ചെട്ടികുളങ്ങര സ്വദേശി ബിജു ബാലൻ, ഭാര്യ രശ്മി ബിജു എന്നിവരാണ് എറണാകുളം മരടിലെ ഒളിസങ്കേതത്തില്‍ നിന്ന് അറസ്റ്റിലായത്.
ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാജ കമ്പനികള്‍ ഉണ്ടാക്കി സാധനങ്ങള്‍ വാങ്ങിക്കൂട്ടിയ ശേഷം അവ മറിച്ചുവിറ്റ് കമ്പനി പൂട്ടി മുങ്ങുന്നതായിരുന്നു ഇവരുടെ പ്രധാന രീതി. ഇതിനുപുറമെ, ഓസ്ട്രേലിയൻ സിറ്റിസണ്‍ഷിപ്പും ജോലിയും വാഗ്ദാനം ചെയ്ത് ഓയൂർ സ്വദേശിയില്‍ നിന്ന് പത്തര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നിലവില്‍ പൂയപ്പള്ളി പോലീസ് നടപടി സ്വീകരിച്ചത്.
വിവിധ ജില്ലകളിലായി പത്ത് കോടിയിലധികം രൂപയുടെ തട്ടിപ്പുകളാണ് ഇവർ നടത്തിയിട്ടുള്ളത്. അവിവാഹിതരായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയും വിവാഹവാഗ്ദാനം നല്കി പണം തട്ടുകയും ചെയ്യുന്നത് ഇവരുടെ സ്ഥിരം രീതിയായിരുന്നു.
കോഴിക്കോട് സ്വദേശിയായ സ്ത്രീയുടെ 85 ലക്ഷം രൂപയും മറ്റൊരു യുവതിയുടെ 15 ലക്ഷം രൂപയും ഇത്തരത്തില്‍ ദമ്പതികള്‍ കൈക്കലാക്കി. കൂടാതെ ഖത്തർ ലോകകപ്പ് സമയത്ത് മെസ് തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് കായംകുളം സ്വദേശിയില്‍ നിന്ന് 40 ലക്ഷം രൂപയും ഇവർ തട്ടിയെടുത്തിട്ടുണ്ട്.
ക്രൈംബ്രാഞ്ച് ഉള്‍പ്പെടെ വിവിധ ഏജൻസികള്‍ അന്വേഷിക്കുന്ന ഒട്ടേറെ കേസുകള്‍ ഇവർക്കെതിരെയുണ്ട്. തങ്ങള്‍ക്കെതിരെ ആരെങ്കിലും പരാതി നല്‍കുമെന്ന് ഭയന്നാല്‍ സ്വന്തം ശരീരത്തില്‍ മുറിവുകളുണ്ടാക്കി പോലീസില്‍ കള്ളപ്പരാതി നല്കി രക്ഷപ്പെടാനും ഇവർ ശ്രമിച്ചിരുന്നു.
ദമ്പതികള്‍ പിടിയിലായ വിവരം അറിഞ്ഞതോടെ കൂടുതല്‍ ഇരകള്‍ പരാതിയുമായി പോലീസ് സ്റ്റേഷനുകളെ സമീപിച്ചുകൊണ്ടിരിക്കുകയാണ്.
No Comment.