി. തുടർന്ന് അക്ഷയ് ഷൈലയെ കാറിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയും മുടിയിൽ കുത്തിപ്പിടിച്ച് റോഡിലിട്ട് ക്രൂരമായി ഉപദ്രവിക്കുക ആയിരുന്നു.
ഷൈലയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഇടപെട്ട് അക്ഷയിനെ തടയുകയും ഷൈലയെ നിർബന്ധിച്ച് തിരികെ കാറിൽ കയറ്റി വിടുകയും ചെയ്തു. പ്രശ്നം പരിഹരിച്ചെന്ന് കരുതി നാട്ടുകാർ പിരിഞ്ഞെങ്കിലും മിനിറ്റുകൾക്കകം അക്ഷയ് വീണ്ടും അക്രമാസക്തനായി. കാർ അല്പം മുന്നോട്ട് ഓടിച്ച ശേഷം ഷൈലയെ വീണ്ടും പുറത്തേക്ക് തള്ളുകയും, ആളുകൾ നോക്കിനിൽക്കെ ശരീരത്തിലൂടെ കാര് ഓടിച്ചു കയറ്റുകയുമായിരുന്നു.
അക്ഷയ് ഉപദ്രവിക്കുന്നതും, പിന്നീട് കാർ കയറ്റുന്നതുമായ ഭയാനകമായ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈലിൽ പകർത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേസിൽ നിർണ്ണായക തെളിവാകും. 4 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. സംഭവത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.പ്രതിക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ഊർജിതമാക്കി..
No Comment.