Skip to content

chithrodayamflashnews.com

May 6, 2026 10:44 pm
Asnap 1409

കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നടപടികൾ വേഗത്തിലാക്കി എഐസിസി, നിരീക്ഷകരെ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ എഐസിസി ഊർജിതമാക്കി. ഇതിന്റെ ഭാഗമായി പ്രത്യേക നിരീക്ഷകരെ ഹൈക്കമാൻഡ് ഇന്ന് പ്രഖ്യാപിക്കും. മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം അടക്കമുള്ള പ്രമുഖരുടെ പേരുകളാണ് നിരീക്ഷക പട്ടികയിൽ സജീവമായി പരിഗണിക്കുന്നത്. നിയുക്ത എംഎൽഎമാരുടെ വികാരം നേരിട്ടറിയുന്നതിനും സമവായ ചർച്ചകൾക്കുമായാണ് ഹൈക്കമാൻഡ് പ്രതിനിധികൾ എത്തുന്നത്.

നാളെ കേരളത്തിലെത്തുന്ന നിരീക്ഷകർ എംപിമാർ, കേരളത്തിൽ നിന്നുള്ള സിഡബ്ല്യുസി അംഗങ്ങൾ, മുൻ കെപിസിസി അധ്യക്ഷർ, മുന്നണിയിലെ ഘടകകക്ഷി നേതാക്കൾ എന്നിവരുമായി വിശദമായ ചർച്ചകൾ നടത്തും. ഇതിനുപുറമെ, എംഎൽഎമാരെ വ്യക്തിപരമായി കണ്ട് അവരുടെ അഭിപ്രായങ്ങൾ നിരീക്ഷകർ രേഖപ്പെടുത്തും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ നിലപാടിനായിരിക്കും ഹൈക്കമാൻഡ് മുൻതൂക്കം നൽകുക. ഈ ചർച്ചകൾക്ക് ശേഷം റിപ്പോർട്ട് സമർപ്പിക്കുന്നതോടെ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള ചുമതല എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് വിട്ടുനൽകും.

അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പാർട്ടി ആരംഭിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. സിപിഎം വർഗീയത ഇളക്കിവിടാൻ ശ്രമിക്കുകയാണെന്നും എൽഡിഎഫിനൊപ്പം ചേർന്ന് വെള്ളാപ്പള്ളി നടേശനും അതേ ഭാഷയിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ സംസ്ഥാനത്ത് ശക്തമായി തുടരുകയാണ്.
മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകൾ മുറുകുന്നതിനിടെ കണ്ണൂരിൽ നേതാക്കൾക്കായി ഫ്ലക്സ് ബോർഡ് യുദ്ധവും ആരംഭിച്ചിട്ടുണ്ട്. പഴയങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്ത് കെ.സി. വേണുഗോപാലിനായി സ്ഥാപിച്ച ബോർഡിന് തൊട്ടടുത്തുതന്നെ വി.ഡി. സതീശന്റെ ബോർഡും പ്രത്യക്ഷപ്പെട്ടു. ഇന്നലെ വൈകീട്ടാണ് കെ.സി. വേണുഗോപാലിന് വേണ്ടിയുള്ള ബോർഡുകൾ ഉയർന്നതെങ്കിൽ, രാത്രിയോടെ തന്നെ സതീശനെ പിന്തുണച്ചുകൊണ്ടുള്ള ബോർഡുകളും സ്ഥാപിക്കപ്പെട്ടു. പാർട്ടി നേതൃത്വം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനിരിക്കെ അണികൾക്കിടയിലുള്ള ഈ മത്സരം നേതൃത്വത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6